ADVERTISEMENT

മലയാളത്തിന്റെ പ്രിയകഥാകൃത്ത് വി.പി. ഏലിയാസിന്റെ ശ്രദ്ധേയരചനയാണ് ‘ദേർമ്മൻ പെരുവണ്ണാൻ’. ഐ ബുക്സ് പുതിയ പതിപ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘മോഷണം ചില അപൂർവ സാധ്യതകൾ’ എന്ന സമാഹാരത്തിലാണ് ആ കഥയുള്ളത്. ‘ദേർമ്മൻ പെരുവണ്ണാൻ’ എന്ന കഥയെക്കുറിച്ച് ‘തീത്തുള്ളി പോലെ ഒരു ജീവിതകഥ’ എന്ന പേരിൽ ഓണിൽ രവീന്ദ്രൻ ‘വനിത ഓൺലൈനിൽ’ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം –

ചില കഥകളിങ്ങനെയാണ്. വായിക്കുന്തോറും നാനാർഥങ്ങളേയും രസഭാവങ്ങളെയും തെളിയിച്ചു കൊണ്ടേയിരിക്കും. പ്രയോഗങ്ങളുടെ അർഥവിസ്തൃതിയും ചന്തവും വിസ്മയിപ്പിക്കും. വായനയുടെ അനുഭൂതി വളർത്തുന്ന ഇത്തരം കഥകൾ ഉള്ളിൽ കടന്നങ്ങനെ ഞ്ഞെളിരിപിരി കൊള്ളിയ്ക്കും. വീണ്ടും വീണ്ടും കലഹിച്ചു കൊണ്ട് അകലുകയും സ്നേഹിച്ചു കൊണ്ട് അടുക്കുകയും ചെയ്യുന്ന പൊന്മാനിനെപ്പോലെ അത് സംവേദനത്തിന്റെ ആഴത്തിലേക്ക് അനുവാചകനെ നിരന്തരം മോഹിപ്പിച്ചു നടത്തും; ഇളവെയിലിൽ ക്ഷീണമറിയാതെ കുന്നുകയറുന്ന പോലെ! മനോഹരമായ ദൃശ്യഭംഗിയിലേയ്ക്ക് വിസ്മയക്കണ്ണ് തുറപ്പിക്കും ഇത്തരം കഥകൾ. വായിക്കുന്തോറും പിടിതരാതെ അകന്നകന്നു പോകുന്ന മോഹമാരീചൻ! ഇങ്ങനെയുള്ള അനുഭവം നൽകി വായനക്കാരനെ പ്രചോദിപ്പിക്കുന്ന കഥയാണ് വി.പി.ഏലിയാസിന്റെ ‘ദേർമ്മൻ പെരുവണ്ണാൻ’

ADVERTISEMENT

അവിടനല്ലൂരിൽ സന്ധ്യയ്ക്ക്ക്ക് വന്നിറങ്ങുന്ന അനിരുദ്ധന്റെ ചിന്താസരണിയിലൂടെയാണ് കഥ ആരംഭിയ്ക്കുന്നത്. താൻ കുട്ടിക്കാലം കഴിച്ചുകൂട്ടിയ ഗ്രാമമാകെ മാറിയിരിക്കുന്നു. തിരക്കിന്റെ കൈകൾ സാവധാനം അവിടെയും പിടിമുറുക്കാൻ തുടങ്ങിയിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് ദേർമ്മന്റെ കൈപിടിച്ച് ഒതുങ്ങിക്കൂടി നടന്നു പോയ കുട്ടിയല്ല ഇന്ന് അനിരുദ്ധൻ. ഫോക്‌ലോറിൽ ഉന്നത ബിരുദമുള്ള, നാടൻ കലകളുടെ അനുഷ്ഠാനാചാരത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള യുവാവാണ്. ഫോക്‌ലോറിസ്റ്റുകളുടെ രാജ്യാന്തര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുന്ന ഗവേഷക പ്രതിഭയാണ്. ഈ മട്ടിൽ വളർന്നു വലുതായ അനിരുദ്ധനാണ് തന്നെ വഴി നടത്തിച്ച, നടന്ന് കയറാൻ പഠിപ്പിച്ച ദേർമ്മൻപെരുവണ്ണാനെ കാണാൻ ‘കനൽ കറുകിയ പോലെ സൂര്യൻ ചായുന്ന’ നേരത്ത്അവിടനല്ലൂരിൽ വന്നിറങ്ങുന്നത്...

vp-elias-4

ദേർമ്മന്റെ കുടിയിലേക്ക് അനിരുദ്ധൻ യാത്രയാരംഭിച്ചു. യാത്രയിൽ നാട്ടു വെളിച്ചമാണ് കൂട്ട് .അത് അസ്തമിക്കും മുമ്പേ അവിടെ എത്തണം. അനിരുദ്ധന്റെ വളർച്ചയിൽ കൂട്ടായത് ദേർമ്മൻ പകർന്ന വെളിച്ചമാണ്. അത് ഇല്ലാതാകുന്നതിന് മുൻപ് അവിടെ എത്തണം. നടന്ന് നടന്ന് കുന്നു കയറവേ ‘കരിങ്കാളി ഭഗവതി മുന്നിലെത്തിയ പോലെ’ ഇടന്തടിച്ചു നിൽക്കുന്ന തുരുത്തമലയുടെപശ്ചാത്തലത്തിൽ ദേർമ്മന്റെ കുടിൽ മുന്നിൽ തെളിഞ്ഞു. അനിരുദ്ധൻ കുടിലിലേക്ക് നോക്കി വിളിച്ചു. ഇരുട്ട് പടർന്ന കുടിലിന്നുളളിൽ ഒരു ഞരക്കം മാത്രം... തായ് പരദേവതയുടെ കോലത്തിൽ ഉറഞ്ഞാടിയ, തോറ്റത്തിന്റെ ശീലുകളിലും അസുര വാദ്യത്തിന്റെ പോരിമയിലും മതിമറന്ന തെയ്യക്കാരന്റെ ജീവിത പരിസരത്തിന്റെ ദയനീയ കാഴ്ച. തിറയാട്ടവും അനുഷ്ഠാനവും ജീവിതവ്രതമാക്കിയ ഒരു മനുഷ്യന്റെ ജീവിതാവസ്ഥ വാചാടോപതയില്ലാതെ ആവിഷ്ക്കരിക്കുന്നു കഥാകാരൻ.

ADVERTISEMENT

ദേർമ്മനെ കുറിച്ചറിഞ്ഞ ബോസ്റ്റൺ സർവകലാശാലയിലെ ഫോക്‌ലോർ വിചക്ഷണൻ ഡോ.ഹാരി അവിടുത്തെ സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറാക്കാൻ തീരുമാനിക്കുകയും അദ്ദേഹത്തെ എത്തിക്കാനുള്ള ചുമതല അനിരുദ്ധനെ ഏല്പിച്ചതുമാണ് ദേർമ്മനെ തേടി വീണ്ടും അയാൾ അവിടനല്ലൂരിലെത്താൻ ഇടയാക്കിയത്. പക്ഷേ, അതിദയനീയമായ അവസ്ഥയിലായിരുന്ന ദേർമൻ പെരുവണ്ണാനെ ഒരു ദേവീവിഗ്രഹം എടുത്തു വെക്കുന്ന കരുതലോടെ അനിരുദ്ധൻ എടുത്ത് കിടത്തി. അയാളുടെ വരണ്ട ചുണ്ടിലേയ്ക്ക് വെള്ളമിറ്റിച്ചു. ഇരുട്ടു പരന്ന മുറിയിൽ അസ്ഥിമാത്രശേഷനായ വണ്ണാൻ വെള്ളത്തുള്ളിയുടെ തണുപ്പിൽ ചെറുതായി ഞരങ്ങി. അനിരുദ്ധൻ കുടിലിന്റെ ആടി നിന്ന കാലുകൾ ഇളക്കി. കുടിൽ ചെരിയാൻ തുടങ്ങി. അണിയലങ്ങളും തലപ്പാളികളും ശബ്ദത്തോടെ നിലംപതിച്ചു. തിറയാട്ടത്തിനു ലഭിച്ച പുരസ്ക്കാരങ്ങൾ താഴെ വീണു. കുടിലിൽ കണ്ട പഴകിയ തുണിയെടുത്ത് കോത്തിരിയുണ്ടാക്കി. തീപ്പെട്ടിയെടുത്ത് അനിരുദ്ധൻ കോത്തിരി കത്തിച്ചു. കുടിലിന് തീ കൊളുത്തി. ദേർമ്മൻ പെരുവണ്ണാന് ലഭിച്ച ബഹുമതികളും തെയ്യച്ചമയങ്ങളുടെ കെട്ടും അദ്ദേഹത്തോടൊപ്പം അഗ്നിയിൽ വിലയം പ്രാപിച്ചു. തനിക്കു ലഭിച്ച എല്ലാ ബഹുമതികളുമടങ്ങിയ തോൾസഞ്ചി തീയിലേക്ക് വലിച്ചെറിഞ്ഞ് അനിരുദ്ധൻ കുന്നിറങ്ങി.

vp-elias-2
വി.പി. ഏലിയാസ്

ഭാവനയും യാഥാർഥ്യവും കൂട്ടി ചേർത്ത്, ദൃശ്യഭംഗിയോടെ അവസാനിക്കുന്ന ഈ കഥ തിറയാട്ടക്കലാകാരന്റെ വൃദ്ധിക്ഷയങ്ങൾ നിറഞ്ഞ ജീവിതയാത്രയെ ആവിഷ്ക്കരിക്കുന്നു. തന്റെ ജീവിതവഴിയിൽ വിജയത്തിന്റെ കൊടിയുയർത്തിയ മനുഷ്യനെ ദീർഘകാലാനന്തരം കാണാനെത്തുന്ന അനിരുദ്ധന്റെ ചിന്താഭാരവും ദേർമ്മൻ പെരുവണ്ണാന്റെ പതനവും സമാന്തരമായി ആവിഷ്കരിക്കുന്നുണ്ടിതിൽ...തെയ്യത്തിന്റെ മാത്രമല്ല നാടൻ കലാരൂപങ്ങളുടെ പൊരുളറിവ് പകർന്നു തന്ന മഹാമനീഷിയുടെ അനാഥമാകുമായിരുന്ന ജീവിതാന്ത്യം സനാഥമാക്കി മാറ്റുന്നുണ്ട് അനിരുദ്ധന്റെ വരവ്. പ്രാദേശിക ധിഷണാശാലികളെ മറവിയുടെ ആഴത്തിലേക്ക് മാറ്റുന്ന സാമൂഹികാവസ്ഥയെ നിഗൂഹനം ചെയ്യുന്നുണ്ടിതിൽ. അതുകൊണ്ട് കൂടിയാണ് അനിരുദ്ധൻ ഇടവഴി പിണങ്ങി നിൽക്കുന്ന തിരിവുകളിൽ നിശ്ചലനായിപ്പോകുന്നത്. തന്റെ കൈപിടിച്ച് വളർത്തിയ ദേർമ്മൻ പെരുവണ്ണാന്റെ വീട്ടിലേക്കുള്ള വഴി മറന്നു പോകുന്നത് തന്റെ സ്വത്വത്തെ മറക്കലാണെന്ന തിരിച്ചറിവ് അയാളെ അസ്വസ്ഥനാക്കുന്നത്. തന്റെ ആശാനായ ദേർമ്മനെ കാണാൻ ഇതുവരെയും വന്നില്ലല്ലോ എന്ന കുറ്റബോധം അനിരുദ്ധനിൽ ആളിയമർന്ന നിലവിളിയായി കനക്കുന്നുണ്ട്.

ADVERTISEMENT

അനുഷ്ഠാന കലാരൂപങ്ങളും അതിന് നേതൃത്വം കൊടുക്കുകുന്നവരെ കുറിച്ചുള്ള ആശയ സ്വീകാര്യതയ്ക്കും അനുയോജ്യമായ ഭാഷാപ്രയോഗങ്ങൾ ഈ കഥയെ മനോഹരമാക്കുന്നു. കനൽ കറുകിയ സൂര്യൻ ചായുന്ന സന്ധ്യ എന്ന തുടക്കവാക്യത്തിൽ തന്നെ കഥയുടെ വാതിൽ തുറക്കുകയും ആളിപ്പടരുന്ന അഗ്നിയിൽ ദഹിച്ച് ഇല്ലാതാകുന്ന തിറയാട്ടക്കാരന്റെ രൂപവും വാനയക്കാരനിൽ ശിലാലിഖിതം പോലെ നിൽക്കും. മേലേരിയിൽ അഗ്നിശുദ്ധി വരുത്തുന്ന ഒറ്റക്കോലത്തെപ്പോലെ ദേർമ്മൻ പെരുവണ്ണാൻ എന്ന കഥാപാത്രം അനുവാചകനെ കാഴ്ചയുടെ ആകാശം തൊടുവിക്കുന്നു. കോലധാരി സമൂഹത്തിന്റെ ഉയർച്ചതാഴ്ചയുടെ പ്രതീകമായി ദേർമ്മൻ പെരുവണ്ണാൻ എന്ന കഥാപാത്രം നിലകൊള്ളുന്നു.

അനിരുദ്ധന്റെ യാത്രാവഴിയിൽ കാണുന്ന ദുർദ്ദേവതകളും കണ്ടോർ ചാമുണ്ഡിയും ഈ അനുഷ്ഠാന മൂർത്തിയുടെ ശക്തിപൂർണമായ ജീവിതയാത്രയെ ഓർമ്മപ്പെടുത്തുന്നുണ്ട്. തെയ്യക്കാരൻ കോലം ധരിച്ച് താളാനുസൃതമായി തുള്ളുന്നവൻ മാത്രമല്ലെന്നും കാലത്തിന്റെ തോറ്റം പാടിയുണർത്തുന്ന ശക്തിയാണെന്നും ഈ കഥ പറയാതെ പറയുന്നുണ്ട്. ദൃശ്യഭംഗിയാർന്ന ഭാഷയിൽ ആവിഷ്ക്കരിച്ച ഈ കഥ തെയ്യം ആസ്പദമാക്കി മലയാളത്തിൽ വന്നിട്ടുള്ള മറ്റു കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു.

vp-elias-3
ഓണിൽ രവീന്ദ്രൻ

വി. പി. ഏലിയാസിന്റെ മറ്റു രചനയിൽ നിന്നും വിഷയ സ്വീകാര്യത കൊണ്ടും ആഖ്യാനഭംഗികൊണ്ടും വ്യതിരിക്തത പുലർത്തുന്നു ഇത്. കൗതുകം കൊണ്ട് രസിപ്പിക്കുകയും എന്നാൽ പെട്ടെന്ന് പിടി തരാതെ അകലുകയും ചെയ്യുന്ന മോഹമാരീചനെപ്പോലെ കഥാലോകത്ത് സ്വതന്ത്ര വ്യക്തിത്വം പുലർത്തുന്നു ‘ദേർമ്മൻ പെരുവണ്ണാൻ’ എന്ന കഥ.

V.P. Elias's 'Deerman Peruvannan': A Deep Dive into Tradition and Talent:

Deerman Peruvannan by V.P. Elias is a poignant Malayalam short story that explores the life and struggles of a Theyyam artist and his relationship with his former student. The narrative beautifully blends imagination and reality, highlighting the dignity of traditional art forms and the societal neglect faced by their practitioners.

ADVERTISEMENT