ഭ്രൂണത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക് കാണുന്ന സാഹചര്യത്തിൽ പ്രകൃതിസൗഹാർദപരമായ ഈ അഞ്ചു തരം പാത്രങ്ങൾ അടുക്കളയിലെത്തിക്കാം Embrace Sustainable Living: Ditch Plastics in Your Kitchen
Mail This Article
ജനിക്കാനിരിക്കുന്ന ഭ്രൂണത്തിൽ പോലും മൈക്രോ പ്ലാസിറ്റിക്കുകളുടെ സാന്നിധ്യം, മീനിൽ, ഇറച്ചിയിൽ, പഴങ്ങളിൽ, പാലിൽ തുടങ്ങി നമ്മൾ ദൈനം ദിനം ഉപയോഗിക്കുന്ന പല വസ്തുക്കളിലും മൈക്രോ പ്ലാസ്റ്റിക് ഉണ്ടെന്ന് പല ഗവേഷണ ഫലങ്ങളും പുറത്തു വരുന്നു. ഇതൊക്കെ വായിക്കുമ്പോൾ പേടി തോന്നുമെങ്കിലും കുറച്ചൊന്ന് ആകുലപ്പെടുമെങ്കിലും ഈ വിപത്ത് ഒഴിവാക്കാനുള്ള മാർഗങ്ങൾ നമ്മൾ ആലോചിച്ച് നടപ്പിലാക്കാറുണ്ടോ...?
നിങ്ങളുടെ അടുക്കളയിലേക്കു തന്നെയൊന്ന് നോക്കി പ്ലാസ്റ്റിക് പാത്രങ്ങളുടെ എണ്ണമൊന്ന് എടുക്കാമോ? ആ എണ്ണം നിങ്ങളെ ഞെട്ടിക്കുന്നുണ്ടോ? എങ്കിൽ പകരം നമ്മളെ കൊണ്ട് ആവും വിധം നമുക്കെന്ത് ചെയ്യാം എന്ന് നോക്കാം. അതിനുള്ള ഏറ്റവും നല്ല മാർഗമാണ് പ്ലാസ്റ്റിക്കിന് പകരം പ്രകൃതി സൗഹൃദ- സുസ്ഥിരവസ്തുക്കൾ ഉപയോഗിക്കുക എന്നത്.
1. സൂക്ഷിക്കാൻ ഇനി മുളപ്പാത്രങ്ങൾ
ഈർപ്പത്തെ ചെറുത്തു നിൽക്കാനുള്ള ശേഷി, ഈട്, ഭാരമില്ലായ്മ എന്നിവയൊക്കെയാണ് മുളകൊണ്ടുള്ള പാത്രങ്ങൾ സുസ്ഥിര ജീവിതം ആഗ്രഹിക്കുന്നവരെ ഇതിനോട് അടുപ്പിക്കുന്നത്. ധാന്യങ്ങൾ, പൊടിക്കാത്ത മസാലകൾ തുടങ്ങിയവ മുളം പാത്രങ്ങളിൽ സൂക്ഷിക്കാം.
2. വീണ്ടും ഉപയോഗിക്കാവുന്ന ചില്ലു പാത്രങ്ങൾ
പുനരുപയോഗം, പല വലിപ്പത്തിലും രൂപത്തിലുമുള്ള ലഭ്യത, രാസവസ്തുക്കളില്ലായ്മ തുടങ്ങിയ സവിഷേതകളാണ് ചില്ലു പാത്രങ്ങളെ എല്ലാ വീടുകളിലേയും അവിഭാജ്യഘടകമാക്കുന്നത്.. വായു കടക്കാതെ വയ്ക്കേണ്ട അച്ചാർ, ചിപ്സ് മുതൽ ധാന്യങ്ങളും അരിയും, ശർക്കരയും തുടങ്ങി പലതും ഇതിൽ വയ്ക്കാം.
3. ചൂടു നിലനിർത്തും കളിമൺ പാത്രങ്ങൾ
സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനും പാചകം ചെയ്യാനും ധാരാളം ആളുകൾ ഇന്ന് കളിമൺ പാത്രങ്ങൾ ഉപയോഗിച്ചു വരുന്നു. അവ പൊട്ടിയാലും ഭൂമിക്ക് ദോഷമുണ്ടാക്കാതെ അലിഞ്ഞു ചേരും എന്നതാണ് ഏറ്റവും വലിയ സവിശേഷത. പാകം ചെയ്യുമ്പോൾ ചൂടു നിലനിർത്താനുള്ള കഴിവുള്ളതു കൊണ്ട് ഇവ പാചക വാതകത്തിന്റെ അമിതോപയോഗവും കുറയ്ക്കും.
4. ലോഹപ്പാത്രങ്ങൾ തിരികെ വരട്ടേ
പല തരം പോടികൾ, പഞ്ചസാര, മിഠായി തുടങ്ങി പലതും ലോഹ പാത്രങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കാം. ഇവ കീടങ്ങളിൽ നിന്നും ഭക്ഷണം സംരക്ഷിച്ചു നിർത്തും. ഇവ പുനരുപയോഗിക്കാൻ ആകുമെന്നതാണ് ഇവയെ കൂടുതൽ ആകർഷണീയമാക്കുന്നത്.
5. തടിപ്പാത്രങ്ങളിൽ അടുക്കി വയ്ക്കാം
പല സാധനങ്ങളും അടുക്കി അടച്ചു വയ്ക്കാൻ തടിപ്പാത്രങ്ങൾ നല്ലതാണ്. തടി കൈലുകളും തവികളും ഉപയോഗിക്കുന്നത് പാത്രങ്ങളിലുള്ള കോട്ടിങ്ങ് ഇളകി പോകാതിരിക്കാൻ സഹായകമാണ്. തടികൊണ്ടും ചിരട്ടകൊണ്ടുമൊക്കെയുള്ള ബൗളുകളും പാത്രങ്ങളും ഭക്ഷണം വിളമ്പിക്കാഴിക്കാനായും ഉത്തമമാണ്. കൈ പൊള്ളാതെ ഇവ കാക്കും.