ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കണമെന്ന വാശി മതി, സമയം താനേ വരും! പൊലീസുകാരൻ നോവലെഴുതുകയാണ്...
Mail This Article
ഏറ്റവും തിരക്ക് പിടിച്ച ജീവിതം, ഒരുപാട് ടെൻഷനുകൾ ഉള്ള ജോലി, മാനസിക സമ്മർദ്ദം, ജോലിഭാരം... ഇതൊക്കെയാണ് കേരള പൊലീസ് എന്ന് കേൾക്കുമ്പോൾ ഏവർക്കും മനസിൽ ഓടി എത്തുന്ന ചിത്രം. ഇതിനൊക്കെ ഇടയിലും പുസ്തക രചനയ്ക്ക് സമയം കണ്ടെത്തുകയാണ് അഭിജിത് പ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ. അഭിജിത്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘വീണ്ടും തളിർക്കുന്ന ചില്ലകൾ’ പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കകം വായനക്കാർ ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ്. ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിയുകയും വായനക്കാർക്ക് ഇടയിൽ തരംഗമാകുകയും ചെയ്ത, സൗഹൃദത്തിൻറെ കഥ പറയുന്ന, നോവൽ ‘ഓട്ടപ്പന്തയം’ ആണ് അഭിജിത്തിന്റെ ആദ്യ പുസ്തകം... ഇത്രയധികം തിരക്ക് പിടിച്ച പോലീസ് ജീവിതത്തിനിടയിൽ എങ്ങനെ പുസ്തകങ്ങൾ എഴുതാൻ സമയം ലഭിക്കുന്നു എന്നാണ് എല്ലാവരും അഭിജിത്തിനോടു ചോദിക്കുന്ന പ്രഥമ ചോദ്യം. കിട്ടുന്ന സമയത്തെ കൃത്യമായി വിനിയോഗിച്ചാൽ മാത്രം മതി എന്നും, എഴുതുന്ന ദിവസങ്ങളിൽ മൂന്നോ നാലോ മണിക്കൂറിൽ കൂടുതൽ ഉറങ്ങാറില്ല എന്നുമാണ് അഭിജിത്തിന്റെ മറുപടി. ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കണമെന്ന് ഒരു വാശി മനസ്സിൽ ഉണ്ടെങ്കിൽ എത്ര തിരക്കിലും അതിനുള്ള സമയം കണ്ടെത്താം. ഏകാന്തതയിൽ അടച്ചിട്ട മുറിയിൽ ഇരുന്ന് എഴുതി ശീലിച്ചിട്ടില്ല എന്നും ജോലിത്തിരക്കിനിടയിൽ വീണ് കിട്ടുന്ന സമയങ്ങളിൽ ആണ് എഴുത്ത് എന്നും അഭിജിത് പറയുന്നു.
ആദ്യ പുസ്തകമായ ‘ഓട്ടപ്പന്തയ’ത്തിൽ നിന്നു തികച്ചും വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന അഭിജിത്തിന്റെ ‘വീണ്ടും തളിർക്കുന്ന ചില്ലകൾ’ സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെയും ട്രാൻസ് സമൂഹത്തിന്റെയും കഥ പറയുന്നു. നമുക്ക് ചുറ്റും എവിടെയൊക്കെയോ കണ്ടിട്ടുള്ള പെൺകുട്ടികളെയും വീട്ടമ്മമാരെയും എല്ലാം ‘വീണ്ടും തളിർക്കുന്ന ചില്ലകൾ’ വായിക്കുമ്പോൾ കാണാനാകും. മലയോര മേഖലയിലെ നാട്ടിൻപുറത്തു ജനിച്ച അബേൽ എന്ന പെൺകുട്ടിയിലൂടെയാണ് കഥ പറയുന്നതെങ്കിലും ആധുനിക സമൂഹത്തിൽ സ്ത്രീകളും ട്രാൻസ്ജന്റർ വിഭാഗവും അനുഭവിക്കുന്ന സാമ്പത്തികവും ശാരീരികവും ലൈംഗികാവുമായ ഒരുപാട് പ്രശ്നങ്ങളും പ്രണയവും സൗഹൃദവും ലൈംഗീകതയും ഉൾപ്പെടെയുള്ള എല്ലാ വികാരങ്ങളും ലളിതവും മനോഹരവുമായ ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ ചർച്ച ചെയ്യുന്നു.