‘ചെറുപ്പത്തിൽ ഉറക്കെ സംസാരിക്കാൻ അനുവാദമില്ലാത്ത ഒരു ബാല്യം എനിക്കുണ്ടായിരുന്നു’: റീന പി ജി എഴുതുന്നു Reena PG's 'Karinthe l': A Deep Dive into Darkness
Mail This Article
മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയാണ് റീന പി.ജി. ആകാശവേരുകൾ, ഭായ് ബസാർ, കരിന്തേൾ, ചൂണ്ടക്കാരി എന്നിവയാണ് റീനയുടെ ശ്രദ്ധേയ പുസ്തകങ്ങൾ. സംസ്കൃതി ചെറുകഥാപുരസ്‌കാരം, ഒ.വി. വിജയൻ പുരസ്‌കാരം, സത്യൻ ചെറുകഥാ പുരസ്‌കാരം, കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ സ്പെഷ്യൽ ജൂറി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള റീനയുടെ നോവൽ സമാഹാരമാണ് കരിന്തേൾ. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്ക് പൂരകമാവുന്ന കരിന്തേൾ എന്ന പേരിൽ റീന ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
ഇടക്ക് ഞാൻ ചിന്തിക്കാറുണ്ട്, എന്തുകൊണ്ട് ‘കരിന്തേൾ’ എന്ന നോവൽ ഞാനെഴുതി എന്ന്. നരഭോജനം എന്ന ആശയം വളരെ ചെറുപ്പത്തിലെ എന്നെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ്. ഒരിക്കലും അങ്ങനെയൊരു സംഭവം ഉണ്ടാവുമായിരിക്കും എന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല. കരിന്തേളിന് ഒരു പ്രത്യേകതയുണ്ട്. ഏറ്റവും പ്രണയത്തോടെയുള്ള ഇണചേരലിന് ശേഷം അത് ഇണയെ കൊന്നു തിന്നും.
യാദൃച്ഛികമായെങ്കിലും ഇണചേർന്നതിന് ശേഷം കാമുകനെ കൊന്ന് മാംസം നരഭോജന കണ്ണികളിലേക്ക് എത്തിക്കേണ്ടി വന്ന ഹതഭാഗ്യയാണ് പ്രകൃതി അയ്യങ്കാർ എന്ന നായികാ കഥാപാത്രം. എന്തുകൊണ്ടാണ് കേന്ദ്രകഥാപാത്രമായ സ്ത്രീക്ക് പ്രകൃതി എന്ന പേര് തന്നെ നൽകിയതെന്ന് പലരും നോവൽ വായിച്ചതിന് ശേഷം ചോദിച്ചു. ഉത്തരത്തിന് രണ്ട് വശങ്ങളുണ്ട്. പ്രകൃതി സ്ത്രീയാണ്. അല്ലെങ്കിൽ സ്ത്രീ പ്രകൃതി തന്നെയാണ്. ശക്തിയും. സ്വീകരിക്കാനും തിരസ്കരിക്കാനും കഴിവുള്ളവൾ. സ്നേഹത്തോടെ ചേർത്ത് നിർത്താനും വെറുപ്പോടെ തള്ളിക്കളയാനും കെല്‍പുള്ളവൾ. അങ്ങനെയൊരു സ്ത്രീയാണ് കരിന്തേളിലെ നായികയും. അവൾക്ക് പ്രകൃതി എന്നല്ലാതെന്ത് പേരാണ് യോജ്യമായത് ?
പുരുഷ ഈഗോയെ ഞാൻ ചെറുപ്പം മുതലേ വെറുത്തിരുന്നു. അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ നിശ്ശബ്ദമായ കരച്ചിൽ കേട്ട് വളർന്ന ഒരു ബാല്യമുണ്ടായിരുന്നു. അന്നു മുതലേ ഭരിക്കാനുള്ള പുരുഷ പ്രവണതയോടുള്ള വെറുപ്പ് രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു. എവിടെയെല്ലാം അപമാനിക്കാനോ വില കുറച്ച് സംസാരിക്കാനോ ഉള്ള പ്രവണത അനുഭവപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം പതിന്മടങ്ങ് ശക്തിയിൽ എതിർത്ത് നിന്നിട്ടുണ്ട്. ‘കരിന്തേളി’ലെ കേന്ദ്ര കഥാപാത്രമായ പ്രകൃതിയും മറ്റൊരു തരത്തിൽ പീഢനത്തിൽ മുറിവേറ്റവളാണ്. അവർ പുരുഷന് നൽകുന്ന ശിക്ഷ ഇതിൽ കൂടുതൽ ക്രൂരമാവാനില്ല. സ്ത്രീ ജനിപ്പിക്കാൻ മാത്രമല്ല, ക്രൂരമായി കൊല്ലാനും പ്രാപ്തിയുള്ളവളാണ്. നിസ്സഹായതയിൽ നിന്നാണ് പലപ്പോഴും സ്ത്രീ എല്ലാം ചുട്ടെരിക്കുന്ന കണ്ണകിയായി മാറുന്നത്. സ്ത്രീ ഒരു പാട് ക്ഷമിക്കും...എല്ലാം ശരിയാവും എന്ന് ചിന്തിച്ച് ധാരാളം സമയം നൽകും. പക്ഷേ ഒന്നും ശരിയാവില്ലെന്ന് ഏറ്റവും ഉറപ്പ് ലഭിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം അവളിൽ നിന്ന് ഉണ്ടാവുന്നത്. പിന്നീടങ്ങോട്ട് ആരും ചിന്തിക്കുക പോലും ചെയ്യാത്ത തരത്തിലുള്ള ഒരു നീക്കമാണ് അവളിൽ നിന്ന് ഉണ്ടാവുക.
ഈ നോവലിൽ കരിന്തേളിനെയും പ്രകൃതി അയ്യങ്കാറിനെയും പരസ്പരം സദൃശപ്പെടുത്തിയിരിക്കുകയാണ്. നിസ്സഹായയായ ഒരു പെൺകുട്ടിക്ക് എങ്ങനെയാണ് ഇത്രയും ക്രൂരമായ ഒരു സ്വഭാവത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുക എന്നത് എഴുതിയ സമയത്ത് എന്നെയും അദ്ഭുതപ്പെടുത്തിയതാണ്. പക്ഷേ, ഞാൻ പോലും ചിന്തിക്കാത്ത തലത്തിലൂടെയായിരുന്നു പിന്നീട് പ്രകൃതി അയ്യങ്കാറിന്റെ യാത്ര. എന്റെ വിരലുകളിലൂടെ ആരോ അതിന് മാർഗ്ഗം കാണിക്കുകയായിരുന്നോ എന്ന് തോന്നുന്ന വിധം. ഒരുപക്ഷേ അബോധ മനസ്സിൽ കുടികൊണ്ടിരുന്ന പുരുഷമേധാവിത്വത്തിന്റെ അലയൊലികൾക്കെതിരെ എന്റെ തന്നെ മനസ്സ് പ്രകൃതിയുടെ ഏറ്റവും രോഷവും വന്യവുമായ ഭാവമോ രൂപമോ സ്വീകരിച്ചതാണോ എന്ന് എനിക്കും അജ്ഞാതമാണ്.
ചെറുപ്പത്തിൽ ഉറക്കെ സംസാരിക്കാൻ അനുവാദമില്ലാത്ത ഒരു ബാല്യം എനിക്കുണ്ടായിരുന്നു. ഞങ്ങൾ പതിയെ രഹസ്യം പറയുന്നത് പോലെയാണ് സംസാരിച്ചിരുന്നത്. ഉറക്കെ ചിരിച്ചാൽ മിണ്ടാതിരിക്കെടീ എന്നും പതിയെ പറഞ്ഞാൽ എന്താണ് കുശുകുശുക്കുന്നത് എന്നും ചോദിച്ച് ഭീതിപ്പെടുത്തി ജീവിതത്തോട് തന്നെ ഭയവും വെറുപ്പും തോന്നിപ്പിക്കുന്ന ഒരു പുരുഷമേധാവിത്തം വീട്ടിൽ നിറഞ്ഞ് നിന്നിരുന്നു. ആ അടിമത്ത ഭീതിയിൽ നിന്ന് സ്വയം കുതറി മാറാൻ ഇന്നും സാധിക്കുന്നില്ല എന്നതാണ് അതിന്റെ ഭീകരത. പലപ്പോഴും എനിക്ക് ജീവിതത്തിൽ ചെയ്യാൻ സാധിക്കാത്തത് ഞാൻ എന്റെ കഥാപാത്രങ്ങളെക്കൊണ്ട് ചെയ്യിച്ച് സമാധാനിക്കാറുണ്ട് എന്നത് അബോധവ്യക്തിത്വത്തിൽ സംഭവിച്ച് പോവുന്നതാണ്. ‘കരിന്തേൾ’ ഏതൊക്കെയോ സാഹചര്യങ്ങളാൽ അടിച്ചമർത്തപ്പെട്ട സ്ത്രീയാണ്. അല്ലെങ്കിൽ ‘പ്രകൃതി’ യാണ്.