‘പൊളിച്ചു മാറ്റുന്ന വസ്തുക്കൾ ഫർണിച്ചറിനും ലാൻഡ്സ്കേപ്പിങ്ങിനും...’; വീടിനെ കുറിച്ചുള്ള പഴയ ചിന്തകൾ മാറണം, ടിപ്സ്
Mail This Article
ഈ വര്‍ഷം വീടിനു നല്‍കാം പുതുപുത്തന്‍ മേക്കോവര്‍. ഇത് കേൾക്കുമ്പോൾ തന്നെ പുതിയ കർട്ടൻ ഇടാം, സോഫയുടെ സ്ഥലം മാറ്റാം എന്നൊക്കെ തോന്നിയേക്കാം. അതൊക്കെ സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ആണല്ലോ. എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ശരിക്കും മേക്കോവർ വേണ്ടതു നമ്മുടെ ചിന്താഗതിക്കാണ്. വീട് എന്ന ആശയത്തിനാണു പുതിയ മുഖം നൽകേണ്ടത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ക് ഇണങ്ങാത്ത നിർമാണ പ്രവർത്തനങ്ങളുമൊക്കെ വാർത്തകളിൽ നിറയുന്ന കാലത്തു വീടിനെ കുറിച്ചുള്ള ചിന്തകൾ മാറണം.
∙ പ്രകൃതിയോട് അടുപ്പം: വീട്ടിൽ പുതു നിർമാണം ആവശ്യമായി വരുമ്പോൾ പ്രകൃതിദത്ത വസ്തുക്കളും നിർമാണ സാങ്കേതിക വിദ്യകളും തിരഞ്ഞെടുക്കുക.
∙സൂര്യ വെളിച്ചം: വീടിനുള്ളില്‍ നിറയുന്ന വെളിച്ചം താമസിക്കുന്നവരുടെ മനസ്സിലും നിറയും. സൂര്യപ്രകാശം വീടിനുള്ളിൽ നിറയുന്ന രീതിയിൽ പ്ലാൻ ക്രമീകരിക്കുക.
∙തണുപ്പു നിറയട്ടെ: കൃത്രിമ വെളിച്ചം നിറയ്ക്കുമ്പോള്‍ പ്രകൃതിയിൽ നിന്ന് അകലുന്നതു മാത്രമല്ല വൈദ്യുതി ഉപയോഗവും വർധിക്കും. വായുസഞ്ചാരം ഉറപ്പാക്കാൻ ക്രോസ് വെന്റിലേഷനുകൾ കൃത്യമെന്ന് ഉറപ്പാക്കുക.
∙ അമൂല്യം, ജലം: കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ജലത്തിന്റെ ശ്രദ്ധയോടെയുള്ള ഉപയോഗം വരുംകാലത്ത് ഏറെ പ്രാധാന്യമുള്ള ഒന്നായി മാറും. ജല സംരക്ഷണ മാർഗങ്ങൾ എല്ലാ വീടുകളിലും വേണം. ലാൻഡ് സ്കേപ്പിങ് പോലുള്ള ആവശ്യങ്ങൾക്കായി ജലം ശേഖരിച്ചു വയ്ക്കുന്നതിനും പുനരുപയോഗിക്കുന്നതിനും മഴവെള്ള സംരക്ഷണ സംവിധാനം ഉണ്ടാക്കുക.
∙ ആവശ്യങ്ങൾക്കനുസരിച്ച്: ജലം ആവശ്യങ്ങൾക്കനുസരിച്ചു തരം തിരിക്കുക. കുടിവെള്ളവും മറ്റ് ആവശ്യങ്ങൾക്കുള്ള ജലവും രണ്ടു സ്രോതസ്സുകളിൽ നിന്ന് സ്വീകരിക്കാനുള്ള വഴിയുണ്ടാക്കുക. ‘കിണറിൽ നിന്നുള്ള വെള്ളം കുടിവെള്ളം’ എന്ന ആശയം പ്രാവർത്തികമാക്കുക.
∙മണ്ണിലേക്ക്:ജല പ്രവാഹത്തെ ബുദ്ധിപൂർവം ഉപയോഗിക്കുക. ഒഴുകി വരുന്ന ജലം മണ്ണിൽ താഴാൻ പ്രകൃതിദത്തമായ വഴികൾ തേടുക. വെള്ളത്തിന്റെ ഒഴുക്കു പതുക്കെയാക്കാൻ നിലം ഒരുക്കുക.
∙ ഇന്റീരിയർ മേക്ക് ഓവർ: ഇന്റീരിയറിലെ മേക്ക് ഓവറുകളില്‍ പോലും പ്രകൃതിയെക്കുറിച്ചു ചിന്തിക്കാം. ഫർണിച്ചറോ പാർട്ടീഷനോ നിർമിക്കാൻ വീണ്ടും ഉപയോഗിക്കാവുന്ന (റീ യൂസബിൾ) നിർമാണ വസ്തുക്കൾ തിരഞ്ഞെടുക്കുക. സ്ക്രാപ് മെറ്റല്‍ ഇതിന് ഉദാഹരണമാണ്.
∙മൺപ്ലാസ്റ്ററിങ്: ചുമരുകളുടെ തേപ്പു മണ്ണു കൊണ്ടാകുമ്പോൾ പ്രകൃതിദത്തവും വിഷരഹിതവും ആകും. പരിസ്ഥിതിക്കും ആരോഗ്യത്തിനും നല്ലതാണ്.
∙ പുതിയതു വാങ്ങേണ്ട: പുതിയ ഫർണിച്ചർ വാങ്ങി മേക്ക് ഓവർ ഉണ്ടാക്കാറുണ്ട്. എന്നാൽ അതിനു പകരം നിലവിലുള്ളവയ്ക്കു രൂപമാറ്റം വരുത്തി ഉപയോഗിക്കുക. അനാവശ്യമായ ഉപേക്ഷിക്കലുകളേക്കാൾ ഉള്ളതു മിനുക്കിയെടുത്ത് ഉപയോഗിക്കുകയാണു വേണ്ടത്.
∙ റെനവേഷൻ: വീടിനു കൂട്ടിച്ചേർക്കലുകൾ നടക്കുമ്പോഴൊക്കെ പൊളിച്ചു മാറ്റുന്ന വസ്തുക്കൾ ഫർണിച്ചറിനും ലാൻഡ്സ്കേപ്പിങ്ങിനും ഉപയോഗിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: വിനു ദാനിയൽ, ഫൗണ്ടർ ആൻഡ് പ്രിൻസിപ്പൽ ആർക്കിടെക്ട്, വാൾമേക്കേഴ്സ്. പ്രശസ്തമായ‘ടൈം നെക്സ്റ്റ് 100’ പട്ടികയിൽ ഇടം നേടി. റോയൽ അക്കാദമി ഡോർഫ്മാൻ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
