വാട്സ്ആപ്പിലെ കുടുംബഗ്രൂപ്പുകളിൽ മുളച്ച കഥകൾ, കഥാപാത്രങ്ങളായത് കൂട്ടുകാരും സഹപ്രവർത്തകരും...‘കഥയില്ലാത്തവന്റെ കഥകൾ’ എഴുത്തനുഭവം Salil Raj's Humorous Tales: 'Kathayillathavante Kathakal'
Mail This Article
നിത്യജീവിതത്തിലെ ഏറ്റവും സാധാരണമായ അടരുകളിൽ നിന്നിറങ്ങിവരുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതനിമിഷങ്ങളിലെ രസങ്ങളും തുന്നിയെടുത്താണ് സലിൽ രാജ് കഥകൾ സൃഷ്ടിക്കുന്നത്. ഈ ഹാസ്യകഥകളുടെ സമാഹാരമാണ് ‘കഥയില്ലാത്തവന്റെ കഥകൾ’. പുസ്തകത്തിലെ രചനകളുടെ എഴുത്തനുഭവത്തെക്കുറിച്ച് സലിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
വീട് നിറയെ പുസ്തകങ്ങളുമായി ഒരു ബാല്യകാലം ഉണ്ടായിരുന്നെങ്കിലും, വായനയോ പുസ്തകമോ ഒരിക്കലുമൊരു താൽപര്യമോ, ഹോബിയോ ആയി കൂടെക്കൂടിയില്ല. ആദ്യബുക്ക് വായിക്കാൻ ഏതാണ്ട് 25 വയസ്സ് ആവേണ്ടി വന്നു. പ്രിയ.എ.എസ്. വിവർത്തനം ചെയ്ത ജയശ്രീ മിശ്രയുടെ ‘ജന്മാന്തര വാഗ്ദാനങ്ങൾ’ എന്ന ‘Ancient Promises’ ആയിരുന്നു ജീവിതത്തിലെ ആദ്യ ബുക്ക്. അന്ന് തുടങ്ങിയ വായന, എന്തോ അവിടെ തന്നെ നിന്നുപോയി. വർഷങ്ങൾ ഏറെ ആയെങ്കിലും പ്രിയ കുറിച്ചിട്ട ജയശ്രീയുയുടെ പല ജീവിത സന്ദർഭങ്ങളും ഇപ്പോഴും മനഃപാഠം ആയി ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇതിനൊപ്പം നാടും കുടുംബവും ഒക്കെ വിട്ട് ഡൽഹിയിലും, ബാംഗ്ലൂരിലും, പിന്നീട് ഖത്തറിലും ഒക്കെയായി ജോലിയും സുഹൃത്തുക്കളും. പല ഭാഷയും സംസ്ക്കാരവും ഒക്കെയായി നല്ലതും മോശവുമായ കുറെ അനുഭവങ്ങൾ കൂടെക്കൂടി. അന്നും വായന തീരെയില്ലെങ്കിലും മുടക്കാതെ ചെയ്തു വന്ന ഒരു കാര്യം ഉണ്ടായിരുന്നു; ഡയറി എഴുത്ത്. ചുറ്റും നടന്നതും കണ്ടതും കേട്ടതുമായ കാര്യങ്ങൾ പലപ്പോഴായി കുറിച്ചിട്ടത് ഓരോ വർഷവും തുടർന്നതോടെ ഡയറിയുടെ എണ്ണം കൂടിവന്നു. ഇതെല്ലാം പിന്നീട് ഇരുന്നു വായിക്കുന്നതും ഒരു ഹരമായി മാറി. ഇതിലെ സംഭവ കഥകൾ നേരിട്ട് കണ്ടതും, കഥാപാത്രങ്ങൾ സ്വന്തം കൂട്ടുകാരോ സഹപ്രവർത്തകരോ ആയിരുന്നു. ഈ കണ്ട കഥകൾ ഒക്കെയും മറ്റേതെങ്കിലും സുഹൃത് വലയങ്ങളിൽ അവതരിപ്പിച്ചു ചിരിച്ചും ചിരിപ്പിച്ചും കാലവും പ്രായവും കടന്നുപോയി; കൊറോണക്കാലം വരെ. ഒടിവിലെന്നോ പ്രവാസം മതിയായി കേരളത്തിൽ എത്തിയപ്പോൾ ജോലി കിട്ടുന്നതും പുസ്തകങ്ങളുടെ ഒപ്പം! ഇന്ദുലേഖ ഡോട്ട് കോമിലെ ജീവിതം വായന എന്നത് ഒരു ഹരവും; എഴുത്ത് എന്ന അപ്രതീക്ഷിത ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചും തന്നു. നാടും വീടും പൂട്ടിക്കെട്ടിയ കൊറോണക്കാലം ഓൺലൈൻ ചർച്ചകളും whatsapp ഗ്രൂപ്പുകളും ഒക്കെയായി പോകുമ്പോൾ, കണ്ടതും കേട്ടതുമായ കഥകൾ വിട്ട് സ്വന്തം അമളികളും, കല്യാണം - പെണ്ണുകാണലുമായി ഒക്കെ ബന്ധപ്പെട്ട് നടന്ന കഥകൾ ചെറുതായി എഴുതിനോക്കി.
എഴുത്തുപരീക്ഷണങ്ങളുടെ വിളനിലം സ്വന്തം കുടുംബ whatsapp ഗ്രൂപ്പുകൾ ഒക്കെ തന്നെ ആയിരുന്നു. അവയെല്ലാം വിജയം എന്ന് തോന്നുന്നത് അതിൽ നിന്നും നേരിട്ട് കിട്ടുന്ന ഫീഡ്ബാക്കുകൾ തന്നെ ആയിരുന്നു. അവ പിന്നീട് സുഹൃത്തുക്കൾ അടങ്ങിയ ഗ്രൂപ്പുകളിൽ എത്തിനിന്നു. ലോക്ക് ഡൗൺ കാലങ്ങൾ പരീക്ഷങ്ങളുടേതായിരുന്നു. നേരിട്ട് പരിചയം ഇല്ലാത്ത സുഹൃത്തുക്കളുടെ കഥകൾ മറ്റാരോ പറഞ്ഞു കേട്ട് അവർക്കുവേണ്ടി എഴുതി കൊടുത്തും, സുഹൃത്തുക്കളുടെ കല്യാണ ക്ഷണക്കത്ത് ചെറു കഥകൾ പോലെ എഴുതിയും ലോക്ക് ഡൗൺ കഴിച്ചുകൂട്ടി. അപ്പോഴും സ്വന്തം പേരിൽ ഒരു കഥ എഴുതുന്നതിൽ ഉള്ള ആത്മവിശ്വാസക്കുറവ് വിട്ടുപോകുന്നില്ല എന്ന അവസ്ഥയിൽ ആയിരുന്നു. ഒടുവിൽ സ്വന്തം കോളേജ് കാലത്തെ സുഹൃത്ത് ആയ ബിബു മാണി മാണി എന്ന വ്യക്തിയുടെ പേരിലെ തന്നെ കൗതുകം ഒരു മുഴുനീള കഥയായി ആളുടെ ഫേസ്ബുക്കിൽ ഒരു ഫിലിം സ്പൂഫ് കഥ പോലെ എഴുതുകയും അവ പിന്നീട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതുവരെ ഉള്ള കഥകൾ ഒരു ഈ ബുക്ക് പോലെ PDF ആയി പലരിൽ എത്തുകയും അത് അന്നത്തെ ഒരു പത്രത്തിൽ ചെറിയ വാർത്ത ആവുകയും ചെയ്തപ്പോൾ, ‘അകം പുറം’ എന്ന പേരിൽ ഫേസ്ബുക്കിൽ കഥകൾ എഴുതിത്തുടങ്ങി. ഇപ്പോൾ പണ്ടെന്നോ കണ്ട ഒരു സ്വപ്നം പോലെ ‘കഥയില്ലാത്തവന്റെ കഥകൾ’ എന്ന പേരിൽ മുപ്പത് കഥകളുടെ ഒരു സമാഹാരം ഇറങ്ങിയിരിക്കുന്നു.