‘കാടിന്റെ സ്വച്ഛതയിൽ മുത്തപ്പനും വൈക്കം മുഹമ്മദ് ബഷീറും മുന്നിൽത്തെളിഞ്ഞു’: വി.കെ.അനിൽകുമാർ എഴുതുന്നു
Mail This Article
എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ എന്നീ നിലകളിൽ ശ്രദ്ധേയനായ വി.കെ.അനിൽകുമാർ തെയ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലൂടെ മലയാളി വായനക്കാർക്ക് സുപരിചിതനാണ്. തെയ്യത്തെയും തെയ്യം ദേശങ്ങളെയും കേന്ദ്രീകരിച്ച് ധാരാളം എഴുതിയിട്ടുള്ള അനിൽകുമാറിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘എഴുത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ’. സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറെ വ്യത്യസ്തമായ കൃതികളിലൊന്ന്. ‘എഴുത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ’ എന്ന പുസ്തകത്തിന്റെ രചനാവഴികളെക്കുറിച്ച് വി.കെ.അനിൽകുമാർ വനിത ഓൺലൈനിൽ എഴുതിയത് വായിക്കാം –
തെയ്യത്തെയും തെയ്യം ദേശങ്ങളെയും കേന്ദ്രീകരിച്ച് ധാരാളം എഴുത്തുകൾ ഇതിനോടകം എഴുതിയിട്ടുണ്ട്. അവയിൽ നിന്നൊക്കെ വ്യത്യസ്തമായി വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള എഴുത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ എഴുത്തും രൂപപ്പെടുന്നത് ജീവിതത്തിലെ അനിശ്ചിതത്വത്തിന്റെ ഓരോ കയങ്ങളിൽ നിന്നുമാണ്. എഴുത്തുകളൊന്നും ഒരു ഫോക്‌ലോർ ഗവേഷകന്റെയോ പഠിതാവിന്റെയോ കണ്ടെത്തലുകൾ അല്ല. ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതാണ്. അതിന്റെ വക്കിലും വാക്കിലും ചോര പൊടിയും.
പല പന്ഥാവുളുകളിലൂടെയുള്ള യാത്രകളിൽ ഒപ്പം ചേർന്ന ചില മനുഷ്യർ...ചില അനുഭവങ്ങൾ..ചില സമാഗമങ്ങൾ...അങ്ങനെ വാക്കിനും നോക്കിനും പറച്ചിലിനും വഴങ്ങാത്ത ചിലതുണ്ടല്ലോ....ആ അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമമാണ് ‘എഴുത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ’ എന്ന പുസ്തകം.
എല്ലാ യാത്രകളും റദ്ദ് ചെയ്യപ്പെട്ട ദിനങ്ങൾ. അടച്ചിരിപ്പിന്റെ കഠിനകാലം. അങ്ങനെയൊരു ദിനം കൊടുംമഴയിൽ അടുത്ത സുഹൃത്തുക്കളുമായി കണ്ണൂർ ജില്ലയിലെ പയ്യാവൂർ താഴ്‌വാരങ്ങളിലെ കുന്നത്തൂർപാടിയിലേക്ക് യാത്ര തിരിച്ചു. ഏഴിനും മീതെ കൊടക് മലനിരകളോട് ചേരുന്ന കുന്നത്തൂർ പാടിയാണ് മുത്തപ്പന്റെ ആരൂഢം. കനത്ത മഴയിൽ നനഞ്ഞ് കുതിർന്ന് രാവിലെ തന്നെ കുറിഞ്ചിത്തായ്ത്തിണയിലെ കുന്നത്തൂർ മലമുടിയിലെത്തി. കാട് കാടിന് മാത്രം സ്വന്തമായത് പോലെ. വനഹൃദയത്തിൽ അപ്പോൾ മനുഷ്യസാന്നിദ്ധ്യം അധികപ്പറ്റായിത്തോന്നി. രോഗകാലമായതിനാൽ ആരും കുന്നത്തൂർ മലമുകളിലേക്ക് വരാറില്ല. കാട് അതിന്റെ എല്ലാ സ്വാതന്ത്ര്യത്തോടെയും വിഹരിക്കുന്നു. മുത്തപ്പന്റെ സാന്നിദ്ധ്യമുള്ള മലമുകളിലെ മട മുഴുവനായി കാട് വിഴുങ്ങിയിരുന്നു. മഴയിലും കോടയിലും കുതിർന്ന കാടിന്റെ ശബ്ദം ദൈവത്തിന്റെ ഹൃദമിടിപ്പുകളായി ഉൾക്കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. ദൈവസന്ദേശങ്ങൾ കാരുണ്യമായി മലങ്കാടുകളിൽ പെയ്ത് കനത്തു. കാടിന്റെ സ്വച്ഛതയിൽ മുത്തപ്പനും വൈക്കം മുഹമ്മദ് ബഷീറും മുന്നിൽത്തെളിഞ്ഞു. അപ്രതീക്ഷിതമായിരുന്നു ആ ഉണർവ്വ്. ദൈവത്തിന്റെ ഹൃദയമിടിപ്പ് അനുഭവിച്ചുകൊണ്ട് മഴയിൽ നനഞ്ഞു കൊണ്ടിരുന്നു. കയറണാക്കാത്ത കാട്ടുനായിയുമായി കുറിഞ്ചിയുടെ ശൈത്യഭൂമിക തേടി വീടുവിട്ടിറങ്ങിയ മുത്തപ്പനും മരച്ചുവട്ടിലിരുന്ന് ലോകത്തെ വ്യാഖ്യാനിച്ച വൈക്കം മുഹമ്മദ് ബഷീറും മൂടൽമഞ്ഞിലെ ആലക്തിക പ്രഭയായി സാന്നിദ്ധ്യപ്പെട്ട അപൂർവ്വ നിമിഷം.
കാട്ടിയും കൊമ്പനും മദിക്കുന്ന മുലമുടിയിലെ മടയിലാണ് കുന്നത്തൂരെ ആളടിയാത്തിക്ക് മുന്നിൽ മുത്തപ്പൻ ദർശനപ്പെട്ടത്. ആളടിയാനായ മൂത്തോരാൻ ചന്തന്റെ ആളടിയാത്തി കാത്ത നേരാണ് മുത്തപ്പൻ. അടിയാത്തിയുടെ അടിയാൻ ഏറിയ പനങ്കള്ള് മുത്തപ്പൻ കുടിച്ചു. ചന്തൻ പനയ്ക്ക് മുകളിലേക്ക് അമ്പു തൊടുത്തു. മുത്തപ്പന്റെ ഒറ്റനോട്ടത്തിൽത്തന്നെ ചന്തൻ പാറയായി. ചന്തന്റെ അടിയാത്തി തന്റെ അടിയാനായി നെഞ്ഞിനടിക്കയും നെലവിളിക്കയും ചെയ്തു. മുത്തപ്പൻ ഉറച്ചുപോയ കല്ലിൽ നിന്നും മനുഷ്യനെ സ്വതന്ത്രമാക്കി. കല്ലിൽ കീഴാളരുടെ ദൈവത്തെ സൃഷ്ടിച്ചില്ല. ശിലയിൽ നിന്നും മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്കും സമത്വബോധത്തിലേക്കും മോചിപ്പിച്ച അറിവാണ് മുത്തപ്പദർശനം.
സാഹിത്യത്തിലെ വൈക്കം മുഹമ്മദ് ബഷീറും തെയ്യത്തിലെ മുത്തപ്പനും തമ്മിലെന്ത് എന്ന് ചിലരെങ്കിലും സന്ദേഹിക്കും. ഒരുപ്രകാരത്തിലും നേർക്കുനേർ വരാത്ത രണ്ടു മനുഷ്യരെ ചേർത്തുനിർത്തുന്നതിൽ എന്ത് യുക്തിയാണുള്ളത് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. ഇത് വൈക്കം മുഹമ്മദ് ബഷീറിനെയും മുത്തപ്പനെയും താരതമ്യം ചെയ്യലല്ല. സ്വന്തം കർമ്മമണ്ഡലങ്ങളിൽ മുത്തപ്പനും ബഷീറും എങ്ങനെ ഐക്യപ്പെടുന്നു എന്നതാണ് പ്രസക്തം. അല്ലാതെ താരതമ്യം ചെയ്യലില്ല. മറ്റ് തെയ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് മുത്തപ്പൻ. പെരുങ്കളിയാട്ടത്തിലെ ആഘോഷങ്ങളോ ആർഭാടങ്ങളോ മുത്തപ്പനില്ല. പൊരിവെയിലത്ത് നീണ്ട ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിന്ന് മാത്രമെ വലിയ വലിയ തെയ്യങ്ങളെ കാണാനാകൂ. മുത്തപ്പൻ അങ്ങനെയല്ല. മുത്തപ്പനെ നമുക്ക് വീട്ടിൽ കെട്ടിയാടിക്കാം. നമ്മുടെ വീട്ടിലെ ഒരംഗത്തെപ്പോലെ എല്ലാ പ്രശ്നങ്ങളും മുത്തപ്പൻ ചോദിച്ചു മനസ്സിലാക്കി അതിനു വേണ്ട തക്കതായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. മനുഷ്യരിൽ നിന്ന് വിഭിന്നമായല്ല ദൈവത്തിന്റെ അസ്തിത്വം എന്ന് അടിവരയിടുന്നതാണ് മുത്തപ്പന്റെ ജീവിതവും അനുഷ്ഠാനങ്ങളും. തെയ്യത്തിൽ മുത്തപ്പനോളം തന്നിഷ്ടവും സ്വാതന്ത്ര്യവും മറ്റാർക്കുമില്ല. എഴുത്തിൽ ബേപ്പൂർ സുൽത്താനുള്ളതുപോലെ തന്നെ.
മനുഷ്യനോളം വലിയ ദൈവമില്ല എന്ന് സ്വജീവിതം കൊണ്ടും ലോകത്തിലൂടെയുള്ള സഞ്ചാരം കൊണ്ടും തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് ബഷീർ. ബഷീറിലെ മനുഷ്യൻ തന്നെയാണ് മുത്തപ്പനിലെ ദൈവം. എഴുത്തിന്റെ ലാളിത്യത്തിലൂടെ എല്ലാ ജീവജാലങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ബഷീർ ഈ ലോകത്തോട് സ്നേഹത്തിന്റെ ഭാഷയിലൂടെ തന്നെത്തന്നെ വിനിമയം ചെയ്യുന്നു. സാഹിത്യകാരനെ പോലെ എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ പത്തും കൊള്ളുമ്പോൾ നൂറുമാകുന്ന വാക്കാണ് മുത്തപ്പനും ആയുധം. ഭാഷയിലെ സൂക്ഷ്മലാളിത്യത്തിൽ ജീവിതസത്യത്തിന്റെ പ്രകാശനമാവുകയാണ് തെയ്യവും എഴുത്തുകാരനും
ഭൂമിയുടെ അവകാശികൾക്കായി എഴുത്തായുധത്തിൽ വാക്ക് നിറച്ച ബഷീറും ഈ പ്രകൃതിയിലെ സൂക്ഷ്മസ്ഥൂലങ്ങളായ എല്ലാ ജീവജാലങ്ങളിലും അന്തമില്ലാത്ത കാരുണ്യം ചൊരിയുന്ന മുത്തപ്പനും ഇവിടെ തമ്മാമിൽ കൂടിക്കാണുന്നു. സ്നേഹത്തിന്റെ ലളിതഭാഷണങ്ങളാൽ എഴുത്തിലെ ദൈവവും തെയ്യത്തിലെ ദൈവവും തപിക്കുന്ന മനസ്സുകളിൽ കുളിർമ്മ നിറക്കുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളിലും സ്വന്തം ജീവൻ തന്നെ തുടിക്കുന്നുവെന്ന് മുത്തപ്പനും വൈക്കം മുഹമ്മദ് ബഷീറും ഒരുപോലെ തിരിച്ചറിയുന്നു. താരതമ്യമല്ല ദൈവജ്വലനമുള്ള രണ്ട് മനുഷ്യരിലെ ഏകമായ ഉണ്മയെയാണ് ഇവിടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.
ആറ് വ്യത്യസ്ത ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ് ഉള്ളടക്കം. ജീവിതത്തിലെ വ്യത്യസ്ത സരണികളിലൂടെയുള്ള യാത്രകളിലുണ്ടായ ഉറച്ച ബോധ്യങ്ങളാണ് ഈ എഴുത്തുകളൊക്കെയും. ‘അലോഹലന്റെ ഉടവാൾ’ ആണ് ഈ പുസ്തകത്തിലെ രണ്ടാമത്തെ ലേഖനം. ജീവിതത്തിലെ പ്രത്യേകസാഹചര്യത്തിലാണ് അലോഹലനെ കണ്ടുമുട്ടുന്നത്. അലോഹലന്റെ ജീവിതത്തിലേക്കുള്ള എഴുത്തുവഴികൾ വിചിത്രമായിരുന്നു. കനത്ത മഴയിൽ കനപ്പെട്ട രാത്രിയിൽ നീലേശ്വരം മന്നംപുറത്ത് കാവിൽ അലോഹലനെ കണ്ടുമുട്ടുകയായിരുന്നു. നിലേശ്വരത്തെ തെയ്യക്കാരനായ കോതോർമേട്ടൻ എന്ന അടങ്ങാത്ത സ്നേഹമാണ് അലോഹലിനിലേക്കുള്ള വലിയ വെളിച്ചമായി ഇരുട്ടുകുത്തി മുന്നിൽ പൊട്ടിച്ചിരിച്ചത്. കോതോർമ്മേയുള്ള ദീർഘനേരത്തെ സംസാരത്തിൽ നിന്നുമാണ് അലോഹലൻ എന്ന ചരിത്രപുരുഷനിലേക്കുള്ള എഴുത്തുവഴികൾ രൂപപ്പെട്ടത്.
ജാഥയിൽ നിന്നും വിഗ്രഹത്തിൽ നിന്നും മോചിപ്പിക്കേണ്ട തെയ്യങ്ങൾ എന്ന എഴുത്തിൽ അപരവൽക്കരിക്കപ്പെടുന്ന തെയ്യത്തിന്റെ സാമൂഹിക നില എന്ത് എന്ന് പരിശോധിക്കുകയാണ്. ജാഥയിലും വിഗ്രഹത്തിലും ബന്ധിച്ച് ബ്രാഹ്മണ വര്‍ക്കരിക്കപ്പെട്ട ഹിന്ദുത്വവൽക്കരിക്കപ്പെട്ട തെയ്യത്തിന്റെ സ്വത്വപ്രതിസന്ധിയെ ആവിഷ്കരിക്കുകയാണ്. അനുഷ്ഠാന പരിസരത്തിന് പുറത്തെ തെയ്യാവതരണത്തെക്കുറിച്ചുള്ള സൂക്ഷ്മ വിശകലനങ്ങളും ആലോചനകളുമാണ്. തെയ്യത്തിനു മുകളിലുള്ള ജാതി മത അധികാര കേന്ദ്രങ്ങളുടെ അധിനിവേശം കാവിനകത്തും പുറത്തും തെയ്യത്തിനുണ്ടാക്കുന്ന പ്രശ്നളിലേക്കാണ് ഈ എഴുത്ത് സഞ്ചരിക്കുന്നത്. കുറുഞ്ചി പെറ്റ കുഞ്ഞുങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ നിരവധി പ്രതികരണങ്ങൾ ഉണ്ടായിട്ടുള്ളതാണ്. സംഘസാഹിത്യത്തിലെ തിണപ്പുരുളുകളെ, തിണസങ്കൽപ്പനങ്ങളെ കേന്ദ്രീകരിച്ച് തെയ്യത്തിലെ ദേശപ്രകൃതികളെ സൂക്ഷ്മ വിചാരം ചെയ്യുന്ന എഴുത്താണ് കുറുഞ്ചി പെറ്റ കുഞ്ഞുങ്ങൾ.
അകമനസ്സിൽ തറച്ച പൊൻ ശരം. അതെന്റെ ഹൃദയം പകുത്ത മനുഷ്യനുള്ളതാണ്. വിനു പെരുവണ്ണാൻ എന്ന തെയ്യക്കാരന്റെ കഠിന ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. പ്രസിദ്ധീകരിച്ചു വന്നപ്പോൾ അത്രയധികം തെയ്യപ്രേമികളാണ് എന്നെ വിളിക്കുകയും അവരുടെ സന്തോഷം അറിയിക്കുകയും ചെയ്തിട്ടുള്ളത്.
വള്ളിപുള്ളി വിസർഗം തെറ്റാതെ ഈ പുസ്തകത്തിലെ ആറാമത്തെ ലേഖനമാണ്. തെയ്യത്തിന്റെ നെറമനശാസ്ത്രമാണ്. വിവിധ വരകളിലൂടെ കുറികളിലൂടെ പ്രകൃതിയിലെ സസ്യ മൃഗ ജന്തുജാലങ്ങളെ മോട്ടിഫുകൾ ആയി സ്വീകരിച്ച് പൂർവ്വാചാര്യന്മാരായ മലയരും പുലയരും പെരുവണ്ണന്മാരും മാവിലരും നലിക്കത്തായരും ആവിഷ്കരിച്ച എഴുത്ത് സമ്പ്രദായങ്ങളെ കുറിച്ചുള്ള പഠനമാണ് വള്ളി പുള്ളി വിസർഗ്ഗം തെറ്റാതെ. തട്ടുംദളവും എന്ന സൗന്ദര്യരൂപകത്തെ ഒരു മനുഷ്യന്റെ മുഖത്തൊപ്പിച്ച് എങ്ങനെയാണ് ഒരു സാധാരണക്കാരനെ അമാനുഷിക ഭാവങ്ങൾ തിരളുന്ന രൂപ സൗകുമാര്യത്തിലേക്ക് കൊണ്ടുവരുന്നത് എന്ന മുഖത്തെഴുത്തിന്റെ സൗന്ദര്യത്തെയാണ് സാങ്കേതികത്വത്തെയാണ് ഈ ലേഖനം അനാവരണം ചെയ്യുന്നത്. ഏറ്റവും മനോഹരമായി മുഖത്ത് തേച്ച് അതിന്റെ സർവ്വ ലക്ഷണങ്ങളും സർവ്വ സൗന്ദര്യവും മുഖത്തൊപ്പിച് ഒടുവിൽ ജീവിതത്തിന്റെ തട്ടും ദളത്തിൽ പിടിവിട്ടു പോയ രതീഷ് കുട്ടൻ എന്ന തെയ്യച്ചങ്ങാതിക്കുള്ള വീതും മുതിർച്ചയുമാണിത്.
ഈ പുസ്തകം തെയ്യത്തിലെ മറുവായനയാണ്. എഴുത്തിൽ പൂർവ്വമാതൃകകളൊന്നുമില്ല. പുതുമഴയിൽ വീട്ടുമുറ്റത്ത് കിളിർക്കുന്ന താള് പോലെ തകര പോലെ പൊടിക്കുന്ന അക്ഷരത്തെഴുപ്പുകൾ. പലപ്പോഴും ഭാഷയുടെ ചുഴലി ദീനത്തിൽപ്പെട്ട് വാക്കുകൾ വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും പൊട്ടി കൈകാലിട്ടടിക്കും. ഒന്നും ചെയ്യാൻ പറ്റില്ല. മരുന്നിനടങ്ങാത്ത സൂക്കേട് പോലെയാണ് എഴുത്ത്. എന്തുചെയ്യും...?