‘തുരുതുരാ പുസ്തകമിറക്കി ആളുകളെ മുഷിപ്പിക്കാൻ ധൈര്യം വന്നില്ല’: ശൈലന്റെ കുറിപ്പുകളുമായി ‘ഞാനും മറ്റും’
Mail This Article
കവി, ചലച്ചിത്ര നിരൂപകൻ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ശൈലൻ. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായ ശൈലന്റെ പുതിയ പുസ്തകമാണ് ‘ഞാനും മറ്റും’. വിവിധ വിഷയങ്ങളെക്കുറിച്ച് പലപ്പോഴായി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്.
‘‘ആത്മകഥനങ്ങൾ എന്നോ അനുഭവക്കുറിപ്പുകൾ എന്നോ ഒക്കെ വിളിക്കാവുന്ന കുറച്ച് എഴുത്തുകൾ ആണ്. പന്ത്രണ്ടാമത്തെ പുസ്തകമാണ്. പതിനൊന്നാമത്തെ പുസ്തകം ‘നൂറു നൂറു യാത്രകൾ’ ഇറങ്ങിയിട്ട് കൃത്യം മൂന്നു വർഷമാവുന്നു. പിറ്റേ വർഷം തന്നെ അടുത്ത പുസ്തകം ഇറക്കാമെന്ന് ഒലീവ് ബുക്സിലെ സന്ദീപും മുനീർ ഡോക്ടറും പ്രലോഭിപ്പിക്കാഞ്ഞിട്ടല്ല. തുരുതുരാ പുസ്തകമിറക്കി ആളുകളെ മുഷിപ്പിക്കാൻ ധൈര്യം വന്നില്ല.
‘നൂറുനൂറു യാത്രകൾ’ നാലാം എഡിഷനിൽ എത്തി എന്ന ധൈര്യത്തിലാണ് ഇപ്പോൾ ഇത്. വല്ലപ്പോഴും ഓരോ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന എന്നെ ഇതുപോലുള്ള പുസ്തകങ്ങളിലേക്ക് തിരിച്ചുവിടാൻ കാരണക്കാർ പബ്ലിഷർമാരായ സുമേഷും ഒലിവ് സന്ദീപും ലോഗോസ് അജിത്തും പാപ്പാത്തി സന്ദീപും പ്രതാപേട്ടനും മണിയേട്ടനും ഒക്കെയാണ്.
ഇറങ്ങിയ പുസ്തകങ്ങളൊക്കെ മോശമല്ലാത്ത രീതിയിൽ സ്വീകരിച്ചു എന്റെ മാനം കാത്ത വായനാസുഹൃത്തുക്കളോട് കടപ്പാട് ഉണ്ട്. ഈ പുസ്തകത്തിന്റെ വിധി എന്താവുമെന്നൊന്നും അറിയില്ല.. അവകാശവാദങ്ങൾ ഒന്നുമില്ല. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ 100% ഞാൻ...അത്രേള്ളൂ...വേറൊന്നുമില്ല...’.– പുസ്തകത്തെക്കുറിച്ച് ശൈലൻ പറയുന്നതിങ്ങനെ.
ഇക്കഴിഞ്ഞ ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിലാണ് ഞാനും മറ്റും പ്രകാശിതമായത്. പ്രസാധകനും എഴുത്തുകാരനുമായ നൗഷാദ് എഴുത്തുകാരി ഹണി ഭാസ്കറിന് നൽകിയാണ് പുസ്തകം പുറത്തിറക്കിയത്.
‘ആദ്യകാല കവിതകൾ 23കൊല്ലം മുൻപ് സമാഹരിച്ചപ്പോൾ, അത് രണ്ട് ഭാഗത്ത് നിന്നും തുറന്നുവായിക്കാവുന്ന രണ്ടു ടൈറ്റിലുകളുള്ള ഒരു വിചിത്ര പുസ്തകമായിരിക്കണം എന്ന എന്റെ തലതിരിഞ്ഞ ആശയത്തെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന പബ്ലിഷർ ആണ് നൗഷാദ്. ആശയം മുന്നോട്ട് വെക്കാനും ആവശ്യപ്പെടാനുമൊക്കെ എളുപ്പമെങ്കിലും അച്ചടിച്ച പേജുകൾ രണ്ടു പുറത്തുനിന്നുമായി സെറ്റ് ചെയ്തു ബൈൻഡ് ചെയ്യാൻ എത്ര പാടാണ് എന്ന് ഇപ്പോൾ എനിക്ക് അറിയാം. ‘പോയി പണി നോക്ക്’ എന്ന് പറയാവുന്ന വലിപ്പമൊക്കെയേ 23കൊല്ലം മുൻപ് എനിക്കുള്ളൂ...പക്ഷേ, ഒരിക്കലും അങ്ങനെ പറയാതെ എന്റെ ആദ്യ പബ്ലിഷർ കൂടെ നിന്നു...പാപ്പിയോൺ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പബ്ലിഷിങ് ഹൗസിന്റെ പേര്. പ്രകാശനം ചെയ്യാൻ ആരോട് പറയുമെന്ന ചിന്ത പന്ത്രണ്ടാം മണിക്കൂറിൽ വന്നപ്പോൾ, മുന്നും പിന്നും നോക്കാതെ നൗഷാദ്ക്കയോട് പറഞ്ഞു... അത് സെറ്റ്.. ഏറ്റുവാങ്ങാൻ ആരോട് പറയണമെന്ന് ചിന്തിച്ചപ്പോൾ ഹണി അല്ലാതെ മറ്റാര് എന്നുതോന്നി. രണ്ടായിരത്തിലോ മറ്റോ തുഞ്ചൻ പറമ്പിൽ നടന്ന കവിതക്യാമ്പിൽവന്നതാണ് രഘു. അവൻ പിന്നെ തിരിച്ചു പോയിട്ടില്ല ഉള്ളിൽ നിന്നും. എന്റെ പുസ്തകമാവുമ്പോൾ, പരിചയപ്പെടുത്താൻ അവന് വായിച്ചു നോക്കേണ്ട കാര്യം പോലുമില്ല’.– ശൈലൻ പറയുന്നു.
‘ഒറ്റ സ്വത്വത്തിന്റെ അനേകം ചിതറലുകളാണ് ശൈലൻ. ഓരോ ചില്ലതുണ്ടിലും പലതരം പ്രാപഞ്ചങ്ങളെ അന്തരാവഹിക്കുന്ന അസാധാരണമായ ഒരു കാലിഡോസ് കോപ്പ്. കവിതയാണ് അതിന്റെ കേന്ദ്രം. കവിതയിൽ ഉള്ളൂന്നിയ, കവിതയിൽ അകം പിടഞ്ഞ ഒരുവന്റെ കുത്തറിയോട്ടങ്ങളാണ് ഞാനും മറ്റും
ഞാൻ എന്ന ഒറ്റ ശൈലനിസത്തിൽ വിപരീതപദമാണ്. അവിടെ ഞാൻ ഒറ്റആര് ബഹുവചനം, ശൈലന്റെ എഴുത്തുകൾ നിങ്ങളെ ഭാരരാഹിത്യത്തിന്റെ സൗന്ദര്യത്തിലേക്കാണ് ക്ഷണിക്കുന്നത്. ഈ പുസ്തകം വിട്ടു പുറത്തിറങ്ങുമ്പോൾ ജീവിതത്തിൽ നിന്ന് ജീവിതത്തിലേക്ക് വണ്ടിയിറങ്ങിയവരെപ്പോലെ നിങ്ങളിൽ സ്വാസ്ഥ്യം നിറയും’ എന്നു സുബിൻ ചന്ദ്രശേഖരൻ ‘ഞാനും മറ്റും’ എന്ന പുസ്തകത്തെക്കുറിച്ച് എഴുതുന്നു.
ദി ആർട്ട് ഓഫ് ലവിങ്, നൂറു നൂറു യാത്രകൾ, രാഷ്ട്രമീമാംസ, താമ്രപർണി, ദേ ജാവൂ എന്നിവയാണ് ശൈലന്റെ മറ്റു പ്രധാന പുസ്തകങ്ങൾ.