ADVERTISEMENT

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ വി മോഹൻകുമറിന്റെ ‘ഉല : നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും’ എന്ന പുതിയ നോവലിനു ‘എത്ര കൊന്നിട്ടും ചത്തുകെട്ടുപോകാത്ത ചരിത്രം’ എന്ന പേരിൽ സുരേഷ്‌ എം.ജി. എഴുതിയ ആസ്വാദനം വായിക്കാം –

കെ. വി. മോഹൻകുമാറിന്റെ ‘ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും’ മലയാള നോവൽ സാഹിത്യം ചത്തുകെട്ടുപോകുകയല്ല എന്നതിനിതാ മറ്റൊരു തെളിവ്‌.

ADVERTISEMENT

ഒരു വിഭാഗത്തിന്‌ തങ്ങളാണു ശരി, തങ്ങൾക്ക്‌ കീഴെ നിൽക്കേണ്ടവരാണ്‌ മറ്റുള്ളവരെല്ലാം, അങ്ങനെ ചെയ്യാൻ തയ്യാറല്ലാത്തവരെ കൊന്നു തള്ളണം എന്ന ചിന്താഗതി വളർത്തുന്നത്‌ മതങ്ങളാണ്‌. മതങ്ങൾ മാത്രം. മതം രാക്ഷസീയാധികാരത്തിന്റെ മറ്റൊരു പതിപ്പാണ്‌. മതത്തിന്റെ പ്രേരിൽ പ്രചരിപ്പിക്കുന്ന, ബാക്കിയുള്ള, തത്ത്വചിന്തകളെല്ലാം മുഖം മൂടി മാത്രം. അധികാരം കയ്യടക്കാനുള്ള വടിവാളായിരുന്നു എന്നും മതം. ഇന്നും. അധികാരം എന്നാൽ മറ്റുള്ളവരെ കാൽച്ചുവട്ടിൽ നിർത്താനുള്ള അധികാരം. സമ്പത്ത്‌ തന്റേതു മാത്രമാക്കാനുള്ള അധികാരം. അത്‌ ലോകത്തിന്റെ ഏതുഭാഗത്തായിരുന്നാലും അങ്ങനെ തന്നെയായിരുന്നു. ഏതു മതമായിരുന്നാലും അങ്ങനെയായിരുന്നു, ഇപ്പോഴുമാണ്‌. രാഷ്ട്രീയാധികാരത്തിന്റെ മറ്റൊരു പേരുമാത്രമാണ്‌ മതം എന്നത്‌.

സാമൂഹ്യ രീതികളും ഭൗതികതയും രാഷ്ട്രീയവും ബന്ധിപ്പിച്ച നോവലാണ്‌ ‘ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും’. ഇതിനെ ഒരു ചരിത്രനോവൽ എന്ന്‌ വിശേഷിപ്പിച്ചാൽ അതപൂർണ്ണതയാകും. ചരിത്രത്തിനകത്തേക്കെത്തി നോക്കി വർത്തമാനകാലത്തെ വിലയിരുത്താൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവലാണിത്‌. പാലായനം, അധിനിവേശം, സംസ്കാരങ്ങളുടെ നാശം എന്നിവ ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു. മഹത്തരങ്ങളായ മനുഷ്യാനുഭവങ്ങൾ ഇതിൽ കാണാനാകും. ഇതെല്ലാം ചേർത്ത്‌, ഇതിനൊപ്പം കീഴാള ജീവിതവും സ്ത്രീ സ്വാതന്ത്ര്യവും ആത്മീയതയും ചേർത്ത്‌, എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അല്ലെങ്കിൽ ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുള്ള കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥ ചമച്ചിരിക്കുകയാണ്‌ എഴുത്തുകാരൻ. കേരളത്തിൽ ബൗദ്ധ രീതികൾ പുരോഗതി പ്രാപിച്ചതും പിന്നീട്‌ അത്‌ ഉന്മൂലനം ചെയ്യപ്പെട്ടതും അതുമൂലം സാമൂഹ്യ ഘടനയിൽ വന്ന മാറ്റങ്ങളും ഈ കൃതിയിൽ വിഷയമായിരിക്കുന്നു.

ADVERTISEMENT

കഥയെ നയിക്കുന്നത്‌ നിയോഗിയും മസൂദിയുമാണെന്ന്‌ പറയാം. ബുദ്ധധർമ്മത്തിന്റെ സൂക്ഷ്മതകളുടെ പ്രതീകമായ നിയോഗിയിലൂടേയും ധൈഷണിക വിചാരങ്ങളുടെ പ്രതിനിധിയായ മസൂദിയിലൂടെയും. ചെന്തില, ഇളവെയിലി തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ വേറെയുമുണ്ട്‌.

ഉല ഒരു സാധാരണ ചരിത്ര നോവലല്ല. ചരിത്ര നോവൽ എന്ന വിവക്ഷയുടെ നാലതിരുകളിൽ ഇതിനെ തളയ്ക്കാനാകില്ല. പക്ഷേ ചരിത്രം എങ്ങനെ എഴുതപ്പെടുന്നു എന്ന്‌ ഈ നോവൽ നമ്മളോട്‌ പറയുന്നു. എഴുതപ്പെട്ടത്‌ പുത്തൻ ചരിതമാണെങ്കിലും അതു പിന്നെ പുത്തൻ ചരിതവല്ല....നുമ്മടെ ചരിതം. നരന്റെ ചരിതം എന്നാകുന്നു. ആദ്യമെഴുതിയത് നാക്കുപിഴയാകുന്നു. (ഉലയിൽ അധികാരമവസാനം പിടിച്ചെടുക്കുന്ന കഥാപാത്രമാണ്‌ നരൻ). ആരുടെയൊക്കെ ജീവിതം ചരിത്ര രേഖകളിൽ സ്ഥാനമില്ലാതെ പോകുന്നു എന്ന്‌. ഉല നമ്മെ പല കാലങ്ങളിലായി പലയിടത്തായി ചിതറിക്കിടക്കുന്ന മനുഷ്യാനുഭവങ്ങളുടേയും, വിശ്വാസങ്ങളുടേയും, അധികാര ബന്ധങ്ങളുടേയും, സാംസ്കാരിക മാറ്റങ്ങളുടേയും അവശിഷ്ടങ്ങളിലൂടെ കൈ പിടിച്ചു നടത്തിക്കുന്നു. ഇതിൽ രാജാക്കന്മാരുടെ വിജയഗീതങ്ങളില്ല. പരാജയപ്പെട്ടവരുടേയും മാറ്റിനിർത്തപ്പെട്ടവരുടേയും നശിപ്പിക്കപ്പെട്ടവരുടേയും ജീവിതമാണുള്ളത്‌.

ADVERTISEMENT

നോവലിലെ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ വിവരിക്കാനാകാത്ത ഒരു ചന്തമുണ്ട്‌. ആ കഥാപാത്രങ്ങൾ ചരിത്രത്തിന്റെ സാക്ഷികളും ഇരകളുമാണ്‌. പെൺജീവിതത്തിന്റെ വ്യതസ്ത അവസ്ഥകളെ പ്രതിനിധീകരിക്കുന്നവരാണ്‌. അവർ അതേ സമയം പ്രതിരോധത്തിന്റെ തീപ്പൊരികൾ മനസിൽ സൂക്ഷിക്കുന്നവരുമാണ്‌. കരുത്തിന്റെ പ്രതീകമാണ്‌.

നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം, അങ്ങനെ തന്നെ പറയട്ടെ, പ്രകൃതിയാണ്‌. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം. കാടും ചതുപ്പും മലകളും പുഴയും കടലുമെല്ലാം നിറഞ്ഞു നിൽക്കുന്നു ഈ നോവലിൽ. കഥയുടെ ഓരോ ചലനത്തിനും പ്രകൃതി കൂട്ടു നിൽക്കുന്നു, ചുക്കാൻ പിടിക്കുന്നു.

ഉലയിലെ ഭാഷ ലളിതമെന്ന്‌ പറയാനാകില്ല. ഇത്തിരി പുരാതനത്വം തോന്നുന്ന ഭാഷ. അതിനൊപ്പം ആധുനികവുമാണത്. അതിനാൽ തന്നെ വായനയിൽ ശ്രദ്ധകുറഞ്ഞാൽ ചിലപ്പോൾ അർത്ഥം, ഉദ്ദേശ്യം, നഷ്ടപ്പെട്ടേക്കാം. ശ്രദ്ധയോടെ, വരികളിലും വാക്കുകളിലും മനസ്സുറപ്പിച്ച്‌ മുന്നോട്ടു നീങ്ങേണ്ടുന്ന കൃതി. ക്ഷമയോടെ വായിച്ചാൽ അതൊരു അനുഭവമാകും. നമുക്ക്‌ ഉലയ്ക്കൊപ്പം, ഗ്രന്ഥകർത്താവിനൊപ്പം സഞ്ചരിക്കാനാകും. ഉലയുടെ പ്രമേയത്തേക്കാൾ ഭാഷയ്ക്ക്‌ ചന്തമില്ലേ എന്ന തോന്നൽ ശക്തിപ്പെടും. അതെ, ഒരു നേരമ്പോക്കു വായനയ്ക്കൊട്ടും ഉതകാത്ത കൃതിയാണ്‌ ഉല. അല്ലെങ്കിൽ ഒരു പക്ഷേ വായനക്കാർ ആശയക്കുഴപ്പത്തിലായേക്കും. ആ ഘടനയാണീ നോവലിന്റെ ശക്തിയും സൗന്ദര്യവും.

ഒരു കഥവായിക്കാനിരിക്കുകയാണെങ്കിൽ നിങ്ങൾ ഉല വായിക്കാനെടുക്കരുത്‌. തകർന്നടിയുന്ന സ്വപ്നങ്ങളാണീ കൃതിയിലധികവും. കാര്യകാരണ സഹിതം അതിനെ വിശദീകരിക്കാനൊന്നും ഗ്രന്ഥകർത്താവ്‌ മിനക്കെടുന്നില്ല. പകരം അവിടങ്ങളിൽ മൗനം പാലിച്ച്‌ കൃതിയ്ക്ക്‌ ശക്തി പകരുന്നു. വായനയ്ക്ക്‌ ഊർജ്ജം പകരുന്നു. വായനക്കാർക്ക്‌ കൃതിയിലൊരു ഇടം നൽകുന്നു. വിശകലനത്തിനും വ്യഖ്യാനത്തിനുമുള്ള ഇടം.

ആദ്യാവസാനം നമ്മൾ മനുഷ്യരായിരിക്കണം എന്നോർമ്മിപ്പിക്കുന്ന കൃതികൂടിയാണ്‌ ‘ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും’. അതിനായി കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തെ പശ്ചാത്തലമാക്കിയിരിക്കുന്നു എന്നു മാത്രം. കൊന്നും കൊലവിളിച്ചും ഒരു സംസ്കാരത്തെ അട്ടിമറിച്ച, ഉന്മൂലനം ചെയ്ത, കുതികാൽ വെട്ടിയ, ചരിത്രത്തെ. കെട്ടുകഥകളാൽ മറക്കപ്പെടുന്ന ഒരു ചരിത്രത്തെ. കൊന്നാൽ പാപം തിന്നാൽ തീരും എന്ന പൊഴിച്ചൊല്ലിനെ വെല്ലുവാൻ കൊന്ന പാപങ്ങളെ അതിന്റെ മനസാക്ഷിക്കുത്തിനെ, അല്ലെങ്കിൽ ഇനിയും കൊല്ലാൻ ലഭിക്കുന്നില്ലല്ലോ എന്ന വിമ്മിട്ടത്തെ, ആചാരങ്ങളാക്കിയ ചരിത്രത്തെ.

K V Mohankumar's 'Ula': A Novel Challenging Historical Narratives:

K V Mohankumar's 'Ula: Niyogiyude Sancharangal, Masoodiyudeyum' is a profound Malayalam novel that transcends typical historical fiction. The review, 'History That Cannot Be Erased By Killing', highlights how the novel intricately connects societal norms, materialism, and politics, prompting readers to reflect on the present through the lens of the past.

ADVERTISEMENT