ജമന്തി, വാടാമല്ലി, സീനിയ മുതല് സിലോഷ്യ വരെ; പൂന്തോട്ടത്തിൽ നട്ടുപിടിപ്പിക്കാം പൂച്ചെടികൾ Easy Home Gardening: Grow Marigold, Zinnia, and More!
Mail This Article
ജമന്തി, സീനിയ, വാടാമല്ലി, സിലോഷ്യ തുടങ്ങിയ പൂച്ചെടികൾ ഇനി വീട്ടു പൂന്തോട്ടത്തിലും നട്ടു വളർത്തിക്കോളൂ.
വേണം നല്ല വിത്ത്
ജമന്തിയുടെ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാണു പൂക്കളങ്ങളിലെ മിന്നും താരങ്ങൾ. സീനിയയുടെ ചുവപ്പ്, മഞ്ഞ, പിങ്ക്, വെള്ള പൂക്കളോടും സിലോഷ്യയുടെ കടുംചുവപ്പ്, മഞ്ഞ പൂക്കൾ ഉള്ളവയോടും, വാടാമല്ലിയുടെ ഇളം പിങ്ക്, കടും പിങ്ക്, വെള്ള പൂക്കളോടുമുണ്ട് പ്രിയം.
∙ ഈ ചെടികളുടെ വിത്തു വീട്ടിൽ തന്നെ പാകി മുളപ്പിച്ച തൈകളോ നഴ്സറിയിൽ നിന്നുള്ള തൈകളോ നടാം. ‘ഇൻഡോഅമേരിക്കൻ ഹൈബ്രിഡ് സീഡ്‌സ്’, 'പാൻ അമേരിക്കൻ’ തുടങ്ങിയ ഗുണനിലവാരമുള്ള കമ്പനിയുടെ വിത്തുകൾ തിരഞ്ഞെടുക്കുക.
∙ പച്ചക്കറി വിത്തുകൾ പാകാൻ ഉപയോഗിക്കുന്ന പ്രോട്രേയിലോ ജിഫി പ്ലഗ്ഗിലോ (കൊക്കോപീറ്റ് പ്ളഗ്) വിത്ത് പാകാം. പ്രോട്രേ നിറയ്ക്കാൻ ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു മില്ലി 'സാഫ്' കുമിൾനാശിനി ചേർത്ത ലായനി കുതിർത്ത ചകിരിച്ചോറ് ഉപയോഗിക്കാം. ഇതിലെ ഓരോ കള്ളിയിലും ഓരോ വിത്തു വീതം പാകണം. ജിഫി പ്ളഗ് സാഫ് ലായനിയിൽ കുതിർത്തു വലുതാക്കി ഓരോന്നിലും ഓരോ വിത്തുവീതം നടാം.
∙ നട്ട ശേഷം കടലാസുപയോഗിച്ചു മൂടിവയ്ക്കണം. ജിഫി പ്ലഗ്ഗിലെയോ പ്രോട്രേയിലെയോ ചകിരിച്ചോറ് ഉണങ്ങുമ്പോൾ ആവശ്യത്തിനു നന നൽകാം. വിത്തു മുളച്ചുതുടങ്ങിയാൽ കടലാസു മാറ്റി തൈയ്ക്കു നേരിട്ടു നന നൽകാം.
∙ രണ്ടു – മൂന്ന് ഇലകൾ വന്ന തൈകൾ ചട്ടിയിലേക്കോ നിലത്തേക്കോ മാറ്റി നടാം. വേരുകൾക്കു കേടു പറ്റാത്തവിധം ചകിരിച്ചോറ് ഉൾപ്പെടെ വേണം പ്രോ ട്രേയിൽ നിന്നു മാറ്റി നടാൻ. ജിഫി പ്ലഗിൽ വളർന്ന ചെടി അതേ പടി മാറ്റി നടാം. മാറ്റി നട്ട തൈകൾക്കു തുടക്കത്തിൽ തണൽ നൽകണം.
∙ നേരിട്ടു നാല് – അഞ്ചു മണിക്കൂർ നല്ല വെയിൽ കിട്ടുന്നിടത്തു ചട്ടിയിലും നിലത്തും പൂച്ചെടികൾ നട്ടു വളർത്താം. ഈ ഇനങ്ങൾ രണ്ടു മാസത്തിനുള്ളിൽ വളർന്നു പൂവിടും. എട്ട് ഇഞ്ചു വലുപ്പമുള്ള ചട്ടിയിൽ ചുവന്ന മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി ഇവ ഒരേ അളവിൽ എടുക്കുക. അൽപം കുമ്മായം കലർത്തിയാൽ മിശ്രിതം തയാർ. ഒരു ചട്ടിയിൽ രണ്ടു തൈ വീതം നടാം. നിലത്തേക്കു തൈകൾ മാറ്റി നടുന്നതിനു മുൻപ് അര അടി കനത്തിൽ മേൽമണ്ണ് നീക്കണം. പകരം ചട്ടി നിറയ്ക്കാൻ തയാറാക്കുന്ന അതേ മിശ്രിതം നിറച്ച് അതിലേക്കു തൈ മാറ്റി നടാം.
∙ ചെടി വാടാത്ത വിധത്തിൽ കാലാവസ്ഥയനുസരിച്ചു നന നൽകുക. ഒരു ലീറ്റർ വെള്ളത്തിൽ ഒരു മില്ലി ഇമിഡാക്ലോപ്രിഡ് അടങ്ങിയ കീടനാശിനി യോജിപ്പിക്കുക. ഈ ലായനി ആഴ്ചയിൽ ഒരിക്കൽ തുള്ളി നനയായി നൽകുന്നത് പലതരം കീടബാധയിൽ നിന്നു ചെടിയെ സംരക്ഷിക്കും.
∙ ആവശ്യത്തിനു വലുപ്പമായ ചെടിയുടെ കൂമ്പ് ആണു നുള്ളി നീക്കേണ്ടത്. കൂടുതൽ പൂക്കൾ ഉണ്ടാകാൻ കൂമ്പുനുള്ളൽ ഉപകരിക്കും.
∙ കൂമ്പു നുള്ളിയ ശേഷം ആഴ്ചയിലൊരിക്കൽ എൻപികെ മിശ്രിതം നൽകാം. കരുത്തോടെ വളരാനും നന്നായി പൂവിടാനും ഉപകരിക്കും. മഴയും വെള്ളക്കെട്ടും ചെടിയെ ദോഷകരമായി ബാധിക്കാം. വെയിൽ കുറവുള്ളപ്പോൾ ആവശ്യത്തിനു വളം നൽകാൻ ശ്രദ്ധിക്കുക.