Mail This Article
പൂന്തോട്ടം തയാറാക്കുമ്പോൾ നിരയായി നടുന്ന പൂച്ചെടികൾക്കിടയിലുണ്ടാവുന്ന മണ്ണ് അഭംഗിയാണ്. വലിയ പ്ലാന്റർ ബോക്സുകളിൽ ചെടികൾ നടുമ്പോഴും മണ്ണു കാണാത്തവിധത്തിൽ നിലം മറയ്ക്കണം. ഇതിനായി ഒന്നുകിൽ വെള്ളാരം കല്ലുകൾ വിരിക്കുക അല്ലെങ്കിൽ നിലത്തു പടർന്നു വളരുന്ന കുഞ്ഞൻ ചെടികൾ നട്ടു വളർത്തുക എന്നീ രണ്ടു മാർഗങ്ങളാണുള്ളത്. ഗ്രൗണ്ട് കവർ ചെടികൾ വെള്ളാരം കല്ലുകളെ അപേക്ഷിച്ച് കണ്ണിന് കുളിരേകുന്ന പച്ചപ്പു നൽകും. മണ്ണിൽ നിന്ന് ഈർപ്പം നഷ്ടപ്പെടുന്നതു കുറയ്ക്കാനും സഹായിക്കും.
ഗ്രൗണ്ട് കവർ ചെടികൾ
കാർപെറ്റ് ഗ്രാസ് പുൽത്തകിടിക്കു ചിതലിന്റെ ശല്യവും കുമിൾ രോഗവും ഭീഷണിയാണ്. ലളിതമായ പരിചരണത്തിൽ ഗ്രൗണ്ട് കവർ ചെടികൾ വളർത്തിയാൽ ഈ ഭീഷണി ഒഴിവാക്കാം.
ഉദ്യാനത്തിലെ കുത്തനെയുള്ള ചെരിവുകളിൽ പുൽത്തകിടി വളർത്തുക അത്ര എളുപ്പമല്ല. ഇവിടേക്കും ഗ്രൗണ്ട് കവർ ചെടികൾ പ്രതിവിധിയാണ്. മണ്ണിനു മുകളിൽ പടർന്നു വളരുന്ന തണ്ടുകളുടെ മുട്ടുകളിൽനിന്നും ഇലയും പൂവും ഉണ്ടായി വരും; ഒപ്പം തണ്ടിനെ മണ്ണിൽ ഉറപ്പിക്കാൻ മുട്ടുകളിൽ നിന്നു വേരുകൾ മണ്ണിലേക്ക് ഇറങ്ങി വളരും. നിത്യഹരിത പ്രകൃതമുള്ള ഇവയുടെ കമ്പുകൾ മറയുംവിധം ഇടതൂർന്നാണ് ഇലകൾ ഉണ്ടാവുക.
അനുയോജ്യമായ ചെടികൾ
∙ കൂടുതൽ വിസ്താരമുള്ളിടത്തു പുൽത്തകിടിക്കു പകരം പറ്റിയവ: മിനിയേച്ചർ കദളി ചെടി (ഓസ്‌ബെക്കിയ), അലങ്കാര കപ്പലണ്ടി ചെടി, വെഡേലിയ, റെയിൻ ലില്ലി, ബ്ലൂ മോണിങ് ഗ്ലോറി.
പ്ലാന്റർ ബോക്സിലും ചെറിയ ഇടങ്ങളിലേക്കും : കാക്കപ്പൂ ചെടിയുടെ വള്ളിയിനം, വെർബീന നാടൻ ഇനം, പത്തുമണി ചെടി, കോറിയോപ്സിസ്, ഡ്വാർഫ് ക്യാറ്റ്‌സ് ടെയിൽ പ്ലാന്റ്.
പാതി തണലുള്ളിടത്ത്: ഫ്ലെയിം വയലറ്റ്, സെബ്രീന.
നടീൽ രീതി, സമയം
മേൽ പറഞ്ഞവയിൽ റെയിൻ ലില്ലി ഒഴിച്ച് മറ്റുള്ളവയെല്ലാം തണ്ടിന്റെ കഷണങ്ങൾ ഉപയോഗിച്ചണു നട്ടു വളർത്തുക. വേരോടു കൂടിയതും രണ്ടു മുട്ടുകളെങ്കിലുമുള്ള തണ്ടു ഭാഗമാണു നടീലിനു യോജിച്ചത്.
റെയിൻ ലില്ലിയുടെ മണ്ണിനടിയിൽ വളരുന്ന ഉള്ളി പോലുള്ള കിഴങ്ങാണു നടീൽ വസ്തു. ഇവയെല്ലാം നേരിട്ടു മണ്ണിൽ നടാതെ നഴ്സറി കവറിൽ നിറച്ച മിശ്രിതത്തിൽ നട്ട്, പാതി വെയിൽ കിട്ടുന്നിടത്തു വച്ചു സംരക്ഷിക്കണം.
വീണ്ടും വളരാൻ തുടങ്ങിയശേഷം മാത്രം മിശ്രിതമുൾപ്പടെ മാറ്റി നടുക. കടുത്ത മഴക്കാലമൊഴിച്ചുള്ള സമയമെല്ലാം നിലത്തു പടർന്നു വളരുന്ന ഇത്തരം ചെടികൾ നടാം.
നടുന്ന വിധം
വെള്ളം അധികനേരം കെട്ടി നിൽക്കാത്ത ഇടമാണു ഗ്രൗണ്ട് കവർ ചെടികൾ നടാൻ തിരഞ്ഞെടുക്കേണ്ടത്.
അര അടി കനത്തിൽ തിരഞ്ഞെടുത്ത ഇടത്തെ മണ്ണ് മുഴുവനായി നീക്കിയ ശേഷം അടിയിൽ ചുവന്ന മണ്ണും ചകിരിച്ചോറും വേപ്പിന്‍പിണ്ണാക്കും ചാണകപ്പൊടിയും അൽപ്പം കുമ്മായവും കലർത്തിയ മിശ്രിതം നിറയ്ക്കണം.
ഇതിനു മുകളിൽ കവറിൽ നിന്നു നട്ടിരിക്കുന്ന മിശ്രിതമുൾപ്പടെ പുറത്തെടുത്ത ചെടി 3 ഇഞ്ച് അകലത്തിൽ നിരത്തണം.
വേഗത്തിൽ പടർന്നു വളരുന്ന മിനിയേച്ചർ കദളി ചെടി, അലങ്കാര കപ്പലണ്ടി ചെടി, വെഡേലിയ, ബ്ലൂ മോണിങ് ഗ്ലോറി ഇവയെല്ലാം കൂടുതൽ അകലം നൽകി നടാവുന്നതാണ്.
ചെടികൾക്കിടയിലുള്ള വിടവിലും മുകളിലും മേൽ വിവരിച്ച മിശ്രിതം തന്നെ നിറയ്ക്കണം. ഈ വിധത്തിൽ നട്ട ശേഷം നന്നായി നന നൽകുക. പിന്നീടുള്ള നന മണ്ണ് ഉണങ്ങുന്ന അവസ്ഥയിൽ മാത്രം മതിയാകും.
ചെടികൾക്കിടയിൽ വെള്ളം തങ്ങിനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മിശ്രിതം നിറച്ച് ഉയർത്തി നിർത്തണം. ചെടികൾക്കൊപ്പം കളകൾ വളരുമ്പോൾ അവ വേരുൾപ്പടെ പിഴുതു നീക്കണം.
വെഡേലിയ, മിനിയേച്ചർ കദളി ചെടി ഇവ രണ്ടും വേഗത്തിൽ പടർന്നു വളർന്നു മറ്റു ചെടികൾക്കു ശല്യമാകാതെ ശ്രദ്ധിക്കണം.
പത്തുമണി ചെടിയുടെ ഒരു നിര ഇതളുകളുമായി പൂക്കൾ ഉള്ളവയാണ് മൾട്ടിപെറ്റൽ ഇനങ്ങളെക്കാൾ നശിച്ചുപോകാതെ നിൽക്കുന്നവ.