തോറ്റു എന്നു തോന്നുമ്പോൾ, നിരാശയുടെ പടുകുഴിയിൽ പതിക്കുമ്പോൾ ഈ നോവൽ വായിക്കൂ! ‘കിഴവനും കടലും’ വീണ്ടും മലയാളത്തിലേക്ക് The Enduring Spirit of 'The Old Man and the Sea'
Mail This Article
‘മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോൽപിക്കാനാകില്ല’ എന്ന വാചകം വിഖ്യാത സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ് വേ തന്റെ ക്ലാസിക് രചന ‘The Old Man and the Sea’ യിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോയിലൂടെ പറഞ്ഞതും ലോകം ഹൃദയത്തിലേറ്റിയതുമാണ്. ഏതു പ്രതിസന്ധിയിലും പോരാടാനും പരാജയങ്ങളിൽ തളരാരെ വീണ്ടും വീണ്ടും പരിശ്രമിക്കാനും കോടിക്കണക്കിനു മനുഷ്യരെ പ്രേരിപ്പിച്ച ഈ വാക്കുകള്‍ അന്നും ഇന്നും എന്നും പ്രഭമങ്ങാതെ ജീവിക്കും, ഭൂമിയിൽ ജീവന്റെ പൊടിപ്പുകളവശേഷിക്കുന്ന കാലത്തോളം!
‘കിഴവനും കടലും’ എന്ന ചെറുനോവൽ ഹെമിങ് വേയുടെ അവസാന ഫിക്ഷനുകളിലൊന്നാണ്. സാന്തിയാഗോ എന്ന വൃദ്ധനായ മത്സ്യബന്ധനത്തൊഴിലാളിയാണ് പ്രധാന കഥാപാത്രം. മൂന്നുമാസക്കാലമായി മത്സ്യങ്ങളൊന്നും കിട്ടാതെ വലഞ്ഞതിനു ശേഷം ഒരു ദിവസം വീണ്ടും തന്റെ ചെറിയ വഞ്ചിയിൽ കടലിലിറങ്ങിയ സാന്തിയാഗോയുടെ ചൂണ്ടയിൽ കുടുങ്ങിയത് അയാളിന്നേവരെ കണ്ടിട്ടില്ലാത്തത്ര വലുപ്പമുള്ള ഒരു കൂറ്റൻ മീനായിരുന്നു. കരുത്തനായ മീനും വാർദ്ധക്യം തളർത്തിയ സാന്തിയാഗോയും തമ്മിലുള്ള പോരാട്ടം അവിടെ തുടങ്ങുന്നു. ശരീരമാണ് ദുർബലം. പക്ഷേ, അയാളുടെ മനസ്സ് തോൽക്കാനും പിൻമാറാനും തയാറല്ലാത്തത്ര കരുത്തുറ്റതാണ്. ആ പോരാട്ടവീര്യത്തിന്റെ, അതിലൂടെ മനുഷ്യവർഗത്തിന്റെ അടങ്ങാത്ത പ്രയത്നങ്ങളുടെ ഇതിഹാസമാണ് ‘കിഴവനും കടലും’ വരച്ചിടുന്നത്.
മീൻ കൊത്തിയതിനു പിന്നാലെ സാന്തിയാഗോ ചൂണ്ടവലിച്ചെങ്കിലും മീനും തോൽക്കാൻ തയാറല്ല. അതും പിടിച്ചു നിൽക്കുന്നു. അപ്പോളയാള്‍ ചൂണ്ട അയച്ചു കൊടുത്തു. മീന്‍ ചൂണ്ടയും അതുവഴി വള്ളവും വലിച്ചു മൂന്നു ദിവസം സഞ്ചരിച്ചു. മൂന്നാം ദിവസം ഉച്ചകഴിഞ്ഞു മീന്‍ പൊങ്ങി. സാന്തിയാഗോ അല്‍ഭുതത്താൽ മിഴിഞ്ഞ കണ്ണുകളോടെ അതു കണ്ടു – തന്റെ വള്ളത്തേക്കാള്‍ വലിയ ഒരു മീന്‍! ശേഷം മീനുമായുള്ള അയാളുടെ പോരാട്ടം ആരംഭിക്കുന്നു. ഒടുവിൽ മീനിനെ കീഴടക്കി, വഞ്ചിക്കു പുറത്തു വഞ്ചിയോടു ചേര്‍ത്തു കെട്ടി, തിരിച്ചുള്ള തുഴച്ചിൽ. പക്ഷേ, വിധി വീണ്ടും അയാളെ തോൽപ്പിച്ചു. ചോരയുടെ മണം പിടിച്ചു വന്ന കൂറ്റൻ സ്രാവുകൾ ആ മീനിനെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. അപ്പോഴും അയാള്‍ കയ്യില്‍ കിട്ടിയതൊക്കെയെടുത്തു സ്രാവുകളെ ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ, മീനിനെ സ്രാവുകൾ ഭക്ഷണമാക്കി. അതിന്റ എല്ലിൻകൂടു മാത്രമേ അവശേഷിച്ചുള്ളൂ. അയാള്‍ കരയിലേക്കെത്തിയപ്പോള്‍ ആ ഗ്രാമം മുഴുവന്‍ കടല്‍ക്കരയില്‍ അയാളെക്കാത്തു നിൽക്കുകയായിരുന്നു. ആ ഗ്രാമത്തിലാരും ഇത്ര വലിയൊരു മീന്‍ പിടിച്ചിട്ടില്ലെന്നാണു മീനിന്റെ ബാക്കിയായ എല്ലുകണ്ട ഗ്രാമവാസികള്‍ പറഞ്ഞത്!
ഇതാണ് നോവലിന്റെ സംഗ്രഹം. പക്ഷേ, ഹെമിങ് വേയുടെ അവതരണം മഹത്തരമായൊരു അനുഭവത്തിലേക്കാണ് വായനക്കാരെ എത്തിക്കുന്നത്. പ്രത്യാശയും നിരാശയും മാറിമറയുന്ന ജീവിതമെന്ന പോരാട്ടത്തെയും മനുഷ്യന്റെ ഉൾക്കരുത്തിനെയും വെളിപ്പെടുത്തുന്ന പാഠമായി മാറുന്നതിനൊപ്പം ആ മത്സ്യത്തിന്റെ പോരാട്ടവീര്യവും അടയാളപ്പെടുത്തപ്പെടേണ്ടതാണ്.
മലയാളത്തിൽ ‘കിഴവനും കടലിനും’ ഒരു പുതിയ പരിഭാഷ കൂടി എത്തിയിരിക്കുന്നു. സ്‍റ്റോറി സ്‌ലേറ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൊഴിമാറ്റം നിർവഹിച്ചത് ശ്രീകുമാർ പിള്ളയാണ്. കൃതിയുടെ ആത്മാവ് ചോർന്നു പോകാതെയുള്ള മനോഹരമായ തർജമ. മലയാളത്തിൽ ഇന്നോളമെത്തിയ ‘The Old Man and the Sea’ പരിഭാഷകളിൽ മികച്ചതൊന്നാണ് ശ്രീകുമാർ പിള്ളയുടേത്. വായനയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതായ ഒരു കൃതിയെന്നു നിസ്സംശയം പറയാം!