ഉദ്യാനത്തിൽ കാണാൻ ഭംഗിയുള്ള ഫലവൃക്ഷങ്ങൾ ഉൾപ്പെടുത്തുന്നത് നമ്മുടെ നാട്ടിൽ ട്രെൻഡ് ആണ്. ഇവ തണൽ നൽകുമെന്നതിനൊപ്പം സ്വാദുള്ള ഫലങ്ങളും നൽകും. വേനൽക്കാലത്തും മഴക്കാലത്തും ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന വ്യത്യസ്ത ഇനങ്ങൾ നട്ടു വളർത്തിയാൽ വർഷത്തിൽ എപ്പോഴും പഴങ്ങൾ ലഭ്യമാകും.
നാടൻ ഫലവൃക്ഷങ്ങളുടെ സങ്കരയിനങ്ങൾക്കൊപ്പം വിപണിയിൽ ലഭ്യമായ മറുനാടൻ ഇനങ്ങൾ കൂടി ഉദ്യാനത്തിൽ ഉൾപ്പെടുത്തിയാൽ പുതുരുചികൾ കൂടി ആസ്വദിക്കാം. വലിയ ഉയരത്തിൽ പോകാത്തതും, ശാഖകൾ ഒരേരീതിയിൽ വളരുന്നതുമായ നിത്യഹരിത ഇനങ്ങളാണു തിരഞ്ഞെടുക്കേണ്ടത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കു ചേരുന്നതും സ്വാദിഷ്ടമായ ഫലം നൽകുന്നതുമായ ചില വിദേശയിനങ്ങളെ പരിചയപ്പെടാം. ഇവ മിക്ക നഴ്സറികളിലും ലഭ്യമാണ്.
ഗോണ്ടോ ഫ്രൂട്ട്
മെക്സിക്കോയിൽ നിന്നാണ് ഗോണ്ടോ ഫ്രൂട്ട് വരുന്നത്. ഈ ചെറു ഫലവൃക്ഷം വെയിലത്തും പാതി തണൽ ഉള്ളിടത്തും ഒരുപോലെ വളരുകയും കായ്‌കൾ ഉത്പാദിപ്പിക്കുകയും ചെയ്യും. കടും പച്ച നിറത്തിലുള്ള ഇലകൾക്കു നല്ല കട്ടിയും ഉപരിതലത്തിൽ മെഴുകുപോലുള്ള ആവരണവുമുണ്ട്. 1-2 വർഷം വളർച്ചയാകുമ്പോൾ പൂക്കളും കായ്‌കളും ഉണ്ടാകും. കുലകളായി ഉണ്ടായിവരുന്ന കായ്‌കൾക്ക് ഇളം പ്രായത്തിൽ വെള്ള നിറവും പിന്നീടു ചുവപ്പും പഴുക്കുമ്പോൾ കറുപ്പും നിറമാണ്. കടുംപിങ്ക് നിറമുള്ള ഉള്ളിലെ കാമ്പിനു നേരിയ പുളിയോടുകൂടിയ മധുരമാണ്. നമ്മുടെ കാലാവസ്ഥയിൽ കനത്ത മഴക്കാലം കഴിഞ്ഞുള്ള സമയത്താണ് ഈ മരത്തിൽ കായ്‌കൾ അധികമായി കാണപ്പെടുക.
ചുപ്പ ചുപ്പ മരം
ആമസോൺ കാടുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഫലവൃക്ഷമാണു ചുപ്പ ചുപ്പ. വേഗത്തിൽ വളരുന്ന ഈ മരം നമ്മുടെ നാടൻ അത്തി പോലെ വലിയ ഇലകളും നിറയെ ചില്ലകളുമായി പടർന്നു പന്തലിക്കും. മരത്തിനു 3- 4 വർഷം വളർച്ചയാകുമ്പോൾ ഫലം ഉണ്ടാകും. പ്രായമായ തണ്ടുകളുടെ ചുവട്ടിലാണു കായ്‌കൾ കൂട്ടത്തോടെ ഉണ്ടാവുക. കഴിക്കാൻ പാകമായ കായക്ക് ചെറിയ തേങ്ങയുടെ വലുപ്പവും ആകൃതിയുമാണ്.
മഞ്ഞയും ഓറഞ്ചും നിറത്തിൽ നല്ല നീരോടു കൂടിയ കാമ്പിനു മാങ്ങയുടെയും ആപ്രിക്കോട്ടിന്റെയും ഇടകലർന്ന, മധുരമുള്ള സ്വാദാണ്. വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ കായകൾ ഉത്പാദിപ്പിക്കുന്ന ഈ ഫലവൃക്ഷത്തിൽ കായ്‌കൾ വളർന്നു പാകമാകാൻ 6- 7 മാസത്തെ കാലതാമസമെടുക്കും.
അബിയു
തെക്കേ അമേരിക്കൻ സ്വദേശിയായ അബിയു വേഗത്തിൽ വളരുന്ന ചെറുമരമാണ്. കടുംപച്ചനിറത്തിൽ മാവിന്റെ ഇലയോട് സാമ്യമുള്ള ഇലകൾ ഇ ളം തണ്ടുകൾ മുഴുവനായി മറയുന്ന വിധത്തിലാണ് കാണപ്പെടുക. മഞ്ഞ നിറത്തിലുള്ള പഴങ്ങളുടെ പുറംതോടിന് നല്ല കട്ടിയുണ്ട്. ഭക്ഷ്യയോഗ്യമായ ഉള്ളിലെ മാംസള ഭാഗത്തിനു കസ്റ്റാർഡിന്റെ രുചിയാണ്. പഴത്തിനുള്ളിൽ കറുത്ത നിറത്തിൽ 1-2 വിത്തുകളും ഉണ്ടാകും.
30 അടിയോളം ഉയരത്തിൽ വളരുന്ന അബിയു മരത്തിന്റെ തലപ്പു മുറിച്ച് ഉയരം ക്രമീകരിക്കാൻ പറ്റും. 3 വർഷത്തോളം വളർച്ചയായ മരം കായ്ച്ചു തുടങ്ങും. കനത്ത മഴക്കാലം കഴിഞ്ഞാൽ ആവശ്യത്തിനു വളർച്ചയായ തണ്ടുകളിൽ പൂക്കളും കായ്കളും ഉണ്ടാകാൻ തുടങ്ങും. കായ്‌കൾ പഴുത്തു ഭക്ഷ്യയോഗ്യമാകാൻ ഏകദേശം ഒരു മാസം വേണ്ടിവരും.
ഗ്രൂമിച്ചാമ
ചാമ്പ, പേര എന്നിവ ഉൾപ്പെടുന്ന കുടുംബത്തിലെ, അത്ര ഉയരത്തിൽ വളരാത്ത, നിത്യ ഹരിത ഫലവൃക്ഷാണു ഗ്രൂമിച്ചാമ. ജന്മദേശം ബ്രസീൽ. കടും പർപ്പിൾ നിറത്തിൽ ഗോളാകൃതിയിലുള്ള ചെറിയ പഴങ്ങൾ കുലയായിട്ടാണ് കാണപ്പെടുക. ഉള്ളിലെ വെള്ള നിറത്തിലുള്ള കാമ്പിനു മധുരമുള്ള ചെറി പഴത്തിന്റെ രുചി.
ജനുവരി- മേയ് കാലത്താണു കായ്പിടുത്തം. പഴത്തിനുള്ളിൽ രണ്ടു വിത്തുകൾ ഉണ്ടാകും. മൂന്നു വർഷത്തോളം പ്രായമായ മരം നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ കായ്ച്ചു തുടങ്ങും.