‘അടുക്കള അത്ര ഓപൺ ആകേണ്ട കാര്യമില്ല’; ജെൻഡർ ന്യൂട്രൽ ആകുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം? Smart Kitchen Trends for Effortless Cooking
Mail This Article
കാര്യത്തിലേക്കു നേരിട്ടു കടക്കാം. നമ്മുടെ അടുക്കളകൾ മാറിയോ എന്നാണു ചോദ്യം. ഉത്തരം പറയും മുൻപു രണ്ടു രസകരമായ കാര്യങ്ങൾ കേട്ടിട്ടു വന്നാലോ?
സംഭവം 1: സ്പെയിനിലെ ഒരു കോടതിവിധി വാർത്തകളിൽ നിറഞ്ഞു.‘വിവാഹമോചിതയായ ഇവാന മോറൽ എന്ന വനിതയ്ക്കു 25 വർഷങ്ങൾ ശമ്പളമില്ലാതെ വീട്ടുജോലി ചെയ്തതിനുള്ള നഷ്ടപരിഹാരം എന്ന നിലയ്ക്കു മുൻഭർത്താവ് ഒന്നേമുക്കാൽ കോടി രൂപ നൽകണം.’ രണ്ടുമക്കളെയും ഭർത്താവിനെയും വീടുമൊക്കെ പരിചരിച്ചു ജീവിച്ച ഇവാനയ്ക്കു വിവാഹമോചനത്തിനുള്ള സെറ്റിൽമെന്റ് തുകയായാണ് 1,80,000 പൗണ്ട് (1.79 കോടി രൂപ) നൽകാൻ കോടതി വിധിച്ചത്. ഇവാന വീടു നോക്കിയപ്പോൾ കരിയറിൽ മുന്നേറിയ ഭർത്താവിനു കോടികളുടെ സ്വത്തുണ്ടാക്കാനായി എന്നതും കോടതി ചൂണ്ടിക്കാട്ടി.
സംഭവം 2: പാത്രം കഴുകുന്ന ലിക്വിഡിന്റെ പരസ്യം. പെണ്ണുകാണാൻ വന്ന ചെക്കനും പെണ്ണും അടുക്കളയിൽ നിന്നു സംസാരിക്കുകയാണ്. സംസാരത്തിനിടയിൽ പെൺകുട്ടിയെ ‘ഇംപ്രസ്’ ചെയ്യാനായി പയ്യന്റെ ഡയലോഗ്, ‘കല്യാണം കഴിഞ്ഞാൽ ഞാൻ കുക്കിങ്ങിലൊക്കെ സഹായിക്കാം കേട്ടോ.’ ഇതുകേട്ട പാടേ പെൺകുട്ടിയുടെ കലക്കൻ മറുപടി, ‘എങ്കിൽ പാത്രം കഴുകാൻ ഞാനും സഹായിക്കാം...’
ഇനി ആദ്യ ചോദ്യം ഒരിക്കൽ കൂടി ഓർമിപ്പിക്കാം, നമ്മുടെ അടുക്കളകൾ മാറിയോ? ‘ഇല്ലേയില്ല’ എന്നായിരുന്നു വർഷങ്ങളായുള്ള ഏവരുടെയും ഒരേ സ്വരത്തിലുള്ള മറുപടി. എന്നാൽ കോവിഡ് ലോക്ഡൗണിൽ എല്ലാവരും കൂടി വീട്ടിലിരുന്ന കാലത്തിനു ശേഷം ഈ ചോദ്യത്തിന്റെ ഉത്തരം പല തരത്തിൽ മാറാൻ തുടങ്ങി. ചിലർ ‘അതെ’ എന്നും മ റ്റു ചിലർ ‘കുറേശ്ശേ’ എന്നും തുറന്നു പറയാൻ മടിക്കുന്നില്ല.
പക്ഷേ, കേരളം ഞെട്ടിയതു പഠിക്കാനായി നാടു വിട്ട മക്കൾ തിരികെ വന്നപ്പോഴാണ്. പാചകം മുതൽ പാത്രം കഴുകലും തുണിയലക്കുമെല്ലാം ആൺപെൺ ഭേദമില്ലാതെ അവർ ചെയ്യുന്നുണ്ട്.
അടുക്കള തുറക്കുന്നു
‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമ റിലീസായ സമയ ത്തു പലരും വിമർശിച്ച ഒരു കാര്യമുണ്ട്, രംഗങ്ങൾ വിരസതയുണ്ടാക്കുന്നു. അതിനു സംവിധായകൻ ജിയോ ബേബി മറുപടി ഇങ്ങനെ, ‘ആൾക്കാരെ മടുപ്പിക്കണം എന്ന ഉദ്ദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണു കാണിച്ച ഷോട്ടുകൾ വീണ്ടും കാണിച്ചത്. അടുക്കളയിലെ മടുപ്പ് അത്ര വലുതാണ്’
അതെ, അടുക്കളയിലെ ദിനചര്യകൾ എന്നും ഒരുപോലെയായിരുന്നു. അതിന്റെ പിന്നാമ്പുറത്തും ചിട്ടകളുണ്ടായിരുന്നു. വിനോദയാത്രയിലെ മുകേഷിന്റെ ഡയലോഗ് പോലെ, നാളെ രാവിലെ ദോശ ചുടണമെങ്കിൽ ഇന്നു രാവിലെ തന്നെ അരിയും ഉഴുന്നും വെള്ളത്തിലിടണം. നാളെ രാവിലെ കടലക്കറി വയ്ക്കണമെങ്കിൽ ഇന്നു രാത്രി തന്നെ കടലയും. പിന്നെ രാപകൽ അധ്വാനവും.
കാലങ്ങളോളം പരിചയിച്ചു നാവിൻ തുമ്പിൽ കയറിക്കൂടിയ രുചി വൈവിധ്യങ്ങളാണു നമ്മുടെ അടുക്കളകളെ ‘നോൺ സ്റ്റോപ് വർക് സ്റ്റേഷനു’കളാക്കി മാറ്റിയത്. ചോറിനൊപ്പം എരിവുള്ള മീൻകറിയുണ്ടെങ്കിൽ തേങ്ങ നന്നായി ചിരകിയിട്ട, എരിവു കുറഞ്ഞ തോരൻ കൂടിയേ തീരൂ. സദ്യയിലും എരിവും ഉപ്പും മധുരവും പുളിയുമുള്ള വിഭവങ്ങൾക്കിടെ എല്ലാ രുചികളെയും ന്യൂട്രലാക്കുന്ന ഓലൻ തൂശനിലയിൽ നിർബന്ധമായും വേണം.
ഇതൊക്കെ വിട്ടു കോൺഫ്ലേക്സും പാലും, ബ്രെഡും പീനട് ബട്ടറും, സാലഡും റൈത്തയുമൊക്കെയായി ന്യൂജനറേഷന്റെ മെനു മാറിത്തുടങ്ങി. ഡയറ്റ് ശീലിക്കുന്നവർ മാത്രമല്ല, പുതിയ തലമുറയിലെ ഭൂരിഭാഗം പേരും പെട്ടെന്നുണ്ടാക്കാവുന്ന, അടുക്കളയിൽ അധികസമയം നിൽക്കേണ്ടി വരാത്ത വിഭവങ്ങളുടെ ഫാൻസാണ്. അതിന്റെ കാലറിയും ഗുണവുമൊക്കെ അവർക്കു മനഃപാഠം.
തായ്‌ലൻഡിലെ പല വീടുകളിലും അടുക്കള ഇല്ലത്രേ. സ്ത്രീയും പുരുഷനും പുറത്തുപോയി ജോലി ചെയ്യുമ്പോ ൾ പിന്നെ എന്തിനു വീട്ടിൽ അടുക്കള എന്നാണ് അവർ ചിന്തിക്കുന്നത്. നമ്മൾ അടുക്കളയെ പുറന്തള്ളിത്തുടങ്ങിയില്ലെങ്കിലും കുടുംബമൊന്നിച്ചു പാചകം ചെയ്യാൻ പാകത്തിൽ പരിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു.
അടുക്കള ‘ജെൻഡർ ന്യൂട്രലാ’യി പണിയാൻ ആർക്കിടെക്ടിനു ടിപ്സ് കൊടുക്കുകയാണ് ഇപ്പോൾ നമ്മുടെ ന്യൂ ജനറേഷൻ. അടുക്കളയിലെ മാറ്റം എന്തിനെന്നും എങ്ങനെയെന്നും അറിയാം.
മാറ്റത്തിന്റെ നല്ല പാകം
∙ അടുക്കളയിൽ ആദ്യം തന്നെ സ്ലാബ് വാർത്തിടുന്ന രീതി ഇപ്പോഴില്ല. അടുക്കളയിൽ പെരുമാറുന്നയാളുകളുടെ ഉയരത്തിനനുസരിച്ചാണു കൗണ്ടർ ടോപ്പിന്റെ ഉയരം നിശ്ചയിക്കുന്നത്. സിങ്കിൽ പാത്രം കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴുമൊക്കെയുള്ള ആയാസം കുറയ്ക്കാൻ ഇതാണു നല്ല മാർഗം.
∙ നിർമാണം തീർന്ന അടുക്കളയിലേക്ക് ഇന്റീരിയർ പ്ലാൻ അനുസരിച്ചുള്ള കബോർഡുകളും മറ്റും പിടിപ്പിച്ചു മോഡുലാർ കിച്ചൺ ആക്കും. ഇതിനായി ഫൈബർ ബോർഡുകൾ കൊണ്ടുള്ള പാർട്ടീഷനുകളാണ് ഉണ്ടാക്കുന്നത്. ഫ്രിഡ്ജും മിക്സിയും അവനുമൊക്കെയായി അടുക്കളയിൽ ഉണ്ടാകേണ്ട ഉപകരണങ്ങളുടെ എണ്ണവും സ്ഥാനവും കണക്കാക്കിയാണു കബോർഡുകൾ പിടിപ്പിക്കുന്നത്. മൾട്ടിവുഡ് ബോർഡുകളോ പ്ലൈവുഡോ അടുക്കളയിലേക്കു തിരഞ്ഞെടുക്കുമ്പോൾ മികച്ച ഗ്രേഡിങ്ങുള്ളവ തന്നെ നോക്കി വാങ്ങണം. നനവും പൂപ്പലും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഭാവിയിൽ തലവേദനയാകാതെ ഇരിക്കാനാണിത്.
∙ കൗണ്ടർടോപ്പിൽ ഗ്രാനൈറ്റും നിലത്ത് ആന്റി സ്കിഡ് ഫ്ലോറിങ്ങും ചെയ്യുന്നതാണ് ട്രൈൻഡിങ്ങിലെ നമ്പർ വൺ രീതി. അതിനൊപ്പം കിച്ചൻ ക്യാബിനറ്റുകളെല്ലാം കാലുകളിൽ ഉറപ്പിക്കും. ചൂലോ വാക്വം ക്ലീനറോ കടത്തി കബോർഡുകളുടെ അടിവശം നന്നായി ക്ലീൻ ചെയ്യാൻ ഇതാണ് എളുപ്പം.
∙ ഫുൾ ഹൈറ്റ് കബോർഡുകളാണ് അടുക്കളയിലെ മറ്റൊരു മിന്നും താരം. പാചകത്തിനു വേണ്ടതെല്ലാം അടുക്കി ഒതുക്കി വയ്ക്കാൻ പരമാവധി സ്റ്റോറേജ് കിട്ടും. കൂടാതെ മറ്റൊരു മെച്ചം കൂടി ഉണ്ട്. കബോർഡിനു മുകളിലും മറ്റും പൊടി അടിഞ്ഞ് അടുക്കളയുടെ ലുക്കും ഫ്രഷ്നസും നഷ്ടപ്പെടുകയുമില്ല.
അരികിൽ വേണം
∙ ഭാര്യയ്ക്കും ഭർത്താവിനും അടുക്കളയിലെ ജോലികൾ തീർത്ത് ഓഫിസിലേക്കു പോകണം, മക്കൾക്കു സ്കൂളിലേക്കും. അടുക്കളയിലേക്ക് ഒന്നിച്ചെത്തി ജോലികൾ തീർത്തിറങ്ങാൻ സ്പീഡ് കൂടുതലുള്ള അടുക്കളയാണു വേണ്ടത്. കയ്യെത്തും ദൂരത്ത്, കൃത്യമായ സ്ഥാനത്ത് ഓരോ വസ്തുവും അടുക്കി വയ്ക്കുന്നതാണ് ഇതിനായി ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ചായയിടാൻ നേരം ചായപ്പൊടിയും പഞ്ചസാരയും പാലും സ്പൂണും അരിപ്പയുമൊക്കെ കയ്യകലത്തിൽ ഇല്ലെങ്കിൽ അവ തിരഞ്ഞ് ഓടിനടന്നു സമയനഷ്ടമുണ്ടാകും.
∙ കൗണ്ടർ ടോപ്പിനു മുകളിൽ ഒന്നും വയ്ക്കാതെ ക്ലീൻ ആ ക്കി ഇടണം. എങ്കിലേ വൃത്തിയും ഒതുക്കവുമുള്ള ഫീൽ കിട്ടൂ. ഓയിൽ ബോട്ടിൽ മുതൽ മസാലപ്പൊടികൾ വരെ ഗ്യാസ് അടുപ്പിനു തൊട്ടടുത്തുള്ള (വലതു വശത്തെ) ഡ്രോ തുറന്നാൽ എടുക്കാവുന്ന രീതിയിൽ വയ്ക്കാം. ഗ്യാസ് അടുപ്പിനു തൊട്ടു താഴെയുള്ള ഡ്രോയിൽ സ്പൂൺ, ടവ്വൽ എ ന്നിവയ്ക്കാണു സ്ഥാനം.
∙ കബോർഡുകൾക്കു പുൾ ഔട്ട് ഡ്രോയറുകൾ പിടിപ്പിച്ചാൽ എല്ലാ സാധനങ്ങളും കൃത്യമായി അടുക്കാമെന്നു മാത്രമല്ല, വേണ്ടവ തിരഞ്ഞെടുക്കാനും സൗകര്യമാണ്. ഫ്രൈയിങ് പാൻ പോലുള്ളവ പുൾ ഔട്ട് ഷെൽഫിലെ റാക്കിൽ തൂക്കിയിടാം. ഷെൽഫിന്റെ ഡോറിൽ കൊളുത്തു പിടിപ്പിച്ച് മെഷറിങ് സ്പൂൺ തൂക്കാം.
∙ ഓവർ ഹെഡ് കബോർഡുകളിലെ ട്രെൻഡ് പുൾ അപ് (ബൈഫോൾഡ്) ഡോറുകളാണ്. മടക്കി മുകളിലേക്കു വയ്ക്കാവുന്ന ഈ ഡോർ തുറന്നാൽ ചായപ്പൊടിയും പഞ്ചസാരയുമൊക്കെ കയ്യകലത്തിൽ റെഡി. അവിടെ നിന്നെടുത്ത് ഉപയോഗശേഷം അവിടേക്കു തന്നെ തിരികെ വയ്ക്കാം. പാചകം കഴിഞ്ഞാൽ അടുക്കള അടുക്കിപെറുക്കലിന്റെ സമയവും ലാഭം.
∙ ചൂലും മോപ്പുമൊക്കെ വയ്ക്കാൻ ചെറിയ കബോർഡ് കൂടി ആവാം. ചെറിയ അടുക്കളകളിൽ ചൂലും മോപ്പുമൊക്കെ വയ്ക്കാൻ ഇടമുണ്ടാകില്ല. ഉപയോഗശേഷം ഇവ ഒതുക്കി വയ്ക്കാനുള്ള കബോർഡിനുള്ളിൽ തന്നെ ഫ്ലോർ ക്ലീനർ, ഡസ്റ്റ് പാൻ തുടങ്ങിയവയും വയ്ക്കാം.
∙ അടുക്കള ജോലികളോടുള്ള മടുപ്പിന്റെ പ്രധാന കാരണം ആയാസവും പ്രയാസവുമാണെന്നു പുതിയ തലമുറ തിരിച്ചറിയുന്നു. അതിനാൽ ജോലികൾ എളുപ്പമാക്കുന്ന ഉപകരണങ്ങൾ വാങ്ങാൻ അവർക്കു മടിയില്ല. വെജിറ്റബിൾ പീലറും ചോപ്പറും സ്ലൈസറുമൊക്കെ പാചകത്തിന്റെ സമയം കുറയ്ക്കാൻ 1,2,3 ലിസ്റ്റിലുണ്ട്.
∙ എല്ലാം പാചകം ചെയ്ത ശേഷം വിളമ്പി ഡൈനിങ് ടേബിളിലെത്തിക്കാനും, എല്ലാവരും കഴിച്ച പാത്രങ്ങൾ നീക്കി ടേബിൾ ക്ലീൻ ചെയ്യാനുമൊന്നും രാവിലത്തെ ഓട്ടപ്പാച്ചിലിനിടയിൽ ഒട്ടും സമയമുണ്ടാകില്ല. അതിനു പരിഹാരമാണു ബ്രേക്ഫാസ്റ്റ് കൗണ്ടർ. 90x60 സെമീ വലുപ്പമുള്ള ചെറിയ കൗണ്ടർ മതി ഇതിന്. ദോശ ചുട്ടെടുത്തു ചൂടോടെ ത ന്നെ മക്കൾക്കു വിളമ്പാനും അവരെ നിർദേശങ്ങൾ നൽകി കഴിപ്പിക്കാനും ജോലികൾക്കിടെ മുതിർന്നവർക്കു ഭക്ഷണം കഴിക്കാനുമൊക്കെ ഈ കൗണ്ടർ ഉപകരിക്കും. സോസുകൾ, അച്ചാറുകൾ തുടങ്ങിയവയ്ക്കായി ചെറിയ സ്റ്റോറേജും ഇവിടെ നൽകാം.
ഡിസൈനിലും മികവ്
∙ പ്രധാന കിടപ്പു മുറിയേക്കാൾ വലുപ്പം അടുക്കളയ്ക്കു പാടില്ല എന്നാണു വാസ്തു പറയാറുള്ളത്. അടുക്കളയുടെ കിഴക്കു ഭാഗത്തായി വേണം അടുപ്പു വരാൻ. പ്രഭാതത്തിലെ സൂര്യരശ്മികൾ നേരിട്ടു കടന്നു വരാനാണ് ഇങ്ങനെ സ്ഥാനം നൽകുന്നത്.
∙ അടുക്കളയ്ക്കു വലുപ്പം കൂട്ടാൻ പുതിയ ആളുകൾക്ക് അത്ര താൽപര്യമില്ല. അടുക്കളയിലെ ‘വാക്കിങ് ഡിസ്റ്റൻസ്’ കുറയ്ക്കാൻ ചെറിയ അടുക്കള മതിയെന്നാണു പുതു തലമുറ പറയുന്നത്. ഉപയോഗക്ഷമത കൂട്ടാനും അടുക്കളയിലെ സമയലാഭത്തിനും ഇതാണു നല്ലത്.
∙ ഒരു വശത്തു മുഴുവൻ സ്റ്റോറേജും മറുവശത്തു സിങ്കും നടുവിലായി അടുപ്പും വന്നാൽ പാചകത്തിനിടെ ഓടിനടക്കേണ്ടി വരില്ല. കിച്ചൻ ഹോബും സിങ്കും ഫ്രിജും ഉൾപ്പെടുന്ന വർക് ട്രയാങ്കിൾ കൃത്യമാകുന്ന തരത്തിൽ ഫ്രിജിനുള്ള ഇടവും കണ്ടെത്തണം. ചെറിയ അടുക്കള വൃത്തിയാക്കാനും വൃത്തിയായി സൂക്ഷിക്കാനും കൂടുതൽ എളുപ്പവുമാണ്.
∙ പ്രധാന കിച്ചൻ ഭംഗിക്കു വേണ്ടിയും സെക്കൻഡ് കിച്ചൻ പാചകത്തിനു വേണ്ടിയും എന്നതായിരുന്നു ഇന്നലെ വരെയുള്ള ട്രെൻഡ്. ആ ട്രെൻഡു മാറി. വീട്ടിൽ അടുക്കള ജോലിക്കായി ആളെ വയ്ക്കുന്നുണ്ടെങ്കിൽ മാത്രമാണു മിക്കവരും സെക്കൻഡ് കിച്ചൻ പണിയുക. ഫ്ലാറ്റുകളിലും പുതുവീടുകളിലും ഒരു അടുക്കളയേ ഉള്ളൂ.
∙ പുതിയ അടുക്കളയിൽ സ്റ്റോർ റൂം ഇല്ല. കബോർഡിനുള്ളിൽ തന്നെ എല്ലാം ഒതുക്കിവയ്ക്കാൻ കഴിയുമ്പോൾ വേഗം അഴുക്കും പൊടിയും പിടിക്കുന്ന സ്റ്റോർ റൂം വേണ്ടെന്നാണു ചെറുപ്പക്കാരുടെ പക്ഷം. സാധനങ്ങൾ വാങ്ങിക്കൂട്ടി സ്റ്റോർ റൂമിൽ നിറയ്ക്കാനും അവർക്കു താൽപര്യമില്ല.
∙ അടുക്കളയിലേക്കു ട്യൂബ് ലൈറ്റു മാത്രമായി പിടിപ്പിക്കുന്ന രീതി ഇപ്പോഴില്ല. ജോലി ചെയ്യുമ്പോൾ കൃത്യമായി വെളിച്ചമെത്തുന്ന തരത്തിൽ കബോർഡിനു താഴെയാണ് കിച്ചനിലെ ലൈറ്റിങ്.
പുറത്തുമല്ല, അകത്തുമല്ല
∙ ഓപൺ കിച്ചൻ അകത്തളത്തിലേക്ക് എത്തിയിട്ടു കുറേ കാലമായി. പക്ഷേ, അടുക്കള അത്ര ഓപൺ ആകേണ്ട കാര്യമില്ല എന്നാണ് പുതുതലമുറ ചിന്തിക്കുന്നത്. വേണമെങ്കിൽ ക്ലോസ് ചെയ്യാവുന്ന ഫോൾഡബിൾ ഡോറുകളോടു കൂടിയ ഓപൺ കിച്ചൻ ആണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. അതിഥികളും മറ്റും വരുമ്പോഴുള്ള അടുക്കളയിലെ സ്വകാര്യതയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
∙ അവ്നും മിക്സിയും ഗ്രില്ലുമൊക്കെ കൗണ്ടർടോപ്പിനു മുകളിൽ നിരത്തി വച്ചാൽ അടുക്കളയിലെ ആകെയുള്ള ഇത്തിരി സ്ഥലം യുദ്ധക്കളമാകും. മിക്സിയും മൂന്നോ നാലോ ജാറുകളുമൊക്കെ നിരത്തി വച്ചു കഴിയുമ്പോൾ ജോലി ചെയ്യാൻ സ്ഥലം ബാക്കിയുണ്ടാകുകയുമില്ല. ഇലക്ട്രിക് കണക്‌ഷൻ വേണ്ടി വരുന്ന ഇത്തരം ഉപകരണങ്ങളെ ഒറ്റ യൂണിറ്റായി കബോർഡിനുള്ളിൽ വയ്ക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്.
∙ അപ്ലയൻസസ് യൂണിറ്റിന്റെ ഡോർ തുറന്നാൽ മാത്രമാണു മിക്സിയും അവ്നുമൊക്കെ കാണാനാകുക. ഓരോന്നും അതാതിന്റെ ഉപയോഗ സമയത്തു പുൾ ഔട്ട് ഡ്രോ വലിച്ച് ഓപ്പണാക്കാം. ജോലികൾ തീർത്ത ശേഷം കഴുകി യഥാസ്ഥാനത്തു തിരികെ വച്ചു വാതിലടച്ചാൽ എല്ലാം പഴയപടി നീറ്റ് ആൻഡ് ക്ലീൻ. ഈ ഉപകരണങ്ങൾക്കായി ഒറ്റ ലൈനിൽ നിന്നു തന്നെ ഇലക്ട്രിക് കണക്ഷൻ നൽകാം എന്ന മെച്ചവുമുണ്ട്.
∙ പുൾ ഔട്ട് ഡ്രോയ്ക്കുള്ളിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ അനുബന്ധമായി വേണ്ടി വരുന്ന സാധനങ്ങൾ അവയ്ക്കൊപ്പം തന്നെ സ്റ്റോറേജ് നൽകി വ യ്ക്കാൻ മറക്കരുത്. അവ്ൻ ഇരിക്കുന്ന ഡ്രോയ്ക്കൊപ്പം കേക്ക് ബേക്കിങ്ങിനുള്ള വസ്തുക്കളും ഗ്ലൗസുമൊക്കെ വ യ്ക്കണം.
∙ പ്ലഗ് പോയിന്റ് വേണ്ടിവരുന്ന ജോലികൾ അടുക്കളയിൽ നിരവധിയുണ്ട്. മിക്സിയും ഫ്രിജുമൊക്കെ പ്രവർത്തിപ്പിക്കാനായി ഭിത്തിയിൽ പിടിപ്പിക്കുന്ന സോക്കറ്റുകൾക്കു പുറമേ ഫോണോ ലാപ്ടോപ്പോ കണക്ട് ചെയ്യേണ്ടി വന്നാൽ എന്തുചെയ്യും?. കൗണ്ടർ ടോപ്പിൽ പിടിപ്പിക്കാവുന്ന പോപ് അപ് സോക്കറ്റ് ഈ ആവശ്യം പരിഗണിച്ചു രൂപപ്പെടുത്തിയതാണ്. ആവശ്യമുള്ളപ്പോൾ ഉയർത്തിവച്ചു സോക്കറ്റായി ഉപയോഗിക്കുകയും, ഉപയോഗം കഴിഞ്ഞാൽ അമർത്തി അടച്ചുവയ്ക്കുകയും ചെയ്യാവുന്ന ഇവയിൽ ഒരേ സമയം 16 ഇലക്ട്രിക് ഉപകരണങ്ങൾ വരെ ഘടിപ്പിക്കാവുന്ന സംവിധാനമുണ്ട്.
∙ അടുക്കള ഉപകരണങ്ങളും വെജിറ്റബിൾ ചോപ്പറും ച പ്പാത്തിക്കു മാവു കുഴയ്ക്കാനുള്ള ബ്ലെൻഡറുമൊക്കെയായി പാചകം ഈസിയാക്കുന്ന നിരവധി ഉപകരണങ്ങൾ അകത്തളത്തിലുണ്ട്. അവയൊക്കെ കഴുകി വൃത്തിയാക്കാൻ സമയം കൂടുതൽ വേണ്ടി വരുമ്പോൾ അടുക്കളയിൽ വീണ്ടും സമയനഷ്ടമുണ്ടാകും. അതിനാൽ തന്നെ ഡിഷ് വാഷർ നിർബന്ധമായും വേണമെന്നാണു പുതുതലമുറയുടെ ഡിമാൻഡ്. അടുപ്പിന്റെ വലതു വശത്തായാണു ഡിഷ് വാഷറിന് ഇലക്ട്രിക് കണക്‌ഷൻ നൽകുക.
∙ കുറച്ചു കാലം മുൻപു വരെ ഹുഡും ഹോബും ജനാലയ്ക്കരികിൽ പിടിപ്പിക്കാൻ പറ്റില്ലായിരുന്നു. സീലിങ്ങിൽ നിന്നു പിടിപ്പിക്കാവുന്ന ഹോബുകൾ ഇപ്പോഴുണ്ട്. ഇവ അടുക്കളയുടെ മുഖഛായ തന്നെ മാറ്റും.
∙ പാചകത്തിനായി ചെലവഴിക്കുന്ന സമയം കൂടും തോറും മടുപ്പും കൂടി വരും. കുക്കിങ്ങിനെ വെറുത്തു പോകാൻ ഈ ഒറ്റ കാരണം മതി. പാചകം ബോറടിക്കാതിരിക്കാൻ വേണ്ടതെല്ലാം അടുക്കളയിൽ വേണമെന്നാണു പുതുതലമുറയുടെ പ്രധാന ആവശ്യം. മ്യൂസിക് സിസ്റ്റത്തിനും ടിവിക്കും ഇലക്ട്രിക് പോയിന്റുകൾ നൽകിയാണ് ഇതു പരിഹരിക്കുന്നത്.
∙ ചൂടും വിയർപ്പും ഒഴിവാക്കാൻ അടുക്കളയിൽ ക്രോസ് വെന്റിലേഷനാണു നൽകുന്നത്. പുതിയ ഡിസൈനുകളിൽ എസിക്കും ഓപ്ഷൻ നൽകുന്നു. അലോസരങ്ങളൊന്നുമില്ലാതെ കുടുംബം ഒത്തുചേർന്നു സന്തോഷത്തോടെ പാകം ചെയ്യുമ്പോൾ വിഭവങ്ങൾക്കു സ്നേഹത്തിന്റെ സ്വാദു കൂടുമല്ലോ.
മാറ്റത്തിന്റെ തുടക്കം
ഭാര്യയുടെ ജോലി എന്ന ‘ചെക്ക്’ വച്ചാണ് അടുക്കളയിലെ വിലക്കിനെ പുരുഷന്മാർ മറികടന്നത്. ഓഫിസിലേക്ക് ഒന്നിച്ചിറങ്ങേണ്ട ഭാര്യയും ഭർത്താവും വീട്ടുജോലികൾ പങ്കിട്ടു. തേങ്ങ ചിരകിയും ദോശ ചുട്ടും ഹരിശ്രീ കുറിച്ചവർ പിന്നീട് ഒറ്റയ്ക്ക് അടുക്കള മാനേജു ചെയ്തു. പാചകം ആസ്വദിക്കുന്ന ആണുങ്ങൾക്ക് അടുക്കള ഒരു പ്രശ്നമേ അല്ലാതായി. ‘ഇവൻ ഇങ്ങനെയൊരു ‘പെൺ#@*&*#’ ആ യിപോയല്ലോ... എന്നു ചിലർ പരിഭവം പറഞ്ഞു. അതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ടുപോയവർക്കു പ്രചോദനമായി യുട്യൂബിലും ചിലരുണ്ടായി. ഷെഫ് പിള്ള മുതൽ സജുവിന്റെ അടുക്കളയിലെ യുകെജിക്കാരൻ മുഹമ്മദ് റസ്സൽ വരെയായി നളന്മാരുടെ നിര നീളുന്നു.
കഴുകാം, അരിയാം, ഒരുക്കാം
പച്ചക്കറികൾ കഴുകിയെടുത്തു വെള്ളം വാർത്ത് അരിഞ്ഞൊരുക്കാൻ ഓരോരോ പാത്രവും സംവിധാനവുമൊന്നും ഇനി ആവശ്യമില്ല. പച്ചക്കറികൾ കഴുകി വെള്ളം വാർന്നു പോകാനും ചോപ്പിങ് ബോർഡ് വച്ച് അരിഞ്ഞെടുക്കാനുമൊക്കെയുള്ള സൗകര്യം മോഡേൺ സിങ്കുകളിലുണ്ട്. അരിയുന്നവയുടെ വേസ്റ്റ് അപ്പോൾ തന്നെ നിക്ഷേപിക്കാവുന്ന തരത്തിൽ കൊളുത്തിയിടാവുന്ന വേസ്റ്റ് ബിന്നും ഇതിനൊപ്പം പിടിപ്പിക്കാം.
പാത്രം കഴുകാൻ നേരം ഇവയൊക്കെ ഇളക്കി മാറ്റി സിങ്കിനുള്ളിൽ തന്നെ വെള്ളം നിറയ്ക്കാനുമാകും. വെള്ളത്തിന്റെ ഒഴുക്ക് പല തരത്തിൽ അ ഡ്ജസ്റ്റ് ചെയ്യാവുന്ന ടാപ്പുകളും ഇതിലുണ്ട്. പാത്രത്തിലേക്കു പോയിന്റ് ചെയ്തു വെള്ളമൊഴിച്ചു കഴുകാൻ പുൾ ഡൗൺ ഫോസറ്റുകൾക്കാകും.
വിവരങ്ങൾക്കു കടപ്പാട്: ആർക്കിടെക്ട് സോണിയ ലിജേഷ്, ക്രീയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ
