പഴയ തലയിണക്കവറുണ്ടോ?എളുപ്പത്തിൽ സീലിങ്ങ് ഫാൻ വൃത്തിയാക്കാം അതുമല്ലെങ്കിൽ ആന്റി–ഡസ്റ്റ് സീലിങ്ങ് വാനുകൾ വാങ്ങാം Anti-Dust Ceiling Fans: A Long-Term Solution
Mail This Article
അല്ല എന്താണിത് തറ മുഴുവനും കട്ടിലേലും കസേരയിലുമൊക്കെ പത്രം നിരത്തിയിട്ടേക്കുവാണല്ലോ.... വീടു പെയിന്റടിക്കാൻ പോകുവാണോ? മെഴ്സിയോട് ഇച്ചിരി കറിവേപ്പില ചോദിക്കാൻ അയൽപ്പക്കത്തു നിന്നെത്തിയ രാധ ചോദിച്ചു.
ഒന്നും പറയണ്ട രാധചേച്ചി.... ഫാനൊന്ന് വൃത്തിയാക്കാമെന്ന് വെച്ച് ഇറങ്ങിപ്പുറപ്പെട്ടതാ... ഇതിപ്പോ ഇങ്ങനായി.
അതിനാണോ ഇത്ര തത്രപ്പാട്... എളുപ്പത്തിൽ വൃത്തിയാക്കാനുള്ള വഴി ഞാൻ പറഞ്ഞു തരാമെന്ന് മേഴ്സി. ആ വഴി നമുക്കും കേൾക്കാം....
മുൻകരുതലൊക്കെ ആദ്യമേയെടുക്കാം
– ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്തിട്ട് വേണം വൃത്തിയാക്കൽ തുടങ്ങാൻ. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് വടിയിൽ തുണിയിട്ട് അതിനിടയിൽ കൂടി വൃത്തിയാക്കാം എന്നുള്ള അമിതപ്രതീക്ഷയും മണ്ടൻ ചിന്തയും ആദ്യമേ മാറ്റി വയ്ക്കാം.
– പഴകിയ പൊടിയാകും ഫാനിൽ അടിഞ്ഞു കൂടിയിട്ടുണ്ടാവുക., അതു കൊണ്ടുള്ള അലർജി ഒഴിവാക്കാൻ മാസ്ക് വെയ്ക്കുക.
– ഫാനിനടുത്ത് വയ്ക്കുന്ന ഏണിക്ക് നല്ല ഉറപ്പും ബാലൻസും ഉണ്ടെന്ന് ഉറപ്പിക്കുക.
പഴയ തലയിണക്കവർ രണ്ടെണ്ണം
–പഴയൊരു തലയിണക്കവർ ഫാനിന്റെ ഓരോ ബ്ലേഡിലേക്കും ഇട്ട് തുടച്ചെടുക്കാം., പൊടി താഴേ വീഴാതെ കവറിനുള്ളിൽ തന്നെ ഇരിക്കും.
– ശേഷം വെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുത്ത മറ്റൊരു തലയിണക്കവർ കൊണ്ട് ബ്ലെയിഡുകൾ ഓരോന്നും വീണ്ടും തുടയ്ക്കാം.
– വീട്ടിൽ ഏണിയില്ലാത്തവർക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് എത്ര വേണമെങ്കിലും ഉയർത്താവുന്നതും പല തരത്തിൽ മടക്കാവുന്നതുമായ മൈക്രോ ഫൈബർ കൊണ്ടുള്ള ക്ലീനിങ്ങ് റോഡുകൾ. നിലത്തു നിന്നു കൊണ്ട് തന്നെ ഫാനിലേക്ക് എത്തിക്കാവുന്ന തരത്തിലാണ് ഇവയുടെ ഡിസൈൻ. ഒപ്പം തന്നെ ഫാനിന്റെ ബ്ലേയിഡിന്റെ ഘടനയ്ക്കനുസരിച്ച് കൈകൊണ്ട് മടക്കാവുന്ന തരത്തിലാണ് ഇവയുടെ തല ഭാഗം.
ദീർഘകാല പരിഹാരത്തിന് ആന്റി–ഡസ്റ്റ് ഫാൻ
പൊടി വല്ലാതെ പ്രശ്നമാകുന്നെങ്കിൽ സാധാരണ ഫാനുകളെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറച്ച് മാത്രം പൊടി പിടിക്കുന്ന ആന്റി–ഡസ്റ്റ് സീലിങ്ങ് ഫാനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ജലാംശത്തേയും എണ്ണമയത്തേയും ചെറുക്കുന്ന തരം കോട്ടിങ്ങുള്ള ഫാനുകളാണ് ആന്റി– ഡസ്റ്റ് സീലിങ്ങ് ഫാനുകൾ. ഇത് ഫാനിന്റെ ബ്ലെയിഡുകളിൽ പൊടിയടിയുന്നത് നല്ലൊരു ശതമാനത്തോളം ചെറുത്തു നിർത്തും.