‘മരണഭയത്തിന്റെ നിഴലിൽ ഇരുന്നെഴുതിയതാണ് ഈ പുസ്തകം’: കെ.എം. വേണുഗോപാലിന്റെ ‘ചെക്കോവിന്റെ കുതിരവണ്ടിയിൽ’ K.M. Venugopal's New Literary Collection Released
Mail This Article
മലയാളത്തിലെ ശ്രദ്ധേയ സാഹിത്യവിമർശകനും സാഹിത്യ പത്രപ്രവർത്തകനുമാണ് കെ.എം. വേണുഗോപാൽ. കലിയും കാവ്യഔഷധങ്ങളും, വിലാപങ്ങളുടെ പുസ്തകം, സിംബലിസം മലയാള കവിതയിൽ, ഡെറിഡയുടെ ഫാർമസി, നരകത്തിലേക്കു മോഹനമായി നോക്കുമ്പോൾ, അഭിമുഖങ്ങൾ, സഞ്ചാരം തന്ന ജീവിതം തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇപ്പോഴിതാ, ഇടവേളയ്ക്കു ശേഷം കെ.എം. വേണുഗോപാലിന്റെ സാഹിത്യപഠനങ്ങളുടെ മറ്റൊരു സമാഹാരം കൂടി വായനക്കാരിലേക്കെത്തിയിരിക്കുന്നു. മഷിക്കൂട്ട് പ്രസിദ്ധീകരിച്ച ‘ചെക്കോവിന്റെ കുതിരവണ്ടിയിൽ’ എന്ന ഈ കൃതി വായിക്കുന്ന നമ്മെത്തന്നെ ശ്രദ്ധിച്ചു നോക്കാൻ ശീലിപ്പിക്കുന്നതിനൊപ്പം എഴുതിത്തുടങ്ങുന്നവർക്കും സാഹിത്യ വിദ്യാർഥികൾക്കും പ്രയോജനപ്പെടും. സാഹിത്യവിമർശനം സർഗാത്മകമാകുന്ന പഠനങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
‘ചെക്കോവിന്റെ കുതിരവണ്ടിയിൽ’ എന്ന പുസ്തകത്തിന് കെ.എം. വേണുഗോപാൽ എഴുതിയ ആമുഖം വായിക്കാം –
മരണം അടുത്തുണ്ട് എന്ന തോന്നൽ മുറുകിയപ്പോൾ ഖേദങ്ങളുടെ വരവായി. അമ്മയെ രക്ഷിക്കാഞ്ഞത്, അച്ഛന്റെ മനസ്സുടച്ചത്, പ്രണയം പറയാതിരുന്നത്, വാക്കു പാലിക്കാഞ്ഞത്.
ശരീരം ഇടറിവീഴുകയും മനസ്സ് നങ്കൂരം തിരയുകയും ചെയ്ത പ്പോഴാണ് ആരോഗ്യനികേതനത്തിൽ മനസ്സുറച്ചത്. ശാന്തതയോടെ മൃത്യുദേവതയെ കാത്തിരിക്കുന്ന ജീവൻമശായിയുടെ ചിത്രം കീമോ തെറാപ്പിയെക്കാൾ ഫലപ്രദമായി. മരണഭയത്തിന്റെ നിഴലിൽ ഇരുന്നെഴുതിയതാണ് ഈ പുസ്‌തകം.
സാരമായതെന്ത് എന്നു തിരിച്ചറിവുതന്ന ആ കാലത്ത് നിരന്തരം ആശ്വസിപ്പിച്ച നാലു സൗഹൃദങ്ങൾ അകാലത്തിൽ പൊലിഞ്ഞു. ആശുപത്രിക്കിടക്കയിൽനിന്നിറങ്ങിയാൽ ഒരുമിച്ചു സിനിമ ചെയ്യാം എന്നുറപ്പു നൽകിയ അനൂപ് രാമകൃഷ്‌ണൻ, എന്റെ ഉയർച്ച സ്വപ്നം കണ്ട ഗുരുനാഥൻ പത്മറാവു സാർ, ശാസ്‌താംകോട്ടയിൽ ഒരു നാടകസംഘമായി ശിഷ്‌ടകാലം എന്നു മോഹിപ്പിച്ച ബാലേട്ടൻ, ഏറ്റവുമൊടുവിൽ മൂന്നു പതിറ്റാണ്ടുകാലം തൊട്ടടുത്ത ഇരിപ്പിട ത്തിലിരുന്നു ജോലിചെയ്‌ത ആത്മസൗഹൃദം എം.എം. സാബു.
വിട്ടുപോയ ആ സൗഹൃദങ്ങൾക്ക് ഈ പുസ്‌തകം സമർപ്പിക്കുന്നു, സംഭാഷണം അസാധ്യമായിത്തീർന്ന ലോകത്ത്, സന്ദേഹത്തോടെ...