പൂമുഖത്തെ ഉദ്യാനത്തിനു വർണശോഭ നൽകുന്നതു പ്രധാനമായും പൂച്ചെടികളാണ്. കുലകുത്തി പൂവിട്ടു നിൽക്കുന്ന മുല്ല, റോസ്, ബൊഗൈൻവില്ല എല്ലാം പൂക്കൾ കൊണ്ടു നിറങ്ങളുടെ മായാജാലം തീർക്കും. എന്നാൽ, ഉദ്യാനങ്ങളെ പൂന്തോട്ടമാക്കുന്ന ഈ വർണവിസ്മയം എല്ലാ സമയത്തും കാണണമെന്നില്ല. പൂച്ചെടികൾ മാത്രമുള്ള ഉദ്യാനം മഴക്കാലത്തു പൂക്കൾ കൊഴിഞ്ഞ് അനാകർഷകമാകും.
മഴയെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ ഉദ്യാനത്തെ എന്നും ആകർഷകമാക്കാൻ ഒരു വഴിയുണ്ട്. പല നിറങ്ങളിൽ ഇലകളുള്ള അലങ്കാര ഇലച്ചെടികളെ ഉദ്യാനത്തിന്റെ ഭാഗമാക്കുക. സങ്കരയിനങ്ങളിൽപെട്ട ഇവയിൽ പലതിന്റെയും ഇലകൾക്കു പൂവിനോടു കിടപിടിക്കുന്ന ആകർഷകമായ നിറമുണ്ട്. പൂച്ചെടികൾക്കു നൽകുന്ന കൃത്യമായ പരിപാലനവും സംരക്ഷണവും നൽകിയില്ലെങ്കിൽ പോലും ഇവയുടെ ഭംഗിക്ക് ഒട്ടും കുറവുണ്ടാവില്ല.
പലതരം ഇലച്ചെടികൾ
ഇലച്ചെടികളിൽ സസ്യപ്രകൃതം കൊണ്ടു കുഞ്ഞൻ മരം, വലിയ കുറ്റിച്ചെടി അല്ലെങ്കിൽ ഉയരം കുറഞ്ഞ ചെടി, നിലത്തു പടർന്നു വളരുന്നവ എന്നിങ്ങനെ പല വിഭാഗത്തിൽപെട്ടവ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ ലഭ്യമാണ്. ഇലകൾക്കു നല്ല നിറവും തിളക്കവും കിട്ടണമെങ്കിൽ നാല്–അഞ്ചു മണിക്കൂറെങ്കിലും നേരിട്ടുള്ള വെയിൽ വേണ്ട ഇനങ്ങള്‍ ഏതെന്നു നോക്കാം.
കുള്ളൻ ചെടികൾ: കോളിയസ്, എക്സ്കോയിക്കേറിയ, ലോറോപെറ്റാലം, അക്കാലിഫ വിൽകീസിയാന, തായ് പന്റാനസ്, ഗോൾഡൻ ഫിംഗർ അരേലിയ തുടങ്ങിയവ
ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി: ഷെഫ്‌ളീറ, ക്രോട്ടൺ, എറാന്തിമം, ചേമ്പിന്റെ കടുംവയലറ്റ് ഇലകൾ ഉള്ള ബ്ലാക്ക് മാജിക് ഇനം, കോർഡലൈൻ വർഗത്തിലെ സോങ് ഓഫ് ഇന്ത്യ, വൈറ്റ് സ്‌ട്രൈപ്, മഹാത്‌മാ, മസാൻജിയാന, റെഡ് സിസ്റ്റർ തുടങ്ങിയ ഇനങ്ങൾ.
മരങ്ങൾ: ഗോൾഡൻ ഡെസ്‌മോഡിയം, വെള്ള ഇലയുള്ള ടെർമിനാലിയ, സിൽക്ക് ഹാൻകെർചീഫ് മരം, ഗോൾഡൻ സൈപ്രസ്, ഗോൾഡൻ വിച്ചിയ പാം തുടങ്ങിയവ
നിലത്തു പടർന്നു വളരുന്നവ: മധുരക്കിഴങ്ങിന്റെ കടുംപർപ്പിൾ, മഞ്ഞ ഇലകൾ ഉള്ളവ, സ്പൈഡർ വേർട്ട്, പോൾക ഡോട്ട് പ്ളാൻറ്, മുറികൂടി അഥവാ ഹെമിഗ്രാഫിസ് പ്ലാന്റ് തുടങ്ങിയ ചെടികൾ.
ഇവയിൽ ഒട്ടു മിക്കവയ്ക്കും മഞ്ഞയിൽ പച്ചകലർന്ന ഇലകളാണുള്ളത്. ചുവപ്പ്, മെറൂൺ, തവിട്ട്, പർപ്പിൾ നിറങ്ങളിലും നിറക്കൂട്ടുകളിലുമായി ഇലകളുള്ളവയാണ് കോളിയസ്, ക്രോട്ടൺ, അക്കാലിഫ, കോർഡിലൈൻ, ലോറോപെറ്റാലം, സ്പൈഡർ വേർട്ട്, പോൾക ഡോട്ട് പ്ളാന്റ്, ഹെമിഗ്രാഫിസ് എന്നിവ.
നടീൽ രീതി, പരിപാലനം
മരങ്ങൾ ഒഴിച്ചുള്ള അലങ്കാര ഇലച്ചെടികൾ എല്ലാം നല്ല നോട്ടവും ഭംഗിയും കിട്ടാൻ നിരയായോ അല്ലെങ്കിൽ കൂട്ടമായി പ്ലാന്റർ ബോക്സിലോ നടണം. മരങ്ങൾ ഒറ്റയ്ക്ക് പുൽത്തകിടിക്ക് നടുവിൽ അല്ലെങ്കിൽ മതിലിനരുകിൽ നടാം. നിലത്തു പടർന്നു വളരുന്ന ഇലച്ചെടികൾ എല്ലാം മരത്തിനു ചുവട്ടിൽ അല്ലെങ്കിൽ പ്ലാന്റർ ബോക്സിൽ നട്ട ചെടികൾക്കിടയിലെ മണ്ണ് മറയ്ക്കാൻ തുടങ്ങി വിസ്താരം കുറഞ്ഞ ഇടത്തേക്കു പറ്റിയവയാണ്.
ഗോൾഡൻ ഡെസ്‌മോഡിയത്തിന്റെയും ലോറാപെറ്റാ ലാത്തിന്റെയും തലപ്പു മുറിച്ചു നീക്കി ശിഖരമിടീച്ചാൽ മാത്രമേ കാണാൻ കൂടുതൽ ഭംഗി ഉണ്ടാകൂ. കോളിയസ് ചെടി ഒരു വർഷത്തിനു മേൽ വളർച്ചയായാൽ തണ്ടിന്റെ താഴെ ഭാഗത്തുള്ള ഇലകൾ കൊഴിഞ്ഞു അനാകർഷമാകും. ചെടിയുടെ തലപ്പു മുറിച്ചു നട്ടു പുതിയവ വളർത്തിയെടുക്കണം. ക്രോട്ടന്റെ വീതിയുള്ള ഇലകളുമായി പെട്രാ ഇനം, ഐസ് ടോൺ ഇനം, നേർത്ത ഇലകളുള്ള സാൻസിബാർ ഇനം എന്നിവ കാഴ്ചയ്ക്ക് കൂടുതൽ ആകർഷകമാണ്.
ഇലകളുടെ നിറവും ഭംഗിയും എന്നും നിലനിർത്താൻ നൈട്രജൻ അധികമായി അടങ്ങിയ രാസവളങ്ങളും ജൈവവളങ്ങളും ഒഴിവാക്കണം. മഴക്കാലത്ത് അധികസമയം വെള്ളം ചുവട്ടിൽ കെട്ടി നിന്നാൽ ഇലകൾ പൊഴിയാൻ സാധ്യതയുണ്ട്. ടെർമിനാലിയ മരത്തിന്റെ ഇലകൾ ഒരു സീസണിൽ അധികമായി പൊഴിയാറുണ്ട്. എന്നാൽ, മഴക്കാലത്ത് ഇലകൾക്കു കറുപ്പു നിറംവന്നു കൂട്ടത്തോടെ പൊഴിയുന്നുണ്ടെങ്കിൽ അതു കുമിൾ രോഗം കൊണ്ടാവാം. ഇതിനു ‘സാഫ്’ കുമിൾനാശിനി (ഒരു ഗ്രാം / ലീറ്റർ വെള്ളം) തുള്ളിനനയായി ഒന്ന്–രണ്ട് ആവർത്തി നൽകിയാൽ മതി.