‘എഴുതുമ്പോൾ എന്റെ കണ്ണുകള്‍ നനഞ്ഞൊഴുകി, സന്തോഷത്താൽ കരഞ്ഞും ആനന്ദിച്ചുമാണ് ഓരോ അധ്യായവും തീർത്തത്’: ‘മഴ തോരും മുൻപേ’ പുസ്തകരൂപത്തിൽ Introducing Mazha Thorum Munpe: Joycy's Masterpiece
Mail This Article
മലയാളത്തിലെ ഏറ്റവും വലിയ നോവൽ വിലാസിനിയുടെ ‘അവകാശികള്‍’ ആണ്. രാജ്യത്തെ ഏറ്റവും വലിയ നോവലും മറ്റൊന്നല്ല. നാല് വാല്യങ്ങളിലായി നാലായിരത്തോളം പേജുകളുള്ള ഈ കൃതി, 1970 ജനുവരി ഒന്നാം തീയതിയാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്. 1975 – ല്‍ രചന പൂര്‍ത്തീകരിച്ചുവെങ്കിലും 1980 ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോഴും മലയാളസാഹിത്യചരിത്രത്തിലെ നിത്യവിസ്മയങ്ങളിലൊന്നായി ‘അവകാശികൾ’ നിലനിൽക്കുന്നു.
എന്നാൽ മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ഏതാണ് ? തർക്കമില്ലാതെ മറുപടി പറയാം, ജനപ്രിയ നോവലിസ്റ്റുകളിലെ മെഗാസ്റ്റാർ ജോയ്സിയുടെ ‘മഴ തോരും മുൻപേ’. ലക്ഷക്കണക്കിനു വായനക്കാരെ ആകർഷിച്ച് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച രചന. ഇപ്പോഴിതാ,‘മഴ തോരും മുൻപേ’ പുസ്തകരൂപത്തിലെത്തിയിരിക്കുന്നു. ഡോൺ ബുക്സാണ് പ്രസാധനം. അസാധാരണ കഥാപാത്രസൃഷ്ടികളും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ കൃതിയുടെ ആദ്യഭാഗമണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ബാക്കി രണ്ടു ഭാഗങ്ങള്‍ വൈകാതെയെത്തും.
‘‘ഞാൻ ഏറ്റവും നന്നായി ഭാഷ ഉപയോഗിച്ചിരിക്കുന്നത് ‘മഴ തോരും മുമ്പേ’ യിലാണ്. കോമളപദങ്ങൾ മാത്രമല്ല അതിൽ. അത് വായിച്ചവർ അയച്ച പത്ത് രണ്ടായിരം കത്ത് എന്റെ കൈവശമുണ്ട്. അതിന്റെ ഓരോ ലക്കവും കണ്ണ് നനയാതെ വായിച്ചു തീർന്നിട്ടില്ലെന്ന് പലരും പറഞ്ഞു. അവരുടെ കണ്ണുകൾ നനഞ്ഞ പോലെ, എഴുതുമ്പോൾ എന്റെ കണ്ണുകളും നനഞ്ഞൊഴുകിയിട്ടുണ്ട്. മുറിയിൽ കയറി, വാതിലും ജനലുമൊക്കെ കുറ്റിയിട്ടാണ് എഴുതിയിരുന്നത്. ആര് വന്ന് വിളിച്ചാലും തുറക്കില്ല. സന്തോഷത്താൽ കരഞ്ഞ്, ആനന്ദിച്ചാണ് ഓരോ അധ്യായവും തീർത്തത്.
‘മഴ തോരും മുമ്പേ’ വായിച്ച് മാനസാന്തരമുണ്ടായവരുണ്ട്. ഒരു പട്ടാളക്കാരന്‍ ഫോണിൽ സംസാരിച്ചിരുന്നു.
‘എന്റെ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് അവരുടെ വിഹിതം കൂടി അവകാശപ്പെട്ട ഇളയ സഹോദരന്റെ ചുമതലയാണെന്നു കരുതി, വല്ലപ്പോഴും മാത്രം, അതും വെറും കൈയോടെയാണ് ഞാൻ തറവാട്ടിലേയ്ക്ക് പോയിരുന്നത്. സാറിന്റെ നോവൽ വായിച്ച ശേഷം ഞാൻ എല്ലാ ആഴ്ചയും പോയി എന്റെ അച്ഛനെയും അമ്മയെയും കാണുന്നു, അവർക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്നു’ എന്നാണ് അയാൾ പറഞ്ഞത്’’.– മുൻപ് ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ടരചനയായ മഴ തോരും മുൻപേയെക്കുറിച്ച് ജോയ്സി പറഞ്ഞതിങ്ങനെ.
എഴുത്തു ജീവിതത്തിന്റെ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും മലയാളത്തിലെ ഏറ്റവും മൂല്യമുള്ള ജനപ്രിയ നോവലിസ്റ്റാണ് ജോയ്സി. ജെ.സി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമല എന്നീ തൂലികാനാമങ്ങളിലുമായി എഴുപത്തിയഞ്ചിലധികം നോവലുകളാണ് ഇതിനോടകം അദ്ദേഹം എഴുതിയത്. അക്കൂട്ടത്തിൽ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ‘മഴ തോരും മുൻപേ’.
‘‘എഴുത്ത് തുടങ്ങിയിട്ട് നാൽപ്പത് വർഷം കഴിഞ്ഞു. ഇതിനകം എഴുപത്തിയഞ്ച് നോവലുകളോളം എഴുതി. വർഷത്തിൽ ശരാശരി രണ്ടോ മൂന്നോ നോവലുകളാണ് എഴുതിയിട്ടുള്ളത്.
ഒരു വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഒക്കെ ആകുമ്പോൾ ഇവൻ തട്ടിക്കൂട്ടിക്കൊടുക്കുന്നതല്ലേ ഇതെന്നാണ് പരലുടെയും വിചാരം. ഗഹനമായ ചിന്തയോ ആലോചനയോ ഒന്നും വേണ്ടല്ലോ. തുടക്കത്തിൽ എനിക്കും തോന്നിയിരുന്നു, നമ്മൾ വേറെ പല കാര്യങ്ങളുമായി നടക്കുന്നു, സമയമാകുമ്പോൾ എഴുതിക്കൊടുക്കുകയല്ലേ എന്ന്. പക്ഷേ, ഒരു നോവൽ അഞ്ച് വർഷം കൊണ്ടാണ് തീരുന്നതെങ്കില്‍ ആ അഞ്ച് വർഷത്തെ മനനം അതിന് പിന്നിലുണ്ട്. നടക്കുമ്പോൾ, കഴിക്കുമ്പോൾ, എവിടെയെങ്കിലും പോയി കാത്തിരിക്കേണ്ടി വരുമ്പോഴൊക്കെ ഇതാണ് ചിന്തിക്കുക’’.– ജോയ്സി പറയുന്നു.
സ്നേഹവും പ്രതികാരവും കാത്തിരിപ്പും നിറഞ്ഞ, ശ്വാസമടക്കിപ്പിടിച്ചു മാത്രം വായിച്ചുതീർക്കാവുന്ന ഉദ്വേഗജനകമായ നിമിഷങ്ങളാണ് ‘മഴ തോരും മുൻപേ’യുടെ ഹൈലൈറ്റ്. മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ തീക്ഷ്ണമായി അടയാളപ്പെടുത്തി, ഓരോ വരിയും മനോഹരമായ പദാവലികളാൽ തീർത്ത ഈ വായനാനുഭവം വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.