മരണത്തിനും തോൽപ്പിക്കാന് സാധിക്കാത്ത പ്രണയം...വിരഹത്താൽ നീറുന്ന മനസ്സുകൾ...‘ലൈല മജ്നു’ വായിക്കുമ്പോൾ The Enduring Epic of Leyla Majnun
Mail This Article
ലോകസാഹിത്യത്തിലെ അനശ്വര സൃഷ്ടിയാണ് പേർഷ്യൻ സാഹിത്യത്തിലെ ഇതിഹാസം ജമാൽ അദ്ദിൻ അബു മുഹമ്മദ് ഇല്യാസ് ഇബ്നു യൂസുഫ് ഇബ്ൻസാക്കി എന്ന നിസാമി ഗഞ്ചാവിയുടെ ‘ലൈല മജ്നു’ (Leyli o Majnun). പ്രണയത്തിലെ അഗാധമായ ഏകാന്തമൗനങ്ങൾ മനസ്സിലെ മഹാസമുദ്രമാകുമ്പോഴും വിരഹത്തിന്റെ പൊള്ളുന്ന മരുഭൂമിയിൽ അലഞ്ഞ മജ്നുവിന്റെയും പ്രണയസാഫല്യത്തിനായുള്ള ആത്മദാഹത്തെ ആരുമറിയാതെ ഉള്ളിലടക്കിയ ലൈലയുടെയും കാത്തിരിപ്പിന്റെ കഥയാണിത്.
ഖായിസ് എന്ന യുവാവിന്റെയും ലൈല എന്ന സുന്ദരിയായ പെൺകുട്ടിയുടെയും തീവ്രമായ പ്രണയമാണ് ‘ലൈല മജ്നു’വിന്റെ പ്രമേയം. രാവിരുട്ടിൽ ആകാശത്തിലെ വിളറിയ നക്ഷത്രങ്ങളോടും കാറ്റിൽ പാറുന്ന മേഘങ്ങളോടും അവൻ തന്റെ സന്ദേശം ലൈലയ്ക്കായി പകുത്തു നൽകി. എങ്കിലും അവർ ഇരു പ്രണയനദിയുടെ ഇരു കരകളിലായിരുന്നു. അവർ അലക്ഷ്യമായലഞ്ഞ തോണികളിലെ തുഴയില്ലാത്ത സഞ്ചാരികളായിരുന്നു. നിശയുടെ സംഗീതവും നിലാവിന്റെ വിസ്‌മയവും ഇടയ്ക്കിടെ അവരുടെ ഇരുളിനെ പ്രകാശമാനമാക്കി. പലപ്പോഴും വിഷാദത്തിന്റെ കരിനീലവർണ്ണങ്ങൾ അവരുടെ പ്രണയത്തിന്റെ ആഴങ്ങളിൽ അലിഞ്ഞു ചേർന്നു.
പഠനകാലത്തു തുടങ്ങിയ ഇവരുടെ പ്രണയം ഗോത്രമര്യാദകളും കുടുംബശത്രുതയും കാരണം തടയപ്പെടുന്നു. ലൈലയോടുള്ള വിരഹത്താൽ ഭ്രാന്തമായ അവസ്ഥയിലായ ഖായിസ് പിന്നീട് ‘മജ്‌നു’ (ഭ്രാന്തൻ) എന്നറിയപ്പെട്ടു. മജ്നു തന്റെ പ്രണയിനിയെക്കുറിച്ച് കവിതകൾ പാടി, നഗരജീവിതം ഉപേക്ഷിച്ച്, വന്യമൃഗങ്ങളോടൊപ്പം മരുഭൂമിയിൽ അലഞ്ഞു തിരിയുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കേണ്ടി വരുന്ന ലൈല വിരഹവേദനയോടെ, മജ്നുനോടുള്ള തീവ്ര പ്രണയത്താൽ ഉള്ളുരുകിക്കഴിയുന്നു. ഒടുവിൽ മരണത്തിനു കീഴടങ്ങുന്നു. ഇതറിഞ്ഞ മജ്‌നു അവളുടെ കല്ലറയ്ക്കു മുകളിൽ വീണ് പ്രാണൻ വെടിയുകയാണ്. മരണത്തിന് ശേഷമെങ്കിലും അവർ ഒരുമിക്കുന്നു എന്ന സങ്കല്‍പത്തിലാണ് കഥ അവസാനിക്കുന്നത്.
ആത്മാർത്ഥപ്രണയത്തിൽ വിരഹം പോലും മധുരമായ അനുഭൂതിയാണ്. അത് മരണത്തിനപ്പുറത്തും സജീവമായി നിലകൊള്ളുന്നു. പ്രണയികളുടെ കണ്ണീർ വീണ് മാതളമലരുകൾ പൂവിടുന്നു, കാറ്റിന്റെ മർമ്മരം പ്രണയസൗഗന്ധികങ്ങളെ തൊട്ടുണർത്തുന്നു. ഒരു ഭാവഗീതം പോലെ സാന്ദ്രമായ ഭാഷയുടെ കാവ്യാത്മകതയിൽ നിസാമിയുടെ വരികളിലൂടെ വായനക്കാരുടെ മനസ്സ് ലൈലയുടെയും മജ്‌നുവിന്റെയും ഹൃദയനൊമ്പരങ്ങളെ ഈ പുസ്‌തകത്തിലൂടെ ഏറ്റുവാങ്ങുന്നു.
‘ലൈല മജ്നു’വിന്റെ ഏറ്റവും പുതിയ മലയാളം പരിഭാഷയാണ് സ്‌റ്റോറി സ്ലേറ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി.സീമയാണ് വിവർത്തക.
അറബ് ലോകത്തെ നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അറബി ഭാഷയിൽ രചിക്കപ്പെട്ടതാണ് ‘ലൈല മജ്നു’. നിസാമി ഗഞ്ചാവിയുടെ‘ഖംസ’ (അഞ്ച് നിധികൾ) എന്ന കാവ്യസമാഹാരത്തിലെ മൂന്നാമത്തെ കൃതിയായ ഈ ദുരന്തപ്രണയകാവ്യത്തെ ഒരു നോവൽ രൂപേണ മലയാളത്തിലേക്ക് മൊഴിമാറ്റിയവതരിപ്പിക്കുകയാണ് പി.സീമ.
സൂഫി തത്ത്വചിന്തയുടെയും ആത്മീയ പ്രണയത്തിന്റെയും അംശങ്ങൾ ആഴത്തിൽ അടങ്ങിയിട്ടുള്ള ഈ കൃതി വളരെ മനോഹരവും ഹൃദയസ്പർശിയായുമാണ് പി.സീമ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.