ADVERTISEMENT

മലയാളത്തിലെ യുവകഥാകൃത്തും നോവലിസ്റ്റുമാണ് മിഥുൻ കൃഷ്‌ണ. ‘അപരസമുദ്ര’ എന്ന നോവലും ‘ചൈനീസ്‌ മഞ്ഞ’, ‘തീണ്ടാരിച്ചെമ്പ്‌’ എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ‘ഭോഗവധം’. ‘ഭോഗവധ’ത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘വേദനകൾക്ക്‌ അഗ്‌നിയുടെ നിറമാണ്‌...’ എന്ന പേരിൽ മിഥുൻ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

എന്റെ ഉള്ളിൽ എഴുത്ത്‌ ജനിക്കുന്നത്‌ പലപ്പോഴും അസ്വസ്ഥമായ നിശബ്ദതകളിൽ നിന്നാണ്. കോവിഡ് മഹാമാരി ലോകത്തെ ഒരു ശവപ്പറമ്പാക്കി മാറ്റിയപ്പോൾ, ആ മരവിച്ച കാലത്താണ് ‘ഭോഗവധം’ കഥാസമാഹാരത്തിലെ മിക്ക കഥകളും എന്നിലെ എഴുത്തുകാരനെ വേട്ടയാടിത്തുടങ്ങിയത്. ഭയത്തിന്റെ നിഴലുകൾക്കിടയിലും അധികാരത്തിന്റെ ചെങ്കോലുകൾ മനുഷ്യന്റെ അന്തസ്സിനുമേൽ ആഞ്ഞുപതിക്കുന്നത് കണ്ടപ്പോൾ എനിക്ക് എഴുതാതിരിക്കാനാവില്ലായിരുന്നു. മധ്യവർഗ ജീവിതത്തിന്റെ പുറംപൂച്ചുകൾക്കും സവർണ്ണ-പുരുഷാധിപത്യത്തിന്റെ അഴുകിയ മുഖങ്ങൾക്കും സ്‌ത്രീകളുടെ അതിജീവനത്തിനും ഇടയിലൂടെയുള്ള യാത്രയാണ് ഇ‍ൗ കഥാസമാഹാരത്തിലെ ഓരോ കഥകളും. എനിക്ക് ചുറ്റുമുള്ള പരിചിതമായ മുഖങ്ങൾ തന്നെയാണ് എന്റെ കഥാപാത്രങ്ങളായി മാറിയത്. പക്ഷേ അവർ പേറുന്ന വേദനകൾക്ക് തീവ്രമായ അഗ്നിയുടെ നിറമായിരുന്നു.

ADVERTISEMENT

‘ഡിജി ചലഞ്ച്’ എഴുതുമ്പോൾ, നഗരത്തിന്റെ അഴുക്കുകൾ തുടച്ചുനീക്കുന്ന ആനന്ദന്റെ വിയർപ്പിന് പ്രബുദ്ധതയുടെ ദന്തഗോപുരങ്ങൾ കൽപ്പിച്ചുനൽകിയ‘അശുദ്ധി’യുടെ കറകൾ എന്റെ വിരലുകളെ പൊള്ളിച്ചു. ‘പുണ്യാഹച്ചുണ്ട’യിലും ‘അരിവാൾ കൊക്കനി’ലും ഞാൻ കണ്ടത് ജാതിയുടെ വിഷം ചീറ്റുന്ന സർപ്പങ്ങളെയാണ്. മനുഷ്യത്വത്തെക്കാൾ വലിയ പ്രമാണമായി ജാതി മാറുന്ന കാലത്ത്, ‘ലുണാറ്റിക്കി’ലെ ലൂണയെപ്പോലെ ബലികൊടുക്കപ്പെടുന്ന സർഗ്ഗാത്മകതയുടെ ആത്മനോവ് എനിക്ക് വാക്കുകളിൽ ഒതുക്കാവുന്നതിലും അപ്പുറമായിരുന്നു. സ്നേഹവും കാമവും പ്രണയവും എന്റെ കഥകളിൽ പെയ്തിറങ്ങുമ്പോൾ തന്നെ, അതിനിടയിൽ അധികാരത്തിന്റെ കറുത്ത കൈകൾ വിതയ്ക്കുന്ന വിഷാദത്തെയും ഞാൻ അടയാളപ്പെടുത്താൻ ശ്രമിച്ചു.

ഭരണകൂടം ‘ദേശസ്നേഹം’ എന്ന മനോഹരമായ പദത്തെ ജനങ്ങളെ വേട്ടയാടാനുള്ള ആയുധമാക്കുന്നത് ‘ഗല്ലേഫേസും’ ‘ശശിനാസ് എലിയ ഹരിത’യും എഴുതുമ്പോൾ ഞാൻ നടുക്കത്തോടെ തിരിച്ചറിഞ്ഞു. റെജിയെപ്പോലെയുള്ള കഥാപാത്രങ്ങളിലൂടെ സമകാലിക അശ്ലീലതകളെ തുറന്നുകാട്ടുമ്പോൾ, അത് കാലത്തോടുള്ള എന്റെ കലഹമായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിലാപങ്ങളെയും, അടിച്ചമർത്തപ്പെട്ടവന്റെ അസ്തിത്വത്തെയും ഈ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. ആധിപത്യങ്ങളുടെ താത്പര്യപ്രകാരം കെട്ടിയുയർത്തിയ ഈ സാമൂഹ്യക്രമത്തോട് സർഗ്ഗാത്മകമായി സംവദിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നത്‌ എഴുത്തിനെയാണ്‌. ഭോഗവധത്തിലെ പതിനൊന്നു കഥയും എന്റെ ഹൃദയത്തിൽ നിന്ന് അടർന്നു വീണതാണ്‌; മനുഷ്യപക്ഷത്തു നിൽക്കാനുള്ള ഒരു എഴുത്തുകാരന്റെ എളിയ ദൗത്യം.

ADVERTISEMENT
Mithun Krishna's New Short Story Collection 'Bhogavadham':

Bhogavadham is the latest short story collection by Mithun Krishna, a prominent Malayalam novelist and short story writer. The collection delves into the experiences of the middle class, the oppressive nature of caste and patriarchy, and the resilience of women, often drawing inspiration from familiar faces and their profound struggles.

ADVERTISEMENT
ADVERTISEMENT