‘അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെട്ട ഒരു മനസ്സ് ഈ വരികൾക്ക് പിന്നിലുണ്ട്’: അരുണ നാരായണൻ ആലഞ്ചേരി എഴുതുന്നു
Mail This Article
പ്ലസ് ടു വിദ്യാർത്ഥിനിയും മലയാളത്തിലെ ശ്രദ്ധേയ യുവകവി കനിമൊഴി ടി.യുടെ ആദ്യ കാവ്യസമാഹാരമാണ് ‘പറന്നു പോകുന്ന വാടക വീടുകൾ’. യുവപ്രതിഭയായ കനിമൊഴിയുടെ കവിതകളെക്കുറിച്ച് ‘കവിതയുടെ ആത്മാവിലേയ്ക്ക് പറന്നിറങ്ങുന്ന കനിമൊഴി’ എന്ന പേരിൽ പ്രശസ്ത ചിത്രകാരിയും കവിയുമായ അരുണ നാരായണൻ ആലഞ്ചേരി ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
കനിമൊഴിയുടെ പറന്നു പോകുന്ന വാടക വീടുകൾക്ക് ഉള്ളിൽ നാം പ്രവേശിക്കുമ്പോൾ ജാലകക്കാഴ്ച്ചകൾ ഒരു ഡ്രോൺ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യാനുഭവം നമുക്ക് നൽകുന്നു. നക്ഷത്രങ്ങളെ തൊടാനെന്നതിനേക്കാൾ ഭൂമിയിലെ പച്ചപ്പുകളിലേക്കും അഴുക്കുചാലുകളിലേക്കും സൂക്ഷ്മമായി ആ ക്യാമറക്കണ്ണുകൾ തുറന്നുവെക്കപ്പെടുന്നു. ചെറു പ്രായത്തിൽത്തന്നെ ഉയരത്തിൽ നിന്ന് ലോകത്തേ നോക്കുന്ന കവി കവിതയിൽ അത്ര കുട്ടിയല്ലെന്ന് ആദ്യവായനയിൽത്തന്നെ നാം തിരിച്ചറിയും. അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെട്ട ഒരു മനസ്സ് ആ വരികൾക്ക് പിന്നിലുണ്ട്. ബലമുള്ള വാക്കുകളുടെ നൂലിഴകൾ കൊണ്ട് സുന്ദരവും ദൃഢവുമാണ് കനിയുടെ ക്രാഫ്റ്റ്. കവിത ഒരു ദൃശ്യലോകം കൂടിയാണെന്ന് കനിയുടെ ഓരോ വരിയും നമ്മേ ഓർമ്മപ്പെടുത്തുന്നു. അവിടെ വാക്കുകൾ വെറും ശബ്ദങ്ങളല്ല, മറിച്ച് നിറങ്ങളും മണങ്ങളും സ്പർശനങ്ങളും നിറഞ്ഞ സമഗ്രവും ജൈവികവുമായ അനുഭവങ്ങളാണ്.
കനിയുടെ എഴുത്ത് ഒരു കുട്ടിയുടെ ലോകത്തിനപ്പുറം കടന്ന് സാമൂഹിക അനീതികളോട് കലഹിക്കുന്നു. ചുറ്റും നടക്കുന്ന അരുതായ്മകൾക്കെതിരെ വിരൽ ചൂണ്ടുന്ന ഒരു ആക്റ്റിവിസ്റ്റിന്റെ ഗൗരവം പലപ്പോഴും കവി അണിയുന്നുണ്ട്. കവിതയിലെ പ്രായം കാഴ്ചപ്പാടിന്റെ വിശാലതയാണ്. മനുഷ്യബോധത്തിന്റെ ആഴവും, ദാർശനിക ഭാവവും ഒരു കുട്ടിയുടെ കവിതകളിൽ നിറയുന്നത് കൗതുകകരമാണ്. ലളിതമായ ബിംബങ്ങളിലൂടെ വലിയ സത്യങ്ങളെ ആവിഷ്കരിക്കാനുള്ള ഈ കഴിവ് അപൂർവ്വമാണ്.
“പല രൂപത്തിലും പല നിറത്തിലുമുള്ള വാടക വീടുകൾ…” എന്ന് ആരംഭിക്കുന്ന കവിത സ്വജീവിതാനുഭവത്തേ കാവ്യാത്മകമായി അവതരിപ്പിച്ച് കൊണ്ട് മനുഷ്യന്റെ പ്രവാസത്തേയും, അസ്തിത്വ പ്രശ്നങ്ങളേയും അടയാളപ്പെടുത്തുന്നു. വേരുകളില്ലാത്ത മനുഷ്യന്റെ നിസ്സഹായതയും, സ്വാതന്ത്ര്യബോധവും വരികളിൽ ഒരേസമയം നിഴലിക്കുന്നുണ്ട്. വൈകാരികതയുടെ വേരുകളാണ് ഓരോ വീടിന്റെയും ഉറപ്പ് നിർണ്ണയിക്കുന്നത്. ഭിത്തികൾ മാറുമ്പോഴും അനുഭവങ്ങളുടെയും ഓർമ്മകളുടെയും നിറം മങ്ങുന്നില്ല. വാടക വീടിന്റെ കെട്ടിടം മറ്റാരുടേയോ ആണ്, അതിനാൽ താമസക്കാരന് പലപ്പോഴും അത് വിട്ട് പോവേണ്ടി വരുന്നു. ഓരോ പലായനവും കവിക്ക് പുതിയൊരു ആകാശമാണ് സമ്മാനിക്കുന്നത്. അതിനാൽ വാടകക്കാരന് വീടിനെക്കുറിച്ചുള്ള പിണയുന്ന ഓർമ്മകൾ മാത്രമാണ് സ്വന്തമായുള്ളത്. പറന്നു പോകുന്ന വാടക വീടുകളുടെ വേരുകളൂന്നുന്നത് ഓർമ്മകളിലാണ്. ഭൗതികമായ നഷ്ടങ്ങളെ ഓർമ്മകളുടെ സമ്പന്നത കൊണ്ട് കവി ഇവിടെ അതിജീവിക്കുന്നു.
കടലമ്മ (അച്ഛമ്മ) എന്ന കവിതയിൽ: ‘കവിളിലെ ചുളിവുകൾ മറച്ച് ചിരികൾ കിനാവ് കണ്ട് തൂങ്ങിയാടിയ കാതിൽ കടലലകൾ കേട്ട് മുറിവിൽ ചുവപ്പിച്ച തിരമാലകൾ തൊട്ട് അവസാനത്തെ വെളിച്ചവും തുടച്ചുനീക്കി പൂപ്പൽ പടർന്ന കണ്ണുകൾ അവർചില്ലിട്ടു പാകി’ എന്ന് തുടങ്ങുന്ന വരികൾ വായിക്കുമ്പോൾ മനോഹരമായൊരു ചിത്രവായനയ്ക്കുള്ള സാധ്യതയാണ് നമുക്ക് ലഭിക്കുന്നത്. കടലിന്റെ ഇരമ്പം ഒരു താരാട്ടുപോലെ അച്ഛമ്മയുടെ ഉള്ളിൽ മുഴങ്ങുന്നുണ്ടാകാം. വാർദ്ധക്യം എന്നത് കേവലമൊരു അവസ്ഥയല്ല, അതൊരു തിരിച്ചറിവു കൂടിയാണെന്ന് ഈ വരികൾ അടിവരയിടുന്നു. അവസാനത്തെ വെളിച്ചവും തുടച്ചു നീക്കി നമ്മേ ഏവരേയും കാത്തിരിക്കുന്ന മരണമെന്ന പ്രഹേളികയേയും കാവ്യഭംഗിയോടെ കവിതയിൽ അന്തർലീനമാക്കുവാൻ കനിക്ക് കഴിയുന്നുണ്ട്. പൂപ്പൽ പടർന്ന കണ്ണുകൾ എന്നത് കാലം അവശേഷിപ്പിച്ച അവഗണനയുടെയും ഏകാന്തതയുടെയും ശക്തമായ രൂപകമായി മാറുന്നു.
നഗര രാത്രികൾ എന്ന കവിതയിൽ, ‘സ്വപ്നങ്ങളുടെ വയലുകളിൽ പന്നികൾ ഓടി നടക്കുമ്പോൾ അമ്മമാരാരും ഉറങ്ങാറില്ല’ എന്ന കവിതയിലെ വരികൾ സമകാലിക സമൂഹത്തിൽ പെൺകുട്ടിയുടെ സുരക്ഷയെ കരുതി അരക്ഷിതയായ ഒരു അമ്മയുടെ ചിത്രം നമ്മുടെ മുന്നിൽ തെളിയുന്നു. ഇരുട്ടിന് കട്ടി കൂടുമ്പോൾ ഭയത്തിന്റെ നിഴലുകളും വളരുന്നു. ഉറക്കമില്ലാത്ത ആ കണ്ണുകളിലെ ജാഗ്രതയാണ് മകളുടെ കാവൽവിളക്ക്. ഒരു പെയിന്റിങ്ങിൽ കനപ്പെട്ട നിഴലുകളുടെ സാധ്യതകൾ ഭാവനാശാലിയായൊരു ആർട്ടിസ്റ്റ് പ്രയോജനപ്പെടുത്തും പോലെയാണ് ഈ കവിതയിൽ രാത്രിയുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടുക. നിഷ്കളങ്കമായ സ്വപ്നങ്ങളെ തകർക്കാൻ കാത്തുനിൽക്കുന്ന വേട്ടമൃഗങ്ങളെ പന്നികൾ എന്ന ബിംബത്തിലൂടെ കവി കൃത്യമായി അടയാളപ്പെടുത്തുന്നു.
വവ്വാൽമേഘങ്ങൾ, ചെമ്പൻപുഴ, രാത്രീടറ്റം, പെൺകാറ്റ്, നിർജലനേത്രങ്ങൾ, കുതിരമേഘങ്ങൾ തുടങ്ങിയ തനിമയുള്ള വാക്കുകളുടെ വിന്യാസം മൗലികവും രസകരവുമാണ്. ഭാഷയെ തന്റേതായ രീതിയിൽ ഉടച്ചെടുക്കാനും പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കാനും കവി കാണിക്കുന്ന ധൈര്യം അഭിനന്ദനാർഹമാണ്. ‘തേഞ്ഞുതീർന്നൊട്ടിയ എന്നെ അവൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാൻ മാനം നോക്കി ദൂരേക്ക് ഒഴുകിപ്പോയി’.– ‘ചെരുപ്പ്’ എന്ന കവിതയിൽ ചെരുപ്പിനെ ഉപയോഗിക്കപ്പെടുകയും, വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഒരു അചേതന വസ്തുവായാണ് അവിതരിപ്പിക്കുന്നതെങ്കിലും കവിത വായിക്കുമ്പോൾ ചെരുപ്പ് ഒരു പ്രതീകമാണെന്ന് പെട്ടെന്ന് തന്നെ നാം തിരിച്ചറിയും. ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയപ്പെടുന്ന കമ്പോള സംസ്കാരത്തിന്റെ ഇരകളാണ് പലപ്പോഴും മനുഷ്യർ. ഒഴുകിപ്പോകുന്നത് വെറുമൊരു ചെരുപ്പല്ല, തിരസ്കരിക്കപ്പെട്ടവരുടെ ആത്മാഭിമാനം കൂടിയാണ്. അതിജീവനത്തിനായുള്ള നെട്ടോട്ടത്തിൽ മനുഷ്യബന്ധങ്ങൾ പോലും കാലഹരണപ്പെട്ട ചെരിപ്പുകൾ പോലെയായി മാറുന്ന സമകാലിക യാഥാർത്ഥ്യത്തിലേക്ക് ഈ വരികൾ വിരൽ ചൂണ്ടുന്നു. മാനം നോക്കി ഒഴുകിപ്പോയി എന്നത് മോചനത്തിന്റെ, അല്ലെങ്കിൽ വിധേയത്വത്തിൽ നിന്നുള്ള വിടുതലിന്റെ സൂചനയായും വായിക്കാം. കത്തി എന്ന കവിതയിൽ ഉടയാളുടെ മനസ്സ് പോലെ പരിണമിക്കുന്ന കത്തി നമുക്കുചുറ്റും നിലനിൽക്കുന്നു. കയ്യിലെടുക്കുന്നവന്റെ ഉദ്ദേശശുദ്ധിക്കനുസരിച്ച് അത് ആയുധമായും പണിയായുധമായും മാറുന്നു, മനുഷ്യന്റെ ദ്വന്ദവ്യക്തിത്വത്തെ ഇതിലും മനോഹരമായി ആവിഷ്കരിക്കാനാവില്ല. ‘പെൺകാറ്റ്’ എന്ന കവിതയിൽ പെൺ കാറ്റ് എന്ന പ്രയോഗം ലിംഗഭേദങ്ങളുടെ സ്വത്വ നിർണ്ണയത്തിൽ വിപ്ലവാത്മകമായ ഇടപെടലാണ് . ഒതുങ്ങി നിൽക്കാൻ വിധിക്കപ്പെട്ടവളിൽ നിന്നും പടർന്നു പന്തലിക്കുന്നവളിലേക്കുള്ള മാറ്റം. സാമൂഹ്യ ബന്ധനങ്ങളെ ഭേദിച്ച്, സ്വന്തം ഇഷ്ടമനുസരിച്ച് ഒഴുകിനടക്കാൻ വെമ്പുന്ന ആത്മാവിന്റെ സ്വാതന്ത്ര്യബോധത്തെയാണ് ഇവിടെ കാറ്റ് പ്രതിനിധാനം ചെയ്യുന്നത്. കാറ്റിനെ തളച്ചിടാൻ ആകില്ലെന്നതുപോലെ, ഉണർന്ന സ്ത്രീശക്തിയേയും തടയാൻ ഒന്നിനും കഴിയില്ലെന്ന് കവി ഓർമ്മിപ്പിക്കുന്നു. കീഴടങ്ങാൻ ഒരുക്കമില്ലാത്ത സ്വാതന്ത്ര്യബോധത്തിന്റെ ഉറച്ച പ്രഖ്യാപനങ്ങളോടെയാണ് ഈ കവിത അവസാനിക്കുന്നത്.
ഓരോ കവിതയിലും സമൂഹിക പ്രശ്നങ്ങൾ അടയാളെപ്പെടുത്തുന്നുവെങ്കിലും വായനക്കാരന്റെ ഹൃദയത്തിൽ മൃദുലമായൊരു സംഗീതം പോലെ കവിതയുടെ സൗന്ദര്യം നിറയ്ക്കുവാനും കനിക്ക് സാധിക്കുന്നുവെന്നത് സന്തോഷകരമാണ്. മുദ്രാവാക്യങ്ങൾക്കപ്പുറം കവിതയുടെ സൗന്ദര്യാനുഭവം ചോർന്നുപോകാതെ സൂക്ഷിക്കാൻ കവിക്ക് കഴിയുന്നുണ്ട്. വറ്റാത്ത വേദനകളുള്ള അരക്ഷിതരായ മനുഷ്യരെ സ്വന്തം സൃഷ്ടിയിലൂടെ അടയാളപ്പെടുത്തുന്നത് കലയുടേയും, സാഹിത്യത്തിന്റെയും ധർമ്മമാണെന്നിരിക്കേ കനിമൊഴിയുടെ കവിതകൾ അതിന്റെ സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുന്നുവെന്നന്ന് നമുക്ക് നിസംശയം പറയാം. വരുംകാല മലയാള കവിതയിൽ കനിമൊഴി എന്ന പേര് തിളക്കത്തോടെ തന്നെ അടയാളപ്പെടുത്തപ്പെടും.