ADVERTISEMENT

നിങ്ങൾ ഓറഞ്ച് കഴിച്ചിട്ട് ആ തോലി എന്തു ചെയ്യും?

-കളയും

ADVERTISEMENT

ആഹ്... എന്നാലിനി കളയരുത്, ഓറഞ്ചിന്റെ മാത്രമല്ല ചെറുനാരങ്ങ, കറി നാരങ്ങ, മുസംബി, പൈനാപ്പിൾ എന്നിങ്ങനെയുള്ള ഒരു സിട്രസ് ഫലങ്ങളുടേയും തൊലി കളയണ്ട. അതൊക്കെ കൊണ്ട് നമുക്ക് ബയോഎൻസൈം ഉണ്ടാക്കാം. തറതുടയ്ക്കാനും പച്ചക്കറികള്‍ അണുവിമുക്മാക്കാനും പാത്രം കഴുകാനും എന്നിങ്ങനെ പലതുണ്ട് ബയോഎൻസൈമിന്റെ പ്രയോജനങ്ങൾ...

ബയോഎൻസൈമിനെ അറിയാം

ADVERTISEMENT

വളരെ ലളിതമായി പറഞ്ഞാൽ പച്ചക്കറികളും പഴങ്ങളുടെയും ഒക്കെ തൊലിയും ശർക്കരയും വെള്ളവും ചേർത്തുണ്ടാക്കുന്ന പ്രകൃതിദത്തമായ ലായനിയാണ് ബയോഎൻസൈം. പലതരം ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റുമായി ഇവ ഉപയോഗിക്കാം.

പ്രകൃത്തിക്ക് ദോഷം ചെയ്യും എന്നു കരുതി നമ്മൾ ഉപയോഗം കുറച്ച പ്ലാസ്റ്റിക്കുകൾ പോലെ തന്നെ ഹാനികാരകങ്ങളാണ് നിലവിൽ നമ്മൾ ഉപയോഗിക്കുന്ന പല ശുചീകരണലായനികളും. രാസപദാർഥങ്ങളടങ്ങിയ അവയുടെ തുടരെയുള്ള ഉപയോഗം നമ്മുടെ ആരോഗ്യത്തെയും പ്രകൃതിയേയും സാരമായി ബാധിക്കുന്നുണ്ട്. കെമിക്കലുകളടങ്ങിയ ഈ ലായനികൾ പുറത്തേക്ക് പോകുന്നതോടെ നദികളെയും മറ്റും മലിനമാക്കുകയും ജല ജീവികളുടെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുകയും ചെയ്യും. പ്രകൃതിക്ക് ദോഷം വരാതെ, പോക്കറ്റ് കാലിയാകാതെ ക്ലീനിങ്ങ് ചെയ്യാൻ ഇനി മുതൽ നിങ്ങൾക്ക് സാധിച്ചാലോ? വരൂ ബയോഎൻസൈം ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം...

ADVERTISEMENT

വീട്ടിലുണ്ടാക്കാം അത്ഭുതലായനി

സിട്രസ് ഫലങ്ങളുടെ തൊലിയാണ് പ്രധാനമായും ബയോഎൻസൈം ഉണ്ടാക്കാനെടുക്കേണ്ടത്. ഓർക്കേണ്ട ഒരു പ്രധാന കാര്യം 1:3:10 എന്ന അനുപാതമാണ്. ഉദാഹരണത്തിന് 100 ഗ്രാം ശർക്കര, 300 ഗ്രാം സിട്രെസ് പഴത്തൊലി എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ ചേർക്കുക. നല്ല കട്ടിയുള്ള പ്ലാസ്റ്റിക് പാത്രത്തിലോ കുപ്പിയിലോ വേണം ഇത് തയ്യാറാക്കാൻ. ഒരു കുപ്പിയിലേക്ക് ചെറുതായി മുറിച്ച തൊലികളും കഷ്ണങ്ങളായി മുറിച്ച(പൊടിച്ച) ശർക്കരയും വെള്ളവും ചേർത്ത് ഇളക്കി അടയ്ച്ചു വയ്ക്കുക. ചില്ലു പാത്രങ്ങളിൽ വച്ചാൽ ഇതിൽ നിന്നു വരുന്ന ഗ്യാസ് കാരണം പാത്രം പൊട്ടി പോകാൻ സാധ്യതയുണ്ട്. മൂന്ന് മാസം കുപ്പി അടച്ച് വച്ചിട്ട് പിന്നീട് ഇത് അരിച്ചെടുക്കാം. ബയോഎൻസൈം തയ്യാർ!

ആദ്യത്തെ കുറച്ച് ആഴ്ച്ചകളിൽ ദിവസവും ഒരു തവണ കുപ്പി തുറന്ന് ഗ്യാസ് പുറത്തേക്ക് കളയാൻ ശ്രദ്ധിക്കണം. മൂന്ന് മാസം വയ്ക്കാൻ ക്ഷമയില്ലെങ്കിൽ ഈ മിശ്രിതത്തിലേക്ക് ഒരു സ്പൂൺ ഈസ്റ്റ് ചേർത്തു കൊടുക്കുക. ഈസ്റ്റ് ഇട്ടാൽ ഒരു മാസം കൊണ്ട് ബയോഎൻസൈം തയ്യാറാകും. സൂര്യപ്രകാശം തട്ടാതെ വേണം ഈ കുപ്പികൾ സൂക്ഷിക്കാൻ. കുപ്പിയിൽ അത് ഉണ്ടാക്കിയ ദിവസം എഴുതി വച്ചാൽ തുറക്കേണ്ട കൃത്യ ദിവസം അറിയാം. മൂന്ന് മാസം/ഒരു മാസം കഴിയുമ്പോഴേക്ക് സിട്രസിന്റെ ശക്തമായ മണം കിട്ടും. ബയോഎൻസൈം തയ്യാറായെന്നർഥം. ഇത് അരിച്ചെടുത്ത് സൂക്ഷിക്കാം. അരിച്ചു മാറ്റിയ വേയ്സ്റ്റ് വെറുതേ കളയാതെ ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാം. അടുത്ത തവണ ബയോഎൻസൈം ഉണ്ടാക്കുമ്പോൾ അതിനൊപ്പം മുൻപുണ്ടാക്കിയ എൻസൈം കൂടി അൽപം ചേർത്തു കൊടുത്താൽ ഈസ്റ്റ് ഇല്ലാതെ തന്നെ എൻസൈം വേഗത്തിൽ ആയി കിട്ടും.

benefitsofbioenzyme

ഉപയോഗം പലതുണ്ട്

തയ്യാറാക്കിയ ബയോഎൻസൈമിൽ നിന്ന് ആവശ്യസാനുസരണം എടുത്ത് വെള്ളവുമായി ചേർത്ത് നേർപ്പിച്ചിട്ട് ഉപയോഗിക്കാം.

∙ പൂർണ്ണമായും കെമിക്കൽ ഫ്രീ ആയതു കൊണ്ട് 30എംഎൽ എൻസൈം ഒരു ലിറ്റർ വെള്ളവുമായി ചേർത്ത് മുപ്പത് മിനിറ്റു നേരം പുറത്തു നിന്നു വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും ഇതിൽ മുക്കി വച്ച ശേഷം വെള്ളമൊഴിച്ച് കഴുകിയെടുക്കാം. കീടങ്ങളും അഴുക്കും പോയി കിട്ടും.

∙ ഒരു ലിറ്റർ വെള്ളത്തിൽ ഒരു എംഎൽ ബയോഎൻസൈം ചേർത്ത് കലക്കി തറ തുടയ്ക്കാൻ ഉപയോഗിക്കാം. മണവും ഗുണവവും മികച്ചതാണ്. പാറ്റ, പല്ലി, ഉറുമ്പ്, ഈച്ച തുടങ്ങിയവയുടെ വരവും കുറയും.

∙ കുളിമുറി വൃത്തിയാക്കാനും ദുർഗന്ധം ഒഴിവാക്കാനും ബയോഎൻസൈമുകൾ ഉപയോഗിക്കാം.

∙ സോപ്പ് നട്ട് ഇട്ട് വച്ച വെള്ളവുമായി ചേർത്തുപയോഗിച്ചാൽ പാത്രം കഴുകാനും മറ്റും ഉപയോഗിക്കാം. തുണികഴുകാൻ പോലും ആളുകൾ ഇത്തരത്തിൽ ഉണ്ടാക്കുന്ന മിശ്രിതം ഉപയോഗിക്കുന്നുണ്ട്.

∙ ബയോഎൻസൈം വെള്ളവുമായി ചേർത്ത് നേർപ്പിച്ചെടുത്ത് ചെടികളില്‍ തളിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യാം. കീടനാശിനിയായും കളനാശിനിയുമായും പ്രവർത്തിക്കും. ചെടികളുടെ വളർച്ച ശക്തിപ്പെടുത്താനും ഇവ സഹായിക്കും.

∙ അടഞ്ഞു കിടക്കുന്ന പൈപ്പിന്റെ കുഴലിലേക്ക് ബയോഎൻസൈം രാത്രിയിൽ ഒഴിച്ചു കൊടുക്കാം. പകൽ കഴുകി കളയാം. അടഞ്ഞിരുന്ന പൈപ്പുകൾ തടസം മാറി തുറക്കും.

∙ വളർത്തു മൃഗങ്ങൾക്ക് രോമ കൊഴിച്ചിലൊന്നും ഇല്ലാതെ അവയെ വൃത്തിയാക്കാനും ബയോഎൻസൈമുകൾ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് അവയെ കുളിപ്പിക്കാം.

വർഷങ്ങളോളം കേട് കൂടാതെയിരിക്കും എന്നതാണ് ബയോഎൻസൈമുകളുടെ ഏറ്റവും വലിയ പ്രത്യേകത.

കടപ്പാട്: നയന പ്രേംനാഥ്,എക്കോയൂട്യൂബർ, ബംഗളൂരു.

ADVERTISEMENT