ADVERTISEMENT

‘ഒന്ന് തുമ്മിയാൽ പോലുമത് അടുത്ത വീട്ടിൽ കേൾക്കും.’ നഗരത്തിലെ ഇടമില്ലാതെ പണിയുന്ന അടുക്കുവീടുകളെ പറ്റിയും ഫ്ലാറ്റുകളെ പറ്റിയും പഴയ ആളുകളിൽ പലരും ഇങ്ങനെ പറയാറുണ്ട്. കാര്യം ശരിയാണ് സ്ഥലപരിമിധി പലപ്പോഴും നഗരവാസികൾ നേരിടുന്നൊരു വലിയ പ്രശ്നം തന്നെയാണ്. എന്നാലും ആ പേരും പറഞ്ഞ് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരിക കഷ്ടമല്ലേ? ചില സന്ദർഭങ്ങളിലെങ്കിലും സ്മാർട്ട് ആയി ചിന്തിച്ചാൽ ഒരു പുതുവഴി തെളിഞ്ഞു വരും.

കാലത്ത് ഉറക്കമുണർന്നു വരുമ്പോൾ ബാൽക്കണിയിലോ ഇത്തിരി മുറ്റത്തോ കിളികളുടെ കിളിക്കൊഞ്ചലുകൾ കേൾക്കാൻ ആഗ്രഹമുണ്ട്... പക്ഷേ, എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്നൊരാളാണോ നിങ്ങൾ? എങ്കിൽ ബാക്കി വായിച്ചോളൂ....

ADVERTISEMENT

ചെടികൾ വെച്ച് വരവേൽപ്പൊരുക്കാം

പൂക്കുന്നതും കായ്ക്കുന്നതും അടക്കം പല തരം ചെടികൾ വച്ചു പിടിപ്പിക്കാം.. ഇവ കിളികളെ ആകർഷിക്കും... കുരുവി, ബുൾബുൾ, തുന്നക്കാരൻ കിളി തുടങ്ങിയവയ്ക്കു കഴിക്കാനുള്ള ചെറുപ്രാണികളെ തേടി കിളികൾ എത്തും. ചെടികളൊരുക്കുന്ന തണലും ചില്ലകളിൽ കളിക്കാൻ പാകത്തിനുള്ള ഇടവും ഒക്കെ കിളികളെ ആകർഷിക്കും.. ഇടയ്ക്കിടയ്ക്ക് കിളികൾക്ക്  ഇരിക്കാനുള്ള ഊഞ്ഞാലകളും നാരുകൊണ്ടോ കളിമണ്ണു കൊണ്ടോ ഉള്ള തുറസായ കൂടുകളും സ്ഥാപിക്കാം.. എപ്പോഴും ആളുകൾ നിൽക്കുന്നിടത്തേക്ക് കിളികളെത്തിെയന്നു വരില്ല. അതുകൊണ്ട് ഇടയ്ക്കിടെ അവർക്കായി ഒരുക്കിയ ഇടത്തേക്ക് വന്നുപോകുന്നത് കുറയ്ക്കുക.

ADVERTISEMENT

ഈ ഇടം വൃത്തിയായി സുക്ഷിക്കാൻ പ്രത്യേകം ശ്രമിക്കുക.

ഒരുക്കാം ഭക്ഷണവും സുരക്ഷയും

ADVERTISEMENT

ആദ്യമേ തന്നെ കിളികൾക്കുള്ള ഭക്ഷണവും വെള്ളവും ഒരുക്കി വയ്ക്കാം.

– ചാമ പോലുള്ള മില്ലെറ്റുകളും ഗോതമ്പും ഒക്കയാണ് കിളികൾക്ക് പ്രിയപ്പെട്ട ഭക്ഷണം.

– ബ്രെഡ്, ബിസ്ക്കറ്റ് പോലുള്ള കൃത്രിമ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.

– ഉപ്പു ചേർത്ത ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം..

– പഴങ്ങൾ പച്ചക്കറികൾ എന്നിവ ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കാം.

– എളുപ്പത്തിൽ മറിഞ്ഞു പോകാത്ത ഒരു പാത്രത്തിൽ വെള്ളവും വെയ്ക്കാം.

– വെള്ളം വെയ്ക്കുന്ന പാത്രത്തിന് അൽപം വലുപ്പമുണ്ടാകാൻ ശ്രദ്ധിക്കുക. കിളികൾ വെള്ളം കുടിക്കുക മാത്രമല്ല, ചിലപ്പോൾ പാത്രത്തിൽ ഇറങ്ങി കുളിക്കാനും തയ്യാറായെന്നു വരാം.

– വെയ്ക്കുന്ന വെള്ളം ദിവസവും മാറ്റുക. പായൽ പിടിക്കുന്നതും കൊതുക് മുട്ടയിടുന്നതും ഒഴിവാക്കാം.

എല്ലാ ദിവസവും ഒരേയിടത്തു തന്നെ പാത്രങ്ങൾ വച്ച് അവിടെ ഭക്ഷണം വയ്ക്കാം. ഭക്ഷണം വച്ച് ആദ്യ ദിവസം തന്നെ കിളികൾ വരണമെന്ന വാശി വേണ്ട. ഭക്ഷണം വച്ചിട്ട് മാറി നിൽക്കാനും അവയ്ക്ക് സുരക്ഷയൊരുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കിളികളും നിങ്ങളുമായുള്ള വിശ്വാസം ഉടലെടുത്തു വരാനുള്ള ക്ഷമ കാണിക്കണം..

ADVERTISEMENT