എയർ പൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പ് പഴയകാലത്ത് ഉരുളക്കിഴങ്ങിനു പകരം ഉപയോഗിച്ചിരുന്നു. കാച്ചിൽ വർഗത്തിൽപ്പെട്ടതാണ് ഈ വള്ളിച്ചെടി. ഉരുളക്കിഴങ്ങിനോളം രുചിയില്ലെങ്കിലും ഏറെ ഔഷധഗുണമുള്ളതാണു കായ്കൾ.
∙ പന്തലിട്ടോ മരങ്ങളിൽ കയറ്റിയോ കയ്യെത്താവുന്ന ദൂരത്തിൽ പടർത്താം. വള്ളികൾ മൂപ്പെത്തുമ്പോൾ ഇല മുകുളങ്ങൾ ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടുവരും. കിഴങ്ങ് വിളഞ്ഞു പാകമാകാൻ നാലു മാസത്തോളമെടുക്കും. മങ്ങിയ വെള്ള നിറത്തിലും ചില ഇനങ്ങളിൽ ബ്രൗൺനിറത്തിലുമാണു പുറംതൊലി. ഉള്ളിൽ പച്ചനിറമുള്ള തൊലിയും കാണാം. വള്ളികളിലെ കായ് പൊഴിയുമ്പോൾ ശേഖരിക്കാം.
∙ വേനൽമഴ ലഭിക്കുന്ന കാലമാണു നടാൻ അനുയോജ്യം. വള്ളികളിലെ കായ്കളോ മണ്ണിനടിയിലുളള കിഴങ്ങ് കഷണങ്ങളാക്കിയോ നടാൻ ഉപയോഗിക്കണം. വിളവെടുത്ത ഉടനെ നടാൻ പാടില്ല. മുള വന്ന ശേഷം നടാം.
∙ നിലം കിളച്ചൊരുക്കി കുഴികളെടുത്തു രണ്ടു കിലോ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും കുറച്ചു ചാരവും ഉണക്ക ഇലപ്പൊടിയും ചേർത്ത് കുഴി നിറയ്ക്കുക. മുള വന്ന കിഴങ്ങ് കഷണങ്ങളാക്കി നടുക. മാസത്തിലൊരിക്കൽ ജൈവവളങ്ങൾ നൽകാം.
∙ വള്ളികളിൽ ഉണ്ടാകുന്ന എയർ പൊട്ടറ്റോ ഒരുവിധം മൂപ്പായാൽ ഏതു സമയത്തും പറിക്കാം. മണ്ണിനടിയിെല കിഴങ്ങ് വള്ളി ഉണങ്ങിയ ശേഷം എടുക്കുക. കാര്യമായ രോഗകീടബാധയുണ്ടാകാറില്ല. മസാലക്കറി, മെഴുക്കുപുരട്ടി ഇവ തയാറാക്കാം.അടതാപ്പിനോടു സാമ്യമുള്ള ചില ഇനങ്ങളും കാണാം. ഇവ ഭക്ഷ്യയോഗ്യമല്ല.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം