പച്ചപ്പിന്റെ ഭംഗിയുള്ള കോർട്ട്യാർഡിലിരുന്നു മഴ ആസ്വദിക്കേണ്ടേ? കോർട്ട്‌യാർഡ് ഗാർഡൻ ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
Mail This Article
സ്വപ്നവീടിനോടു ചേർന്നു കോർട്ട്‌യാർഡ് കൂടി വേണമെന്നാണോ മോഹം? കോർട്ട്‌യാർഡിനു പച്ചപ്പിന്റെ മനോഹാരിതയേകാൻ മറക്കേണ്ട. കോർട്ട്‌യാർഡ് ഗാർഡൻ അലങ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞോളൂ...
ഒരുക്കാം കോർട്ട്‌യാർഡ് ഗാർഡൻ
∙ കോർട്ട്‌യാർഡ് ഗാർഡൻ ഒരുക്കുന്നതിനു മുൻപു ലേ ഔട്ട് തയാറാക്കണം. തിരഞ്ഞെടുത്ത ചെടികൾ, പല നിറത്തിലും വലിപ്പത്തിലുമുള്ള വെള്ളാരം കല്ല്, ഗാർഡൻ ലൈറ്റ്, അനുയോജ്യമായ വലുപ്പത്തിലുള്ള അലങ്കാരക്കുളം, പൂന്തോട്ടത്തിൽ ആവശ്യമായ മറ്റ് അലങ്കാരവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുത്താം.
∙ വിസ്താരമുണ്ടെങ്കിൽ ഇരിപ്പിടങ്ങൾക്കും സ്ഥാനം കണ്ടെത്താം. കോർട്ട്‌യാർഡിനു ചെടികൾ നട്ട ശേഷം ബാക്കിയുള്ളിടത്തു ടൈലോ വെള്ളാരംകല്ലോ വിരിച്ച്, ഇരിപ്പിടവും ടീപ്പോയും ഒരുക്കി വിശ്രമിക്കാനുള്ള ഇടമാക്കി മാറ്റുകയുമാകാം. നേരിട്ടു മഴവെള്ളം വീഴാത്ത ഇടത്ത് അലങ്കാരപക്ഷികളെ കൂട്ടിലിട്ടു വളർത്താനാകും.
∙ സൗകര്യമായി നടക്കാനും പെരുമാറാനുമുള്ള സ്ഥലം നീക്കിവയ്ക്കുക. ബാക്കിയുള്ളിടത്താണു ചെടിയും അലങ്കാര വസ്തുക്കളും സ്ഥാപിക്കേണ്ടത്.
∙ മഴവെള്ളം നേരിട്ടു വീഴുന്ന ഇടമാണെങ്കിൽ വെള്ളം പെട്ടെന്നു വാർന്നുപോകാനുള്ള സംവിധാനം ഒരുക്കണം.
∙ ടൈൽ വിരിച്ച തറയുള്ള കോർട്ട്‌യാർഡിൽ സെറാമിക്, ഫൈബർ ചട്ടികളിൽ ചെടികൾ വളർത്താനാകും. വലുപ്പവും വിസ്താരവുമുള്ള ചട്ടിയിൽ കുറെയേറെ ചെടികൾ ഒന്നിച്ചു വളർത്തുകയുമാകാം. വെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകാൻ സൗകര്യമുണ്ടാകണമെന്നു മാത്രം.
വേണം ഇണങ്ങുന്ന ചെടികൾ
∙ ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കോർട്ട്‌യാർഡിന്റെ വലുപ്പം മനസ്സിലുണ്ടാകണം. വിസ്താരമുള്ള കോർട്ട്‌യാർഡിലേക്ക് ഉയരത്തിലും വലുപ്പത്തിലും വളരുന്ന ഫിംഗർ പാം, അരക്ക പാം, ഡ്രസീനയുടെ ഉയരത്തിൽ വളരുന്ന ഇനങ്ങൾ, കലാത്തിയ ലൂട്ടിയ ഇവ യോജിക്കും.
∙ ചെറിയ കോർട്ട്‌യാർഡിലേക്ക് അഗ്ളോനിമ, സിൻഗോണിയം, സീസീ പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ഉയരം വയ്ക്കാത്ത ചെടികൾ തിരഞ്ഞെടുക്കാം. അധികം വലുപ്പം വയ്ക്കാത്ത ചെടികൾ കൂട്ടമായോ നിരയായോ നടുന്നതാണു ഭംഗി.
∙ സൗകര്യം കുറഞ്ഞ കോർട്ട്‌യാർഡിലെ ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിക്കോളൂ. പെഡിലാന്തസ് കേർലി പിങ്ക് ഇനം, മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ് ഇവ വെർട്ടിക്കൽ ഗാർഡനു ഭംഗി പകരും. ഭംഗിയില്ലാതെ വളരുന്ന കമ്പുകൾ, ഉണങ്ങിയ ഇലകൾ ഇവ നീക്കി സൗകര്യവും വെളിച്ചവും നിലനിർത്താൻ ശ്രദ്ധിക്കണം.
∙ കോർട്ട്‌യാർഡിലെ സൂര്യപ്രകാശത്തിന്റെ അളവനുസരിച്ചുള്ള ചെടികളാണു തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശം കുറവുള്ള ഇടങ്ങളിൽ പീസ് ലില്ലി, സീസീ പ്ലാന്റ്, ഫിംഗർ പാം, മണി പ്ലാന്റ്, അരക്ക പാം ഇവ നടാം.
∙ അത്യാവശ്യം വെയിൽ കിട്ടുന്ന ഇടത്തെ കോർട്ട്‌യാർഡിൽ സ്നേക് പ്ലാന്റ്, അഗ്ളോനിമ, സ്പൈഡർ ലില്ലി, ആന്തൂറിയം, ഫിലോഡെൻഡ്രോൺ, അലോക്കേഷ്യാ തുടങ്ങിയവ യോജിക്കും.
∙ കുട്ടികൾ ഉള്ള വീടുകളിൽ അലർജി ഉണ്ടാകാൻ സാധ്യതയുള്ള ഡംപ് കെയ്ൻ, അഗ്ളോനിമ ഉൾപ്പെടെ അലങ്കാര ചേമ്പ് ഇനങ്ങൾ ഒഴിവാക്കുക.
∙ നേരിട്ടു മഴകിട്ടുന്ന ഇടങ്ങളിൽ വെള്ളം കെട്ടിനിന്നാൽ ചീയാനിടയുള്ള ജെർബെറ, ആന്തൂറിയം, ഫിലോഡെൻഡ്രോൺ, അഗ്ളോനിമ തുടങ്ങിയവ ഒഴിവാക്കുക. ഇവ മഴയേൽക്കാത്ത ഇടത്തു നടാം.