‘അതിലേക്ക് ഞാൻ ചെറുപ്പത്തിൽ അനുഭവിച്ച, സ്ത്രീകൾ ഒരിക്കലെങ്കിലും നേരിടുന്ന പല സംഭവങ്ങളും കടന്നു വന്നു’: ജയ്‌ലക്ഷ്മി ശ്രീനിവാസൻ എഴുതുന്നു
Mail This Article
യുവഎഴുത്തുകാരിൽ ശ്രദ്ധേയയായ ജയ്‌ലക്ഷ്മി ശ്രീനിവാസന്റെ പുതിയ നോവലാണ് ‘ലിൻസി മോൾ, ജനനം : 3–7–2009, മരണം : 13–3–2025’. ജ്യുവൽ, ഡിയർ നീരജ് എന്നീ നോവലുകളിലൂടെ ഇതിനോടകം വായനാസമൂഹത്തിനു പരിചിതയായ ജയ്‌ലക്ഷ്മി ശ്രീനിവാസൻ ‘ലിൻസി മോൾ, ജനനം : 3–7–2009, മരണം : 13–3–2025’ നോവലിന്റെ എഴുത്തനുഭവം വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –
നഴ്സിംഗ് ഓഫിസർ എന്ന നിലയിൽ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറെ പ്രതിസന്ധികൾ നേരിട്ട കാലഘട്ടമായിരുന്നു കോവിഡ് കാലം. ഇതിന് മുൻപ് ഒരിക്കലും പരിചിതമല്ലാത്ത മഹാമാരി മൂലമുള്ള ജോലി ഭാരം ഒരു വശത്ത്, ലോക്ക് ഡൗണും മറ്റും വ്യക്തി ജീവിതത്തിൽ സമ്മാനിച്ച ബുദ്ധിമുട്ടുകൾ മറു വശത്ത്! വല്ലാത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പോയിരുന്ന ഒന്നു രണ്ട് വർഷങ്ങളായിരുന്നു അത്! സത്യത്തിൽ ഈ പിരിമുറുക്കങ്ങളെ മറികടക്കാൻ വായന മാത്രമായിരുന്നു ഏക ആശ്രയം. വായനയിൽ പ്രണയവും ക്രൈം ഫിക്ഷനുകളുമായിരുന്നു കൂടുതലായി ഉൾപ്പെട്ടിരുന്നത്. പതുക്കെ ക്രൈം നോവലുകളോട് അടുപ്പം കൂടിവന്നു. എനിക്ക് തോന്നുന്നത് മലയാള സാഹിത്യത്തിൽ മുഴുവനായും ഒരു ‘ക്രൈം ഫിക്ഷൻ ബൂം’ സംഭവിച്ച ഒരു കാലം കൂടി ആയിരുന്നു അത്. അക്കാലത്ത് ശ്രീപാർവ്വതിയേയും,ലാജോ ജോസിനേയും,അഗത ക്രിസ്റ്റിയേയുമെല്ലാം മത്സരിച്ചു വായിച്ചു തീർത്തു.ആയിടക്കാണ് മനോരമ ഓൺലൈനിൽ വന്ന ‘ഹനനം’ എന്ന നോവലിനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായിക്കുന്നത്. പല കാലങ്ങളിൽ നടക്കുന്ന,പ്രസവാനന്തര വിഷാദത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട വേറിട്ട ഒരു ക്രൈം ഫിക്ഷൻ നോവലായിരുന്നു അത്. ആ പുസ്തകത്തിന്റെ വായനയ്ക്ക് ശേഷമാണ് എന്തു കൊണ്ട് സ്വന്തമായി ഒരു ക്രൈം നോവൽ എഴുതിക്കൂടാ എന്നൊരു ചിന്ത മനസ്സിലേക്ക് വരുന്നത്.
അങ്ങനെ എഴുതി തുടങ്ങിയ ‘ലിൻസി മോളുടെ’ ആദ്യരൂപം പൂർത്തിയാകുന്നത് 2023 ൽ എപ്പോഴോ ആണ്. സംഗതി ക്രൈം ആണെങ്കിലും വലിയ വയലൻസോ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത ഒന്നായിരുന്നു ആ ആദ്യ രൂപം (അന്ന് പുസ്തകത്തിന്റെ പേരും മറ്റൊന്നായിരുന്നു). എഴുതി പൂർത്തീകരിച്ചെങ്കിലും എന്തോ ഒരു കോൺഫിഡൻസ് കുറവ്! ക്രൈം എഴുതുന്ന വലിയ എഴുത്തുകാർ ഉള്ള മലയാള സാഹിത്യ ലോകത്ത് എന്റെ ഈ ചെറിയ നോവൽ എങ്ങനെ വായിക്കപ്പെടും എന്നതായിരുന്നു ആദ്യത്തെ ടെൻഷൻ! അതു കൊണ്ടു തന്നെ നോവൽ എഴുതിയ കാര്യം ആരോടും പറഞ്ഞില്ല ! ഈ കാലയളവിൽ എന്റേതായി മറ്റ് രണ്ട് നോവലുകൾ (ജ്യുവൽ,ഡിയർ നീരജ്) പുറത്തിറങ്ങി. പ്രണയമായിരുന്നു രണ്ടിലും വിഷയം. അവ രണ്ടും തെറ്റില്ലാതെ തന്നെ വായിക്കപ്പെട്ടു. ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ ഒരു സുഹൃത്താണ് ഒരു ദിവസം ചോദിച്ചത്, ‘‘അടുത്തതായി പുറത്തിറങ്ങുന്ന പുസ്തകത്തിന് genre ഒന്ന് മാറ്റിപിടിച്ചാലോ ? ’’ എന്ന്.
ഒന്നര വർഷം മുൻപെഴുതി, മാറ്റിവച്ച ‘ലിൻസിമോളുടെ’ ആദ്യ രൂപത്തെ കുറിച്ച് വീണ്ടും ഓർത്തത് അങ്ങനെയാണ്. പിന്നീടുള്ള രണ്ടു മാസക്കാലം കൊണ്ട് ആദ്യ രൂപത്തെ അപ്പാടെ പൊളിച്ചെഴുതി. ഒരു plain crime story ആയിരുന്ന നോവലിലേക്ക് ഞാൻ ചെറുപ്പത്തിൽ അനുഭവിച്ച, സ്ത്രീകൾ ഒരിക്കലെങ്കിലും ജീവിതത്തിൽ നേരിടുന്ന പല സംഭവങ്ങളും കടന്നു വന്നു. വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമുണ്ടായിരുന്ന കഥയുടെ ആദ്യ രൂപത്തിലേക്ക് പുതിയ കഥാപാത്രങ്ങൾ കടന്നു വന്നു, കഥയിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായി. ആദ്യ കഥയിലെ വില്ലന് പോലും മാറ്റം സംഭവിച്ചു. കഥാ വഴിയിൽ ഒരു ചെറു പ്രണയവും കൂട്ടി ചേർത്തു. ക്ലാരയും,പ്രകാശനും,അവരുടെ പ്രണയവും,വിരഹവും,കഥയിലേക്ക് അതിഥികളായെത്തി! അങ്ങനെ പണ്ടെപ്പോഴോ എഴുതി പൂർത്തിയായി, വർഷങ്ങൾക്കിപ്പുറം എഴുതിയും തിരുത്തിയും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു ലിൻസി മോൾ നിങ്ങളുടെ മുന്നിലെത്തുമ്പോൾ മനസ്സ് നിറയുന്നുണ്ട്. എല്ലാം സാധ്യമാക്കിയ കാലത്തിന് നന്ദി... എന്നെ വായിച്ച, എന്റെ പുസ്തകങ്ങളെ സ്നേഹിച്ച നിങ്ങൾക്കും ....