ADVERTISEMENT

മലയാളത്തിന്റെ പ്രിയനോവലിസ്റ്റും കഥാകൃത്തുമായ സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ‘കദനകുതൂഹലം’. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ സാഹിത്യരചനകളെക്കുറിച്ച്, ‘ആ സ്ത്രീ എന്നോടുപറഞ്ഞത് മറ്റൊരു സ്ത്രീയുടെ ആരുമറിയാത്ത രഹസ്യമാണ്’ എന്ന പേരിൽ സുസ്‌മേഷ് ചന്ത്രോത്ത് വനിത ഓൺലൈനിൽ എഴുതിയ ലേഖനം വായിക്കാം –

ഒരെഴുത്തുകാരൻ ഒരേമട്ടിൽ എഴുതിക്കൊണ്ടേയിരിക്കേണ്ട ആളല്ലെന്നാണ് എന്റെ മതം. നവീനമായ ആശയങ്ങളും (പ്ലോട്ട്്) രൂപഭാവങ്ങളും (ക്രാഫ്റ്റ്) ഭാഷയും (അവതരണം) എഴുത്തുകാരൻ മാറി മാറി പരീക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ തന്റെ മുൻശൈലിയോ പ്രമേയങ്ങളോ ഇഷ്ടപ്പെട്ടുപോയ വായനക്കാർ പിണങ്ങില്ലേ എന്ന് എഴുത്തുകാരന് സംശയം തോന്നിയേക്കാം. എന്നാൽ വായനക്കാരനെ തെറ്റിദ്ധരിക്കലാണ് അത്. ഒരാളുടെ വായനാപ്രായത്തിന് പരിധിയില്ലെങ്കിലും വായനക്കാരുടെ തലമുറ എന്ന് നമ്മൾ പറയുന്നത് ഏതാണ്ട് പതിനഞ്ച് വയസ്സുമുതൽ മുപ്പതുവയസ്സുവരെയുള്ള കാലഘട്ടം താണ്ടുന്ന വായനക്കാരെയാണ്. അങ്ങനെ നോക്കുമ്പോൾ ഒരെഴുത്തുകാരൻ ആയുസ്സിൽ ആറ് തലമുറകളെയെങ്കിലും പരിചയപ്പെടുന്നുണ്ട്. ഈ ആറുതലമുറകളും മുൻതലമുറകളിൽനിന്നും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ എഴുത്തുകാരൻ ഉറച്ചുനിൽക്കുന്ന ഭാഷയും ശൈലിയും പ്രമേയങ്ങളും മാത്രമേ തന്റെ വായനക്കാരെ എല്ലാക്കാലത്തും ഇഷ്ടപ്പെടുത്തൂ എന്ന് ചിന്തിക്കുന്നത് ശരിയാവുകയില്ല. പ്രായത്തിനും കാലത്തിനും അനുഭവങ്ങൾക്കും അനുസരിച്ച് അഭിരുചി മാറ്റിക്കൊണ്ടിരിക്കുന്നവരാണ് വായനക്കാർ. അതനുസരിച്ച് എഴുത്തുകാരും അഭിരുചി മാറ്റണം. ഇത് ആദ്യം മുതലേ ശീലിക്കുന്ന, പ്രയോഗിക്കുന്ന എഴുത്തുകാരനാണ് ഞാൻ. എന്റെ കഥാപുസ്തകങ്ങളിൽ പതിവായി പത്ത് കഥകൾ വീതമാണ് ഉൾപ്പെടുത്താറുള്ളത്. ആ പത്തും പത്ത് മട്ടിൽ എഴുതിയിട്ടുള്ളതാവും. അത് എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുമോ ഇല്ലയോ എന്നത് ഞാൻ വിഷയമാക്കാറില്ല. കാരണം ആത്യന്തികമായി ഞാനെഴുതുന്നത് എനിക്കുവേണ്ടിയാണ്. എനിക്കെഴുതാൻ കഴിവുണ്ട്, എഴുതാൻ കഴിയുന്നു എന്ന ആനന്ദത്തിന് പുറത്താണ് ഞാനെഴുതുന്നത്. അതെന്നെ സംബന്ധിച്ച് സ്വയം ബോധ്യപ്പെടലും എനിക്കിത്രയും മുേന്നറാനാവുന്നു എന്ന സാക്ഷ്യപ്പെടുത്തലും കൂടിയാണ്. അഹങ്കാരമോ വിഡ്ഡിത്തമോ അല്ല.

ADVERTISEMENT

‘സുജാത’യ്ക്കും (മാതൃഭൂമി ബുക്‌സ്) ‘ഭരതേട്ടനും’ (മനോരമ ബുക്‌സ്) ശേഷം എന്റെതായി പുറത്തുവരുന്ന കഥാപുസ്തകമാണ് ‘കദനകുതൂഹലം’. എഴുത്തുജീവിതത്തിലെ വഴിമാറ്റത്തിന് തുടക്കമിട്ട കഥയായിരുന്നു 2020 ൽ എഴുതിയ സുജാത. ‘വഴിച്ചെണ്ട’ എന്ന ബൃഹദ് നോവലിനായി എഴുതിനോക്കിയ പ്രമേയമാണ് പിന്നീട് സുജാതയായി മാറിയത്. സുജാത എഴുതിയതോടെ എഴുത്തിലെ സ്വയം നവീകരണം സൂക്ഷ്മാംശങ്ങളിൽ സംഭവിച്ചിട്ടുള്ളത് മനസ്സിലാക്കാനായി. എന്നാൽ സുജാത എഴുതും മുേന്നയുള്ള ആ കഥാസമാഹാരത്തിലെ മറ്റുകഥകൾ അങ്ങനെയല്ല പിറന്നത്. അവയിൽ ഭൂരിഭാഗവും 2019 ൽ എഴുതിയവയായിരുന്നു. ആറുകഥകളാണ് ആ വർഷം എഴുതിയത്. ഇവ 2019 ലാണ് അച്ചടിച്ചുവന്നതെങ്കിലും എഴുതുന്നത് അതിനും മുമ്പുള്ള വർഷങ്ങളിലാണല്ലോ. ഏതു കഥയും മാസങ്ങളോളം കൈയിൽവച്ച് തിരുത്തിപ്പകർത്തിയശേഷം അയക്കുന്നതാണ് പതിവ്.

സുജാതയ്ക്ക് ശേഷമെഴുതിയ കഥകൾ സമാഹരിച്ചതാണ് ‘ഭരതേട്ടൻ’ എന്ന പുസ്തകം. 2021 മുതൽ 2024 വരെ എഴുതിയ പത്ത് കഥകളാണ് അതിലുള്ളത്. കുറേക്കൂടി മാറിയ, വളർന്ന എന്നെ ഭരതേട്ടനിലെ കഥകളിൽ കാണാം. നീണ്ട വർഷങ്ങളുടെ അധ്വാനമായിരുന്നു ‘വഴിച്ചെണ്ട’ എന്ന നോവൽ. അതിനിടയിൽ കഥയെഴുത്ത് നന്നേ കുറഞ്ഞുപോയി. എഴുതാനിരുന്നപ്പോൾ വഴിച്ചെണ്ടയുടെ പ്രമേയവുമായി സന്ധി ചെയ്യാത്ത എഴുത്ത് ആവശ്യമായി വന്നു. അപ്പോൾ പരീക്ഷണസ്വഭാവമുള്ള ക്രാഫ്റ്റ് രൂപപ്പെട്ടു. വഴിച്ചെണ്ട എഴുതുകയും തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ എഴുത്തുകാരനെന്ന നിലയിൽ ഞാനും കുറേ പരുവപ്പെട്ടു. എഴുതാനുള്ള മനസ്സിന്റെ ഒരുക്കങ്ങളിൽ മാറ്റം വന്നു. തയ്യാറെടുപ്പുകളുണ്ടായി. കുറേക്കൂടി ക്ഷമയും മനസ്സ് ഏകാഗ്രമാക്കാനുള്ള വിവേകവും വന്നു. സ്വാഭാവികമായും വഴിച്ചെണ്ടയുടെ നീണ്ട പ്രോസസിന് ശേഷമെഴുതിയ കഥകൾ പഴയതിനെക്കാളും മാറ്റമുള്ളതായി. ‘ഭരതേട്ടൻ’ സമാഹാരത്തിലെ ഹിന്ദുസ്ഥാൻ, നീ പ്രതിയോഗി, ജോണി, ഇരുൾത്താര എന്നീ കഥകൾ അങ്ങനെ സംഭവിച്ചതാണ്. അവയുമായി രൂപത്തിലും ഭാവത്തിലും ബന്ധമില്ലാത്ത വിധമാണ് അതേ പുസ്തകത്തിലെ ‘ഈശ്വരിയും കൃഷ്ണനും’ എഴുതാനായത്. അതിൽനിന്നും വിഭിന്നമായി ‘ഭരതേട്ടനും’ ‘ആമത്ഖാനും’ പിറന്നു. ഈ മൂന്നുകഥകൾക്കും വായനക്കാരിൽ നിന്നും കൂടുതലായി പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കാം. ഏറെക്കുറെ സാമ്പ്രദായികമായ എഴുത്തുശൈലികൾ ഉപയോഗിച്ചെഴുതിയ കഥകളാണ് ഭരതേട്ടനും ആമത്ഖാനും ഈശ്വരിയും കൃഷ്ണനും എന്നിവ. എന്നാൽ പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും ശ്രദ്ധിച്ചെഴുതിയ കഥകളാണ് ഹിന്ദുസ്ഥാൻ, നീ പ്രതിയോഗി, ജോണി, ഇരുൾത്താര എന്നിവ. അവയ്ക്കും നല്ല പ്രതികരണങ്ങൾ വന്നെങ്കിലും മനസിനെ ആകർഷിക്കുന്നത് സാമ്പ്രദായികമായ എഴുത്തുരീതികളാണെന്ന് മനസ്സിലായി. അങ്ങനെയെങ്കിൽ അവ വായിക്കുന്നത് അമ്പതിനുമേൽ പ്രായമുള്ള വായനക്കാരോ കാൽപ്പനികഭാവുകത്വം ഉള്ളിലുള്ള ഇളംപ്രായക്കാരായ വായനക്കാരോ ആയിരിക്കാം. കുറച്ചുകൂടി പക്വമായ വായനയുള്ള, ഗൗരവപൂർവ്വം സാഹിത്യത്തെ വീക്ഷിക്കുന്നവരും വിലയിരുത്തുന്നവരുമാകാം ജോണിയും ഹിന്ദുസ്ഥാനുമടങ്ങുന്ന കഥകൾ വായിച്ചിട്ടുണ്ടാവുക. അങ്ങനെയുള്ള വായനക്കാർ അഭിപ്രായം എഴുത്തുകാരനെ അറിയിക്കണമെന്നില്ല. വൈകാരികമായി വായനയെ കാണുന്നവരെപ്പോലെയല്ലല്ലോ ബൗദ്ധികമായി വായനയെയും സാഹിത്യത്തെയും കാണുന്നവരുടെ സമീപനം. രണ്ടും രണ്ട് മട്ടിലാണ്.

susmesh-chandroth-kadanakuloohatham-2
ADVERTISEMENT

സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘കദനകുതൂഹല’ത്തിലും പത്ത് കഥകളാണുള്ളത്. ഈ സമാഹാരത്തിലേക്ക് വരുമ്പോൾ കുറേക്കൂടി മാറിയ എന്നെ വായനക്കാർക്ക് കാണാം. അയ്യങ്കാളി, റായക്കോട്ടെയിലെ പാറകൾ, കോടൈയരശൻ എന്നീ കഥകൾ മുന്നേ പറഞ്ഞ ഹിന്ദുസ്ഥാനും ഇരുൾത്താരയും നീ പ്രതിയോഗിയും ജോണിയും പോലുള്ള കഥകളുടെ തുടർച്ചയോ ചാർച്ചയോ അവകാശപ്പെടാവുന്ന കഥകളാണ്. എന്നാൽ തീർത്തും വ്യത്യസ്തവും. പക്ഷേ കുറേക്കൂടി പ്രമേയത്തോട് കാണിക്കുന്ന നീതിയും ഗൗരവവും അയ്യങ്കാളിയിലും റായക്കോട്ടെയിലെ പാറകളിലും കോടൈയരശനിലുമുണ്ട്. അതേസമയം ചിത്തശാന്തിയും കദനകുതൂഹലവും ഒന്നിലധികം മരണപ്പെട്ട മാധവൻകുട്ടിയും സുജാതയുടെ രൂപഭാവങ്ങളോടും ശൈലിയോടും ഇണങ്ങിച്ചേരുന്ന കഥകളാണ്. ചെറുനോവലിനുള്ള പ്രമേയത്തെയെടുത്ത് കുറുക്കി കഥയാക്കുന്ന രീതി കട്ടക്കയം പ്രേമകഥ, ചോരപ്പകയിൽ രാക്കാറ്റ്, നാമം, സുജാത, ഒന്നിലധികം മരണപ്പെട്ട മാധവൻകുട്ടി എന്നീ കഥകളിൽ മുന്നേ പ്രയോഗിച്ചുനോക്കിയിട്ടുണ്ട്. അവ വായനക്കാരുടെ ഇഷ്ടകഥകളുടെ കൂട്ടത്തിൽ വരുന്നതുമാണ്. എന്നാൽ എല്ലായ്‌പ്പോഴും അതേമട്ടിൽ എഴുതിയാൽ മതിയോ. പോരെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കദനകുതൂഹലത്തിലെ വെള്ളിക്കട്ടകൾക്ക് വരാൻ എത്ര കാതം ദൂരം, നാലുപേരുടെ മഴ, ലോകകഥ, പത്മാവതിയുടെ രഹസ്യം പോലുള്ള കുഞ്ഞുകഥകളും ഞാനെഴുതുന്നത്. ‘വെള്ളിക്കട്ടകൾക്ക് വരാൻ എത്ര കാതം ദൂരം’ പോലെയുള്ള കഥകൾ എന്റെ ഗൗരവപ്രകൃതക്കാരായ വായനക്കാർക്ക് തീരെ ഇഷ്ടപ്പെടാൻ പോകുതല്ലെന്ന് എനിക്കറിയാം. ഹരിതമോഹനം വായിച്ച് ആനന്ദിച്ചവർക്ക് അംഗീകരിക്കാൻ കഴിയുതല്ല, ‘ഇരുൾത്താര’യും ‘പുലവൃത്ത’വും ‘കല്ല്, കോഴി, മനുഷ്യർ’ പോലുള്ള കഥകളും. പക്ഷേ എന്തുചെയ്യാം ? എന്നും അച്ചപ്പം മാത്രമുണ്ടാക്കുന്ന വിൽപ്പനക്കാരനാകരുത് എഴുത്തുകാരൻ. പാലപ്പം പ്രതീക്ഷിച്ചുവരുമ്പോൾ നൂലപ്പവും നെയ്യപ്പം തേടിവരുമ്പോൾ അരിമുറുക്കും വിളമ്പുന്ന ഉൽപ്പാദകനാവണം എഴുത്തുകാരൻ. വ്യത്യസ്തരുചികൾ കിട്ടുന്ന ഭോജനശാലയാവണം എഴുത്തുമേശ. എന്റെ സമീപം ഊണ് കൊതിച്ചുവരുമ്പോൾ ഊണില്ലെന്ന് കണ്ടാൽ നിങ്ങൾക്ക് അടുത്തയാളുടെ കട (കഥ) തേടി പോകാം. അല്ലെങ്കിൽ ഊണിനുപകരം, എന്റെ കൈയിലുള്ള ബിരിയാണിയോ കൊത്തുപൊറോട്ടയോ പരീക്ഷിക്കാം. എന്തായാലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഉറപ്പ്.

‘കദനകുതൂഹലം’ എന്ന സമാഹാരവും അതേ പേരുള്ള കഥയും എനിക്കേറെ പ്രിയപ്പെട്ടതാണ്. രണ്ട് സ്ത്രീകൾ പറയുന്ന ചെറിയൊരു വിശേഷം പറച്ചിലാണ് ആ കഥ. സ്ത്രീകൾ പറയുന്ന നൊമ്പരങ്ങൾക്ക് കാതുകൊടുത്താൽ അതിൽനിന്നും ഒരുപാട് കഥകൾ കിട്ടുമെന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. കദനകുതൂഹലത്തിലെ ‘ചിത്ര’ ആ കഥ എന്നോടു പറയുമ്പോൾ അത് അനേകം സ്ത്രീകളുടെ ഉള്ളിലെ കഥയായി മാറുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കുറച്ചു വർഷം മുമ്പ് സാംസ്‌കാരികകേരളം പ്രശസ്തയായ ഒരു സ്ത്രീയെ മുൻനിർത്തി ഏറെ ചർച്ച ചെയ്ത വിഷയത്തിനുപിന്നിലെ ചില വേദനകളായിരുന്നു അവരെന്നോട് പങ്കുവച്ചത്. പറഞ്ഞുപരത്തപ്പെട്ട വിഷയത്തെക്കാൾ ആഴമേറിയത് അതായിരുന്നു. പക്ഷേ അത് പൊതുജനം അിറയാതെ പോയി. അല്ലെങ്കിൽ അവഗണിച്ചു. എന്നാൽ കഥ വന്നതോടെ അതിലെ ‘സത്യസ്ഥിതി’ വായനക്കാരായ സ്ത്രീകൾ ഏറ്റെടുത്തു. കാരണം അതവരുടെ സ്വന്തം ആത്മകഥ തന്നെയായിരുന്നു. പക്ഷേ ശരിക്കുള്ള ‘ചിത്ര’ ആ കഥ വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഞാൻ അന്വേഷിച്ചിട്ടുമില്ല. ചിലപ്പോൾ എന്നോടാ കഥ പറഞ്ഞകാര്യം അവർ മറുപോയിട്ടുണ്ടാവാം. മനസ്സുമുറിഞ്ഞ് സങ്കടപ്പെട്ടെഴുതിയ കഥയായതിനാലാവാം പുരുഷവായനക്കാർക്കും കദനകുതൂഹലം പ്രിയപ്പെട്ടതായത്. ആ കഥയ്ക്ക് കഴിഞ്ഞ വർഷം ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ വിവർത്തനവുമുണ്ടായി. ഈ സമാഹാരത്തിലെ ‘ചിത്തശാന്തി’യും മനസ്സു തണുത്ത് എഴുതിയ കഥയാണ്. ചിത്രയെപ്പോലെ ചിത്തശാന്തിയിലെ നായികയും ഒരുനാൾ ആ കഥ പറയാനായി മുന്നിലേക്ക് വരികയായിരുന്നു. പെണ്ണുങ്ങൾ നൊമ്പരപ്പെട്ട്് പറയുന്നത് അവഗണിച്ചാൽ ഒരുകാലത്തും എഴുത്തുകാരനാവാൻ സാധിക്കില്ല. ഞാൻ ഉൾക്കൊണ്ട പ്രധാന പാഠമാണത്. കഥകൾ പങ്കുവയ്ക്കാൻ സ്ത്രീകൾ വന്നില്ലായിരുെന്നങ്കിൽ ലോകത്തിലെ എഴുത്തുകാരൊക്കെ കഥയില്ലാത്തവരായി മാറില്ലായിരുന്നോ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് എഴുത്തുകാരൻ എന്ന നിലയിൽ എല്ലായ്‌പ്പോഴും കുമ്പിടുന്നതും സ്ത്രീകൾക്കുമുന്നിലാണ്.

ADVERTISEMENT

കഴിഞ്ഞ വർഷമെഴുതി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പകരം’ എന്ന കഥയ്ക്കുശേഷം ഇത്ര നാളായിട്ടും ഞാൻ വേറൊന്നുമെഴുതിയിട്ടില്ല. ദാമ്പത്യത്തിലെ വിരസതയും മൗനവും അനുഭവിക്കുന്ന പുരുഷനും അയാളുടെ അമ്മയും ഭാര്യയും മകളും രണ്ട് മൂന്ന് ജോലിക്കാരുമടങ്ങുന്ന ഗ്രാമീണമായ കഥാന്തരീക്ഷത്തിലാണ് ‘പകരം’ സംഭവിക്കുന്നത്. ജീവിതത്തിന്റെ മടുപ്പ്, ഏകതാനത, വിരസമായിമാറിയ ദാമ്പത്യജീവിതം, കഴിഞ്ഞുപോകുന്ന യൗവനം പകരുന്ന ഉത്കണ്ഠകൾ... ഇവയൊക്കെ കഥയുടെ വിഷയവഴികളിൽ വരുന്നുണ്ട്. ആ കഥ വായിച്ച വായനക്കാർ ഞാൻ പറയാൻ ശ്രമിച്ചതിനെ പിടിച്ചെടുക്കുകയും ആഴ്ചകളോളം ‘പകരം’ തന്ന വായനാനുഭവത്തെക്കുറിച്ച് പറയുകയും ചെയ്തു. എഴുത്തുവഴികളിലും ശൈലികളിലും ഇരുത്തം പ്രകടമാക്കിയ കഥയാണ് ‘പകരം’ എന്ന് മിക്കവായനക്കാരും എഴുത്തുകാരായ സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. ആ തോന്നൽ എനിക്കുമുണ്ട്. ഇനി അവിടെ നിന്നാണ് മുന്നോട്ടുപോകാനുള്ളത്. ആ വിചാരത്തോടെ എെന്നക്കുറിച്ച് ഏറെപ്പറഞ്ഞ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ‘കദനകുതൂഹലം’ കഥസാമാഹാരം വായിക്കാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു.

The Evolution of Susmesh Chandroth's Writing Style:

Kadanakuthuhalam is the latest collection of stories by Susmesh Chandroth, a beloved Malayalam novelist and short story writer. This collection showcases Chandroth's evolving writing style and explores themes relevant to contemporary readers.

ADVERTISEMENT