‘അകമേയുളള ധ്യാനത്തിലൂടെ പുറമേയുള്ള പ്രണയത്തെ വീണ്ടെടുക്കാം’: സജിൻ തളിയത്തിന്റെ പ്രണയമൊഴികൾ Exploring 'Pranayoppanishath': A Poetic Journey of Love
Mail This Article
പ്രണയം...വാക്കുകൾക്കോ വരികൾക്കോ പൂർണമായും വഴങ്ങാത്ത അനുഭവം...ആനന്ദം... ആ പ്രണയത്തെയാണ് ‘പ്രണയോപനിഷത്ത്’കളായി സജിൻ തളിയത്ത് തന്റെ മനോഹരമായ കുഞ്ഞു പുസ്തകത്തിൽ പകർത്തുന്നത്. അങ്ങനെ പ്രണയത്തിന്റെ വൈവിധ്യങ്ങൾ പൂത്തുലയുന്നൊരു അരളിമരമാകുന്നു ‘പ്രണയോപനിഷത്ത്’ എന്ന കാവ്യസമാഹാരം.
‘പ്രണയത്തെ അറിഞ്ഞവർക്കും പ്രണയത്തിലകപ്പെട്ടവർക്കുമുള്ള സൂത്രവാക്യങ്ങൾ’ എന്നാണ് സജിൻ തന്റെ കവിതകളെ വിശേഷിപ്പിക്കുന്നത്. പുസ്തകത്തിലൂടെ കടന്നു പോകുന്ന ആർക്കും അവയങ്ങനെ തന്നെയെന്നു മനസ്സിലാകും. അതാണ് ഈ കൃതിയുടെ പ്രസക്തിയും.
‘നിശബ്ദമാകുന്ന
നിന്റെ
പ്രണയത്തിന്റെ
ആഴങ്ങളിലെ പരപ്പ്
കടലിന്റെ വ്യാപ്തിക്കത്രയും
നിഗൂഢമത്രേ’
എന്നു സജിന്‍ എഴുതുമ്പോൾ പ്രണയമെന്നത് പ്രകൃതിയുടെ മനോഹരമായ പശ്ചാത്തലസംഗീതമാകുന്നു.
‘അകമേയുളള ധ്യാനത്തിലൂടെ
പുറമേയുള്ള പ്രണയത്തെ
വീണ്ടെടുക്കാം’ എന്നാണ് മറ്റൊരു കവിതയിൽ സജിൻ എഴുതുന്നത്. ഇവിടെ പ്രണയം അവനവനിലേക്കു തന്നെയുള്ള നോട്ടവും ധ്യാനവും ആത്മീയതയുമാകുന്നു.
പുസ്തകത്തിന്റെ ആമുഖത്തിൽ സജിൻ എഴുതുന്നതാണ് ഈ ‘പ്രണയോപനിഷത്ത്’ ലേക്കുള്ള ഏറ്റവും നല്ല വാതിൽ. അതിങ്ങനെയാണ് –
‘ഇതുപോലൊരു കുഞ്ഞു പുസ്‌തകം കൈയ്യിലെടുക്കുമ്പോൾ അറിയാതെ പ്രണയരസത്തിന്റെ തേൻതുള്ളികൾക്ക് നിങ്ങളുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുമെങ്കിൽ, ഈ കവിതകൾക്ക് ജീവൻ വച്ചു തുടങ്ങും. പ്രപഞ്ചത്തിൽ സർവ്വചരാരങ്ങളിലും ഒരു അണുവിടപോലും പ്രണയത്തിന്റെ സാമീപ്യം ഇല്ലാതെ കഴിയുക അസാധ്യം. പ്രേമത്തെ കുറിച്ച് പറയുവാൻ പറഞ്ഞാൽ നമ്മളോരോരുത്തർക്കും അവരവരുടെ കണ്ണുകളിൽനിന്ന് ഒരു വസന്തകാലത്തിന്റെ നിറവും മാധുര്യവും ഓർമ്മപ്പെടുത്തുവാനുണ്ടാകും. നമുക്ക് നഷ്ടമായ സ്നേഹത്തിന്റെ കണ്ടെത്തലുകളായിരിക്കും ആ ചോദ്യങ്ങളിലൂടെ പുനഃർജ്ജനിക്കുക. അതിലൂടെ ഒരു പുതിയ ലോകം കെട്ടിപ്പടുക്കാനും നമ്മുടെയെല്ലാം ഹൃദയത്തെ പ്രഭാപൂരിതരമാക്കാനുള്ള ആർജ്ജവവും പ്രണയത്തിന് സാധ്യമാക്കാൻ കഴിയും ഹൃദയനൈർമല്യമുള്ള ഏതൊരാൾക്കും സ്വയമേ വിശുദ്ധീകരിക്കപ്പെടാനും അതുവഴി തന്റെ പ്രേമഭാജനത്തിന്റെ മനസ്സും ശരീരവും കൂടി ശുദ്ധീകരിക്കുവാനും കഴിയുന്നു എന്ന യാഥാർത്ഥ്യത്തിലൂടെയാണ് ഇതിലെ പല കവിതകളും കടന്നുപോകുന്നത്’.
ഈ പ്രണയദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊരു സമ്മാനമായി നൽകാവുന്നത്ര അഴകോടെയാണ് ‘പ്രണയോപനിഷത്ത്’ ഒരുക്കിയിരിക്കുന്നത്. രാജേഷ് ചാലോടിന്റെ കവർ ഡിസൈനും ‘സ്‍റ്റോറി സ്ലേറ്റ്’ ന്റെ പുസ്തകനിർമിതിയും അഭിനന്ദനീയം.