ADVERTISEMENT

ഇസബെല്ല ഫെർണാണ്ടസ്’ എന്ന നോവലിലൂടെ വായനാസമൂഹത്തിനു പരിചിതയായ മലയാളത്തിന്റെ യുവനോവലിസ്റ്റും ചെറുകഥാകൃത്തുമായ മർജാന പർവീൻ കെ. എഴുതിയ പുതിയ ചെറുകഥ ‘നീളുന്ന പാതകൾ’ വായിക്കാം –

രാത്രിയുടെ തുടക്കമാണ്. ജൂത തെരുവിൽ സായാഹ്നത്തിലെ മഴ അവശേഷിപ്പിച്ച തണുപ്പിലൂടെ അയാൾ നടക്കുകയായിരുന്നു. പാതയുടെ ഇരുവശത്തും കടലാസ് പൂക്കളുടെ ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ അത് വ്യക്തമായി കാണാം. അയാൾ ചുറ്റും നോക്കി. കണ്ണുകളിൽ അവ്യക്തമായ ഒരു തരം പരവേശം.

ADVERTISEMENT

അപരിചിതയായ ലൂസി ഡഗ്ലസ് എന്ന യുവതി ഒപ്പമുണ്ട്. അവൾക്ക് പിന്നിലായി ജൂത തെരുവിലെ പഴയ സെമിത്തേരി കണ്ടപ്പോൾ അയാൾക്ക് ഭയം തോന്നി. ചെടികൾ മൂരി നിവർന്ന് മഴത്തുള്ളികളെ കുടഞ്ഞിടുന്നുണ്ടായിരുന്നു. വഴികളെ കുറിച്ച് അയാൾക്ക് ധാരണയുണ്ടായിരുന്നില്ല. ബന്ധുവായ ക്ലീറ്റസ് പെരേരയുടെ വീട് തേടിയുള്ള അന്വേഷണത്തിലാണയാൾ. അത് ജൂത തെരുവിലെവിടെയോ ആണ് എന്നത് മാത്രമാണ് ഏക ഓർമ്മ. വിലാസമടങ്ങിയ ബാഗ് നഷ്ടമായിപോയില്ലായിരുന്നുവെങ്കിൽ അയാൾക്ക് വഴികളെയും പാതകളെയും കുറിച്ച് നേരിയ ധാരണയെങ്കിലുമുണ്ടായിരുന്നേനെ. അയാൾക്ക് വിശപ്പ് തോന്നി. ക്ലീറ്റസ് പെരേരയ്ക്കായി മമ്മ കൊടുത്തുവിട്ട പോർക്ക് വരട്ടും പാലപ്പവുമെല്ലാം ബാഗിലായിരുന്നു. ഒപ്പം അപ്പൻ എഴുതി കൊടുത്ത വിലാസവും. ഈ വഴി താനെങ്ങനെ എത്തിപ്പെട്ടുവെന്നായിരുന്നു അയാൾ അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്. ആ പഴയ സെമിത്തേരിക്കടുത്ത് ബോധമില്ലാതെ കിടക്കുകയായിരുന്ന അയാളെ ഉണർത്താൻ താനൊരുപാട് ശ്രമപ്പെട്ടുവെന്ന് ലൂസി പറഞ്ഞു. ആ തെരുവിൽ, രാത്രിയുടെ ഇരുട്ടിൽ, എങ്ങനെയാണ് ലൂസി ഭയമില്ലാതെ ഇറങ്ങി നടക്കുന്നത് എന്ന് ചോദിക്കാൻ അയാൾക്ക് തോന്നിയെങ്കിലും അത് സന്ദർഭത്തിന് ചേർന്നതല്ല എന്നറിയാവുന്നത് കൊണ്ട് ചോദിച്ചില്ല. ഇപ്പോൾ ചിന്ത അതൊന്നുമല്ല. ജൂത തെരുവിൽ എത്തിയത് എങ്ങനെയാണെന്നോ ബാഗ് എങ്ങനെ നഷ്ടമായെന്നോ ഒന്നും അയാൾക്ക് എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ ആയില്ല. ട്രെയിനിനായിരുന്നു യാത്ര. പക്ഷെ അത് ചൗക്ക് വരെയേ ഉള്ളു. ജൂത തെരുവിലേക്ക് അവിടെ നിന്നും ഒരുപാട് ദൂരമുണ്ടാവും!

അയാൾക്ക് ഭയവും ആശങ്കയും തോന്നി.

ADVERTISEMENT

“എന്ത് പറ്റി ? എന്തെങ്കിലും പ്രശ്നമുണ്ടോ ?

ലൂസിയുടെ ശബ്ദം.

ADVERTISEMENT

അവൾ പതിഞ്ഞ ശബ്ദമുള്ള, ഇടത് കവിളിൽ മറുകുള്ള, തെളിഞ്ഞ ചിരിയുള്ള ഒരുവളായിരുന്നു. തികച്ചും യാദൃശ്ചികമായി ആ പെൺകുട്ടി തന്നെ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ തനിയെ അലയേണ്ടി വരുമായിരുന്നേനെ. ബോധമില്ലാതെ കിടന്ന അയാളെ ഉണർത്തുമ്പോൾ അവൾക്ക് വഴിവിളക്കിന്റെ തെളിമയുണ്ടായിരുന്നു.

ലൂസി ഡഗ്ലസ് എന്നാണ് പേരെന്ന് അവൾ പറഞ്ഞുള്ള അറിവാണ്.

ലൂസി എന്നാൽ ലാറ്റിനിൽ പ്രകാശമെന്നാണ്. അപരിചിതയായ ആ സുന്ദരി അയാൾക്ക് മുന്നിലൊരു പാത തെളിക്കുകയും അയാളത് പിന്തുടരുകയും ചെയ്യുകയാണിപ്പോൾ. വിജനമായ വഴിയിൽ ഇടയ്ക്കിടെ തെളിയുന്ന മഞ്ഞ തെരുവ് വിളക്കുകളുടെ വെളിച്ചം അവരുടെ മുഖങ്ങളിൽ വീഴുന്നുണ്ടായിരുന്നു. അനേകം ചോദ്യങ്ങൾ അയാളുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു.

ലൂസിയുടെ കണ്ണുകളിൽ ഇടയ്ക്ക് നോട്ടം കുരുങ്ങിയപ്പോൾ ജാള്യതയോടെ അയാൾ കണ്ണുകളെ നീണ്ട പാതയുടെ അവസാനത്തിലേക്ക് അലയാൻ വിട്ടു. വഴിക്കിരുവശവുമുള്ള വലിയ മരങ്ങളിൽ നിന്ന് ഇലകളും ചുവന്ന പൂക്കളും അവർക്ക് മുന്നിലേക്ക് കാറ്റിൽ വീണുകൊണ്ടിരുന്നു.

തെരുവ് വിളക്കുകളുടെ എണ്ണം വർദ്ധിക്കുകയും പാത വീണ്ടും ദൂരേക്ക് നീണ്ടുപോവുന്നതായും അയാൾക്ക് തോന്നി. ഒപ്പമൊരു സ്ത്രീയുണ്ടല്ലോ എന്നത് മാത്രമായിരുന്നു ഏക ധൈര്യം. അപ്പോഴാണ് ലൂസി സംസാരിക്കുന്നത്

‘‘ഈ തെരുവിനെ കുറിച്ച് ശരിക്കും അറിഞ്ഞിട്ടാണോ ഈ രാത്രി തന്നെ വന്നത് ?’’

കൃത്യമായി അതയാളുടെ ചിന്തകളുടെ ഉള്ളിലെ ഏതോ കോണിൽ ചെന്ന് ഒളിച്ചിരുന്ന ഭയത്തിന്റെ കൂട്ടിൽ ചെന്ന് വീണു. ചോദ്യത്തിലെ അർത്ഥം മനസ്സിൽ കിടന്നു കുതറി. ഉള്ളിൽ പതിയെ അനവധി ഭയത്തിന്റെ സന്തതികൾ ജന്മമെടുക്കുന്നത് അയാളറിഞ്ഞു.

“എന്താ അങ്ങനെ ചോദിച്ചത് ? അയാൾക്ക് ആശങ്ക മറച്ചുവയ്ക്കാൻ കഴിഞ്ഞില്ല. ലൂസി ഒരുനിമിഷം നിൽക്കുകയും അയാളുടെ മുഖത്തെ ദയനീയത ഒപ്പിയെടുക്കും വിധം നോട്ടം അയാൾക്ക് നേരെ തിരിക്കുകയും ചെയ്തു. ആ യുവതിയുടെ മുഖത്ത് കവിളിൽ കിഴക്കേ കോണിലായി മറ്റൊരു മറുക് കൂടിയുണ്ടെന്ന് അയാളപ്പോൾ മനസ്സിലാക്കി. തണുപ്പൻ മഞ്ഞുകാറ്റ് അവരെ തൊട്ട് ധൃതിയിൽ കടന്നുപോവുക കൂടി ചെയ്തപ്പോൾ അയാൾക്ക് ശരീരം വിറച്ചു. യുവതി പതിഞ്ഞ സ്വരത്തിൽ വീണ്ടും പറഞ്ഞു.

“അതുവഴി രാത്രിയൊന്നും ആരും പോവാറില്ല. അതൊക്കെ കുറെ പഴയ കഥകളാണ്‌ സത്യമാണോ എന്നൊന്നും എനിക്കറിയില്ല”

ലൂസി പറഞ്ഞു നിർത്തി.

അയാൾ പ്രേതങ്ങളിൽ, ആത്മാക്കളിൽ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇത്തരമൊരു സാഹചര്യത്തിൽ അർത്ഥം വേർ തിരിക്കാനാവാത്ത ഒരു ഭയം അയാളെ പൊതിഞ്ഞു. ഉടൽ വിറയ്ക്കുന്നത് പോലെ തോന്നി. പാതയിൽ വെളിച്ചമുള്ളത് ആശ്വാസം.

“സത്യമാണോ എന്നറിയാത്തത് പറഞ്ഞു നടക്കരുത്” ആരോടെന്നില്ലാതെ പറഞ്ഞുപോയി. ലൂസി അയാളെ നോക്കി.

“സത്യമാണോ എന്നറിയില്ല. പക്ഷെ എന്റെ മുത്തശ്ശൻ പറഞ്ഞുള്ള അറിവാണ്!’’

“എന്ത് ?’’ ചോദിക്കാതിരിക്കാനായില്ല.

“ഈ തെരുവിൽ നേരം ഇരുട്ടിയാൽ ഒരു സ്ത്രീ നിരത്തിൽ ഇറങ്ങി നടക്കുന്നത് പലരും കണ്ടിട്ടുണ്ടത്രേ. നിങ്ങൾ അല്പം മുമ്പേ നിന്ന സെമിത്തേരിയില്ലേ. അവിടെ നിന്നാണ് അവൾ നടന്നു വരാറുള്ളത്. എന്റെ മുത്തശ്ശൻ നേരിട്ട് കണ്ടിട്ടുണ്ട്”

ലൂസി പറഞ്ഞത് കേട്ട് അയാളുടെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. അവളത് കാണാതിരിക്കാൻ അയാൾ പാടുപെട്ടു.

“ആ സെമിത്തേരി യുദ്ധത്തിൽ മരിച്ച ജൂതരായ പട്ടാളക്കാരെ അടക്കം ചെയ്യാൻ നിർമിച്ചതായിരുന്നു. അവിടെ അവസാനം അടക്കം ചെയ്തത് ഒരു ചെറുപ്പക്കാരനെയാണ്. അയാൾ യുദ്ധത്തിൽ മരിച്ചതല്ല. ആരോ ഭക്ഷണത്തിൽ വിഷം കലർത്തി ചതിച്ചു കൊന്നതായിരുന്നുവത്രേ. അയാൾ പട്ടാളത്തിൽ ചേരാനുള്ള കത്തുമായി ബന്ധുവിനെ കാണാനെത്തിയതായിരുന്നു. അവിടേക്കെത്താൻ അയാൾക്ക് കഴിഞ്ഞിട്ടില്ല.

അത് പറയുമ്പോൾ ലൂസിയുടെ കണ്ണുകൾ നിറഞ്ഞുവന്നതായി അയാൾക്ക് തോന്നി.

അപ്പോഴേക്കും അവർ തെരുവിന്റെ ഒഴിഞ്ഞ കോണിലെത്തിയിരുന്നു. വെളിച്ചമുള്ള ഒന്നോ രണ്ടോ ചെറിയ പുസ്തക ശാലകൾക്കരികിൽ സംസാരിച്ചിരിക്കുന്ന ചില മനുഷ്യരെ കാണാൻ സാധിച്ചു.

marjana-parveen-short-story-2

ഹാ ആശ്വാസം! ഇരുട്ടിൽ നിന്ന് വെളിച്ചത്തിൽ വീണവന്റെ ആശ്വാസമായിരുന്നു അയാൾക്കപ്പോൾ. പുസ്തകശാലയുടെ കോണുകളിൽ റോസാപൂക്കളുടെ അനേകം വള്ളികളുണ്ട്. വള്ളിയുടെ എല്ലാ കോണിലും അനേകം ചെറിയ ചുവന്ന റോസാപുഷ്പങ്ങൾ. പുസ്തകങ്ങളിലും വർത്തമാനങ്ങളിലും ലയിച്ചിരുന്ന മനുഷ്യർ അയാളെയോ യുവതിയേയോ ശ്രദ്ധിച്ചതേയില്ല.

“എന്നിട്ട്, അയാളെ തേടി ബന്ധുക്കളാരും വന്നില്ലേ ?’’

അയാൾ സ്വയം മടുത്ത മട്ടിൽ ലൂസിയോട് ചോദിച്ചു.

“ഇല്ല, അയാളെ അയാൾ അറിയാതെ സ്നേഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളല്ലാതെ ആ നാട്ടിൽ നിന്നാരും അയാളെ അന്വേഷിച്ചെത്തിയില്ല. അയാൾ ഒരുപാട് സ്നേഹിച്ച അയാളുടെ മമ്മ പോലും” ലൂസി പറഞ്ഞു.

“അതെന്താ?

“മമ്മയുടെ ഭർത്താവിന്റെയും ആദ്യ ഭാര്യയുടെയും കുട്ടിയായിരുന്നു അയാൾ! പക്ഷെ അയാളോട് വലിയ സ്നേഹമായിരുന്നു. അയാൾക്ക് തിരിച്ചും”

ലൂസി നിർത്താനുള്ള മട്ടിലായിരുന്നു. പറഞ്ഞ് പറഞ്ഞ് അവൾക്കും മടുത്തുകാണും.

“എന്നിട്ട് അന്വേഷിച്ചു വന്ന പെണ്‍കുട്ടിക്കെന്തെങ്കിലും കണ്ടെത്താനായോ ?’’

“ഇല്ല, അവൾ അയാൾ മരിച്ചതറിഞ്ഞ് ആത്മഹത്യ ചെയ്യുകയായിരുന്നു”

അവരെ ഒരേ കല്ലറയിലാണ് അടക്കം ചെയ്തതെന്നുകൂടി ലൂസി പറഞ്ഞു. അതുകേട്ടപ്പോൾ അയാൾക്ക് വല്ലാത്ത വിഷമം തോന്നി.

“ഇതൊക്കെ കേട്ടറിവാണ്. എനിക്ക് പോണം. പുലരാറായി. ഇനി താങ്കൾ തനിയെ പൊയ്ക്കൊള്ളുമല്ലോ അല്ലെ ദാ ആ വഴി കടന്നാൽ ചിലപ്പോഴെല്ലാം ഓർത്തെടുക്കാനാവും!

ലൂസി ഡെഗ്ലസ് ഒരു നിമിഷം നിന്ന് പറഞ്ഞു.

അയാൾ അതിന് തലയാട്ടി ശേഷം എന്തോ ഓർത്ത പോലെ ചോദിച്ചു.

“അവരുടെ പേര് എന്തായിരുന്നു ?’’

നടക്കാനൊരുങ്ങുകയായിരുന്ന ലൂസി തിരിഞ്ഞു നോക്കി. ഇത്തവണ അവളുടെ കണ്ണുകളിൽ വല്ലാത്ത നിസ്സഹായത. അവളെ മുമ്പ് എവിടെയോ കണ്ടിരുന്നതായി അപ്പോൾ അയാൾക്ക് തോന്നി.

“വിൽഫ്രഡ് പെരേര”

അവൾ പറഞ്ഞു.

അയാളുടെ കണ്ണുകൾ വിടർന്നു. ഭയം ചൂഴ്ന്നു. തന്റെ പേര്!

“അപ്പൊ കാമുകിയുടേതോ? അയാൾ വിറച്ചു വിറച്ച് ചോദിച്ചു.

“ലൂസി ഡഗ്ലസ്”

ആ മറുപടി അയാളെ തകർത്തു കളഞ്ഞു. അവൾ പറഞ്ഞത് വിശ്വസിക്കാനാകാത്ത മട്ടിൽ അയാൾ നിലത്തിരുന്നു. അപ്പോൾ നിലത്ത് അയാൾ അതുവരെ തിരഞ്ഞ അയാളുടെ പഴകി ദ്രവിച്ച തുകൽ ബാഗും അതിനൊപ്പം ഭക്ഷണം കഴിച്ചു തീർന്ന പഴയ പാത്രവും പ്രത്യക്ഷപ്പെട്ടു. അയാൾ ദൃതിയിലതിൽ വിലാസം തിരഞ്ഞു. ഒരു തവിട്ട് നിറമുള്ള ദ്രവിച്ചു തുടങ്ങിയ കത്ത് അയാളുടെ കയ്യിൽ നിന്ന് കുതറി. അത് പഴക്കമുള്ള, പട്ടാളത്തിൽ ചേരാനുള്ള അറിയിപ്പായിരുന്നു. പാത ഇരുണ്ട് മങ്ങിക്കിടന്നു. ഒരുതരി വെളിച്ചമില്ല. അയാൾ പോക്കറ്റിൽ നിന്ന് ചെറിയ ടോർച്ച് തപ്പിയെടുത്ത് മുന്നിലേക്ക് വെളിച്ചം നീട്ടി. പാതയെ പുണർന്നു കിടന്ന ഇരുട്ട്, വെളിച്ചത്തിൽ പുളഞ്ഞു ജാള്യതയോടെ വഴി മാറി. മുന്നിൽ വീണ്ടും പട്ടാളക്കാരുടെ സെമിത്തേരി. അയാൾക്കപ്പോൾ ഒട്ടും ഭയം തോന്നിയില്ല. പിന്നെ അയാൾ വിലാസം തിരഞ്ഞില്ല. അതേ പാത നീണ്ടുകിടന്നു.

English Summary:

Neelunnnu Paathakal, the new short story by Malayalam author Marjana Parveen K, immerses readers in a mysterious journey through a Jewish street at night. The narrative unfolds with a disoriented protagonist encountering a spectral woman named Lucy Douglas, leading him towards unsettling revelations near an old cemetery.

ADVERTISEMENT