‘അറിയാം പീക് ടൈം, എസിയും ഫ്രിജും ശ്രദ്ധിച്ചു ഉപയോഗിക്കാം’; വൈദ്യുത ബിൽ വരുതിയിലാക്കാൻ വിദഗ്ധ നിർദേശങ്ങൾ Decoding Your Electricity Bill
Mail This Article
വിയർപ്പിനൊത്ത് ഉരുകിയൊലിച്ചു തീരുമെന്നു പേടിച്ചു മിക്കവരും സ്വീകരണമുറിയുടെയും കിടപ്പുമുറിയുടെയും ചുവരിൽ എയർ കണ്ടീഷനർ സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും നമ്മൾ പണം കൊടുത്തു വാങ്ങുകയാണ് എന്നു മറക്കേണ്ട. സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ എനർജി താരിഫ് ഉയർത്തിക്കൊണ്ടേയിരിക്കുന്നു.
വൈദ്യുതിയുടെ അനാവശ്യ ഉപയോഗം പരമാവധി പരിമിതപ്പെടുത്തി ബില്ലിന്റെ തുക കയ്യിലൊതുക്കുന്നതാണു ബുദ്ധി. അറിവില്ലായ്മയും അശ്രദ്ധയുമാണ് വീട്ടിലെ വൈദ്യുതി ബിൽ ‘തടിക്കാൻ’ കാരണം. ചിട്ടയായും ശ്രദ്ധയോടെയും ‘എനർജി വർക്കൗട്ട്’ ചെയ്താൽ ബില്ലിന്റെ ഭാരം ഈസിയായി നിയന്ത്രിക്കാം.
അറിയാം പീക് ടൈം
ജോലി കഴിഞ്ഞെത്തി കുളിയും രാത്രിയിലേക്കുള്ള പാചകവും പ്രാർഥനയും പ ഠനവും ടിവി കാണലും എല്ലാം വൈകുന്നേരം ആറു മുതൽ പത്തു വരെയും രാവിലെ ആറു മുതൽ എട്ടു മണി വരെയുമാണ്. ഈ പീക് ടൈമിൽ എല്ലാവരും ഒന്നിച്ച് വൈദ്യുതി ഉപയോഗിക്കുകയാണ്. അതുകൊണ്ടു തന്നെ വൈദ്യുതി ബിൽ വരുതിയിലാക്കാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ഈ സമയത്താണ്.
∙ ആറു മുതൽ പത്തു മണി വരെ ഫ്രിജ് ഇടയ്ക്കിടെ അടയ്ക്കുന്നതും തുറക്കുന്നതും പരമാവധി ഒഴിവാക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ ഫ്രിജ് ഓഫാക്കിയിടുകയും ചെയ്യാം.
∙ ഇരുട്ടിനെ വീട്ടിൽ കയറ്റേണ്ടെന്നു ക രുതി എല്ലാ മുറിയിലും ലൈറ്റിട്ടു വയ്ക്കരുത്. പ്ലമിങ്, തുണി ഇസ്തിരി ഇടൽ, എ സി ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ഈ സമയത്ത് സാധിക്കുമെങ്കിൽ ഒഴിവാക്കാം. ∙ ഉപയോഗമില്ലാത്ത സമയത്ത് ഇൻഡക്ഷൻ കുക്കർ, മിക്സി തുടങ്ങിയവയുടെ പ്ലഗ് വേർപെടുത്തുക.
എസി ശ്രദ്ധിക്കാം
∙ 26 ഡിഗ്രിയാണു മുറിയിൽ വിദഗ്ധർ നി ർദേശിക്കുന്ന താപനില. താപനില ഒരു ഡിഗ്രി കുറയ്ക്കാൻ ഏകദേശം ആറു ശ തമാനം ഊർജം ഉപയോഗിക്കപ്പെടുന്നു. താപനില ഓരോ ഡിഗ്രി ഉയരുന്തോറും ആറു മുതൽ എട്ടു ശതമാനം വരെ കുറവ് വൈദ്യുതി ഉപയോഗത്തിൽ വരും.
∙ 26 ഡിഗ്രി സെൽഷ്യസ് കംഫർട്ടബിൾ അല്ലെങ്കിൽ സുഖകരമായ ഏറ്റവും കൂടിയ താപനിലയിൽ എസി പ്രവർത്തിപ്പിക്കാൻ ശ്രമിക്കാം. ഇതിലൂടെ കംപ്രസറിലെ ലോഡ് കുറയ്ക്കാനാകും. എസി ഉപയോഗിക്കുമ്പോൾ മുറി പൂർണമായും അ ടച്ചിടണം.
∙ എസിയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിക്കരുത്. എസിയുടെ ഇൻഡോർ യൂണിറ്റ് റൂഫിനോടു ചേർത്തു വയ്ക്കരുത്. എസിയുടെ എഫിഷ്യൻസിയെ ഇതു സാരമായി ബാധിക്കും. ഏറ്റവും കുറഞ്ഞത് ഒരടിയെങ്കിലും താഴ്ത്തി വേണം എസി ഘടിപ്പിക്കാൻ. എത്രത്തോളം താഴ്ത്തി ഘടിപ്പിക്കാൻ കഴിയുമോ അത്രയും നല്ലത്.
ബില്ല് മനസ്സിലാക്കാൻ
രണ്ടു മാസം കൂടുമ്പോഴാണല്ലോ ബില്ല് വീട്ടിലേക്കു വിരുന്നു വരുന്നത്. ഓരോ ബില്ലിലും രണ്ടു തരം ചാർജുകളുണ്ടാകും. ഫിക്സ്ഡ് ചാർജും എനർജി ചാർജും.
മീറ്റർ വാടക, സർക്കാർ അതതു സമയങ്ങളിൽ പ്രഖ്യാപിക്കുന്ന നികുതികൾ, ഡിക്ലയർ ചെയ്യപ്പെട്ട വൈദ്യുതി ലോഡ് എന്നിവയെല്ലാം ചേർന്ന സ്ഥിരമായ തുകയാണ് ഫിക്സ്ഡ് ചാർജ്. ഉപയോഗത്തിനനുസരിച്ച് ഓരോ ബില്ലിലും എനർജി ചാർജിൽ മാറ്റം വരും.
250 യൂണിറ്റു വരെ പ്രതിമാസ ഉപയോഗമുള്ള സ്ലാബിലുള്ളവർക്ക് ടെലസ്കോപിക് താരിഫാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് 40 യൂണിറ്റിൽ താഴെ മാത്രമാണ് പ്രതിമാസ ഉപയോഗമെങ്കിൽ ഫിക്സ്ഡ് ചാർജ് കൊടുക്കേണ്ടതില്ല. എനർജി ചാർജായി ഓരോ യൂണിറ്റിനും ഒന്നര രൂപയാണ് ഈ സ്ലാബിലുള്ളവർക്കു നിരക്ക്.
∙പൂജ്യം മുതൽ 50 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് സിംഗിൾ ഫേസാണെങ്കിൽ 40 രൂപ ഫിക്സ്ഡ് ചാർജും ത്രീ ഫേസാണെങ്കിൽ 100 രൂപയും ഓരോ യൂണിറ്റിനും മൂന്നു രൂപ 30 പൈസവരെ എനർജി ചാർജായും ന ൽകേണ്ടി വരും.
∙ 51 മുതൽ 100 യൂണിറ്റ് വരെ സ്ലാബിൽപ്പെടുന്നവർ 65 രൂ പ ഫിക്സ്ഡ് ചാർജും എനർജി ചാർജായി നാലു രൂപ 15 പൈസ നിരക്കുമാണു നൽകേണ്ടത്.
∙ 101 മുതൽ 150 വരെ അഞ്ചു രൂപ 25 പൈസയും 151 മുതൽ 200 വരെ ഏഴു രൂപ 10 പൈസയും 201 മുതൽ 250 വരെ എട്ടു രൂപ 35 പൈസയുമാണു നിരക്ക്.
∙ 250നു മുകളിൽ ഉപയോഗമുണ്ടെങ്കിൽ നോൺ ടെലസ്കോപിക് താരിഫ് ആണ്. ഉപയോഗിക്കുന്ന മൊത്തം യൂണിറ്റിനും ഉയർന്ന നിരക്കിൽ തുകയടയ്ക്കണം. നിശ്ചിത സ്ലാബിൽ നിന്നു പുറത്തു പോകാതെ വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്തിയാൽ ബില്ലിൽ വലിയ വ്യത്യാസം കൊണ്ടു വരാം.
∙ 250 യൂണിറ്റിനു മുകളിൽ പ്രതിമാസ ഉപയോഗം വരുന്നവർക്കാണ് സോളർ എനർജി ഉപയോഗം ഏറ്റവും ലാഭകരമാകുന്നത്. ഏകദേശം 6000- 7000 രൂപ രണ്ടു മാസത്തിൽ ബില്ലു വരുന്നവരാകും ഇവർ. ഒരു കിലോ വാട്ടിന് മൂന്നര യൂണിറ്റ് എനർജി എന്ന നിരക്കിലാണ് സോളർ എനർജി ലഭ്യമാകുക. 10 യൂണിറ്റിനുള്ളിൽ ദിവസേന വൈദ്യുതി ഉപയോഗമുള്ളൊരാൾക്ക് 10 യൂണിറ്റ് ലഭിക്കാൻ മൂന്നു കിലോ വാട്ടിന്റെ പ്ലാന്റ് ആവശ്യമായി വരും. ഈ നിരക്കനുസരിച്ച് ഓരോരുത്തർക്കും എത്ര കിലോവാട്ടിന്റെ സോളർ പ്ലാന്റാണ് വീട്ടിൽ ആവശ്യമെന്നു മനസ്സിലാക്കാം.
വീടൊരുക്കും മുൻപേ പ്ലാൻ ചെയ്യാം
പുതിയ വീടു വയ്ക്കുമ്പോൾ ഇന്റീരിയറിലും പ്ലാനിലും ശ്രദ്ധിക്കുന്നതു പോലെ എനർജി എഫിഷ്യൻസിയെക്കുറിച്ചും ചിന്തിച്ചാൽ വലിയ മാറ്റങ്ങൾ ബില്ലിൽ കൊണ്ടു വരാം.
∙ പകൽ സമയത്ത് സൂര്യപ്രകാശം അകത്തളങ്ങളിൽ ന ന്നായി കിട്ടുന്ന രീതിയിൽ മതി രൂപകൽപന. പകൽ ബൾബ് ഓൺ ചെയ്യേണ്ടി വരരുത്. ക്രോസ് വെന്റിലേഷൻ നന്നായി ചെയ്താൽ ഫാനിന്റെ ഉപയോഗവും കുറച്ചു മതി.
∙ പല വീടുകളിലും എഴുപതും എൺപതും സ്വിച്ചുകളുണ്ടാകും. അതിൽ പത്തോ പന്ത്രണ്ടോ മാത്രമാകും സ്ഥിരമായി ഉപയോഗമുള്ളത്. വയറിങ് ഏൽപ്പിച്ചിരിക്കുന്ന വ്യക്തിക്ക് വീട്ടുകാരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാകുന്ന വിധത്തിൽ ആശയവിനിമയം സുതാര്യമാകണം.
∙ അനാവശ്യമായ ലൈനുകൾ കഴിയുന്നത്ര ഒഴിവാക്കിയാകണം വയറിങ്. ലൈനുകളുടെ എണ്ണവും നീളവും കൂടുന്തോറും ‘എനർജി ലോസ്’ കൂടും.
∙ ഗുണമേന്മയുള്ള കോപ്പർ വയറുകൾ തന്നെ വയറിങ്ങിനായി ഉപയോഗിക്കണം. റെസിസ്റ്റൻസ് കാരണമുള്ള ഹീറ്റ് എനർജി ലോസ് ഇതിലൂടെ കുറയ്ക്കാനാകും.
∙ പുതിയ വീട്ടിൽ സ്റ്റാർ ലേബലിൽ റേറ്റിങ് കൂടുതലുള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കാം. വിലയൽപ്പം കൂടുമെങ്കിലും വൈദ്യുത ബിൽ ഗണ്യമായി ഇതിലൂടെ കുറയ്ക്കാം.
∙ സ്റ്റാർ റേറ്റിങ് നോക്കുമ്പോൾ അതിന്റെ കാലാവധി കൂ ടി ശ്രദ്ധിക്കണം. എല്ലാ വർഷവും സ്റ്റാർ റേറ്റിങ്ങുകൾ പുതുക്കാറുണ്ട്. ഈ വർഷത്തെ റേറ്റിങ് ആകണമെന്നില്ല അടുത്ത വർഷത്തേത്.
∙ 2021ലെ എനർജി കൺസർവേഷൻ ആക്ടിന്റെ ചുവടുപിടിച്ചാണ് സ്റ്റാൻഡേഡ്സ് & ലേബലിങ് പോപ്പുലറായത്. ഓരോ തരം ഉപകരണത്തിനും അതിന്റെ എനർജി എഫിഷ്യൻസിക്ക് ആനുപാതികമായി ഒന്നു മുതൽ അഞ്ചു വരെ സ്റ്റാർ റേറ്റിങ് ഉണ്ടായിരിക്കും. ഇതു പരിഗണിച്ച് ഉപയോക്താക്കൾക്ക് തീരുമാനമെടുക്കാം. എപ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അഞ്ചു സ്റ്റാർ റേറ്റിങ് ഉള്ളവ തന്നെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ഫാൻ, ബൾബ്, ഫ്രിജ് എന്നിവയൊക്കെ ഇതിൽപ്പെടും.
∙ ഈ വർഷം മുതൽ സ്റ്റാർ ലേബലുള്ള ഫാനുകളേ വിപ ണിയിൽ ലഭിക്കൂ. ബിഎൽഡിസി ഫാനുകളാണ് എനർജി ഉപയോഗത്തിന്റെ കാര്യത്തിൽ നല്ലത്. സാധാരണ ഫാൻ 50 മുതൽ 100 വാട്സ് വൈദ്യുതിയാണ് ഉപയോഗിക്കുക. ഊർജക്ഷമത കൂടിയ ബിഎൽഡിസി ഫാനിന് 28 വാട്സ് മതി. പഴയ റെഗുലേറ്ററിൽ ഇവ ഘടിപ്പിക്കരുത്. റെഗുലേറ്റർ കണക്‌ഷൻ വിഛേദിച്ചുവെന്ന് ഉറപ്പാക്കണം.
∙ ഇൻകാൻഡസന്റ് ബൾബുകൾ ഉപയോഗിക്കുന്നവർ എൽഇഡിയിലേക്കു മാറുന്നതു നല്ലതാണ്. സീറോ വാട്ട് എന്നു തെറ്റിധരിക്കുന്ന കളർ ലാംപുകളുടെ യഥാർഥ വാട്ടേജ് 15 മുതൽ 28 വരെയാണ്. പകരം എൽഇഡി ലാംപി നു വൈദ്യുതി ഉപയോഗം 1.5 യൂണിറ്റ് മാത്രമേയുള്ളൂ.
പവർ ഹാബിറ്റ്സ് ശീലമാക്കാം
∙ ഉപകരണങ്ങളുടെ തെറ്റായ ഉപയോഗം വൈദ്യുതി ന ഷ്ടത്തിനു കാരണമാണ്. ഫിൽറ്ററുള്ള ഉപകരണങ്ങളുടെ കാര്യത്തിൽ ഇതു പ്രധാനമാണ്. വാക്വം ക്ലീനറിന്റെ ഫിൽറ്റർ അഴുക്കും പൊടിയും പിടിച്ച് അടഞ്ഞിരിക്കുകയാണെന്നു കരുതൂ. വൃത്തിയാക്കാതെ വീണ്ടും ഉപയോഗിച്ചാൽ വൈദ്യുതി നഷ്ടമുണ്ടാകും. എയർ പ്യൂരിഫയർ, എസി തുടങ്ങിയവയുടെ കാര്യത്തിലും ഇതു ബാധകമാണ്. കൃത്യമായ ഇടവേളകളിൽ ഉപകരണങ്ങൾ വൃത്തിയാക്കാനും പ്രിവന്റീവ് മെയ്ന്റനൻസ് നടത്താനും ശ്രദ്ധിക്കണം.
∙ ഏറെ നാളായി അടഞ്ഞു കിടക്കുന്ന വീടുകളിലും മീറ്റർ ഓടിക്കൊണ്ടിരിക്കുന്നതായി കാണാറുണ്ട്. വയറിങ്ങിലെ അപാകതകളോ കേടുപാടുകളോ കാരണമുണ്ടാകുന്ന എർത്ത് ലീക്കേജ് മൂലമാണിതു സംഭവിക്കുന്നത്. ഇത്തരം അപാകതകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ പരിഹരിക്കണം. ഇൻവർട്ടറിന്റെ ബാറ്ററിക്കു തകരാറുണ്ടെങ്കിലും വൈദ്യുതി ബില്ലിൽ നന്നായി പ്രതിഫലിക്കും.
∙ മൊബൈലും മറ്റും അമിതമായി ചാർജായി ചൂടാകുന്ന ത് വൈദ്യുതി നഷ്ടമാണ്. ഏതുപകരണവും അമിതമാ യി ചൂടാകാൻ അനുവദിക്കരുത്. വൈദ്യുതി നഷ്ടത്തിനും ഉപകരണം തകരാറിലാകാനും ഇതു കാരണമാകും.
∙ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ നിശ്ചിത സമയത്തിനു ശേഷം ഓട്ടമാറ്റിക് കട്ട് ഓഫ് ഉണ്ടെങ്കിലും പ്ലഗ് ഊരിയിടാൻ ശ്രദ്ധിക്കുന്നതു നന്നാകും. സ്റ്റാൻഡ്ബൈ പവർ ലോസ് ഇതിലൂടെ ഒഴിവാക്കാം.
∙ ഏതുപകരണവും സ്വിച്ച് ഓഫാക്കിയ ശേഷം പ്ലഗ് ഊരാതെയിരുന്നാൽ സ്റ്റാൻഡ്ബൈ എനർജി ലോസിനു കാരണമാകും. പ്ലഗ് കൂടെ വേർപെടുത്താം.
∙ ഫ്രിജിന്റെ തെർമോസ്റ്റാറ്റിനു കേടുണ്ടായാലും വൈ ദ്യുത ബിൽ കൂടും. തനിയേ ഓഫാകാതെ മുഴുവൻ സമയവും ഫ്രിജ് പ്രവർത്തിക്കുന്നതു കൊണ്ടാണിത്. ഫ്രിജ്, എസി പോലെ ഇൻസുലേഷനുള്ള ഉപകരണങ്ങൾ ഇടയ്ക്കിടെ പരിശോധിക്കണം. ഇൻസുലേഷനിലെ കേടുപാടുകൾ വൈദ്യുതി നഷ്ടം കാര്യമായുണ്ടാക്കും. ഫ്രിജ് ഡോറിലെ ഇൻസുലേഷൻ ദ്രവിച്ചാൽ ചൂടു വായു അധികമായി ഉള്ളിലേക്കു കടക്കുകയും തണുപ്പിക്കാൻ കൂടുതൽ വൈദ്യുതി ഉപയോഗിക്കപ്പെടുകയും ചെയ്യും.
∙ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ വ സ്ത്രങ്ങൾ ഒന്നിച്ച് ഇസ്തിരിയിടാം. മഴക്കാലം കഴിഞ്ഞാ ൽ തുണിയുണക്കാൻ ഡ്രയർ ഉപയോഗിക്കുന്നതു നിർത്താം. പകരം തുണികൾ വെയിലത്തിട്ട് ഉണക്കിയാൽ വൈദ്യുതിചെലവ് ലാഭിക്കാം.
എനർജി ഓഡിറ്റിങ് ചെയ്യാം
വീടുകളിലോ തൊഴിലിടങ്ങളിലോ വ്യാപാരകേന്ദ്രങ്ങളിലോ വൈദ്യുതി എങ്ങനെയെല്ലാമാണ് ഉപയോഗിക്കപ്പെടുന്നത് അല്ലെങ്കിൽ പാഴാകുന്നത് എന്നു മനസ്സിലാക്കാൻ എനർജി അസസ്മെന്റ് അല്ലെങ്കിൽ എനർജി ഓഡിറ്റിങ്ങിലൂടെ കഴിയും. തിരുവനന്തപുരത്തെ എനർജി മാനേജ്മെന്റ് സെന്ററുമായി ബന്ധപ്പെട്ടാൽ അംഗീകൃത എനർജി ഓഡിറ്റർമാരുടെ വിവരങ്ങൾ ലഭ്യമാകും. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് എനർജി ഓഡിറ്റിങ് ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്.
വൈദ്യുതി ലീക്ക് മൂലം എനർജി നഷ്ടമാകുന്നതും ഉപകരണങ്ങളുടെ ശരിയല്ലാത്ത ഉപയോഗവും മാറ്റേണ്ട ഉപകരണങ്ങളും ഓഡിറ്റിലൂടെ തിരിച്ചറിയാം. ഓ രോ ഉപകരണങ്ങളും എത്രത്തോളം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും അതിൽ എന്തു കുറവു വരുത്താനാകുമെന്നും ഓഡിറ്റർ നിർദ്ദേശിക്കും. ചെറിയ ഫീസ് ഇതിനായി നൽകേണ്ടി വരും. വലിയ തുക വൈദ്യുതി ബിൽ അടയ്ക്കുന്നവർക്ക് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ തുക ലാഭമായി തിരികെ നേടാം.
വിവരങ്ങൾക്ക് കടപ്പാട്: ബി.വി. സുരേഷ് ബാബു, അക്രഡിറ്റഡ് എനർജി ഓഡിറ്റർ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഫൗണ്ടർ പാർട്ണർ, ഓട്ടോട്രാക്‌ഷൻസ്, തിരുവനന്തപുരം. ദിനേഷ് കുമാർ എ.എൻ., ജോയിന്റ് ഡയറക്ടർ, ഡിപാർട്ട്മെന്റ് ഓഫ് പവർ എനർജി, മാനേജ്മെന്റ് സെന്റർ, തിരുവനന്തപുരം
