ADVERTISEMENT

യുവഎഴുത്തുകാരി അനു ചന്ദ്രയുടെ പുതിയ നോവലാണ് ‘വറീത’. ഒരു സൈക്കോ ത്രില്ലറാണിത്. ‘സൈക്കോ’ മുതൽ ‘സൈക്കോ ത്രില്ലർ’ വരെ എന്ന പേരിൽ കൃതിയുടെ എഴുത്തനുഭവം അനു ചന്ദ്ര പങ്കുവയ്ക്കുന്നത് വായിക്കാം –

പ്രേമത്തിൽ നിന്ന് പിന്മാറാൻ കഴിയാത്ത വിധത്തിൽ, ആഴത്തിൽ ഞാനയാളെ സ്നേഹിച്ചു പോയി എന്നൊരൊറ്റ കാരണത്താലാണ് എനിക്കാദ്യമായി ഒരാളിൽ നിന്ന് ‘സൈക്കോ’ എന്ന വിളി കേൾക്കേണ്ടി വരുന്നത്. പക്ഷെ, അന്നെന്നെ ‘ സൈക്കോ’ എന്ന് വിളിച്ച പെൺകുട്ടി എനിക്കത്രമേൽ അപരിചിതയായിരുന്നു. ആ വാക്കും അതിനോളം തന്നെ അപരിചിതമായിരുന്നു. എന്നിട്ടും ആ വാക്കെന്നെ കൊളുത്തി വലിച്ചു. പ്രേമത്തിൽ നിന്ന് പിന്മാറണമെന്ന ഉപദേശത്തിനായി ആ പെൺകുട്ടിയെ എനിക്കരികിലേക്ക് പറഞ്ഞയച്ച അയാളെക്കാൾ കൂടുതലായി തന്നെ ആ വാക്കെന്നെ മുറിവേൽപ്പിച്ചു. കാരണം, എന്റെ പ്രണയത്തിന്റെ ആഴവും എന്റെ മനസ്സിന്റെ സങ്കീർണ്ണതയുമൊന്നും ഒട്ടും വശമില്ലാത്ത ഒരുവളായിരുന്നു, അത്രമേൽ അപരിചിതമായ ഒരു വാക്കിലൂടെ തികഞ്ഞ പുച്ഛത്തോടെ എന്റെ പ്രേമത്തെ വളരെ വേഗത്തിലും അതിലേറെ അപമാനപ്പെടുത്തുന്ന വിധത്തിലും നിർവചിച്ചത്. ചില വാക്കുകൾക്കുള്ള അർത്ഥം നിഘണ്ടുവിൽ നിന്നല്ല, മനുഷ്യരുടെ പുച്ഛഭാവത്തിൽ നിന്ന് തന്നെയാണ് എളുപ്പത്തിൽ കിട്ടുന്നത് എന്നത് പോലെ, അധികം വൈകാതെ തന്നെ ‘സൈക്കോ’ എന്ന വാക്കിന്റെ അർത്ഥം ഞാൻ തിരിച്ചറിയുക കൂടി ചെയ്തതോടെ ആ വേദനയെന്നിൽ കൂടുതൽ ആഴ്ന്നിറങ്ങി. ആ അർത്ഥം വേറൊന്നുമല്ല, സമൂഹത്തിന് മനസിലാക്കാൻ പറ്റാത്ത ഒരുവന്റെ / ഒരുവളുടെ അനുഭവത്തെ അവഹേളിക്കാനും തള്ളിക്കളയാനുമായി സമൂഹം ഉപയോഗിക്കുന്ന ഏറ്റവും അപമാനകരമായ ഒരു വിളി മാത്രമാണത്. (സൈക്കോയുടെ വൈദ്യശാസ്ത്രപരമായ അർത്ഥമല്ല ഞാൻ പറയുന്നത്, സാധാരണ സംസാരത്തിൽ ആളുകൾ ഉപയോഗിക്കുന്ന അർത്ഥം മാത്രമാണ് ഞാൻ പറയുന്നത് )

ADVERTISEMENT

ആ വിളി കേട്ട് വേദനിച്ച വേദനയെ ഞാൻ ഇനിയുള്ള കാലമത്രയും ആജീവനാന്ദമായി ചുമക്കേണ്ടി വരുമെന്ന് എനിക്ക് മനസിലാകാൻ പിന്നേയും കാലമേറെയെടുത്തു. കാരണം ആ ഒരൊറ്റ അനുഭവത്തിലൂടെയാണ് ഉള്ളിന്റെയുള്ളിൽ വലിയ വലിയ സംഘർഷങ്ങൾ അനുഭവിക്കുന്ന മറ്റൊരു അവസ്ഥയിലേക്ക് ഞാൻ കയറി തുടങ്ങിയതും, ആഴമുള്ള വികാരങ്ങളിലേക്ക് കൂടുതലായി എത്തി ചേർന്നതും. ആ ‘സൈക്കോ’ എന്ന വിളി ഒരിക്കലും ഒരു സാധാരണ വാക്കായി മനസ്സിൽ നിന്നില്ല. അത് ഒരു മുറിവായി മനസ്സിൽ പതിഞ്ഞു. ആ മുറിവ് ഉള്ളിലെ ചിന്തകളെ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോയി. ഒരാൾ എന്തുകൊണ്ട് മറ്റൊരാളുടെ അനുഭവത്തെ ഇങ്ങനെ തള്ളിക്കളയുന്നു ? എന്തുകൊണ്ട് ഒരു മനുഷ്യന്റെ വികാരത്തിന്റെ ആഴം മറ്റൊരാൾക്ക് ഭയം പോലെയോ വിചിത്രത പോലെയോ തോന്നുന്നു ? എന്ന ചോദ്യങ്ങൾ മനസ്സിൽ വളരാൻ തുടങ്ങി. തുടർന്നുള്ള അനേകം മനുഷ്യരിൽ ഞാൻ അയാളെ തിരയാൻ ശ്രമിക്കുകയും എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയുമുണ്ടായി. പക്ഷേ ആഴത്തിൽ വികാരങ്ങളെ അനുഭവിച്ചു തുടങ്ങുന്ന ഒരാൾക്ക് ലോകം പലപ്പോഴും വളരെ നേരുള്ളതോ ലളിതമായതായോ തോന്നില്ല എന്ന് പറയുന്നത് സത്യമെന്ന് പറയുന്നത് പോലെ മനസ്സിന്റെ ഇരുണ്ട ഇടങ്ങളെയും സംഘർഷങ്ങളെയും കാണാനുള്ള കഴിവ് എന്നിൽ വളർന്ന് തുടങ്ങുകയും ആ കഴിവ് എന്റെ പ്രേമബന്ധങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ്, ഒരിക്കൽ എന്നെ ഏറ്റവുമധികം മുറിവേൽപ്പിച്ച ‘സൈക്കോ’ എന്ന വിളി, മനുഷ്യ മനസ്സിന്റെ ഇരുണ്ടതും സങ്കീർണ്ണവുമായ ഒരു ലോകത്തെ അന്വേഷിക്കാനുള്ള മറ്റൊരു വഴിയായി മാറിയത്. ആ അന്വേഷണമാണ് അവസാനം സൈക്കോ ത്രില്ലർ നോവൽ എഴുതുന്ന മറ്റൊരു കാലത്തിലേക്ക് വരെ എന്നെ എത്തിച്ചത്.

anu-chandra-vareetha-2

സൈക്കോ ത്രില്ലർ നോവൽ എഴുതുന്നത് നിസ്സാരമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ അതങ്ങനെയല്ല. ഒരു കൊലപാതകമോ ചില ഞെട്ടിക്കുന്ന സംഭവങ്ങളോ കൂട്ടിച്ചേർത്താൽ മാത്രമൊരു സൈക്കോ ത്രില്ലർ ഉണ്ടാകുന്നില്ല. മനുഷ്യ മനസ്സിന്റെ ഇരുണ്ട വഴിത്താരകളിലേക്ക് ഇറങ്ങിപ്പോകാനുള്ള ധൈര്യവും അവിടെ കാണുന്ന സങ്കീർണ്ണതകളെ സത്യസന്ധമായി രേഖപ്പെടുത്താനുള്ള കഴിവും ഉണ്ടാകുമ്പോഴാണ് അത്തരമൊരു വിഷയത്തിന് ജീവൻ ലഭിക്കുന്നത്. അതായത് ഒരു സൈക്കോ ത്രില്ലർ എഴുതുമ്പോൾ എഴുത്തുകാരൻ / എഴുത്തുകാരി കഥ പറയുന്ന ഒരാൾ മാത്രമല്ല; മനുഷ്യരുടെ ചിന്തകളും ഭയങ്ങളും ആഗ്രഹങ്ങളും പരാജയങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന അന്തർലോകത്തിന്റെ ഒരു നിരീക്ഷകനും കൂടിയാണ്. പുറത്ത് നിന്ന് കാണുമ്പോൾ സാധാരണമെന്ന് തോന്നുന്ന ഏതൊരാളുടെ ഉള്ളിലും പൊട്ടിതകർന്ന വികാരങ്ങളും സംഘർഷങ്ങളും മറഞ്ഞുകിടക്കാമെന്ന സത്യം തിരിച്ചറിയാൻ പ്രാപ്തിയുള്ള ഒരാൾ കൂടിയാണ്.

ADVERTISEMENT

ഇവിടെ ടൈറ്റിൽ കഥാപാത്രമായ വറീത മാത്രമല്ല, നോവലിലെ എല്ലാ കഥാപാത്രങ്ങളും ഗ്രേ ഷേഡിലാണ്. ഒന്ന് മാത്രം ‘ശരി’ അല്ലെങ്കിൽ ഒന്ന് മാത്രം ‘തെറ്റ്’ എന്ന രണ്ടു ഭാഗങ്ങളിൽ മാത്രം വിഭജിക്കാനാവില്ല ഒരു കഥാപാത്രത്തെയും. പകരം കഥാപാത്രങ്ങൾക്കിടയിൽ നൂറുകണക്കിന് വികാരങ്ങളും സംഘർഷങ്ങളും ഉണ്ടാകും. മുൻപേ പറഞ്ഞത് പോലെ, ‘അവൻ അങ്ങനെ പെരുമാറാൻ കാരണം എന്താണ് ?’ എന്ന് അന്വേഷിക്കാൻ തുടങ്ങിയ കാലം തൊട്ടാണ് മനുഷ്യരുടെ മനസ്സ് കൂടുതൽ സങ്കീർണ്ണമാണെന്നും, മനുഷ്യരിൽ നല്ലതും ചീത്തതുമായ വശങ്ങൾ ഉണ്ടെന്നും ഞാൻ തിരിച്ചറിയുന്നതും. അത്തരത്തിൽ മനുഷ്യരുടെ ഉള്ളിലെ സങ്കീർണ്ണതകളും വിരോധാഭാസങ്ങളും നമ്മൾ കാണാൻ തുടങ്ങുമ്പോൾ, ഓരോ കഥാപാത്രവും ഒരേസമയം ശരിയായും തെറ്റായും തോന്നുന്ന ഒരു അവസ്ഥയിലേക്ക് നമ്മളും എത്തും. ഈ നോവലിലേക്കുള്ള എന്റെ ആദ്യത്തെ കടന്ന് വരവും അങ്ങനെ തന്നെയാണ്. പൂർണ്ണമായും ശരിയെന്നോ തെറ്റെന്നോ നിർവചിക്കാൻ പറ്റാത്ത അതിസങ്കീർണ്ണമായ ഒരു കഥാപാത്രത്തെ തിരഞ്ഞു പിടിച്ചു കൊണ്ട്. ആ കഥാപാത്രത്തിലേക്കുള്ള പാലം അറിഞ്ഞോ അറിയാതെയോ എനിക്കിട്ട് തന്നതാകട്ടെ, എന്റെ സുഹൃത്തായ അഖിലും. അദ്ദേഹം പറഞ്ഞു തന്ന ഒരു ചെറിയ കഥയിൽ നിന്നാണ് ആ കഥയിൽ നിന്നും തികച്ചും വ്യത്യസ്തമായ വറീതയെന്ന മറ്റൊരു കഥ വരേയ്ക്കും, കഥാപാത്രം വരേയ്ക്കും ഞാൻ സഞ്ചരിക്കുന്നത്.

പലപ്പോഴും കുറ്റവാളിയെ സൃഷ്ടിക്കുന്നത് മനുഷ്യന്റെ സ്വഭാവമല്ല, അവൻ കടന്ന് പോകേണ്ടി വരുന്ന സാഹചര്യങ്ങളാണ്; അത്ര തന്നെയേ വറീതയും പറയുന്നുള്ളൂ. അതിൽ കൂടുതലായി വറീതക്ക് മറ്റൊന്നും പറയാനില്ല. അതായത് ഒരു വ്യക്തി തുടർച്ചയായി വേദനയിലും അനീതിയിലും ജീവിക്കുമ്പോൾ, ചിലപ്പോൾ അവൻ/അവൾ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിന് തെറ്റായി തോന്നാം. പക്ഷേ ആ വ്യക്തിയുടെ ആന്തരിക വേദനയുടെ പ്രതികരണമാണ് അതെന്ന് കൂടി മനസിലാക്കണം. പല ആളുകളും സാധാരണ മനുഷ്യരാണ്. അവർക്കും സ്നേഹവും കരുണയും ഭയവും സ്വപ്നങ്ങളും ഉണ്ടാകും. പക്ഷേ ജീവിതത്തിൽ ചില കഠിനമായ സാഹചര്യങ്ങൾ വരുമ്പോഴാണ് അവർ കുറ്റകൃത്യങ്ങളിലേക്ക് വരെ എത്തുന്നത്. മിനിമം മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥ വരേയ്ക്കും എത്തുന്നത്.

ADVERTISEMENT

ഇത്തരം ചില യാഥാർഥ്യബോധത്തിലേക്ക് എന്നെ എത്തിച്ച, അതുവഴി സൈക്കോ ത്രില്ലർ നോവൽ വരേക്കുമെത്തിച്ച, മനുഷ്യ മനസ്സിന്റെ ഇരുണ്ടതും സങ്കീർണ്ണവുമായ ഇടങ്ങൾ എത്ര ആഴമുള്ളവയാണ് എന്നെന്നെ പഠിപ്പിച്ച എന്റെ ആദ്യത്തെ പ്രണയത്തിന് നന്ദി. ഒരുപക്ഷെ, നിങ്ങളെന്നെ വേദനിപ്പിച്ചില്ലായിരുന്നെങ്കിൽ, മറ്റൊരുവളെ കൊണ്ട് ‘സൈക്കോ’ എന്ന വാക്ക് വിളിപ്പിക്കുന്ന സാഹചര്യം വരെ ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ, മതത്തിന്റെ കാരണത്താൽ അകരാണമായി ഉപേക്ഷിച്ചില്ലായിരുന്നില്ലെങ്കിൽ ഇന്നിങ്ങനെ ഒരു നോവൽ പിറക്കില്ലായിരുന്നു.

നന്ദി വേദനകളുടെ തുടർച്ചകളിലൂടെ എന്നെ വറീത വരേക്കുമെത്തിച്ചതിന് !

Unveiling Vareetha: Anu Chandra's Deep Dive into Psycho Thrillers:

Vareetha, a new Malayalam psycho-thriller novel by Anu Chandra, delves into the darker complexities of the human mind and the genesis of psychological thrillers. The author shares her personal journey from experiencing the term 'psycho' to exploring its deeper meanings, which eventually led her to write this intricate novel.

ADVERTISEMENT