‘അവര്‍ക്കറിയാമായിരുന്നു അമ്മയുടെ വേര്‍പാട് എന്നെ എത്രത്തോളം മുറിവേല്പിച്ചിട്ടുണ്ടെന്ന്’: വിനായക് നിര്‍മ്മല്‍ എഴുതുന്നു The Art of Expressing Love: Insights from Vinayak Nirmal's Latest Book
Mail This Article
ആത്മീയതയുടെ വൈവിധ്യമാനങ്ങളുള്ള ചിന്തകളിലൂടെ ഹൃദയത്തിന്റെ സംഗീതം പ്രസരിപ്പിക്കുന്ന രചനകളാണ് വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. വിനായകിന്റെ പുതിയ പുസ്തകമാണ് ആത്മീയവിചാരക്കുറിപ്പുകളുടെ സമാഹാരമായ ‘സ്‌നേഹിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍’. മഷിക്കൂട്ട് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പശ്ചാത്തലത്തിൽ, തന്റെ രചനാനുഭവങ്ങളെക്കുറിച്ച് വിനായക് നിര്‍മ്മല്‍ ‘വനിത ഓൺലൈനില്‍’ എഴുതിയ കുറിപ്പ് വായിക്കാം –
‘ഇത് മഹത്തായ കൃതിയാണ് എന്ന് ഞാന്‍ പറയില്ല, പക്ഷേ ഒരാള്‍ക്ക് എങ്ങനെയാണ് സ്‌നേഹത്തെക്കുറിച്ച് ഇത്രയും ലളിതമായും സുന്ദരമായും എഴുതാന്‍ കഴിയുന്നത് എന്ന അദ്ഭുതമാണ് ഈ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ എനിക്ക് തോന്നിയത്. സ്‌നേഹത്തിന്റെ വിവിധതലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇതുപോലൊരു പുസ്തകം ഞാന്‍ വായിച്ചിട്ടില്ല’
‘സ്‌നേഹിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍’ എന്ന പുസ്തകം വായിച്ചതിന് ശേഷം ഒരു സുഹൃത്ത് രേഖപ്പെടുത്തിയ അഭിപ്രായം ഇങ്ങനെയായിരുന്നു. മഹത്തായ കൃതിയാണ് എന്ന് ഇത്രയും നാള്‍ എഴുതിയ ഒന്നിനെക്കുറിച്ചും അവകാശവാദങ്ങളില്ലാത്തതുകൊണ്ട് ഈ അഭിപ്രായം നല്കിയ സന്തോഷം ചെറുതൊന്നുമായിരുന്നില്ല. എന്താണോ ഈ പുസ്തകം കൊണ്ട് ഉദ്ദേശിച്ചത് അത് സാധിച്ചിരിക്കുന്നുവെന്ന് മനസ്സ് പറഞ്ഞു. കാരണം സ്‌നേഹത്തെക്കുറിച്ചുള്ള എന്റെ ആകുലതകളും ചിന്തകളും അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ കുറിച്ചുവയ്ക്കാനാണ് ഞാന്‍ ഈ പുസ്തകത്തില്‍ ശ്രമിച്ചത്.
ബാക്കിവന്നവ ശേഖരിച്ചുവച്ചു എന്ന് പറയുന്നതുപോലെ പലപ്പോഴായി എഴുതിവച്ച കുറിപ്പുകള്‍ സമാഹരിച്ചവയായിരുന്നു ഇതിലെ 30 ലേഖനങ്ങള്‍. ‘അരമണിക്കൂറിനുള്ളില്‍ പുസ്തകം മുഴുവന്‍ വായിച്ചുതീര്‍ത്തു. പക്ഷേ ഓരോ ദിവസവും ഞാന്‍ ആ പുസ്തകം വായിച്ചുകൊണ്ടാണിരിക്കുന്നത്’ എന്നായിരുന്നു ആ പുസ്തകത്തെക്കുറിച്ചുള്ള മറ്റൊരു പ്രതികരണം. അതെന്നെ ശരിക്കും അതിശയിപ്പിച്ച പ്രതികരണമായിരുന്നു. കാരണം അത്രമാത്രം അതില്‍ എന്താണ് ഉള്ളതെന്ന് എനിക്കുപോലും സംശയമുണ്ട്.
എന്നാല്‍ പിന്നീട് എനിക്ക് മനസ്സിലായി, എഴുതിക്കഴിഞ്ഞവയ്ക്കുശേഷം എഴുത്തുകാരന് എഴുതിയതിന്മേല്‍ അവകാശമില്ല. അത് പിന്നീട് വായനക്കാരന്റേതാണ്. അയാള്‍ക്ക് അത് തള്ളാനും കൊള്ളാനും അവകാശമുണ്ട്. എഴുതിയതിന് അപ്പുറം വായിക്കാനും അര്‍ത്ഥം കണ്ടെത്താനും കഴിവുള്ള വായനകളുണ്ടാകുമ്പോഴാണ് വായനക്കാരന്‍ എഴുത്തുകാരനെയും അതിശയിപ്പിക്കുന്നത്. സ്‌നേഹത്തെക്കുറിച്ചുള്ള ചിന്തകളും ആലോചനകളും ഉള്ളവരും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരുമാണ് മനുഷ്യര്‍ എന്നതുകൊണ്ടാവാം ഈ പുസ്തകം വായിച്ചവര്‍ മറ്റുള്ളവര്‍ക്ക് സജറ്റ് ചെയ്തതും സ്വന്തം ചെലവില്‍ വാങ്ങി മറ്റുള്ളവര്‍ക്ക് ഗിഫ്റ്റ് കൊടുത്തതെന്നും എനിക്ക് തോന്നുന്നു.
എല്ലാ മനുഷ്യരും സ്‌നേഹിക്കാന്‍ കഴിവുള്ളവരും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹമുള്ളവരുമാണ്. ഇവയ്ക്ക് രണ്ടിനും വിരുദ്ധമായുള്ളവര്‍ ലോകത്ത് തന്നെ വളരെ കുറവായിരിക്കും, സ്‌നേഹിക്കുന്ന കാര്യത്തിലും സ്‌നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിലും ഓരോരുത്തരും വ്യത്യസ്തരാണ്. ഒരാള്‍ സ്‌നേഹിക്കുന്നതുപോലെ മറ്റൊരാള്‍ക്ക് സ്‌നേഹിക്കാനാവില്ല. ഒരാളുടെ സ്‌നേഹം മറ്റൊരാളുടെയും പോലെയല്ല. പലരെയും നാം സ്‌നേഹിക്കുമ്പോഴും പലര്‍ക്കും നാം സ്‌നേഹം ഒരേ അളവിലല്ല വീതം വച്ചുകൊടുക്കുന്നത്. ചില സ്‌നേഹത്തിന്റെ ത്രാസുകള്‍ പൊങ്ങിയും മറ്റ് ചിലത് താഴ്ന്നുമാണ് ഇരിക്കുന്നത്. ഒരേപോലെ തൂക്കമുള്ള സ്‌നേഹത്തിന്റെ രണ്ടുതട്ടുകള്‍ ഇല്ലേയില്ല. സ്‌നേഹം ഒരു ക്രിയയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ എഴുത്തിനെ നിശിതമായി വിമര്‍ശിക്കുകയും പല വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും സ്‌കൂള്‍കാലം മുതല്‍ തന്നെ തുടര്‍ന്നുപോരുന്ന സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരു ചങ്ങാതി എന്നോട് പറഞ്ഞിട്ടുണ്ട്, നിനക്ക് നന്നായി സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയാം. വ്യക്തിയെന്ന നിലയില്‍ എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിട്ടാണ് ഞാനതിനെ കാണുന്നത്. പ്രകടിപ്പിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ് സ്‌നേഹം ? വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സ്‌നേഹം പ്രകടിപ്പിക്കണം. അല്ലെങ്കില്‍ സാഹചര്യം മനസിലാക്കി സ്‌നേഹം പ്രകടിപ്പിക്കണം.
ഓര്‍മ്മയിലുണ്ട് ആ നിമിഷം, ജീവിതത്തിലെ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയും സങ്കടത്തിലൂടെയും കടന്നുപോകുകയായിരുന്നു. അപ്പോഴാണ് അവന്‍ എന്നെ കാണാനെത്തിയത്. പലതും പറഞ്ഞു, ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിരിയും നേരത്ത്് അപ്രതീക്ഷിതമായി അവന്‍ എന്നെ ചേര്‍ത്തുപിടിച്ചു, ഞാന്‍ പോലും വിചാരിക്കാത്ത നേരത്ത് അവന്‍ എന്റെ മൂര്‍ദ്ധാവില്‍ ഒരു ഉമ്മതന്നു. ‘നീ വിഷമിക്കരുത്. നീ കഴിഞ്ഞേ എനിക്ക് ഈ ലോകത്തില്‍ മറ്റാരുമുള്ളൂ’ ഹോ എന്തൊരു വാക്കായിരുന്നു അത്. അവന്‍ അങ്ങനെ പറയുമെന്നോ അങ്ങനെ ചെയ്യുമെന്നോ ഞാന്‍ കരുതിയിരുന്നില്ല. മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായി അവന്‍ എന്നെ കണക്കാക്കുന്നു എന്ന അറിവ് പിന്നീടുള്ള ജീവിതത്തിലെ അമാവാസികളിലെല്ലാം തങ്കശോഭയോടെ മനസ്സിലേക്ക് കടന്നുവന്നു. സ്‌നേഹത്തിന് നമ്മുടെ മനസ്സിലെ ഇരുട്ട് അകറ്റാനാവും. അതുകൊണ്ടാണ് സ്‌നേഹം എല്ലാറ്റിനെയുംക്കാള്‍ സര്‍വോത്കൃഷ്ടമാകുന്നത്.
അമ്മ മരിച്ചത് ഒരു സന്ധ്യയ്ക്കായിരുന്നു. വിവരം അറിഞ്ഞ് ഓടിവന്നവരില്‍ ഒരാള്‍ ആത്മസ്‌നേഹിതനായിരുന്നു. ഏതോ പണിക്കിടയില്‍ നിന്ന് ഓടിവന്നതുപോലെ അവന്‍ വിയര്‍ത്തൊട്ടിയിരുന്നു. ഒന്നും പറഞ്ഞില്ല. പകരം അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള ഒരു സ്പര്‍ശനം. തോളത്ത് കരം അമര്‍ത്തല്‍. പിന്നെ എന്റെ കരം കവര്‍ന്ന് അതിന് മീതെ അവന്റെ കരം ചേര്‍ക്കല്‍...തീര്‍ന്നു. അധികംവാക്കുകളില്ല... സ്‌നേഹപ്രകടനങ്ങളുമില്ല. പക്ഷേ അതുമുഴുവന്‍ സ്‌നേഹമായിരുന്നു. ആ ദിവസത്തിന്റെ തന്നെ മറ്റൊരു ഓര്‍മ്മയുമുണ്ട്. എന്നെ വിട്ടുമാറാതെ എന്റെ മക്കള്‍ ചേര്‍ന്നുനിന്നതായിരുന്നു അത്. ഒരു പതിനഞ്ചുകാരനും ഒരു പത്തുകാരനും. മറ്റാര്‍ക്കും അറിയില്ലെങ്കിലും അവര്‍ക്കറിയാമായിരുന്നു അമ്മയുടെ വേര്‍പാട് എന്നെ എത്രത്തോളം മുറിവേല്പിച്ചിട്ടുണ്ടെന്ന്. ആ നിമിഷങ്ങളില്‍ എന്നെ താങ്ങിനിര്‍ത്താന്‍ അവര്‍ക്കാരും നിര്‍ദ്ദേശം നല്കിയിരുന്നില്ല. പക്ഷേ സ്‌നേഹത്തിന്റെ തിരത്തള്ളല്‍ അവരെ അതിന് നിര്‍ബന്ധിതരാക്കുകയായിരുന്നു.
ചരമക്കോളത്തിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ആ മരണവാര്‍ത്ത അറിഞ്ഞ് വീടും നാടും തേടിപ്പിടിച്ചുവന്ന സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നാല്‍ ആരൊക്കെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ അധികമായി ആഗ്രഹിച്ചോ അവരാരും വന്നിരുന്നുമില്ല, അത്രയധികമായി സ്‌നേഹം നിക്ഷേപിച്ചവര്‍ പോലും. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമെല്ലാം സ്‌നേഹം ആശ്വാസമായും സാന്ത്വനമായും പ്രതിഫലിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നാണ്. അതിന് കഴിയുന്നില്ലെങ്കില്‍ നമ്മുടെ സ്‌നേഹം കൊണ്ട് യാതൊരുപ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. കാലഹരണപ്പെട്ട കറന്‍സിപോലെ അത് അവഗണിക്കപ്പെട്ടുപോകും. ആര്‍ക്കും അതുമൂലം പ്രയോജനം ഉണ്ടാവുന്നില്ല, അവനവര്‍ക്കുപോലും. അതുകൊണ്ട് സ്‌നേഹത്തിന് ചില അടയാളങ്ങളൊക്കെ ആവശ്യമാണ്. സ്‌നേഹത്തിന്റെ അടയാളങ്ങള്‍ എന്നൊരു ശീര്‍ഷകമുള്ള ഒരു ലേഖനവും ഇതിലുണ്ട്.
ഏറ്റവും ഉറപ്പുള്ള ബാങ്കുകളിലാണല്ലോ നാം പണം നിക്ഷേപിക്കുന്നത്. അതുപോലെ ഏറ്റവും വിശ്വാസ്യതയും ഉറപ്പുമുള്ള വ്യക്തികളില്‍ മാത്രം സ്‌നേഹവും നിക്ഷേപിക്കുക. അല്ലെങ്കില്‍ നാം കബളിപ്പിക്കപ്പെട്ടുപോകും.
‘നീ എന്നിലും ഞാന്‍ നിന്നിലും ആകുന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ അവസ്ഥയാണ് സ്‌നേഹം. നിന്റെ ഹൃദയത്തില്‍ എനിക്കും എന്റെ ഹൃദയത്തില്‍ നിനക്കും ഒരുപോലെ ഇടമുണ്ടെങ്കില്‍ നീയും ഞാനും തമ്മില്‍ സ്‌നേഹത്തിലാണ്’. വരൂ നമുക്ക് സ്‌നേഹിക്കാം...സ്‌നേഹമുണ്ടായതുകൊണ്ടുമാത്രമായില്ല പ്രകടിപ്പിക്കുന്നവിധത്തില്‍ സ്‌നേഹിക്കാന്‍ കഴിവുള്ളവരാകുക എന്നതാണ് അതിലേറെ പ്രധാനം.