ADVERTISEMENT

ചെടികളെ കലാപരമായി വെട്ടിയൊതുക്കി വളർത്തുന്ന രീതിയാണു ടോപിയറി. ചെടികൾ നന്നായി ശിഖരമിടാനും സമൃദ്ധമായി പുഷ്പ്പിക്കാനും കമ്പു കോതൽ അവശ്യപരിപാലന രീതിയാണ്. സവിശേഷ ആകൃതിയിൽ കമ്പു കോതിയ ടോപിയറി മരങ്ങൾ ഇന്ന് ഉദ്യാനത്തിന്റെ അവിഭാജ്യ ഘടകമായി മാറി.

ടോപിയറി ചെയ്ത ആൽമരത്തിന്റെ റെറ്റ്യുസ, ബെഞ്ചമീന, മൈക്രോകാർപ്പ തുടങ്ങിയ അലങ്കാര ഇനങ്ങൾ, കാറ്റാടി മരം, മാൽപീജിയ, കോണിഫർ മരങ്ങൾ, പോഡോകാർപസ്, ബൊഗൈൻവില്ല, യൂജീനിയ എല്ലാം പുൽത്തകിടിയുടെ നടുവിലെ മുഖ്യ ആകർഷണമായോ, വാക്ക് വേയ്ക്ക് അരികിലൂടെ അല്ലെങ്കിൽ മതിലിനോടു ചേർന്നു നിരയായി വളർത്തുന്നത് പൂന്തോട്ടത്തെ കൂടുതൽ ആകർഷകമാക്കും.

ADVERTISEMENT

ടോപിയറി ചെയ്ത ബൊഗൈൻവില്ലയിൽ വേനൽക്കാലമായാൽ പിന്നെ, ഇലകൾ മുഴുവൻ മറയുന്നവിധത്തിൽ പൂക്കൾ നിറഞ്ഞു ബൊക്കെ പോലെയാകും. ആൽ മരത്തിന്റെ കമ്പുകളിൽ നിന്നു താഴേക്ക് ഉണ്ടായിവരുന്ന വേരുകൾ കാലക്രമേണ കമ്പുകളെ ചുറ്റി പിണയും. ഒപ്പം നല്ല വണ്ണവും വയ്ക്കും. ഈ രൂപത്തിലായാൽ മരം കാണാൻ പ്രത്യേക അഴകാണ്.

ടോപിയറി ഒരുക്കാം

ADVERTISEMENT

ഇല പൊഴിയാത്ത ഇലച്ചെടികളാണ് ടോപിയറി ചെയ്യാൻ ഉപയോഗിക്കുക. ടോപിയറിക്കായി കമ്പ് കോതുക വഴി ചെടി ധാരാളം ശിഖരങ്ങളും അവയിൽ തിങ്ങി നിറഞ്ഞ് ഇലകളും ഉത്പാദിപ്പിക്കും. നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥ ടോപിയറി ചെയ്ത ആൽമരത്തിന്റെ അലങ്കാര ഇനങ്ങൾ, മാൽപീജിയ, പോഡോകാർപസ്, ബൊഗൈൻവില്ല എന്നിവ വളർത്താൻ യോജിച്ചതാണ്.

കോൺ, ബോൾ, സ്പൈറൽ അല്ലെങ്കിൽ ഏതെങ്കിലും മൃഗത്തിന്റെ ആകൃതിയിൽ ചെയ്ത ടോപിയറിയാണ് സാധാരണ വിപണിയിൽ ലഭിക്കുക. പല തട്ടുകളായി ബോൾ ആകൃതിയിൽ ടോപിയറി ചെയ്ത ആൽമരം, കമ്പുകൾ കൊണ്ട് കള്ളികളുള്ള കൂടിന്റെ ആകൃതിയിൽ തയാറാക്കിയ പോഡോകാർപസ് എല്ലാം കാണാൻ വേറിട്ട ഭംഗിയാണ്.

ADVERTISEMENT

പരിപാലനം

ടോപിയറി ചെയ്ത ചെടി നന്നായി വെയിൽ കിട്ടുന്നിടത്താണു നട്ടു പരിപാലിക്കേണ്ടത്. നട്ടിരിക്കുന്നിടത്തു വെള്ളം അധികസമയം തങ്ങിനിന്നാൽ ക്രമാതീതമായി ഇല കൊഴിയാൻ സാധ്യതയുള്ളതുകൊണ്ട് ചെടിക്കു ചുറ്റും നല്ല നീർവാർച്ച ഉറപ്പാക്കണം. അനാകർഷകമായി വളർന്നുവരുന്ന കമ്പുകൾ മുറിച്ചുനീക്കി ചെടി എന്നും ഒരേ ഭംഗിയോടെ നിലനിർത്തണം.

ടോപിയറി ചെയ്ത ചില മരത്തിന്റെ തണ്ടുകൾ ആകർഷകമായ രൂപത്തിൽ വളഞ്ഞു പുളഞ്ഞ ആകൃതിയിലാവും കാണപ്പെടുക. ചെറിയ ചെടിയായിരിക്കുമ്പോൾ ബോൺസായ് ചെടി രൂപപ്പെടുത്തി എടുക്കുന്ന പോലെ തണ്ടുകളിൽ കമ്പി ചുറ്റി ആവശ്യമായ ആകൃതിയിൽ വ ളച്ചെടുത്തും ഗ്രാഫ്റ്റിങ് വഴിയുമാണ് ഈ വിധത്തിൽ ചെടി തയാറാക്കിയെടുക്കുക.

ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളോ പൊട്ടാസ്യം അടങ്ങിയിട്ടില്ലാത്ത രാസവളമോ നൽകാം. ഇലകൾക്കു നല്ല പച്ചനിറം കിട്ടാൻ മഗ്‌നീഷ്യം സൾഫേറ്റ് വല്ലപ്പോഴും നൽകാം.
 വേനൽക്കാലത്ത് ആൽ മരത്തിന്റെ ഇനങ്ങളിൽ ചിലപ്പോൾ മീലി മൂട്ടയുടെ ശല്യം ഉണ്ടാകാറുണ്ട്. ഇലയുടെ അടിഭാഗത്തും ഇളം തണ്ടുകളിലും പഞ്ഞി പോലെ കാണപ്പെടുന്ന ഇവവഴി ഇലകൾ അധികമായി പൊഴിയാൻ തുടങ്ങും.

പ്രാരംഭ ദശയിൽ കീടബാധ നിയന്ത്രിക്കാൻ സോപ്പ് ലായനി ശക്തിയായി ചീറ്റിച്ചാൽ മതിയാകും. എന്നാൽ, രൂക്ഷമായാൽ രാസകീടനാശിനിയായ ‘അഡ് മയർ’ (1 മില്ലി/ ലീറ്റർ വെള്ളം) ഇലകളിൽ അഞ്ചു ദിവസത്തെ ഇടവേളയിൽ ഒന്ന്–രണ്ട് ആവർത്തി തളിച്ച് നൽകണം.

ADVERTISEMENT