‘സർക്കാർ ജോലിയിൽ നിന്നു അവധിയെടുത്ത് പൂർണ്ണസമയ എഴുത്തിലേക്കു കടന്നപ്പോൾ ആത്മവിശ്വാസമായിരുന്നു കൂട്ട്’: ശ്രീകണ്ഠൻ കരിക്കകം എഴുതുന്നു
Mail This Article
മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകണ്ഠൻ കരിക്കകത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘നിർദ്ധാരണം’. ഈ കൃതിയുടെ പശ്ചാത്തലത്തിൽ തന്റെ എഴുത്തുജീവിതത്തെക്കുറിച്ച് ശ്രീകണ്ഠൻ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
വായനയെയും എഴുത്തിനെയും സാമൂഹ്യ മാധ്യമങ്ങൾ റീലുകളുടെ ദൈർഘ്യത്തിലേക്ക് ചുരുക്കിയ ഒരു കാലമാണിത്. ഒരു വേള എഴുത്തിന്റെയും വായനയുടെയും ശ്രേഷ്ഠ ചൈതന്യങ്ങളെല്ലാം നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. അവിടെ ജീവിതമേത്, കഥയേത് എന്നു തിരിച്ചറിയാൻ കഴിയാത്ത ഋതുപ്പകർച്ചകൾക്കിടയിൽ നിന്ന് ഒരു പിടി അനുഭവങ്ങളെ ആദ്യം കുറിപ്പുകളായും പിന്നീട് കഥയായും ഞാൻ എഴുതി. അതാണ് ‘നിർദ്ധാരണം’ എന്ന ഈ സമാഹാരത്തിലെ പത്ത് കഥകൾ. മാറുന്ന കാലത്തിന്റെ മാന്ത്രികതയും യൗവ്വനവും ഈ എഴുത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ശരിക്കും അതൊരു ധ്യാനം പോലുള്ള പിൻതുടരലാണ്. പുതിയ തലമുറയെ വിടാതെ പിൻപറ്റിയതിലൂടെ നേടിയ കരുത്താണ്. ഓരോ നിമിഷവും സംഭവിക്കുന്ന തിരിച്ചറിവാണ്. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം സഹജവാസനയാണ്. തൂത്താലും തൊഴിച്ചെറിഞ്ഞാലും പോകാത്ത ബാധകൂടൽ. അതെ, എത്ര തടയിണകൾ കെട്ടി വഴിതിരിച്ചു വിട്ടാലും എല്ലാം തകർത്ത് ഒരിക്കൽ ഒഴുകിയ വഴിത്താര കണ്ടെത്തുന്ന നീരൊഴുക്കിന്റെ അതിജീവനം. അതുകൊണ്ടുതന്നെ ഇക്കാലമെല്ലാം എഴുത്ത് വിവിധ കുപ്പായങ്ങളിട്ട് എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഏതെങ്കിലും സാഹിത്യരൂപങ്ങളുമായി ബന്ധപ്പെട്ട് എഴുതാതിരുന്ന കാലം വളരെ കുറവാണെന്നു തന്നെ പറയാം. അങ്ങനെ സാഹിത്യത്തിന്റെ, കലയുടെ ഏതെങ്കിലും രൂപങ്ങളിൽ മഷിയുണങ്ങാത്ത പേനയുമായി ഞാൻ ഇക്കാലമെല്ലാം ഉണ്ടായിരുന്നു. കഥയും നോവലും എഴുതുന്നതിനോടൊപ്പം ഒട്ടും ഇടവേളകളില്ലാതെ തിരക്കഥയും ഫീച്ചറും ലേഖനങ്ങളും നൂറുകണക്കിന് ഡോക്യുമെന്ററികൾക്കും സ്ക്രിപ്റ്റുകൾ എഴുതി. ഒപ്പം സോഷ്യൽ മീഡിയയിൽ ഓർമയെഴുത്തുകളും ഉണ്ടായി. ഒന്നും ഒന്നിനേയും തൊടാതെ ഒഴുകിമാറിപ്പോയി.
സുരക്ഷിതമായി ജീവിക്കാൻ കഴിയുമായിരുന്ന സർക്കാർ ജോലിയിൽ നിന്നും നീണ്ട വർഷങ്ങൾ അവധിയെടുത്തായിരുന്നു, അതിൽ പലതും ചെയ്തത്. വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു കൂട്ട്. അത് മറ്റാരും തന്നതല്ല, ഉള്ളുറപ്പിൽ നിന്നും പിറന്നത്. ശമ്പളരഹിത അവധിയെടുക്കലൊക്കെ വലിയ ബുദ്ധിശൂന്യതയെന്ന് ദീർഘദർശികളായ പലരും ഉപദേശിച്ചു. ഗുരുസ്ഥാനീയർ ശാസിച്ചു. വീടിന്റെ കണക്കും താളവും തെറ്റി. എന്നിട്ടും ഒരു വനവാസകാലം എഴുത്തുകൊണ്ടും അതിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടും ഞാൻ സാഹസികമായി ജീവിച്ചു. അത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടാകണം, എഴുത്തിനും പ്രസിദ്ധീകരണത്തിനും വിഘാതം ഉണ്ടായിട്ടുള്ള സന്ദർഭങ്ങളിലെല്ലാം അതിജീവനത്തിന്റെ പുതിയ പാതകൾ ജീവിതം പണയം വച്ചുതന്നെ ഞാൻ വെട്ടിത്തുറന്നിട്ടുണ്ട്.
എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ വൈമനസ്യം കാണിച്ചപ്പോൾ സ്വന്തമായി ഒരു പ്രസാധന സംരംഭത്തിന് തുടക്കമിട്ടതും ലാഭേച്ഛയില്ലാതെ പുസ്തകങ്ങൾ ഇറക്കിയതും ഉള്ളിലെ ആ കെടാത്ത ആളിക്കത്തൽ കൊണ്ടാണ്. ശരിക്കും ഈ ചെറുകഥാ സമാഹാരവും അത്തരമൊരു അതിജീവനത്തിന്റെ ഭാഗമാണ്. വമ്പൻ പ്രസാധകരുടെ, കണ്ണടച്ച് ഇരുട്ടാക്കുന്ന നിരൂപകരുടെ, വരേണ്യ വായനക്കാരുടെ, അവാർഡ് ദാതാക്കളുടെ, സർവോപരി സർവ പുച്ഛക്കാരുടെ തമസ്കരണങ്ങളെ നെഞ്ചുയർത്തി നിന്ന് നേരിടുവാനുള്ള ശ്രമം. എനിക്കറിയാം, ഇതേ അവസ്ഥയിലൂടെ സഞ്ചരിക്കുന്ന നൂറു കണക്കിന് എഴുത്തുകാർ മലയാളത്തിലുണ്ട്. അവർക്ക് ഒരു ഉയിർപ്പു കൂടിയാകട്ടെ, എന്റെ ഈ അതിജീവന ശ്രമങ്ങൾ. ഞാനും നിങ്ങളും തോറ്റാലും നീന്തിക്കയറിയാലും ഒന്നേ പറയുവാനുള്ളൂ, അത് മഹാകവി വള്ളത്തോൾ നേരത്തേ കുറിച്ചിട്ടതാണ്: ‘എത്തേണ്ടതാമിടത്തെത്തിയാലും ശരി, മധ്യേ മരണം വിഴുങ്ങിയാലും ശരി, മുന്നോട്ടു തന്നെ നടക്കും വഴിയിലെ മുള്ളുകളൊക്കെ ച്ചവുട്ടിമെതിച്ചു ഞാൻ; പിന്നാലെ വന്നിടും പിഞ്ചു പദങ്ങൾക്കു വിന്യാസവേളയിൽ വേദന തോന്നൊലാ’.