ADVERTISEMENT

മലയാളത്തിലെ ശ്രദ്ധേയ നോവലിസ്റ്റും കഥാകൃത്തുമായ വി.ഷിനിലാലിന്റെ മൈക്രോ കഥകളുടെ സമാഹാരമാണ് ‘അകം പുറം’. പല കാലങ്ങളായി അദ്ദേഹമെഴുതിയ കുഞ്ഞുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘അകം പുറം’ പശ്ചാത്തലത്തില്‍ തന്റെ മൈക്രോ കഥാസങ്കൽപ്പത്തെക്കുറിച്ച് ‘കുറിയ വലിയ കഥകൾ’ എന്ന പേരിൽ ഷിനിലാൽ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

സമുദ്രത്തെ അറിയാൻ നാം സമുദ്രസഞ്ചാരം ചെയ്യേണ്ടതില്ല. കടൽത്തീരത്ത് നിന്ന് കൈക്കുമ്പിളിൽ കോരിയെടുക്കുന്ന ജലത്തിൽ, അതിലൊരു തുള്ളിയിൽ മഹാസമുദ്രമുണ്ട്.

ADVERTISEMENT

ജീവിതത്തെ അപ്പാടെ ആവിഷ്കരിക്കാൻ ഇതിഹാസങ്ങൾ തന്നെ വേണമെന്നില്ല. നാല് തുള്ളി വാക്കുകൾക്ക് ജീവിതത്തിന്റെ അനന്ത വിശാലതയും ആഴവും വേദനയും കാട്ടിത്തരാനാവും. ഇങ്ങനെയാണ് കുറും കഥകൾ പിറന്നത്. സൂര്യനെ പ്രതിഫലിപ്പിക്കുന്ന മഞ്ഞുതുള്ളികൾ പോലെ അവ സൂക്ഷ്മമാണ്.

ഞാൻ ആദ്യം എഴുതിയത് ഒരു മിനിക്കഥയായിരുന്നു. ആത്മാവ് എന്നു പേരുള്ള ആ കഥ മാതൃഭൂമി ബാലപംക്തിയിലാണ് അച്ചടിച്ചു വന്നത്. ഇതാണ് ആ കഥ.

ADVERTISEMENT

ആത്മാവ് :

അഖിലഭാരതൻ എന്നൊരാൾ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കൾ കൂടിനിന്ന് തേങ്ങി. അടക്കംചെയ്ത സ്ഥലത്ത് ഒരാൾ ഒരു തെങ്ങിൻതൈ നട്ടു.

ADVERTISEMENT

അദ്ദേഹത്തിന്റെ ആത്മാവ് തെങ്ങിന്റെ ഒരു വേരിൽ കയറി ഒളിച്ചിരുന്നു.

തെങ്ങ് വളർന്നു.

സന്ദർഭമൊത്തപ്പോൾ ആത്മാവ് ഒരു തേങ്ങയുടെ ഉള്ളിൽ കയറിപ്പറ്റി.

ഒരു തണ്ടാൻ വന്ന് തേങ്ങയെ തറപറ്റിച്ചു. ഒരു ചാക്കിനുള്ളിൽ കയറി നഗരച്ചന്തയിലേക്ക്. ഒരു ഉദ്യോഗസ്ഥയുടെ വാനിറ്റി ബാഗിൽ കയറി വീട്ടിലേക്ക്. ഒരു വെട്ടുകത്തി വന്ന് തേങ്ങയെ രണ്ടാക്കി.

അഖിലഭാരതന്റെ ആത്മാവും രണ്ടു തുണ്ടായി. പിന്നെ, മിക്സിക്കുള്ളിൽ അകപ്പെട്ട് ഉരുണ്ട് പിരണ്ട് കുഴമ്പായി മാറി.

ഉദ്യോഗസ്ഥയുടെ തീൻമേശയിൽ കൂട്ടുകറികളായി നിരന്നപ്പോൾ ആത്മാവിന്റെ ഒരു ചംക്രമണം പൂർത്തിയായി.

ഇങ്ങനെയാണത്രെ ഇന്ത്യക്കാരന് ആത്മാവ് നഷ്ടമാകുന്നത്.

പെട്ടെന്ന് ഉണ്ടായി പെട്ടെന്ന് മറയുന്ന മിന്നലുകൾ പോലെയാണ് മിനിക്കഥകൾ. പത്തോ നൂറോ വാക്കുകൾ, പക്ഷ, നല്ല വായനക്കാരെ അനേകമായ ചിന്തകളിലൂടെ നടത്തിക്കും. അപ്പോൾ ഓരോ വാക്കും ഒരു നോവലായി മാറും. അതിന് ഉദാഹരണമാണ് ലോക പ്രശസ്ത നോവലിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിങ്‌വേ എഴുതിയ കുറുംകഥ.

For sale; baby shoes, never worn.

മിനിക്കഥ, കുറുംകഥ, മിന്നൽക്കഥ എന്നൊക്കെ മലയാളത്തിലും Flash fiction, micro fiction എന്നിങ്ങനെ ഇംഗ്ലീഷിലും പറഞ്ഞു വരുന്ന ഈ സാഹിത്യവിഭാഗത്തിലെ ഏറ്റവും പ്രശസ്തമായ കഥയാണ് വെറും ആറ് വാക്കുകൾ മാത്രമുള്ള ഇത്. ആയിരക്കണക്കിന് പേജുകളിൽ ആവിഷ്കരിക്കാവുന്ന ഒരു കൃതിയുടെ സത്തയാണ് ഈ ആറ് പദങ്ങൾ. ഒരു ശിശു മരിക്കുന്നു. ഒരിക്കലും ധരിക്കാത്ത അതിന്റെ ഷൂസ് ഇതാ വിൽപ്പനക്ക് വെച്ചിരിക്കുന്നു. ആറ് വാക്കുകൾ കൊണ്ട് വിൽപ്പനക്ക് വച്ചിരിക്കുന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും ദുരന്തമയമായ നോവിനെയാണ്. ഓരോ വാക്കും അങ്ങനെ അടങ്ങാത്ത വേദനയുടെ പ്രതീകമായി മാറുന്നു.

ഞാനതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു നോക്കി:

വിൽപ്പനക്ക്; ഒരിക്കലും ധരിക്കാത്ത കുഞ്ഞുപാപ്പാസ്’

ഭാഷയുടെ അസാമാന്യ ശക്തിയുടെ തെളിവാണ് കുറുംകഥകൾ. വലിയ ആശയങ്ങളെ കുറുക്കിക്കുറുക്കിയെടുത്ത് അതിന്റെ സത്ത മാത്രം വെളിപ്പെടുത്തുന്ന സാഹിത്യാനുഭവമാണ് അത്. അങ്ങനെ ഹെമിങ് വേയുടെ കഥ മലയാളത്തിലാക്കിയപ്പോൾ ഒരത്ഭുതത്തിന് കൂടി ഞാൻ സാക്ഷിയായി. ആറ് വാക്കുകൾ ഉള്ള ഇംഗ്ലീഷ് കഥ മലയാളത്തിലായപ്പോൾ വെറും നാല് വാക്കുകൾ. എന്റെ മലയാളത്തെ കുറിച്ച് എനിക്ക് അഭിമാനവും തോന്നി.

മലയാളത്തിൽ പൊതുവേ മുഖ്യധാരാ സാഹിത്യത്തിന്റെ ഗണത്തിൽ കുറുംകഥകൾ പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാൽ ലോകത്ത് അങ്ങനെയല്ല. വേഗവേഗത്തിൽ സ്ക്രോൾ ചെയ്തു നീങ്ങുകയാണല്ലോ നമ്മുടെ കാലം. അവിടെ ഒറ്റ നിമിഷത്തിൽ കൺതൊട്ടു പോകുന്ന കുറച്ച് വാക്കുകൾക്ക് നമ്മളെ കുറച്ചേറെ നേരത്തേക്ക് പിടിച്ചു നിർത്താനും ചിന്തിപ്പിക്കാനും കഴിയും. ഒരുപക്ഷേ, നാളെയുടെ സാഹിത്യം തന്നെ കുറും കഥകളായിരിക്കാം.

ആറ് മുതൽ ആയിരം വാക്കുകൾ വരെയുള്ള കഥകളാണ് ഫ്ലാഷ് ഫിക്ഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഹെമിങ് വേക്ക് പുറമേ മഹാരഥരായ ആന്റൺ ചെക്കോവും സോമർസെറ്റ് മാഘവും ഉൾപ്പെടെ ലോകത്തെ വലിയ പല എഴുത്തുകാരും ഫ്ലാഷ് ഫിക്ഷൻ എഴുതിയിട്ടുണ്ട്. മലയാളത്തിൽ ആ നിര ഒ.വി.വിജയൻ,അഷിത,ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, പി. സുരേന്ദ്രൻ മുതൽ സമകാലത്തെഴുതുന്ന അമൽ വരെ നീണ്ടുകിടക്കുന്നു. മേൽപ്പറഞ്ഞ എഴുത്തുകാരെല്ലാം നോവലിസ്റ്റുകളോ ചെറുകഥാകൃത്തുക്കളോ ചിലപ്പോൾ രണ്ടും കൂടിയോ ആണ്. എന്നാൽ ഫ്ലാഷ് ഫിക്ഷൻ മാത്രം എഴുതി പ്രശസ്തനായ ഒരേയൊരു എഴുത്തുകാരനേ മലയാളത്തിൽ ഉള്ളു. പി.കെ.പാറക്കടവ്. അദ്ദേഹം തന്റെ മിനിക്കഥകൾക്ക് മിന്നൽക്കഥകൾ എന്നാണ് പേരിട്ടിരിക്കുന്നത്. അമൽ ടിഷ്യൂ പേപ്പർ കഥകൾ എന്നും.

സാഹിത്യം കൈകാര്യം ചെയ്യുന്ന, മിക്കവാറും എല്ലാ ഭാവങ്ങളും ഫ്ലാഷ് ഫിക്ഷനിലും ആവിഷ്കരിച്ച് കാണുന്നുണ്ട്. ഒ.വി. വിജയന്റെ ഒരു ആക്ഷേപഹാസ്യ കഥ വായിച്ചു നോക്കൂ:

യുക്തിവിജയം :

ഉല്പതിഷ്ണുക്കളായ ചിലർ നടത്തിവരുന്ന ഒരു അന്ധാശ്രമമുണ്ടായിരുന്നു നഗരത്തിൽ. നൂറു കണ്ണുപൊട്ടൻമാർ അവിടെ താമസിച്ചു. ഒന്നിലും വിശ്വസിച്ചു പോകരുതെന്ന് ഉല്പതിഷ്ണുക്കൾ കണ്ണുപൊട്ടൻമാരെ ശാസിച്ചിരുന്നു. കാരണം അന്ധൻമാരുടെ വിശ്വാസം, അതെന്തു തന്നെയായാലും അന്ധവിശ്വാസമാകുമല്ലോ.

അവസാനം ഉല്പതിഷ്ണുക്കളുടെ ശാസനത്തിന്റെ ഫലമായി തങ്ങൾ കണ്ണു പൊട്ടൻമാരാണെന്നു പോലും അവർ വിശ്വസിക്കാതായി.

ലോകത്ത് ഫ്ലാഷ് / മൈക്രോ ഫിക്ഷൻ വിഭാഗത്തിൽ വൻ തുകകൾ സമ്മാനിക്കുന്ന പുരസ്കാരങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്പെയിനിലെ Cesar Egido Serrano Foundation നൽകുന്നത്. ലോകമെമ്പാടും നിന്ന് ആയിരക്കണക്കിന് കഥകളാണ് ഈ മത്സരത്തിന് എത്തുന്നത്. മനുഷ്യവർഗ്ഗത്തിന്റെ സർഗാത്മകതയുടെ വൈവിധ്യമാണ് ഇത് വെളിപ്പെടുത്തുന്നത്. അതിൽ ഒന്നാം സ്ഥാനത്തെത്തുന്ന കഥക്ക് 20000 ഡോളർ ആണ് സമ്മാനത്തുക. (ഏകദേശം 18 ലക്ഷം രൂപ) ഇത് മനസ്സിൽ വച്ചുകൊണ്ട് ഞാനൊരു കണക്കുകൂട്ടൽ നടത്തുകയുണ്ടായി. മുകളിൽ വായിച്ച ഹെമിങ്വേയുടെ കഥയിൽ ആകെ ആറ് വാക്കുകൾ. 18 ലക്ഷത്തിന് ആറ് കൊണ്ട് ഭാഗിച്ചാൽ 3 ലക്ഷം കിട്ടും. അതായത് ഹെമിങ് വേയുടെ ഒരു വാക്കിന് വില മൂന്ന് ലക്ഷം.

ഇനി ആ കഥയുടെ വിവർത്തനത്തിലേക്ക് വരൂ. അതിൽ നാലേ നാല് വാക്കുകൾ. 18 ലക്ഷത്തിനെ നാല് വാക്കുകൾ കൊണ്ട് വീതിച്ചാൽ 4.5 ലക്ഷം കിട്ടും. അതായത് നമ്മുടെ സ്വന്തം മലയാളത്തിന്റെ ഒരു വാക്കിന് വില നാലര ലക്ഷം രൂപ. ഒരു നിമിഷം എനിക്ക് എന്റെ ഭാഷയുടെ ശക്തിയെ കുറിച്ച് അഭിമാനം തോന്നി. ഇത് എല്ലാ സാഹചര്യത്തിലും വാദിച്ച് തെളിയിക്കാനാവുന്ന സംഗതിയൊന്നുമല്ല. എന്നാലും എനിക്ക് അഭിമാനം തോന്നി.

കഥകളെ ചുരുക്കി എഴുതുമ്പോൾ കിട്ടുന്ന ഒന്നല്ല കുറുംകഥ. അത് സ്വന്തമായി ഒരു പ്രസ്ഥാനമാണ്. ചെറുകഥക്കും കവിതക്കും ഇടയിലാണ് അതിന്റെ നിലനിൽപ്പ്. ഒരുപക്ഷേ, അടുപ്പം കൂടുതൽ ഉള്ളത് കവിതയോടായിരിക്കും.

പലരും എന്നോട് ചോദിക്കാറുണ്ട്, ഇത്രയും ചെറുതായി എഴുതുന്നത് പ്രയാസമല്ലേ എന്ന്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഒരു ആശയം മനസ്സിലേക്ക് വരുമ്പോൾ തന്നെ അത് ചെറുകഥയാണോ , നോവലാണോ, മിനിക്കഥയാണോ, വെറും ചിന്തയാണോ എന്ന് തെളിയും. അതിനനുസരിച്ചാണ് എഴുതുന്നത്. ഒരുപാട് ചിന്തിച്ച് ചിന്തിച്ച് എഴുതുന്നതല്ല ശീലം. അവ അങ്ങനെ ഉണ്ടാകുന്നതാണ്.

ഒരു കുഞ്ഞു കഥകൂടി എഴുതി ഇത് അവസാനിപ്പിക്കാം.

കിളിപോയ വീടുകൾ:

ഒരു വീടിന് മുന്നിൽ വന്ന് അയാൾ കോളിങ് ബെല്ലടിച്ചു.

അകത്ത്നിന്ന് അള്ളാഹു അക്ബർ കേട്ടു.

ഇവരെന്റെയാളല്ല.

അയാൾ മടങ്ങി.

രണ്ടാമത്തെ വീട്ടിലും ബെല്ലടിച്ചുഃ

ഗുരുദേവാ ഗുരുദേവാ.

മൂന്നാമത്തെ വീട്ടിൽ ബല്ലടിച്ചുഃ

രാമരാമ.

നാലാമത്തെ വീട്ടിൽ നിന്നും ഈശാ മറിയം കേട്ടു.

പണ്ടൊക്കെ കോളിങ്ബല്ലടിക്കുമ്പോൾ കിളിശബ്ദമാണ് കേട്ടിരുന്നത്.

കിളിപോയ വീടുകൾ’ അയാൾ പുറുപുറുത്തുകൊണ്ട് നടന്നു.

The Essence of Micro-Fiction: Less is More:

This article explores the world of micro-fiction, drawing from V. Shinalal's collection 'Akam Puram'. It delves into the power of brevity in storytelling, comparing it to a drop of ocean water representing the vast sea.

ADVERTISEMENT