ചിത്രമായും കവിതയായും കുറിപ്പായും ഒരു ജുഗൽബന്ദിയുടെ അനുഭൂതി...‘സ്നേഹനിലാവും പ്രണയ നക്ഷത്രങ്ങളും’ വായിക്കുമ്പോൾ
Mail This Article
മലയാളത്തിന്റെ പ്രിയകവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ ഓർമ്മകളും കവിതകളും കുറിപ്പുകളും ചിത്രങ്ങളും സമാഹരിച്ചു തയാറാക്കിയ പുസ്തകമാണ് ‘സ്നേഹനിലാവും പ്രണയ നക്ഷത്രങ്ങളും’. ഈ വിഭാഗത്തിൽ അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കൃതിയാണ് ‘ആരുമല്ലല്ലോ നമമൾ ആരുമല്ലല്ലോ’.
‘സ്നേഹനിലാവും പ്രണയ നക്ഷത്രങ്ങളും’ എന്ന കൃതിയിൽ എഴുത്തുകാരന്റെ മനസിനെ സ്വാധീനിച്ച അനുഭവങ്ങളോടുള്ള പ്രതികരണം എന്ന നിലയിൽ ആവിഷ്ക്കരിക്കപ്പെട്ടവയാണ് ഉള്ളടക്കം. അതാകട്ടെ സംയോജിത കലകളുടെ മഴവിൽ ശോഭ സംവഹിക്കുന്നതാണ്. സാധാരണ ഒരു സാഹിത്യ രൂപത്തിന്റെ സമാഹൃത രൂപമാണ് പുസ്തകങ്ങളിൽ കാണാറുള്ളതെങ്കിൽ ഈ പുസ്തകത്തിൽ സകല കലകളുടെ പൂക്കാലമാണ്. ചിത്രമായും കവിതയായും കുറിപ്പായും ഒരു ജുഗൽബന്ദിയുടെ അനുഭൂതി ആസ്വാദകർക്ക് പകരുന്നു. പ്രകൃതിയും പ്രണയവും ബന്ധങ്ങളും അവയോടുള്ള സംവാദങ്ങളുമെല്ലാം ചേർന്ന് പലനിറങ്ങളുള്ള ഭാവരാശി ഈ രചനകളിലുണ്ട്. സഹോദര കവികളുടെ കവിതകളെക്കുറിച്ച് ഉദാഹരണസഹിതമുള്ള ആലോചനകളും വ്യക്തികളെക്കുറിച്ചുള്ള സ്മരണകളുണ്ട്.
അനുഭവങ്ങളെയും ഓർമ്മകളെയും സരള മധുരമായി ആവിഷ്ക്കരിക്കുന്ന ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്ന ആരും തിരിച്ചറിയും പ്രതിഭാധനന്റെ കയ്യൊപ്പ് ഓരോ രചനയിലും സ്പന്ദിക്കുന്നുണ്ടെന്ന്. വേദനകളിൽ നിന്നും മുറിവുകളിൽ നിന്നും ജീവൻ വെയ്ക്കുന്ന ഹൃദയഹാരിയായ എഴുത്ത്. പ്രണയത്തെയും പ്രകൃതിയെയും പേന കൊണ്ട് തൊടുമ്പോൾ ഉള്ളുരുക്കുന്ന കവിതയായും ഉണർവുള്ള ഗദ്യമായും ഭാവനയുടെ വിസ്‌മയലോകം തുറന്നിടുന്നു.
ഗൗരവമുള്ള വിചാരവികാരങ്ങളെ സരളമനോഹരമായി ആവിഷ്‌കരിക്കുന്നവയാണ് ഈ സമാഹാരത്തിലെ രചനകൾ. സമകാലിക അനുഭവങ്ങളെ മുൻനിർത്തി മനുഷ്യയാഥാർത്ഥ്യങ്ങൾക്ക് ലളിതസുന്ദരമായ വ്യാഖ്യാനം നൽകുന്ന പുസ്തകം വായനക്കാരെ ആഴത്തിൽ സ്വാധീനിക്കും. നമുക്ക് സംഭവിച്ച നഷ്ടങ്ങളെയും ആന്തരിക വിക്ഷുബ്ധതകളെയും നവീനമായ ആഖ്യാനരീതിയിൽ വെളിപ്പെടുത്തുന്ന ഈ രചനകൾ പ്രയാസങ്ങളെയും വേദനകളയും അടയാളപ്പെടുത്തുന്നു, അതാകട്ടെ ഇരുണ്ടകാലത്ത് പ്രത്യാശയെ ആശയലോകമായി വളർത്തിയെടുക്കുന്നു.
ഓർമ്മകളെയും അനുഭവങ്ങളെയും ചേർത്തുവച്ച് വാക്കുകളുടെയും വരകളുടെയും മാന്ത്രികത സമ്മാനിക്കുന്ന സൃഷ്ടികൾ ഓരോരോ സംഭവങ്ങളേയും അതിൻമേലുള്ള വിചാരങ്ങളേയും അനുഭൂതിയാക്കി മാറ്റുന്നു. അനുഭവത്തിന്റെ ആകാശത്തിനും ജീവന്റെ ഭൂമിക്കും വേണ്ടി നിലകൊളളുന്ന ഈ കൃതി ജീവിതത്തോട് ചേർന്നുനിൽക്കുന്നു. ചുറ്റുപാടുകളിൽ നിന്ന് വരുന്ന ആനന്ദകരവും വേദനാഭരിതമായ അനുഭവരാശിയോടുള്ള പ്രതികരണമായി വായിച്ചെടുക്കാവുന്ന മികച്ച ആശയങ്ങൾ ഓരോ പേജിലും വിന്യസിച്ചിരിക്കുന്നു. വാക്കായും വരയായും സർഗ്ഗാത്മതകളുടെ ആഘോഷമായിത്തീരുന്ന പ്രാണന്റെ പുസ്തകം. ഒരുപിടി സ്നേഹനിലാവും പ്രണയനക്ഷത്രങ്ങളും കാലത്തിന്റെ ഇരുളാകാശത്ത് നിന്ന് കണ്ടെടുക്കാനുള്ള എളിയ ശ്രമം എന്ന് ഒറ്റ വാക്യത്തിൽ വ്യാഖ്യാനിക്കാവുന്ന ഈ കൃതി രൂപകല്‌പന ചെയ്‌ത് പ്രസിദ്ധീകരിച്ചിരിക്കുന്നത് സ്റ്റോറി സ്ലേറ്റ് ബുക്‌സാണ്.