ADVERTISEMENT

കളർ കോഡ് ചെയ്ത കർട്ടനുകളും ചുവരുകളും കസേരകളും.... ഉള്ള സ്ഥലത്തെ ഇരട്ടി സൗന്ദര്യത്തോടെ കാണാൻ പാകത്തിനുള്ള ഭംഗിയുള്ള ലൈറ്റുകൾ... എല്ലാത്തിനോടും ഇണങ്ങി ചേരുന്ന കാർപെറ്റുകൾ.... ആഹാ! എല്ലാം കൊണ്ടും വീട് കാണാൻ മൊത്തത്തിൽ അടിപൊളി.

എന്നാൽ അകത്തേക്ക് കയറുന്നതോടെ അടിപൊളിയെന്നു വിചാരിച്ചതൊക്കെ മാറി മൂക്കു ചുളിക്കേണ്ട അവസ്ഥ! വീട്ടിനകത്താകെ മുഷിഞ്ഞ സോക്സിന്റേയും പഴകിയ ഭക്ഷ്യ മാലിന്യത്തിന്റേയും മണം.

ADVERTISEMENT

പല വീടുകളേയും ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ് ദുർഗന്ധം. പലരും ഇതിനെ പെട്ടന്നു കളയാനായി പല തരം കൃത്രിമ സുഗന്ധം പകരുന്ന ഉത്പ്പന്നങ്ങൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ കൃത്രിമ സുഗന്ധദായിനികളിൽ നടത്തുന്ന പഠനങ്ങൾ പലതും അവ ഒളിപ്പിച്ചു വയ്ക്കുന്ന അപകടങ്ങളെ വെളിച്ചത്തു കൊണ്ടു വരുന്നു. അതിൽ ശ്വസനപ്രശ്നങ്ങൾ ആസ്തമ, മൈഗ്രേയ്ൻ സാധ്യത, തലകറക്കം, മന്ദത, ചർമപ്രശ്നങ്ങൾ, കുട്ടികൾക്കും വളർത്തു മൃഗങ്ങൾ‌ക്കും വരുന്ന അസുഖങ്ങൾ തുടങ്ങി കാൻസർ സാധ്യത വരെ ഉൾപ്പെട്ടിട്ടുണ്ട്. കൈയിലുള്ള പണം കൊണ്ട് അപകടം വാങ്ങി വീട്ടിൽ കൊണ്ടു വരും പോലെയാണ് നമ്മൾ ഇത്തരം വസ്തുക്കൾ വാങ്ങി വരുന്നത്.

വീട്ടിലെ ദുർഗന്ധം അകറ്റാനും സുഗന്ധം നിറയ്ക്കാനും പ്രകൃദത്തമായ പല വഴികളുണ്ട്. അതിൽ അഞ്ചെണ്ണം പഠിച്ചു വയ്ക്കാം...

ADVERTISEMENT

∙ ഓറഞ്ചു തോടും നാരങ്ങാ തോടും കളയല്ലേ...

ഒരു പാത്രത്തിൽ അൽപം വെള്ളമെടുത്ത് അതിലേക്ക് ഓറഞ്ചിന്റെയോ നാരങ്ങയുടേയോ തൊലി ചേർക്കാം.. ഒപ്പം അൽപം റോസ്മേരിയോ തൈമോ തരികൾ(ഇവ സൂപ്പർമാർക്കറ്റിൽ സുലഭമായി വാങ്ങാൻ കിട്ടും) കൂടി ഇടാം. അവസാനമായി കുറച്ച് മുഴുവൻ പട്ട, ഗ്രാമ്പൂ, തക്കോലം എന്നിവ ഒരുമിച്ചോ ഏതെങ്കിലും ഒന്നോ രണ്ടോ കൂടി ഇട്ട് ഇളക്കി തിളപ്പിക്കാൻ വയ്ക്കാം. ഇത് തിളച്ചു കഴിയുമ്പോൾ തീ കുറച്ച് ചെറു തീയിൽ വയ്ക്കാം. തിളപ്പിക്കുന്ന പാത്രം മൂടേണ്ടതില്ല.. ഇതിൽ നിന്നു വരുന്ന മണം വീടിനകം മുഴുവൻ മണിക്കൂറുകളോളം നിറഞ്ഞു നിൽക്കും.

ADVERTISEMENT

വെളളം വറ്റിക്കഴിഞ്ഞ് പാത്രം മാറ്റി വയ്ക്കാം. പാത്രത്തിനകത്തുള്ളതൊക്കെ കളയാതെ വീണ്ടും വെള്ളമൊഴിച്ച്  ഇതേപോലെ 3–4 തവണ തിളപ്പിച്ചെടുക്കാം.. വീടിനാകെയൊരു പുതുമണം വരും.

∙ എസെൻഷ്യൽ ഓയിലുകൾ പുരട്ടാം

കർട്ടൻ,സോഫ, സോഫാ കവറുകൾ, അലമാര അടുക്കളയിലെ മൂലകൾ എന്നിവടിങ്ങളിലൊക്കെ നിങ്ങൾക്ക് ഇണങ്ങുന്ന മണമുള്ള എസെൻഷ്യൽ ഓയിലുകൾ (ലാവെന്റർ, പെപ്പർ‌ മിന്റ്, യുക്കാലിപ്റ്റസ്...മുതലായവ) പുരട്ടി വയ്ക്കാം.

∙ വീട്ടിലുണ്ടാക്കാം റൂം സ്പ്രേ

ഒരു സ്പ്രേ ബോട്ടിലിന്റെ മുക്കാൽ ഭാഗം വെള്ളമെടുക്കുക. അതിലേക്ക് അൽപം ബേക്കിങ്ങ് സോഡയും 4–5 തുള്ളി എസെൻഷ്യൽ ഓയിലും ചേർത്തു നന്നായി കുലുക്കി കലത്തിയിട്ട് അതു വീട്ടിലാകെ സ്പ്രേ ചെയ്യാം

∙ ചെടികൾ കൊണ്ട് പല ഗുണം

ചുറ്റുപാടുമുള്ള വായു ശുചീകരിക്കും എന്നു മാത്രമല്ല  വീട്ടിലെ ദുർഗന്ധം വലിച്ചെടുക്കാനും ചെടികൾക്കു കഴിയും. പീസ് ലില്ലി, ഫിഗ് പ്ലാന്റ് പോലുള്ളവ വീട്ടിൽ വളർത്താം.. ഇതു കൂടാതെ നല്ല മണമുള്ള പൂക്കൾ പൂച്ചട്ടികളിലാക്കി അങ്ങിങ്ങായും വയ്ക്കാം.

∙ ദുർഗന്ധം വലിച്ചെടുക്കും പാത്രങ്ങൾ

ഒരു ചെറിയ പെട്ടിയിലോ പാത്രത്തിലോ അൽപം ബേക്കിങ്ങ് സോഡയോ വെളുത്ത വിനാഗിരിയോ ഉപയോഗിച്ചു കഴിഞ്ഞ കാപ്പിയുടെ മട്ടോ ഒക്കെ എടുത്ത് വീടിന്റെ കാണാത്ത മൂലയ്ക്കായി വയ്ക്കാം. ഇത് ദുർഗന്ധം വലിച്ചെടുക്കാൻ സഹായിക്കും.. 

ADVERTISEMENT