‘ഒരു ഇല മാത്രമാണു കിട്ടിയതെങ്കിലും വെള്ളത്തിലിറക്കി വച്ചോളൂ, ഈ ചെടികൾ തഴച്ചുവളരും’; ഓഫിസ് ഡെസ്ക് അലങ്കരിക്കാന്...
Mail This Article
അകത്തളത്തിൽ ഇത്തിരി പച്ചപ്പുണ്ടെങ്കിൽ മനസ്സിനു കുളിർമയും ശാന്തതയും കിട്ടും. വീട്ടിലെ ജനലരികിലോ ഓഫിസ് ഡെസ്കിലോ എളുപ്പത്തിൽ ചെടികൾ വയ്ക്കണമെന്നു േതാന്നാറില്ലേ. വേരുകൾ വെള്ളത്തിൽ ഇട്ട് മണി പ്ലാന്റ്, ലക്കി ബാംബൂ തുടങ്ങിയ അകത്തളചെടികളാണു പലരും വളർത്താറ്. ഇനി വേരോ തൈയോ വേണ്ട. മുറിച്ചെടുത്ത തണ്ടോ ഇലയോ വെള്ളത്തിൽ ഇറക്കിവെച്ചാൽ മതി. വേരു പിടിച്ചു പുതിയ ചെടിയായി വളരും. മണ്ണില്ലാതെ ഇലയോ തണ്ടോ ഇറക്കി വച്ചു പുതിയ ചെടി വളർത്താൻ തുടങ്ങിക്കോളൂ...
വെള്ളത്തിൽ നടാം
∙ തണ്ടു മണ്ണിൽ നടുന്നതിനുപകരം വെള്ളത്തിൽ ഇറക്കിവെച്ചാൽ ഒട്ടു മിക്ക അകത്തള ചെടികളിലും ചുവട്ടിൽ വേരുകൾ ഉണ്ടായി വരും. മണ്ണിൽ നട്ടാൽ വേരു വന്നോ, ചെടി വളരാൻ തുടങ്ങിയോ എന്ന ആകാംക്ഷയുടെ ആവശ്യമില്ല. തണ്ടിൽ വേരുകൾ ഉണ്ടായി വരുന്നതു ചില്ലുപാത്രത്തിലൂടെ കാണാം.
∙സീ സീ പ്ലാന്റ്, ഫിലോഡെൻഡ്രോൺ, അഗ്ളോനിമ, പെപ്പറോമിയ, മണി പ്ലാന്റ്, ലക്കി ബാംബൂ, ജെയ്‌ഡ് പ്ലാന്റ്, മിനിയേച്ചർ മോൺസ്റ്റീറ, സ്പൈഡർ പ്ലാന്റ്, ഫിറ്റോണിയ, പിങ്ക് ലേഡി പ്ലാന്റ് തുടങ്ങിയ ചെടികളെല്ലാം ഇതു പോലെ വേരുകൾ ഉണ്ടാകുവാൻ പരീക്ഷിക്കാം.
∙ മൂന്നു – നാലു മുട്ടുകളെങ്കിലും ഉള്ള, നല്ല ആരോഗ്യത്തോടെ വളരുന്ന തണ്ടാണു വെള്ളത്തിൽ വളർത്താൻ യോജിച്ചത്. തണ്ടിന്റെ മുകളിലുള്ള ഇലകൾ മാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചുകളയണം. അണു വിമുക്തമാക്കിയ മൂർച്ചയുള്ള ബ്ലേഡോ കത്തിയോ ഉപയോഗിച്ചുവേണം തണ്ടു മുറിച്ചെടുക്കാൻ.
∙ നന്നായി കഴുകി വൃത്തിയാക്കിയ ചില്ലുഗ്ലാസിലോ നല്ല വായ്‌വട്ടമുള്ള ചില്ലുകുപ്പിയിലോ തണ്ടു നടാം. തണ്ടിന്റെ ചുവടുഭാഗം മാത്രം മുങ്ങി നിൽക്കുന്ന വിധത്തിലാണു ശുദ്ധജലം നിറയ്ക്കേണ്ടത്. ഇതിലേക്കു താഴത്തെ ഇലകൾ നീക്കം ചെയ്ത തണ്ടിന്റെ രണ്ട് – മൂന്നു മുട്ടുകൾ വെള്ളത്തിൽ മുങ്ങി ഇരിക്കുന്ന വിധത്തിൽ വയ്ക്കാം. ഇലകൾ വെള്ളത്തിൽ മുട്ടാതെ നോക്കണം.
∙ തണ്ട് മുറിച്ചെടുത്തശേഷം ഉടനെ വെള്ളത്തിൽ ഇറക്കിവയ്ക്കാതെ മുറിഭാഗത്തു നിന്നു വരുന്ന ദ്രാവകം ഉണങ്ങിയ ശേഷം മാത്രം ഇറക്കിവയ്ക്കുക. ഒരു പാത്രത്തിൽ സ്ഥലസൗകര്യമനുസരിച്ച് ഒന്നിൽ കൂടുതൽ തണ്ടുകൾ ഒരുമിച്ച് ഇട്ട് വയ്ക്കാം.
∙ ചെരിഞ്ഞ് സൂര്യപ്രകാശം കിട്ടുന്ന വരാന്തയിലോ ജനലരികിലോ തണ്ട് വെള്ളത്തിൽ ഇറക്കിവച്ച പാത്രം വയ്ക്കാം.
∙ വെള്ളത്തിന്റെ അളവ് കുറയുന്നതിനനുസരിച്ചോ ആഴ്ചയിലൊരിക്കലോ വെള്ളം മാറ്റി പുതിയ വെള്ളം നിറച്ചു കൊടുക്കണം.
∙ ചെടിയുടെ ഇനം, തണ്ടിന്റെ പ്രായം ഇവയനുസരിച്ചാണു വേരുകൾ ഉണ്ടാകുന്നത്. കുറഞ്ഞത് ഒരാഴ്ച സമയമെങ്കിലും വേണ്ടിവരും. കൂടുതൽ പ്രായമുള്ള തണ്ടുകളിൽ വേരുകൾ ഉണ്ടാകാൻ കൂടുതൽ കാലം വേണ്ടി വന്നേക്കാം.
∙ വേര് പിടിച്ചു തുടങ്ങിയ ഉടനെ മണ്ണിലേക്ക് മാറ്റി നടരുത്. വെള്ളത്തിൽ ഉണ്ടാകുന്ന, മങ്ങിയ വെള്ള നിറമുള്ള വേരുകൾ തുടക്കത്തിൽ തീരെ ദുർബലമായിരിക്കും. ആവശ്യത്തിനു നീളവും വേണ്ടത്ര പ്രായവും ആയാൽ മാത്രം മണ്ണിലേക്കു നടുക.
∙ സീസീ പ്ലാന്റ്, സ്നേക് പ്ലാന്റ് ഇവയുടെ നന്നായി വളർച്ചയെത്തിയ ഇലകൾ ഞെട്ടുൾപ്പെടെ മുറിച്ചെടുക്കുക. ഇവയുടെ ഞെട്ട് മാത്രം വെള്ളത്തിൽ ഇറക്കിവച്ചാൽ അവിടെ നിന്നു വേരുകൾ പിടിച്ചു പുതിയ ചെടിയാകും.