ക്രിസ്‌മസ് പൂവ് , അമാരിലിസ് ലില്ലിയുടെ വിത്ത് പാകാൻ സമയമായി christmas flower plant
Mail This Article
വിദേശത്തു നിന്നു നമ്മുടെ നാട്ടിൽ വന്നെത്തിയ അമാരിലിസ് ലില്ലിക്കു സവിശേഷതകൾ ഏറെയുണ്ട്. പുറം രാജ്യങ്ങളിൽ ക്രിസ്‌മസ് കാലത്ത് സമ്മാനം നൽകുന്ന പൂച്ചെടിയിനങ്ങളിൽ മുൻനിരയിലുള്ളതാണ് അമാരിലിസ് ലില്ലി. കടുംചുവപ്പ്, ചുവപ്പു കലർന്ന വെള്ള, പിങ്ക് നിറങ്ങളിൽ, നല്ല വലുപ്പത്തിലുള്ള പൂക്കൾ കാണാൻ അതിമനോഹരം.
വിപണിയിൽ ലഭ്യമായ ചെടിയുടെ സവാള പോലുള്ള ബൾബ് നട്ടാൽ തണ്ടും ഇലയും ഒന്നും വരാതെ പൂങ്കുല നേരിട്ടു വരും. പൂക്കൾ വാടി കൊഴിയുന്നതിനു മുൻപ് അടുത്ത പൂങ്കുല പ്രത്യക്ഷപ്പെടും. വേഗത്തിൽ പൂവിടുന്ന അമാരിലിസ് ലില്ലി പൂമുഖം അലങ്കരിക്കാൻ പറ്റിയ ഉദ്യാനച്ചെടിയാണ്.
വേണം ചൂടില്ലാത്ത കാലാവസ്‌ഥ
ക്രിസ്‌മസ് കാലത്തെ ചൂടില്ലാത്ത കാലാവസ്ഥയിലാണ് ഇതു നന്നായി വളരുന്നതും പുഷ്പിക്കുന്നതും. ഓൺലൈൻ വിപണിയിൽ ലഭ്യമായ ബൾബ് ആണ് ഈ ചെടി നട്ടുവളർത്താൻ ഉപയോഗിക്കുക. വിശ്വാസ യോഗ്യമായ സൈറ്റിൽ നിന്നു മാത്രം ഓർഡർ ചെയ്യാൻ ശ്രദ്ധിക്കുക.
ബൾബിന്റെ വലുപ്പവും ബലവും അനുസരിച്ചാണു ചെടി ഉത്പാദിപ്പിക്കുന്ന പൂങ്കുലകളുടെ എണ്ണം, പൂക്കളുടെ വലുപ്പം എല്ലാം. സവാള പോലെ ഇളം തവിട്ടു നിറത്തിൽ ആവരണമുള്ള ബൾബിന്റെ ഏതെങ്കിലും ഭാഗത്തു കാണുന്ന ഇളം പച്ച നിറം നല്ല ആരോഗ്യമുള്ള ബൾബിന്റെ ലക്ഷണമാണ്.
ചെടി വളർത്താൻ കുറഞ്ഞത് 8 ഇഞ്ച് എങ്കിലും വലുപ്പമുള്ള ചട്ടി വേണം, ഒപ്പം നന്നായി ചകിരിച്ചോറു ചേർത്ത മിശ്രിതവും. വളമായി ഉണങ്ങിയ ചാണകപ്പൊടി മതിയാകും. ചെറിയ ചട്ടിയിൽ വളർന്നു പൂവിടുമെങ്കിലും പൂക്കൾക്കു വലുപ്പം കുറവായിരിക്കും. ചിലപ്പോൾ പൂങ്കുലയുടെ ഭാരം കാരണം ബൾബ് ഉൾപ്പടെ മറിഞ്ഞു വീഴാൻ സാധ്യതയുമുണ്ട്.
ബൾബിന്റെ കഴുത്തു പോലുള്ള ഭാഗം മുകളിൽ വരുന്ന വിധത്തിൽ ഗോളാകൃതിയിലുള്ള താഴെ വശം മുഴുവനായി മിശ്രിതത്തിൽ ഇറക്കിവച്ചുവേണം നടാൻ. ബൾബ് നട്ട ശേഷം ചുറ്റുമുള്ള മിശ്രിതം നന്നായി അമർത്തി ഉറപ്പിക്കണം, കൂടാതെ മിശ്രിതം ആവശ്യത്തിനു കുതിരുന്ന വിധത്തിൽ നനയ്ക്കണം. നേർത്ത ഈർപ്പം നില നിർത്തുന്ന വിധത്തിൽ മതിയാകും പിന്നീടുള്ള നന. ചട്ടിയിൽ ജലം തങ്ങി നിന്നാൽ ബൾബ് ചീഞ്ഞു പോകാൻ സാധ്യയുണ്ട്. ശ്രദ്ധിച്ചു മാത്രം നനയ്ക്കുക.
പ്രാരംഭത്തിൽ പാതി തണൽ കിട്ടുന്നിടത്തു ചട്ടി വച്ചു പരിപാലിക്കണം. ബൾബിൽ നിന്നും മുളപ്പ് വളരാൻ തുടങ്ങിയാൽ 4 - 5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തേക്കു മാറ്റി വയ്ക്കാം.
മങ്ങിയ വെള്ള നിറത്തിൽ ഉണ്ടായിവരുന്ന കൂമ്പാണ് പൂങ്കുലയായി മാറുക. നല്ല നീളത്തിൽ വളർന്നുവന്ന പൂംത്തണ്ടിന്റെ അഗ്രത്തിൽ വലിയ കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കൾ എല്ലാ വശങ്ങളിലേക്കും ഒന്നൊന്നായി വിരിയും.
പൂക്കൾക്കു നല്ല വലുപ്പമുള്ളതുകൊണ്ടു പൂങ്കുല മറിഞ്ഞുവീഴാതിരിക്കാൻ ആവശ്യമെങ്കിൽ താങ്ങു നൽകി ബലപ്പെടുത്തണം.
വിത്ത് എടുക്കുന്ന വിധം
അനുകൂല കാലാവസ്ഥയിൽ രണ്ടാഴ്ചയോളം പൂക്കൾ കൊഴിയാതെ നിൽക്കും. പൂക്കൾ എല്ലാം വാടി കൊഴിഞ്ഞാൽ പൂങ്കുലയുടെ ചുവട്ടിൽ വച്ചു മുറിച്ചു നീക്കി കളയണം.
പൂവിടാൻ ആരംഭിച്ച ചെടിക്കു രാസവളമായി 14 :7 :14 അല്ലെങ്കിൽ ചാണകപ്പൊടി ചുവട്ടിൽ നേരിട്ട് നൽകാം.
പൂവിട്ടു തീർന്ന ചെടിയിൽ അടുത്ത പടിയായി ഇലകൾ ഉണ്ടായിവരും.
ഈ വിധത്തിൽ കുറച്ചു നാൾ വളർന്നു വേണ്ടത്ര ഭക്ഷണം ബൾബിനുള്ളിൽ ശേഖരിച്ചു കഴിഞ്ഞാൽ ഇലകൾ കൊഴിഞ്ഞു പോകും. ഈ അവസ്ഥയിൽ മിശ്രിതത്തിൽ നിന്നും ബൾബ് പുറത്തെടുത്ത് വേരുകൾ എല്ലാം നീക്കി, കഴുകി വൃത്തിയാക്കിയശേഷം നേരിട്ട് വെയിലോ മഴയോ കൊള്ളാത്ത വിധത്തിൽ പ്ലാസ്റ്റിക് ചട്ടിയിലോ കവറിലോ അടുത്ത സീസണിലേക്കായി സൂക്ഷിച്ചുവെയ്ക്കാം.
ഇലകൾ കൊഴിയാതെ ചെടി നിൽക്കുകയാണെങ്കിൽ ഓഗസ്റ്റ് മാസമാകുമ്പോൾ ഇലകൾ എല്ലാം ചുവടെ മുറിച്ചു നീക്കിയശേഷം അടുത്ത ഡിസംബറിൽ നടാനായി ബൾബ് സൂക്ഷിച്ചുവയ്ക്കാം.