‘ഒരാൾക്ക് എഴുതാനാവാതെ, പറയാനാവാതെ പോയതെന്തോ അതാണ് കഥ’: എം.ബി.മിനി എഴുതുന്നു Exploring 'Deham Nimitham': MB Mini's Latest Collection
Mail This Article
മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്താണ് എം. ബി. മിനി. ‘ഞാൻ ഹിഡിംബി’, ‘ഭൂമിമാനസം’, ‘മഹാമാഗധം’ എന്നീ നോവലുകളും ‘വവ്വാൽവർഷം’, ‘വാടാമഞ്ഞ’, ‘പുറം’, ‘സ്കോർപിയൻ കോളനി’, ‘എം.ബി. മിനിയുടെ കഥകൾ’, ‘മിനിക്കഥകൾ’ എന്നീ കഥാസമാഹാരങ്ങളും ‘ഉൾയാത്രകൾ’ എന്ന ലേഖന സമാഹാരവും ‘നിധിവേട്ട’, ‘അപരാജിത’ എന്നീ ബാലസാഹിത്യകൃതികളുമുൾപ്പടെ ശ്രദ്ധേയമായ നിരവധി രചനകൾ മിനിയുടേതായുണ്ട്. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, ചെറുകാട് പുരസ്കാരം, തകഴി സാഹിത്യപുരസ്കാരം, ഡോ. കെ.എൻ. ഗോപാലപിള്ള നോവൽപുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം, താളിയോല ഗദ്യസാഹിത്യ പുരസ്കാരം, വിദ്യാരംഗം സാഹിത്യവേദി പുരസ്കാരം, വാത്മീകി ഗുരുദക്ഷിണ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
എം. ബി. മിനിയുടെ പുതിയ കഥാസമാഹാരമാണ് ദേഹം നിമിത്തം. മിനിയുടെ തികച്ചും വ്യത്യസ്തമായ പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ‘ദേഹം നിമിത്ത’ത്തിന്റെ പശ്ചാത്തലത്തിൽ തന്റെ കഥയെഴുത്തനുഭവങ്ങളെ കുറിച്ച് എം. ബി. മിനി വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –
ഒരാൾക്ക് എഴുതാനാവാതെ, പറയാനാവാതെ പോയതെന്തോ അതാണ് കഥ എന്ന് ഞാൻ വിശ്വസിക്കുന്നു. ഉള്ളതിനെ മാത്രമേ നമുക്ക് അളക്കാനാവൂ. ഇല്ലായ്മയെ അളക്കാനാവില്ല. ശൂന്യത തന്നെയാണ് അനശ്വരത. അനശ്വരതയെ കൈപ്പിടിയിലൊതുക്കാൻ മനുഷ്യൻ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എഴുത്തുകാരൻ പറയാത്തതിനെ പൂർത്തീകരിക്കാൻ വായനക്കാരൻ തുനിയുന്നത്. പൂർത്തിയാക്കപ്പെട്ട, മുഴുവനായും വെളിവാക്കപ്പെട്ട ഒന്നിൽ നിന്ന് മനുഷ്യന്റെ പ്രജ്ഞ ഇറങ്ങിനടക്കുന്നു.
കാർനെ ബുക്സ് ഇറക്കിയ ‘ദേഹം നിമിത്തം’ എന്റെ ഏഴാമത്തെ കഥാസമാഹാരമാണ്. നിരന്തരമായി എഴുതിക്കൊണ്ടിരിക്കാനോ, എഴുതാനായി എഴുതാനോ ഒരുകാലത്തും കഴിയാറില്ല. എഴുതാൻ കഴിയായ്ക വലിയ രീതിയിൽ അലട്ടാറുമില്ല. എന്നിട്ടും ഞാൻ എഴുതുന്നു. ഏറ്റവും പുതിയ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒച്ചാട്ട്, കൊക്കര / കൊക്കരണി, യൂസേഴ്സ് മാനുവൽ, വേട്ടനീതി, മാജിക്‌മഷ്റൂം എന്നിവ പുറംലോകത്തോടും എന്റെ സഹജീവികളുടെ നിലവിളികളോടുമുള്ള എന്റെ ഐക്യപ്പെടലുകളാണ്. ആധുനികസമൂഹമെന്ന് മേനി നടിക്കുമ്പോഴും നമുക്കുള്ളിൽ ജാതീയതയും സ്ത്രീവിരുദ്ധതയും ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു എന്നതിന്റെ അനുഭവബോധ്യങ്ങളാണ് ഈ കഥകൾ. മറ്റുകഥകൾ, പ്രത്യേകിച്ച് കാറ്റലിസ്ററ്, അപരിചിത്തം, ദേഹംനിമിത്തം എന്നീ കഥകൾ പിറക്കുന്നത്, ആന്തരികലോകങ്ങളേയും അവയുടെ സംഘർഷങ്ങളേയും ഞാൻ അഭിമുഖീകരിച്ചുതുടങ്ങിയപ്പോഴാണ്. കപടമായ സദാചാരസംഹിതകൾക്കപ്പുറം അവളവളിലേക്കും അന്യരിലേക്കുമുള്ള പ്രയാണം സാധ്യമാവുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ ജീവിച്ചുതുടങ്ങുന്നത് എന്ന് ഞാൻ കരുതുന്നു. ‘ദേഹം നിമിത്തം’ അത്തരമൊരു ശ്രമമാണ്. ചിലപ്പോഴൊക്കെ അതൊരു തിരിച്ചുപോക്ക് കൂടിയാവുന്നു. തനിക്ക് തന്നെ അപരിചിതമായ തന്നിലേക്കുള്ള, സ്വന്തം വേരുകളിലേക്കുള്ള മടക്കയാത്രയാണ് . അത്തരമൊരു യാത്രയുടെ കഥയാണ് ‘അപരിചിത്തം‘. ‘ദേഹം നിമിത്തം‘ എന്ന കഥാസമാഹാരത്തിലെ കഥകൾ 2018 മുതൽ 2025 വരെ എഴുതപ്പെട്ടവയാണ്. ആ യാത്ര എന്റെ തന്നെ ജീവിതയാത്രയാണ്. അതുകൊണ്ടാണ് ഈ പുസ്തകം എന്റെ തിരിച്ചറിവിന്റെയും തിരികെനടത്തത്തിന്റെയും തിരിഞ്ഞുനോട്ടത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാവുന്നത് .