ഇതാണ് ‘യക്ഷിക്കൊട്ടാര’വും ‘കടൽക്കരയിലെ രക്തരക്ഷസു’മൊക്കെ എഴുതിയ കെ.പുഷ്പരാജ്: മറവിയിലേക്ക് വീണു പോയ എഴുത്തുകാരൻ...
Mail This Article
മലയാളം ക്രൈം – ഡിറ്റക്ടീവ് നോവലുകളുടെ കുലപതിയായ കോട്ടയം പുഷ്പനാഥിന്റ ‘ഡിറ്റക്ടീവ് പുഷ്പരാജ്’ അപസർപ്പക സാഹിത്യത്തിലെ സൂപ്പർസ്റ്റാറാണ്. തന്റെ നോവലുകളിൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ സത്യം തെളിയിക്കാനാണ് പുഷ്പനാഥ് ഈ കഥാപാത്രത്തെ എഴുതിയുണ്ടാക്കിയതും നൂറോളം നോവലുകളിൽ നായകനാക്കി അവതരിപ്പിച്ചതും.
എന്നാൽ ‘കെ. പുഷ്പരാജ്’ എന്ന പേരിൽ ഒരു എഴുത്തുകാരനുണ്ടെന്ന് പുതിയ തലമുറയിലെ എത്ര വായനക്കാർക്കറിയാം. മലയാളത്തിൽ ജനപ്രിയ നോവലുകൾ തരംഗം സൃഷ്ടിച്ച ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളിലും കോട്ടയം പുഷ്പനാഥ്, മാത്യു മറ്റം, തോമസ്.ടി.അമ്പാട്ട്, ബാറ്റൺ ബോസ് എന്നിവരുടെയൊക്കെ സമകാലികനായിരുന്ന കെ.പുഷ്പരാജ്, മലയാളത്തിലെ ശ്രദ്ധേയ പ്രസിദ്ധീകരണങ്ങളില്‍ നോവലുകളും നീണ്ട കഥകളുമെഴുതിയിരുന്നു. ‘കോട്ടയം പുഷ്പരാജ്’ എന്ന അപരനാമത്തിലും ചില നോവലുകൾ എഴുതി.
1935 മാർച്ച് 8ന്, തൃശൂർ ജില്ലയിലെ പഴുവിൽ കരിപ്പാറ കൊച്ചക്കന്റെയും ദേവകിയുടെയും മകനായാണ് കെ.കെ പുഷ്പൻ എന്ന കെ.പുഷ്പരാജിന്റെ ജനനം. പത്താം ക്ലാസ് പഠനം കഴിഞ്ഞ് അന്തിക്കാട്ടെ ഒരു ചിത്രകല അക്കാഡമിയിൽ ചേർന്ന് ചിത്രരചന പരിശീലിച്ചു. തുടർന്ന് പോസ്റ്റർ ഡിസൈനിങ് മേഖലയിൽ പ്രവർത്തിക്കവേയാണ് കെ.എസ്.ഇ.ബി.യിൽ റെയിൻ ഗേജ് റീഡർ ആയി ജോലി ലഭിച്ചതും ഇടുക്കിയില്‍ എത്തുന്നതും.
ഹൈറേഞ്ചിൽ നാടക സമിതികൾ സജീവമായിരുന്ന അക്കാലത്ത് നാടകങ്ങൾ എഴുതിയാണ് സാഹിത്യത്തിലേക്കുള്ള വരവ്. അതിൽ ‘ചുവന്ന റിബൺ’ എന്ന നാടകം ഏറെ ശ്രദ്ധേയമാകുകയും 1958 ൽ, പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് ജനപ്രിയ വാരികകളിൽ ചെറുകഥകൾ എഴുതിത്തുടങ്ങി. ശേഷം നോവലുകളും. അക്കാലത്താണ് ‘കെ.പുഷ്പരാജ്’ എന്ന പേര് സ്വീകരിച്ചത്. ഇതിനിടെ മക്കളുടെ പഠനത്തിനും മറ്റുമുള്ള സൗകര്യങ്ങൾക്കായി കൊല്ലം ജില്ലയിലെ കുളക്കടയിലേക്ക് അദ്ദേഹം കുടുംബസമേതം താമസം മാറ്റിയിരുന്നു. പിന്നീട് മരണം വരെ അവിടെയാണ് ജീവിച്ചതും.
മനോരാജ്യം, മനോരഥം, പടയണി, ജനയുഗം, ചിത്രകാർത്തിക, കുമാരി തുടങ്ങി അക്കാലത്ത് സജീവമായിരുന്ന മിക്ക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം നോവലുകളും കഥകളും ഫീച്ചറുകളും കോളങ്ങളും എഴുതി. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ കഥകൾ വന്നു. അനുജൻ അത്തിക്കയം പത്രാധിപരായ ‘പൗരദ്ധ്വനി’യിലായിരുന്നു കൂടുതൽ രചനകൾ. അതിൽ ‘കോട്ടയം പുഷ്പരാജ്’ എന്ന അപരനാമത്തിൽ നോവലുകളും ‘അറിയപ്പെടാത്ത കാട്ടിലെ രഹസ്യങ്ങൾ’ എന്ന കോളവും എഴുതി. അനുജൻ അത്തിക്കയവും ‘കോട്ടയം പുഷ്പരാജ്’ എന്ന പേരിൽ നോവലുകൾ എഴുതിയിട്ടുണ്ടത്രേ.
ശ്രീലങ്കന്‍ അഭയാർഥികളുടെ ജീവിതം പശ്ചാത്തലമാക്കി ‘കേരളശബ്ദ’ത്തിൽ എഴുതിയ ‘എലക്കാട്’ പുഷ്പരാജിന്റെ ശ്രദ്ധേയ നോവലാണ്. യക്ഷിക്കൊട്ടാരം, കടൽക്കരയിലെ രക്തരക്ഷസ്, രേഖ, തങ്കക്കാപ്പ്, മാമാങ്കം, വാനമ്പാടികൾ, സ്മഗിളർ, ഗ്ലാമർ ഗേൾ, പാണ്ഡവൻ പാറ, പ്ലാസ്റ്റിക് ഗേൾ, യക്ഷിക്കാട്, അജ്ഞാത ശവം, ഫൈവ് സ്റ്റാർ, നാഗയക്ഷി, ഡിറ്റക്ടീവ് കസ്റ്റഡിയിൽ, ഗീർവനത്തിലെ അത്ഭുത മനുഷ്യൻ എന്നിങ്ങനെ നൂറോളം നോവലുകൾ വേറെയും.
അവസാനകാലത്ത് കാൻസർ ബാധിതനായിരുന്ന അദ്ദേഹം 1990 സെപ്റ്റംബർ 12 നാണ് മരിച്ചത്. 55 വയസ്സായിരുന്നു. അതുവരെയും എഴുത്തിൽ സജീവമായിരുന്നെങ്കിലും പിന്നീട് ആ പേരും കൃതികളും വിസ്മൃതിയിലായി. ധാരാളം നോവലുകൾ എഴുതിയെങ്കിലും അതൊന്നും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചില്ലെന്നതും, കൈയെഴുത്തു പ്രതികളിൽ മിക്കതും പിന്നീട് നഷ്ടപ്പെട്ടു പോയതും ആ മറവിയുടെ ആഴം കൂട്ടി. നോവലിസ്റ്റ് ജിജി ചിലമ്പില്‍ തയാറാക്കിയ ‘കോട്ടയം പുഷ്പനാഥ് : ഒരു ഭയങ്കര കാഥികൻ’ എന്ന ജീവചരിത്ര ഗ്രന്ഥത്തിലും കെ.പുഷ്പരാജിനെക്കുറിച്ച് പരാമർശമുണ്ട്.
ഭാര്യ – വി.കെ തങ്കം. മക്കൾ – ബാബുരാജ്, ദേവരാജ്, ഷിബുരാജ്, സുമരാജ്, സേതു രാജ്.
മലയാളത്തിൽ വീണ്ടും ക്രൈം – ഡിറ്റക്ടീവ് നോവലുകള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്ന ഈ കാലത്ത് കെ.പുഷ്പരാജ് എന്ന എഴുത്തുകാരന്റെ ഓർമകൾ വീണ്ടെടുക്കുകയെന്നത് പ്രധാനമാണ്. എഴുത്ത് എന്ന ലഹരിയിൽ മുങ്ങി, പ്രശസ്തിയിൽ നിന്നും അംഗീകാരങ്ങളിൽ നിന്നും അകന്ന്, മരണത്തിലേക്കും വിസ്മൃതിയിലേക്കും മറഞ്ഞു പോയ അദ്ദേഹത്തിന്റെ കൃതികൾക്ക് ഇനിയെങ്കിലും ഒരു പുനർജൻമമുണ്ടാകും എന്നു പ്രതീക്ഷിക്കാം...
