സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വീടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം...
ആശകളോളം വലിയ ആശയങ്ങളുള്ളവരാണ് ഇന്നത്തെ തലമുറ. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരാകാൻ ഏതറ്റം വരെയും അവർ പോകും. അത് റീൽസ് ആയാലും ഫൂഡ് ആയാലും കരിയർ ആയാലും. വ്യത്യസ്തതയ്ക്കാണ് ഡിമാൻഡ്. അത് ബജറ്റിലും സഹായമാണെങ്കിൽ സംഭവം സൂപ്പർ.
ഇന്റീരിയറിൽ റെഡിമെയ്ഡ് വസ്തുക്കൾക്കു പകരം സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത ‘കസ്റ്റം ഡിസൈനു’കൾക്കാണ് ഇപ്പോൾ ഡിമാൻഡ്. ഇന്റീരിയർ ബജറ്റ് വരുതിയിലാക്കാൻ ചില വീട്ടുകാർ തന്നെ ചെയ്തെടുത്ത െഎഡിയകളെ പരിചയപ്പെടാം.
കോട്ടയം വടവാതൂരിലെ ബൈജു വയലത്തിന്റെ വീട്ടിലെ കാർപോർച്ചാണിത്. പഴയ വീട് പൊളിച്ചു പണിതപ്പോൾ കിട്ടിയ ഓട്, തടിപ്പലകകൾ, ആന്റിക് വിപണിയിൽ നിന്നു വാങ്ങിയ കളർ ഗ്ലാസ്... വ്യത്യസ്തമായ കാ ർപോർച്ച് ചുരുങ്ങിയ ചെലവിൽ നിർമിക്കാൻ ഇതെല്ലാമാണ് ബൈജു ഉപയോഗിച്ചത്. അങ്ങനെ പുനരുപയോഗത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് കാർപോർച്ച് ഒരുക്കിയത്.
ഫ്രെയിമിനും പില്ലറിനും മെറ്റലും ഉപയോഗിച്ചു. പ്രകാശം അകത്തുകയറുമ്പോൾ തിളങ്ങുന്ന ഒറിജിനൽ കളർ ഗ്ലാസ്സിനു പകരം വയ്ക്കാൻ, പുതിയ കളർ ഗ്ലാസ്സിനാകില്ല എന്നാണ് ബൈജുവിന്റെ പക്ഷം. കാർപോർച്ചിന്റെ ഭംഗി കൂട്ടാൻ പഴയൊരു ചക്രവും മാൻഡിവില്ല എന്ന വള്ളിച്ചെടിയും കൂട്ടിച്ചേർത്തു.
ജനലിനു പകരം ഗ്ലാസ്സ്
മൂന്നര ലക്ഷം രൂപയ്ക്കാണ് പിറവത്ത് മണീടുള്ള ഈ വീട് പൂർത്തിയായത്. ചെലവു കുറവ് പക്ഷേ, വീടിന്റെ ഭംഗിയെ ബാധിച്ചിട്ടില്ല. 370 ചതുരശ്രയടിയിലാണ് ഫൊട്ടോഗ്രഫറായ ഷാഹുലിന്റെയും നയനയുടെയും വീട് ഒരുങ്ങിയത്. വളരെ ആലോചിച്ചു കണക്കു കൂട്ടിയാണ് ഓരോ ഇഞ്ചും പണിതിട്ടുള്ളത്.
ഡൈനിങ് റൂമിനോടു ചേർന്നുള്ള ചുമരിൽ ജനലിനു പകരം പർഗോള പോലെ നൽകി ഗ്ലാസ് ഇട്ടു. ടഫൻഡ് ഗ്ലാസ്സിനു പകരം സാദാ ഗ്ലാസ് ഇട്ടതിനാൽ ജനലിനേക്കാൾ കുറഞ്ഞ ചെലവിൽ വീടിനുള്ളിൽ വെളിച്ചം സ്വന്തമാക്കാനായി. സിറ്റ്ഔട്ടിലും ഇതേ മാർഗം തന്നെ സ്വീകരിച്ചത് വീടിന്റെ പുറം കാഴ്ചയ്ക്കു ഭംഗി കൂട്ടാനും സഹായിച്ചു. അവിടെ ചുമരിൽ ചുവന്ന നിറത്തിലു ള്ള ടെക്സ്ചർ നൽകി മനോഹരമാക്കി. ചിത്രത്തിൽ കാണുന്ന നീല ചുമരും അതുപോലെ തന്നെ തേക്കാതെ ടെക്സ്ചർ പുട്ടിയിട്ട് പെയിന്റടിച്ചതാണ്. വീട്ടുകാ ർ തന്നെയാണു ചുമരുകളെല്ലാം പെയിന്റടിച്ചത്.
ഫ്ലോറിങ്ങിന് ഓക്സൈഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വീട് വാർക്കാതെ ട്രസ്സിട്ട് ഓടു മേഞ്ഞു. പഴയ ഓടാണ് ഇതിനായി ഉപയോഗിച്ചത്. ഇങ്ങനെ സൂക്ഷ്മാംശങ്ങളിൽ വരെ ശ്രദ്ധ ചെലുത്തിയാണു കുറഞ്ഞ ചെലവിൽ ആശിച്ച വീട് ഇവർ സ്വന്തമാക്കിയത്.
ലളിതം, സുന്ദരം പാർട്ടീഷൻ
പിറവത്തെ ഷാഹുലിന്റെയും നയനയുടെയും മൂന്നര ലക്ഷത്തിന്റെ വീടിന്റെ ഭാഗമാണ് ഈ പാർട്ടീഷനും. ഇതിന്റെ ക്രെഡിറ്റ് വീട്ടുകാരി നയനയ്ക്കാണ്. ഡൈനിങ്ങിൽ നിന്ന് അടുക്കളയിലേക്ക് പാർട്ടീഷൻ വേണമായിരുന്നു. പക്ഷേ, ചുമര് കെട്ടിയാൽ മുറി ഇരുണ്ടു പോകും. അപ്പോഴാണ് നയന ഒരു ഫോട്ടോയിൽ കണ്ട ഈ ആശയം മുന്നോട്ടുവയ്ക്കുന്നത്.
പാർട്ടീഷന്റെ അരഭിത്തി ടേബിൾ ടോപ് ആയി ഉപയോഗിക്കാം. ജിെഎ പൈപ്പ് കൊണ്ടുള്ള ഷെൽഫിൽ പാത്രങ്ങൾ സൂക്ഷിക്കുകയും ചെയ്യാം. ഷെൽഫിന്റെ താഴേക്കുള്ള ഭാഗം വി ബോർഡ് കൊണ്ടു മറച്ചു. അതിന് മറ്റു ഭാഗങ്ങളോട് ഇണങ്ങുന്ന രീതിയിൽ കറുത്ത നിറവും നൽകി. അരഭിത്തിക്കു താഴേക്കുള്ള ഭാഗം ബ്രിക് ആണ്. അതിനും കറുത്ത നിറം നൽകി. പാർട്ടീഷനു മുകളിൽ ഹാങ്ങിങ് ലൈറ്റ് കൂടിയായപ്പോൾ സംഭവം ഉഷാർ.
മുറി ഇരുണ്ടു പോയില്ല എന്നു മാത്രമല്ല, വലുപ്പം തോന്നിക്കാനും വായു സഞ്ചാരത്തിനുമെല്ലാം ഈ പാർട്ടീഷൻ സഹായിക്കുന്നു.
ജനലിനു മാത്രം സൺഷേഡ്
വീടിന് പുറംമോടി കൂട്ടാൻ കുറേ പൈസ ചെലവാക്കണോ? വേണ്ട എന്നാണ് കൊല്ലത്തെ ഇൻസൈറ്റ് ആർക്കിടെക്ചർ ഐഡിയാസിലെ റാസിമും അരുണും പറയുന്നത്. വീടിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഘടകം തന്നെ സൗന്ദര്യാത്മകമാക്കി മാറ്റാം.
പഴയ തടിയും പഴയ കളർ ഗ്ലാസ്സും പഴയ ഓടും ഉപയോഗിച്ച് ജനലിന് നിർമിച്ച ഈ സൺഷേഡ് ആണ് തെളിവ്. ലിന്റൽ വാർക്കുന്നതിന് ഒപ്പംതന്നെ സൺഷേഡും വാർക്കുകയാണ് നമ്മുടെ നാട്ടിലെ പതിവ്. ചൂടിനെയും മഴയെയും തടയുക എന്നതു മാത്രമാണ് സൺഷേഡിന്റെ ധർമം എന്നതു മറന്ന് ജനലിനു മുകളിൽ മാത്രമല്ലാതെ, വീടിനു ചുറ്റും സൺഷേഡ് കെട്ടുന്നത് വെറും പാഴ്ച്ചെലവാണ്.
ജനലിന്റെ മുകളിൽ മാത്രം നിർമിക്കുന്ന ഇത്തരം ഷേഡുകൾ ചെലവു കുറയ്ക്കും; വീടിന്റെ ഭംഗിയും കൂട്ടും. തടിക്കു പകരം മെറ്റൽ ഫ്രെയിമിലും ഓട് വിരിക്കാം. വീടിന്റെ ശൈലി അനുസരിച്ച് ഓടിനു പകരം ഷിംഗിൾസോ സിമന്റ് ബോർഡോ വിരിച്ച് വ്യത്യസ്തമാക്കാം.
7,500 രൂപയ്ക്കു ബാൽക്കണി
പച്ചപ്പും പൂന്തോട്ടവും കണ്ടിരിക്കാൻ ഇടം വേണം എ ന്ന വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് കോട്ടയം മാങ്ങാനത്തെ ‘ബോധി’യുടെ പ്ലാനിൽ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ബാൽക്കണി ചേർത്തത്. പക്ഷേ, വീടുപണി കഴിഞ്ഞു താമസം തുടങ്ങിയപ്പോഴേക്കും ചുറ്റും മറ്റു വീടുകളായി, ബാൽക്കണിയിലെ സ്വകാര്യത നഷ്ടപ്പെട്ടു. ഇവിടേക്കുള്ള വാതിൽ തുറക്കാറേയില്ല എന്ന അവസ്ഥയായി.
ഒന്നിന് 35 രൂപ നിരക്കിൽ ടെറാക്കോട്ട ജാളി ബ്രിക്ക് വാങ്ങി ബാൽക്കണിക്ക് ഭിത്തി പണിതാണ് ഇവിടം പ്രയോജനപ്പെടുത്തിയത്. ടൈൽ ഒട്ടിക്കുന്ന പശ വച്ച് കട്ടകൾ കൂട്ടിച്ചേർത്തു, ടെറാക്കോട്ട നിറമുള്ള പെയിന്റും അടിച്ചു. പണിക്കൂലി ഉൾപ്പെടെ 7,500 രൂപയാണ് ചെലവ്. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന ഇവിടം, ഇപ്പോൾ മകളുടെ പഠനമുറിയാണ്.
ഓക്സൈഡ് ഭംഗി ടൈൽ
ഫ്ലോറിങ്ങിന് വ്യത്യസ്തത പകരാൻ മലയാളിയുടെ മനസ്സിൽ വന്നു നിറയുക ആത്തംകുടി ടൈലും ഓക്സൈഡ് ഫ്ലോറിങ്ങും കോട്ട സ്റ്റോണുമൊക്കെയാണ്. കയ്യിലൊതുങ്ങാത്ത ചെലവാണ് മിക്കവരേയും ഈ ആഗ്രഹത്തിൽ നിന്നു പിന്നോട്ടു വലിക്കുക.
കൊല്ലത്തെ ശ്യാം ശേഖറിന്റെയും ശരണ്യ കൃഷ്ണന്റെയും വീടിനു നല്ല പച്ച ഓക്സൈഡിന്റെ ഭംഗി നൽകിയത് ടൈൽ ആണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ചതുരശ്രയടിക്ക് 50 രൂപയിൽ താഴെ വിലയുള്ള ഈ ടൈൽ ക ണ്ടാൽ ഓക്സൈഡ് ആണെന്നേ തോന്നൂ. നീളത്തില്‍ ഇ പ്പോക്സി ഫില്ലർ ഉപയോഗിച്ച് ഡിസൈനും സൃഷ്ടിച്ചു. ആത്തംകുടി ടൈലിനോടു സാമ്യമുള്ള ടൈൽ ആണ് ഹൈലൈറ്റ് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. അകത്തളത്തിൽ ഏറ്റവും ശ്രദ്ധേയമായ ഭാഗമായി മാറി ഈ ഫ്ലോറിങ്.
ഓക്സൈഡിന്റെ അതേ ഭംഗി കിട്ടുന്ന ഫ്ലോർ പെയിന്റിനും ഇപ്പോൾ ആരാധകർ ഏറെയാണ്. എന്നാൽ മൂന്നോ നാലോ വർഷം കൂടുമ്പോൾ പുതിയതായി പെയിന്റ് അടിക്കേണ്ടിവരും എന്നതാണു പ്രശ്നം.
ഹെഡ്ബോർഡ് എളുപ്പത്തിൽ
കിടപ്പുമുറിയുടെ ഭംഗി കൂട്ടാന്‍ സോഫ്റ്റ് ഫർണിഷിങ്ങാണ് മിക്കവരും ആശ്രയിക്കാറുള്ളത്. എന്നാൽ കട്ടിലിന്റെ ഹെഡ്ബോർഡ് നല്ലതാണെങ്കിൽ മുറി കളറാക്കാൻ വേറെയൊന്നും വേണ്ട.
വ്യത്യസ്തമായ ഈ ഹെഡ്ബോർഡ് ചെയ്തത് ഇൻസൈറ്റ് ആർക്കിടെക്ചറൽ ഐഡിയാസ് ടീം ആണ്. ടർക്കിഷ് ടൈലുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ ഉള്ള ടൈലുകൾ ഭിത്തിയിൽ പതിപ്പിച്ചാണ് ഹെഡ്ബോർഡ് സൃഷ്ടിച്ചത്. ഏകദേശം ഏഴ് അടി ഉയരത്തിൽ ടൈൽ പതിച്ച് മുകളിൽ തടി കൊണ്ടുള്ള ബീഡിങ് കൂടി നൽകിയപ്പോൾ ഭിത്തി ആരെയും ആകർഷിക്കുന്ന ഭംഗിയുള്ളതായി. ടൈൽ ആയതിനാൽ അഴുക്കു പിടിക്കുമെന്നോ മുഷിയുമെന്നോ പേടി വേണ്ട.
ഇനി ഇതിലും ചെലവു കുറഞ്ഞ് ഹെഡ്ബോർഡ് ചെയ്യണമെന്നുണ്ടെങ്കിൽ ടർക്കിഷ് ടൈലിന്റെ ആകൃതിയും ഡിസൈനുമുള്ള സ്റ്റിക്കർ ഓൺലൈൻ സൈറ്റുകളിലും കടകളിലും ലഭിക്കും. അതു വാങ്ങി ഒട്ടിക്കാം.
ജിെഎ പൈപ്പിൽ ഗോവണി
മലപ്പുറം വളാഞ്ചേരിയിൽ ഫസൽ നാലകത്തിന്റെയും ഷിഫാനയുടെയും 2000 ചതുരശ്രയടിയുള്ള വീട്ടില്‍ ജി െഎ പൈപ്പ് ആണ് ബജറ്റ് നിയന്ത്രിച്ചത്.
ഗോവണിയുടെ കൈവരികൾ ജിെഎ കൊണ്ടാണ്. 6,000 രൂപയ്ക്കാണ് കൈവരി തീർത്തത്. തടിയുടെ ഫിനിഷിലുള്ള പെയിന്റ് അടിച്ചതിനാൽ കാഴ്ചയ്ക്ക് തടിയാണെന്നേ തോന്നൂ. ഗേറ്റിനും വീടിനുള്ളിലെ പാർട്ടീഷനും ജിെഎ ആ ണ് ഉപയോഗിച്ചിട്ടുള്ളത്.
മെറ്റീരിയൽ എടുത്തു കൊടുത്ത് സൈറ്റിൽ തന്നെയാണ് പണികളെല്ലാം നടത്തിയത്. അതുകൊണ്ട് 25 ലക്ഷത്തിന് വീടുപണി തീർക്കാൻ സാധിച്ചു. സംശയിക്കേണ്ട, കൃത്യം കണക്കുകൾ ഫസലിന്റെ കൈവശമുണ്ട്്.