‘ജീവനെടുക്കും അരളി, ഒതളത്തിന്റെ ബന്ധുവാണ് റൂബ്റ, വിഷമൂറും സർപ്പപോള..’; വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ Toxic Houseplants Guide
Mail This Article
പൂത്തുലഞ്ഞു മുറ്റത്തു നിൽക്കുന്ന അരളി ആളെ കൊല്ലുമെന്നതു വിശ്വസിക്കാനാകാത്തവർ ഇപ്പോഴുമുണ്ട്. ആലപ്പുഴയിലെ ഹരിപ്പാട് അരളിപ്പൂവും ഇലയും അറിയാതെ കഴിച്ച യുവതി മരിച്ച സംഭവത്തോടെയാണു ചെടികളിലെ വിഷസാന്നിധ്യത്തെക്കുറിച്ചു പലരും തിരിച്ചറിയുന്നത്. പൂന്തോട്ടവും അകത്തളവും അലങ്കരിക്കാൻ നട്ടുവളർത്താറുള്ള ചില ചെടികളുടെ ഇലയിലും തണ്ടിലും പൂവിലുമെല്ലാം വിഷാംശമുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ പോയാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം.
പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഫലപ്രദമായ മറുമരുന്നുകൾ ലഭ്യമാണ്. ചെടിയിൽ നിന്നുള്ള വിഷബാധയ്ക്കു കൃത്യമായ മരുന്നുകൾ ഇല്ല. വിഷബാധയേറ്റത് ഏത് ഇനം ചെടിയിൽ നിന്നാണെന്നു തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ ചികിത്സ ഫലപ്രദമാകും. മുറ്റത്തും അകത്തളങ്ങളിലും നട്ടു പരിപാലിക്കുന്ന ചെടികൾ ജീവനെടുക്കാതിരിക്കാൻ ഈ കാര്യങ്ങ ൾ ശ്രദ്ധിച്ചോളൂ.
ജീവനെടുക്കും അരളി
വടക്കൻ കേരളത്തിൽ വെള്ള ചെമ്പകത്തിനും (പ്ലൂമേറിയ) അരളി എന്ന വിളിപ്പേരുണ്ട്. എന്നാൽ വെള്ള, പിങ്ക്, ചുവപ്പ് പൂക്കളുമായി ‘നീറിയം’ എന്ന ശാസ്ത്രനാമമുള്ള അരളിയെയാണു സൂക്ഷിക്കേണ്ടത്. സംസ്കൃതത്തിൽ ‘അശ്വമാരക’, ‘കാജമാരക’ എന്നീ പേരുകളിലാണ് അരളി അറിയപ്പെടുന്നത്. ‘കുതിരയെ കൊല്ലാൻ തക്ക വിഷം’ എന്നാണ് അർഥം.
കാര്യമായ പരിചരണമേകിയില്ലെങ്കിലും നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന അരളി പൂന്തോട്ടങ്ങളിലെ പ്രിയ ഇനമാണ്. ക്ഷേത്രങ്ങളിലെ പൂജയ്ക്കും ഉപയോഗിക്കാറുണ്ട്.
അരളിയുടെ ഇലയിലും പൂവിലും തണ്ടിലുമെല്ലാം വിഷാംശമുണ്ട്. ഗ്ലൈക്കോസൈഡ് വിഭാഗത്തിൽപ്പെട്ട ഡിജിറ്റോക്സിജെനിൻ, ഒലിയാഡ്രിൻ, നീറിൻ തുടങ്ങിയ രാസപദാർഥങ്ങളാണ് അരളിയെ വിഷലിപ്തമാക്കുന്നത്. ഇലയോ പൂവോ മനുഷ്യശരീരത്തിനുള്ളിലെത്തിയാൽ ഛർദി, ക്ഷീണം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകും.
ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവു കൂടിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ആമാശയം, നാഡീവ്യൂഹം, ഹൃദയം എന്നിവയെ എല്ലാം ഗുരുതരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ ഹൃദയസ്തംഭനമുണ്ടായി മരണം തന്നെ സംഭവിക്കാം.
കുഞ്ഞുങ്ങളിലും ഹൃദ്രോഗമുള്ളവരിലുമാണ് അരളി കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുക. കുട്ടികളിൽ ഒരില മതി രോഗലക്ഷണങ്ങൾ പ്രകടമാകാൻ. കമ്പു കോതിയ ചെടിയുടെ മുറിച്ചുമാറ്റിയ കമ്പുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക പോലും അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്.
വിഷമൂറും സർപ്പപോള
ഡംബ് കെയിൻ എന്ന ഈ അകത്തള ചെടിയുടെ വെള്ളയോ മഞ്ഞയോ പുള്ളികളും വരകളോടും കൂടിയ വലിയ ഇലകൾ കാണാൻ മനോഹരമാണ്. ‘സർപ്പപോള’ എന്ന പേരിൽ നാട്ടിൻപുറത്തെ പറമ്പിൽ കാണപ്പെടുന്ന ഡംബ് കെയിൻ ചെടിയുടെ സങ്കര ഇനങ്ങളാണു വീടിനുള്ളിൽ അലങ്കാര ഇലച്ചെടിയായി പരിപാലിക്കാറുളളത്.
ഡംബ് കെയിനിന്റെ ഇല ഉൾപ്പെടെ എല്ലാ ഭാഗങ്ങളിലും ധാരാളം ‘റാഫൈഡ്’ ക്രിസ്റ്റലുകൾ ഉണ്ട്. ചേമ്പ് കുടുംബത്തിലെ അലങ്കാര ഇനമായ ഡംബ് കെയിനിൽ നേർത്ത സൂചിപോലുള്ള ഈ ക്രിസ്റ്റലുകൾ കെട്ടായിട്ടാണ് ഉണ്ടാകുക.
ചേമ്പിന്റെ ഇലയോ കിഴങ്ങോ വേവിച്ചു പാകമാകാതെ കഴിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതുപോലെ ഈ ഇലച്ചെടിയുടെ ഇലയോ മറ്റു ഭാഗങ്ങളോ കടിച്ചാൽ വായ്ക്കകത്തു ചൊറിച്ചിലും പൊള്ളലും വീക്കവും ഉണ്ടാകും.
കുട്ടികളിലും അലർജി പ്രകൃതമുള്ളവരിലും ഈ അവസ്ഥ ഗുരുതരമാകാൻ സാധ്യതയുണ്ട്. ഇവരിൽ തൊണ്ട, അന്നനാളം ഇവിടങ്ങളിൽ അസഹനീയമായ വേദന, ചുവന്നു തടിക്കൽ, അമിതമായ ഉമിനീർ ഉത്പാദനം എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. തീവ്രാവസ്ഥയിൽ ബോധക്ഷയം വരെ ഉണ്ടാകാം.
ഇല ഞെരടിയതിനു ശേഷം അറിയാതെ ആ വിരലുകൊണ്ടു കണ്ണ് തിരുമ്മിയാൽ കൺപോളകൾ വീർക്കാം. അൽപ നേരത്തേക്കു കാഴ്ചയ്ക്കു മൂടലുണ്ടാകാം.
ഒതളത്തിന്റെ ബന്ധുവാണ് റൂബ്റ
വിഷാംശത്താൽ കുപ്രസിദ്ധമായ ഒതളത്തിന്റെ ബന്ധുവാണെന്നറിയാതെ ചുവപ്പ് ഇലയുള്ള ‘റൂബ്‌റ’ ഇനം അലങ്കാരത്തിനായി പൂന്തോട്ടങ്ങളിൽ വളർത്താറുണ്ട്. ഇളംഇലകളുടെ മെറൂൺ നിറവും കുലകളായി ഉണ്ടാകുന്ന ഇളം പിങ്ക് പൂക്കളുമാണ് ഈ ചെടിയുടെ ഭംഗി. അരളിയുടെ അതേ കുടുംബത്തിൽപ്പെടുന്ന ഈ ചെറു വൃക്ഷത്തിന്റെ എല്ലാ ഭാഗത്തും കൊടിയ വിഷാംശമാണുള്ളത്.
ഒതളങ്ങ, ഇല, പട്ട ഇവയിൽ ഗ്ലൈക്കോസൈഡ് ഗണത്തിൽപ്പെട്ട ‘സെറിബെറിൻ’, ‘ഒഡോളിൻ’ തുടങ്ങിയ പദാ ർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ രാസപദാർഥങ്ങളാണ് ഇവയിലെ വിഷാംശത്തിനു കാരണം. കേരളത്തിൽ ചെടികളിലൂടെയുള്ള വിഷംതീണ്ടലിൽ 50 ശതമാനവും ഒതളത്തിൽ നിന്നാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ചുവപ്പ് ഇലയുള്ള അലങ്കാര ഇനവും ഒതളം പോലെ വിഷത്തിനു കാരണമാകാറുണ്ട്. ഒതളത്തിന്റെ കായോ ഇലയോ ഉള്ളിൽ പോയാൽ ഛർദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. വിഷാംശം അമിതമായെത്തിയാൽ ഹൃദയസ്‌തംഭനം മൂലം മരണം വരെ സംഭവിക്കാം.
വിഷമൊളിപ്പിച്ചു പടരും വള്ളിച്ചെടി
‘സ്‌ട്രൊഫാന്തസ് ഗ്രേറ്റസ്’ എന്ന ശാസ്ത്രനാമമുള്ള ക്ലൈബിംങ് ഒലിയാൻഡർ പൂന്തോട്ടങ്ങളിൽ വള്ളിച്ചെടിയായി പരിപാലിക്കാറുണ്ട്. കടുംപച്ച നിറത്തിൽ കട്ടിയുള്ള വലിയ ഇലകളും ഇളംപിങ്ക് നിറത്തിലുള്ള പൂങ്കുലകളുമായി ഈ ചെടി കാണാൻ മനോഹരമാണ്. ഒട്ടും ശ്രദ്ധ നൽകിയില്ലെങ്കിലും അരളിയുടെ കുടുംബാംഗമായ ഈ വള്ളിച്ചെടി കടുത്ത വേനലിൽ പോലും കരുത്തോടെ വളരുകയും പൂവിടുകയും ചെയ്യും. നേർത്ത സുഗന്ധവും ഇവയുടെ ആകർഷണീയതയാണ്.
ഈ ചെടിയുടെ ഇലയിലും കറയിലും വിത്തിലുമെല്ലാം അടങ്ങിയ ‘സ്‌ട്രൊഫാന്തിൻ’ ഗണത്തിൽ പെട്ട രാസപദാർഥങ്ങൾ പലതും മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ വിഷമാണ്. ആഫ്രിക്കയിലെ ആദിവാസി വിഭാഗത്തിലുള്ളവർ മൃഗങ്ങളെ വേട്ടയാടാനുള്ള അമ്പിന്റെ അഗ്രത്തിൽ ഈ ചെടിയുടെ കറയും വിത്തും അരച്ചെടുത്ത മിശ്രിതം ഉ പയോഗിക്കുന്നു. ചില രാജ്യങ്ങളിലെ നാടൻ വിഷ ചികിത്സയിൽ ഈ ചെടി പാമ്പിൻവിഷത്തിനു മറുമരുന്നായും പ്രയോജനപ്പെടുത്തുന്നു.
ഈ ചെടിയുടെ ഏതെങ്കിലും ഒരു ഭാഗം ഉള്ളിൽ പോയാൽ വയറിളക്കവും ഛർദിയുമാണ് ആദ്യ ലക്ഷണങ്ങളായി പ്രകടമാകുക. അമിതമായ അളവിൽ വിഷാംശം അകത്തു ചെന്നാൽ ഹൃദയമിടിപ്പിന്റെ താളം തെറ്റി ഹൃദയസ്‌തംഭനം വരെ ഉണ്ടാകാം.
വീര്യത്തിൽ പിന്നിലല്ല മഞ്ഞ അരളി
വിഷവീര്യത്തിൽ അരളിക്ക് ഒട്ടും പിന്നിലല്ല മഞ്ഞ അരളി. കോളാമ്പിയുടെ ആകൃതിയിൽ പൂക്കളുള്ള മഞ്ഞ അരളി ചെറു പൂമരമായി പൂന്തോട്ടങ്ങളിൽ ഇടംപിടിക്കാറുണ്ട്. നിത്യഹരിത പ്രകൃതമുള്ള മഞ്ഞ അരളി കാലവ്യത്യാസമില്ലാതെ പൂവിടും. ചെടിയുടെ ഇലയിലും കായിലും കറയിലുമെല്ലാം കൊടിയ വിഷമാണുള്ളത്. കായാണു കൂടുതൽ വില്ലൻ. മൂപ്പെത്താത്ത കായ്ക്കു പച്ചനിറവും വിളഞ്ഞു പാകമായാൽ തവിട്ടു നിറവുമാകും.
ഇവയുടെ ഇലകൾക്ക് അരളിയുടെ ഇലകളോടു സാമ്യമുള്ളതുകൊണ്ടാണു മഞ്ഞ അരളി എന്ന വിളിപ്പേര്. ചെടിയുടെ എല്ലാ ഭാഗത്തും കറയുടെ സാന്നിധ്യമുണ്ട്. ‘തേവേഷിൻ’, ‘തേവിടോക്സിൻ’, ‘സെറിബെറിൻ’, ‘നീറിഫോളിൻ’ എന്നിവയാണു കായയിലും വിത്തിലും കാണപ്പെടുന്ന രാസവസ്തുക്കളിൽ മുഖ്യമായവ. ഗ്ലൈക്കോസൈഡ് എന്ന വിഷാംശമുള്ള രാസപദാർഥത്തിന്റെ വിഭാഗത്തിൽപ്പെടുന്നവയാണിവ. നിലത്തു കൊഴിഞ്ഞു കിടക്കുന്ന കായകൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കാറുണ്ട്. അബദ്ധത്തിൽ ഇവയിലെ വിത്തുകൾ ഉള്ളിൽ ചെന്നാൽ അപകടമുണ്ടാകും. കൃത്യസമയത്തു ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയസ്‌തംഭനം വന്നു മരണം വരെ സംഭവിക്കാം.
വിഷാംശം ഉള്ളിൽ പോയാൽ
ഏതെങ്കിലും ചെടിയിലടങ്ങിയ വിഷം ഉള്ളിൽ പോയാൽ ധാരാളം വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിഷാംശത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് ഉപകരിക്കും.
ഇലയോ പൂവോ ആണ് അറിയാതെ കഴിച്ചതെങ്കിൽ ചെടിയുടെ ആ ഭാഗം ഉൾപ്പെടുന്ന കമ്പു കൂടി ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി എത്രയും വേഗം വൈദ്യസഹായം തേടണം. ചെറിയ കുട്ടികളുള്ള വീട്ടിൽ മുറ്റത്തോ അകത്തളത്തിലോ വിഷാംശമുള്ള ചെടികൾ നടുന്നത് ഒഴിവാക്കണം. കുരുന്നുകൾ അബദ്ധത്തിൽ ഇവ വായിൽ വയ്ക്കുന്നത് ഒഴിവാക്കാനാണിത്.
കടപ്പാട്: ജേക്കബ് വർഗീസ് കൂന്തറ (റിട്ട.പ്രഫസർ, ബോട്ടണി വിഭാഗം ഭാരത്‌മാതാ കോളജ്, എറണാകുളം)