ADVERTISEMENT

മലയാളത്തിലെ ശ്രദ്ധേയ കവിയും വിവർത്തകയുമായ ജെനി ആൻഡ്രൂസിന്റെ കുറിപ്പുകളുടെ സമാഹാരമാണ് ‘തേനിലെത്തുവോളം’. ഈ മനോഹരകൃതിയ്ക്ക് ‘ഈ കാറ്റില്‍, നിലാവില്‍, ഉച്ചവെയിലില്‍’ എന്ന പേരിൽ കെ.ബി.പ്രസന്നകുമാര്‍ എഴുതിയ അവതാരിക വായിക്കാം –

‘ഹണി ഗാതറേഴ്‌സ്’ എന്നൊരു പുസ്തകമുണ്ട്. തേന്‍ ശേഖരിക്കുന്നവര്‍. സംഗീതത്തിന്റെ തേന്‍ ശേഖരണത്തിനുള്ള അലച്ചിലുകളിലൂടെ, ജീവിതത്തിന്റെ സംഗീതം തേടുന്ന ഉന്മാദകരമായ അയനമാണ് മിംലു സെന്നിന്റെ ആ പുസ്തകം . പുറംലോകത്തിന്റെ വ്യവസ്ഥകളെ ഉള്ളിലെ സംഗീതവ്യവസ്ഥ കൊണ്ട് നേരിടുന്ന ജീവിതമാണ് ബഹുഭാവ തരംഗിതമായി അതില്‍ ആവിഷ്‌ക്കരിക്കുന്നത്. ജീവിതമധുവും സംഗീതമധുവും അന്വേഷിക്കപ്പെടുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ടുവേര്‍ഡ്‌സ് ദി നെക്ടാര്‍ എന്ന അവസ്ഥയാണ് ജെനി ആന്‍ഡ്രൂസിന്റെ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നത്. തേനിലേക്കെത്തുവോളമുള്ള സര്‍ഗ്ഗയാനം. കാഴ്ചകളുടെ, ചിന്തകളുടെ, ഉള്‍പ്രകാശങ്ങളുടെ ഇതളുകള്‍ വിടര്‍ത്തി, തേനിലേക്ക്. തേന്‍, ഒരു പ്രതീക്ഷയാണ്. ഉണ്ടാവാം, ഇല്ലാതിരിക്കാം. പക്ഷേ, തേടല്‍ സത്യമാണ്. മാങ്കനികളില്‍ നിന്ന് മാമ്പൂവിലെത്തിച്ചേരാന്‍ കുറച്ചു കാലം വേണമെന്ന് പണ്ട് കവി പറഞ്ഞിട്ടുണ്ട്. പൂവില്‍ നിന്ന് തേനിലേക്കെത്താനോ ? സര്‍ഗ്ഗാത്മകതയുടെ രസനാളികള്‍ കുറേക്കൂടി സൂക്ഷ്മമാകേണ്ടതുണ്ട്. ഒരു ഗാനം കേള്‍ക്കുമ്പോള്‍ അതിന്റെ സ്വരമധുവിലേക്ക് എത്താനുള്ള ശ്രദ്ധ കേള്‍ക്കുന്ന ചെവികള്‍ക്കുണ്ടാകുമ്പോള്‍ എന്താണ് സംഭവിക്കുന്നത് ? ‘പാട്ടിന്റെ പുറംപാളി അഴിഞ്ഞു വീണ് അര്‍ത്ഥവും അതിന്റെയര്‍ത്ഥങ്ങളും അടങ്ങിയ അകംപാളി തുറക്കപ്പെടുന്നു’. നാം വെറുമൊരു കൗതുകത്തിന് കേള്‍ക്കുന്ന പാട്ടുകളിലേക്ക് കൂടുതലൊന്ന് ശ്രദ്ധിക്കൂ. അതിന്റെ സംഗീതാനുഭവം പുതിയ പ്രവാഹഗതി ആര്‍ജിക്കുന്നതറിയാം. വാക്കുകളില്‍ പുതിയ അര്‍ത്ഥങ്ങളും വിടരുന്നു. ‘യരൂശലേമിലേ സ്വര്‍ഗ്ഗദൂതാ’ എന്ന പാട്ട് ക്രമേണ ദൈവാനുഭവത്തിന്റെ ആന്തരികതയിലേക്ക് പുതിയ കിളിവാതിലുകള്‍ തുറക്കുന്നു. അര്‍ത്ഥത്തിന്റെയും അനുഭവത്തിന്റെയും ചില ഒറ്റപ്പെട്ട പാതകളിലൂടെയാണ് ജെനി എപ്പോഴും സഞ്ചരിക്കുന്നത്. പ്രശാന്തതയില്‍ അനുസ്മരിക്കപ്പടുന്ന ചില ഓര്‍മ്മകള്‍, വിചാരങ്ങള്‍. പാട്ടുകള്‍, ഹൈക്കു കവിതകള്‍, റൂമി , യേശു, വിവേകാനന്ദന്‍, പോപ്പ് ഫ്രാന്‍സിസ്, ഫ്രാന്‍സിസ് ആചാര്യ, രാമകൃഷ്ണ പരമഹംസര്‍, ലങ്കാലക്ഷ്മി, സി.എന്‍, മാത്തിസന്‍, ഷാലര്‍, ഗുരു നിത്യ, ടാഗോര്‍, സെന്‍ചിന്തകള്‍, ശ്രീനാരായണഗുരു, പെസഹ, ദുഃഖവെള്ളി, ബുദ്ധന്‍...

ADVERTISEMENT

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ രാവണനെ ഓര്‍ത്ത് തുടങ്ങുന്ന വിചാരം പൊടുന്നനെ ചിതറി, മുറ്റത്തെ പൂക്കളിലേക്കും ചെടികളിലേക്കും ശലഭങ്ങളിലേക്കും പാറുന്നു. ‘ലോകത്തിന്റെ വന്‍കാര്യങ്ങളില്‍ എന്താണിവയ്ക്ക് പ്രാധാന്യം ? പക്ഷേ, വലുതേത്, ചെറുതേത് ? ചെറുതിലൂടെ വലുതിലെത്തുന്നു, വലുതിലൂടെ ചെറുതിലെത്തുന്നു. ഒരു ലളിതമനോഹര സത്യം, പാണ്ഡിത്യങ്ങളില്‍ അറിയാത്തവ, ഹൃദയപാളികള്‍ക്കുള്ളില്‍ സാനന്ദം അനാവൃതം’ എന്ന് ജെനി തന്റെ മുറ്റത്തു കൂടി നടന്നു കാണുന്നു. മധുരമായൊരു കൂവല്‍. താഴേക്ക് പാറുന്ന ഒരു തൂവല്‍. അടയിരുന്നതിന്‍ ചൂട്. ലളിതമായ ഈ ആവിഷ്‌ക്കാരങ്ങളില്‍ നിന്ന് ഉയിര്‍ത്ത് പാറുന്ന ജീവനെ പി.പി.രാമചന്ദ്രന്‍ മുന്നേ ആവിഷ്‌ക്കരിച്ചു. അഡയാറിലെത്തുന്ന ദിവസങ്ങളില്‍ കൃഷ്ണമൂര്‍ത്തി ഒരു മാവിന്‍ ചുവട്ടിലിരുന്ന് കുട്ടികളോട് സംസാരിക്കുമായിരുന്നു. ഒരു ദിവസം അങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ മരക്കൊമ്പില്‍ ഒരു പക്ഷി ദീര്‍ഘമായി കൂകി. സംഗീത പരിവേഷമുള്ള കൂവല്‍. കൃഷ്ണമൂര്‍ത്തി പറഞ്ഞു. ‘ഇന്നത്തെ അദ്ധ്യയനം ഇതോടെ അവസാനിച്ചു’. ഒരു പക്ഷിക്കൂവലിന്റെ നൈസ്സര്‍ഗികതയില്‍ നിന്ന് ഭിന്നനാദങ്ങളിലേക്ക്, പ്രകൃതിയുടെ ഈണങ്ങളിലേക്ക് കൃഷ്ണമൂര്‍ത്തി കുഞ്ഞുങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഒരു വേനല്‍ മഴയ്ക്ക് തൊട്ടുമുന്‍പ് എവിടെ നിന്നോ ഒരു മയില്‍, ഭൂമിയുടെ മാത്രമല്ല, തനിക്കുള്ളിലെ വര്‍ണ്ണപ്പീലികളെയും വിടര്‍ത്തുന്നതിന്റെ അനുഭവം ജെനി പറയുന്നുണ്ട്. അത് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മയൂര സന്ദേശത്തിലേക്കും ടി.എം. കൃഷ്ണയിലേക്കും കൂടി വിടരുന്നു. വര്‍ണ്ണവിവിധമാകുന്നു. മയൂരസന്ദേശത്തിലെ ‘ആകാരത്തിന്‍ സുഷമയിതുപോലേതു പക്ഷിക്ക് പാരില്‍...’ എന്ന ഭാഗം പാടി ടി.എം.കൃഷ്ണ മയില്‍ഗതിതാളത്തെയും കവിതയെയും സംഗീതസാക്ഷാല്‍ക്കരിക്കുന്ന അനുഭവം സൃഷ്ടിക്കുന്നു. സാംസ്‌കാരികമായ, അനുഭവപരമായ വിടര്‍ച്ചയും പടര്‍ച്ചയും ഈ കുറിപ്പുകളിലുണ്ട്. ഇതിന്റെ വായന അതിനാല്‍ തന്നെ, സംവേദനത്തിന്റെ ചില സുതാര്യസൂക്ഷ്മതലങ്ങള്‍ വായനക്കാരില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിലെ ചിന്താപരമായ ചിതറലുകളില്‍, പക്ഷേ, ഭാവപരമായ നൈരന്തര്യമുണ്ട്.

നിത്യചൈതന്യയതി ജീവിച്ചിരിക്കേ ഞാന്‍ ഫേണ്‍ഹില്ലില്‍ പോയിട്ടില്ല. ഒരു കത്തു പോലും അയച്ചിട്ടുമില്ല. ജയദേവരുടെ കവിതയ്ക്ക് യതി ഇംഗ്ലീഷില്‍ എഴുതിയ ഭാവവികാസങ്ങളിലൂടെയാണ്, യതി എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. സന്യാസത്തിന് കവിതയും വര്‍ണ്ണവും ആര്‍ദ്രതയും സംഗീതവും ജീവചൈതന്യം തന്നെയും നല്‍കുന്ന ഒരു സങ്കല്പത്തെയാണ് യതി മുന്നോട്ടു വച്ചത്. വൈരാഗ്യത്തിന്റെ നിശ്ചേതനത്വത്തില്‍ നിന്ന്, ജീവിതത്തിന്റ പച്ചകളെ, നനവിനെ തിരിച്ചു പിടിക്കുന്ന ഒരു വഴി. മുറ്റത്തെ ചെടികളില്‍ യതിയുടെ ഓര്‍മ്മകള്‍ പോലെ തുഷാരം വീണു കിടക്കുന്ന ഒരു ഡിസംബറിലാണ് ഞങ്ങള്‍ രണ്ട് കുടുംബങ്ങള്‍ ഫേണ്‍ഹില്ലിലെത്തിയത്. ‘ഉഷസ്സില്‍, മരങ്ങള്‍ക്കിടയിലെ സൂര്യനൊപ്പം തെളിയും പാതയിലൂടെ, പൊഴിയുന്ന മഞ്ഞിന്‍ സ്വരകണങ്ങളില്‍ ഭൂമിയെ കേട്ട്, അരുണരചിതം ചിത്രപടങ്ങളില്‍ കണ്‍തുറന്ന്’ ഇളം കാറ്റായി, ഇലകളിലിളകി വിതാനിക്കുന്ന യതിയെ ഞാനന്ന് ഫേണ്‍ഹില്‍ പ്രകൃതിയില്‍ ഉള്‍ക്കൊണ്ടു. ജെനിയും ഫോണ്‍ ഹില്ലില്‍ പോയത് യതി മടങ്ങിയതിനു ശേഷമാണ്. യത്യനന്തര ഫേണ്‍ഹില്ലില്‍, യതിയെ വീണ്ടും അറിയുന്ന ഒരു കുറിപ്പ് ഈ പുസ്തകത്തിലുണ്ട്. ‘ഒഴിഞ്ഞ കസേരയില്‍ തലോടുമ്പോള്‍’. ഫേണ്‍ഹില്ലിലെ ഒഴിഞ്ഞ ഇടങ്ങള്‍, സ്മൃതിസജീവമാകുകയാണ് ഈ കുറിപ്പില്‍. അക്ഷരങ്ങളില്‍ പ്രദീപ്തമാകുന്ന അദൃശ്യസാന്നിദ്ധ്യം.

ADVERTISEMENT

നേര്‍കാഴ്ചകള്‍ക്കപ്പുറം മറ്റൊരു കാഴ്ച. നേര്‍കേള്‍വിക്കപ്പുറം ശ്രുതിബദ്ധമായ സംഗീതം. പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള പ്രാഥമികാനുഭവത്തിനപ്പുറം ധ്യാനത്തിന്റെ നിലാവ് വീണ അനുഭവലോകം... ദാര്‍ശനികതയിലേക്ക് സ്വാഭാവികമായ ഇതള്‍ വിടര്‍ച്ച. ദര്‍ശനകാന്തി തിരഞ്ഞ് നാം വിദൂരതയിലേക്കൊന്നും പോകണമെന്നില്ലെന്ന് ഈ കുറിപ്പുകള്‍ സാക്ഷ്യം പറയുന്നു. പരിസരത്തെ ഏതു കാഴ്ചകളില്‍ നിന്നും സൂക്ഷ്മമായ, മറ്റൊരു കാഴ്ച വിടര്‍ത്തിയെടുക്കാം. ജനല്‍വിരി വകഞ്ഞു മാറ്റുമ്പോള്‍ ചക്രവാളത്തെ കൂടി വകഞ്ഞു മാറ്റുകയാണ്. ജന്മപ്പരപ്പ് തെളിഞ്ഞു കാണുകയാണ്. നേര്‍ത്തൊരു ലാഘവവും നര്‍മ്മവും അതിനകമ്പടിയാണ്. ബലം പിടിക്കലില്ല എന്നു സാരം. ദു:ഖവെള്ളിയാഴ്ചയില്‍ അതിനാല്‍ ദുഃഖിച്ചിരിക്കണമെന്നില്ല. ‘ഏതോ കരിമ്പക്ഷി സപ്പോട്ടമരത്തിലിരുന്ന് കീര്‍ത്തനം പോലെ സ്വരമൊഴുക്കുന്നു. ഈ ദിനത്തില്‍ പാട്ടുപാടുകയോ ? തലതിരിഞ്ഞ പക്ഷി’. ദുരിതങ്ങളെക്കുറിച്ചും സ്തുതിക്കണമെന്നത് പക്ഷി തെറ്റിദ്ധരിച്ചതാവാം. ഈ പക്ഷി ജെനി ആന്‍ഡ്രൂസാണ്. പക്ഷിയും ജെനിയും ഒരേ നാളില്‍ പിറന്നതാവാം. മതാത്മകതയുടെ സാമ്പ്രദായിക വഴികളെ ഒരു ചെറുപുഞ്ചിരിയോടെ ലാഘവപ്പെടുത്തി കുരിശുമരണക്കാരനോട് ചിരിച്ചും മിണ്ടിയും അവനില്‍ സന്തോഷിച്ചും ദുഖിച്ചും, ജീവിതമേ...എന്ന് സാകൂതം നോക്കുന്ന ഒരു കണ്ണ്, മനസ്സ് ഈ കുറിപ്പുകളില്‍ ചിലങ്കയണിയാതെ നൃത്തം വയ്ക്കുന്നു.

പീറ്റര്‍ മാത്തിസന്റെ ദര്‍ശനങ്ങളെ സൂക്ഷ്മമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞതു കൊണ്ട് കൂടിയാണ് ജെനിക്ക് ‘മഞ്ഞു പുലി’യെ മനോഹരമായി മലയാളത്തിലാക്കാന്‍ കഴിഞ്ഞത്. ‘മാത്തിസന്റെ ലളിതങ്ങള്‍’ എന്നൊരു കുറിപ്പ് ഈ ആത്മശേഖരത്തിലുണ്ട്. ‘മനുഷ്യകേന്ദ്രീകൃതം എന്നതിനപ്പുറം, ചരാചരങ്ങളെല്ലാം കേന്ദ്രമായുള്ള ഒരു ലോകം നിവര്‍ത്തിത്തരികയാണ് പീറ്റര്‍ മാത്തിസന്‍’ എന്ന് ജെനി എഴുതുന്നുണ്ട്. ‘മഞ്ഞുപുലിയുടെ മാന്ത്രികപ്രത്യക്ഷം തേടിയുള്ള യാത്രയിലുപരി മാത്തിസന് അത് തനിക്കുള്ളിലേക്കുള്ള യാത്രയാണ്’ എന്ന് സ്‌നോലെപ്പേര്‍ഡിന്റെ രചന ചെന്നെത്തുന്ന വികാസത്തെ, ആവിഷ്‌ക്കാരഭേദത്തെ, ദാര്‍ശനികകാന്തിയെ ജെനി ഉള്‍ക്കൊള്ളുന്നു. പുസ്തകത്തിന്റെ ആന്തരിക ശ്രുതിയുമായുള്ള ഈ ഒത്തുചേരല്‍ ആണ് വിവര്‍ത്തനത്തെ സുസാദ്ധ്യമാക്കിയത്.

ADVERTISEMENT

ബാല്യകൗമാരനിനവുകളിലെ രാത്രിപ്പേടികള്‍ക്ക് ഒരു സമര്‍പ്പണം ഇതിലുണ്ട്. ഇരുളില്‍ ഭയത്തിന്റെ വലിയ ഓലക്കൈകള്‍ ആട്ടി നിന്നിരുന്ന കുടപ്പനകള്‍ക്കും സമര്‍പ്പിതമാണത്. ഭയത്തിന്റെയും ആകാംക്ഷകളുടേയും രാത്രി പിന്നെപ്പോഴോ നിഗൂഢതകള്‍ക്കും മേല്‍ നിലാവിന്റെ കാന്തികള്‍ വീഴ്ത്തുന്നു. മലയാളിയുടെ രാത്രികളെ കുറിച്ച് നമുക്ക് അനുഭവസാന്ദ്രമായ കാഴ്ചകള്‍ ഒരാള്‍ നല്‍കിയിട്ടുണ്ട്. അതില്‍ മേളപ്പെരുക്കങ്ങളും കഥകളിയും സംഗീതവും എല്ലാം ഉണ്ട്. മലയാളിയുടെ രാത്രികളെ കുറിച്ച് കെ.സി. നാരായണന്‍ എഴുതിയത് ഓര്‍മ്മിക്കുക. ജെനിയുടെ മേളപ്പെരുക്കങ്ങള്‍ രാത്രിമഴയുടെ, ഇടിമുഴക്കത്തിന്റെ ഒക്കെയാണ്. രാത്രിമഴയുടെ ഭാവവിഹ്വലതകള്‍, മറഞ്ഞു പോയ ഒരു കവിമരത്തിലും നാം വായിച്ചിട്ടുണ്ട്. പകലിന്റെ വര്‍ണ്ണഭാസുരതകള്‍ക്ക് പൂര്‍ണ്ണത ലഭിക്കുന്നത് ഇരുള്‍യാമങ്ങളുടെ ഗൂഢസൗന്ദര്യം കൊണ്ടു കൂടിയാണ്. ‘രാത്രി പഠനങ്ങള്‍’ എന്നൊരു കവിത തന്നെ ഡി.വിനയചന്ദ്രന്റേതായുണ്ട്. രാത്രിയുടെ ഭാവാന്തരങ്ങളാണതില്‍.

jeni-andrews-2

‘രാവിന്റെ ഹൃദയമേ, അപ്പുരാതന

ശോക രാഗമാലിക നിനക്കെങ്ങനെ വശമായി ?’ എന്ന് ആ കവിതയില്‍ വിനയചന്ദന്‍ ചോദിക്കുന്നു.

‘ഈ നിശാസ്പന്ദം നേര്‍ത്തു നേര്‍ത്തു വന്നുണരുന്ന

പൂനിരകളിലലിയുന്നു - ഹാ ! പുലര്‍കാലം’ എന്ന് ‘ക്ഷണം’ എന്ന കവിതയില്‍ വിനയചന്ദ്രന്‍. ഇരുള്‍ പകലിനും പകല്‍ ഇരുളിനും മനോഹാരിതയുടെ അധികമാനങ്ങള്‍ നല്‍കുന്നുവെന്ന് പറയാം. മാനത്തു നിന്ന് കല്പകത്തൊണ്ടുകള്‍ പൊഴിയുന്ന ഉച്ചമയക്കങ്ങളെ കുറിച്ച് ഖസാക്കിന്റെ മഹാകവി എഴുതിയതും ഓര്‍മ്മിക്കാം. രാത്രിയിലെ മഴ മറ്റേതോ ലോകത്തെ ഇരമ്പമായി ജെനി എഴുതുന്നു. പരിസരങ്ങളിലെങ്ങുമുള്ള കവിതയെ, ഉള്ളിലേക്ക് വിടരുന്ന കാഴ്ചകളെ, അനുഭവങ്ങളെ ജെനി വീണ്ടെടുക്കുന്നു.

കാല്പനികമായ ഉദ്വേഗങ്ങളെ, അടുപ്പങ്ങളെ, സ്മൃതിവെണ്മകളെ കുടഞ്ഞുകളയാനൊന്നും ജെനി തയ്യാറാകുന്നില്ല. എന്നാല്‍ ഉപരിപ്ലവ കാല്പനികതയില്‍ അഭിരമിക്കുന്നുമില്ല. ‘യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തെ കൂടൊരുക്കലില്‍, കാല്പനികതയുടെയാഴങ്ങള്‍ ഒരു സൗഖ്യസ്പര്‍ശമാണ് തരിക. പുറംതലത്തിലൊതുങ്ങുന്ന മനോരാജ്യമെന്ന കേവലലോകമല്ലത്. സൂക്ഷ്മക്കാഴ്ചയുടെ ലോകം. യാഥാര്‍ത്ഥ്യങ്ങളുടെ പെരുംകടല്‍ തെല്ലുനേരത്തേക്കൊന്ന് പിളര്‍ത്തി, തിരകളടങ്ങി മനസ്സ് ശുഭ്ര നിശ്ചലതയിലാവുമ്പോള്‍ തെളിമയുടെ സൂര്യവീചികള്‍ അവിടേയ്ക്ക് . പ്രാണന്‍ തന്നെ വിസ്മയമെന്ന അറിവ് അപ്പോള്‍. ഓരോ ശ്വാസത്തിലൂടെയും പ്രാണന്റെ ഇടമുറിയാത്ത ഒഴുക്ക്’ ഇതൊരു ലാവണ്യബോധമാണ്. ലാവണ്യ സംസ്‌ക്കാരമാണ്. മിതത്വവും ധ്യാനാത്മകതയും പുലര്‍ത്തുന്ന ഈ കല്പനാബോധം ജെനിയുടെ കവിതയിലും കാണാം. വാക്കുകളുടെ പരപ്പ് അവിടെയില്ല. ഇറ്റിറ്റ് തുള്ളിയടരുന്ന വാക്കില്‍, കവിത കൊണ്ടു വരുന്ന പ്രക്രിയ. ക്രിസ്തുവിലെ കവിതയിലേക്ക് ജെനി എത്തുന്നതെങ്ങനെ എന്ന് നോക്കൂ. ‘അവന്റെ കാഴ്ചകളുടെയറ്റം സ്വര്‍ഗ്ഗാവസ്ഥയോളം എത്തിനിന്നിട്ടും മുന്നിലെ കിളികളെയും കൃഷിക്കളത്തിലെ പുല്‍നാമ്പുകളെയും ആട്ടിന്‍ കുഞ്ഞുങ്ങളെയും ധാന്യമണികളെയും കടുകിനെയും അരികിലലയടിച്ച കാറ്റിനെയുമെല്ലാം അവന്റെ കണ്ണുകള്‍ വിലയോടെ കണ്ടെടുത്തു’.

സൂക്ഷ്മകാല്പനികതയുടെ ജീവലോകം ഉള്ളിലേറ്റി ക്രിസ്തു മനുഷ്യനിലേക്ക്, ഭൂമിയിലേക്ക് നടന്നു. ഈ കാല്പനികധ്യാനം എല്ലാ പാരുഷ്യങ്ങള്‍ക്കിടയ്ക്കും കൊണ്ടുനടക്കുകയാണ് ഗാന്ധിയും ചെയ്തത്. ലാളിത്യങ്ങളുടെ കാല്പനികതയാണെന്നു മാത്രം. ജെനി അന്തരാ ശീലിച്ചത് ലളിത കാല്പനികതയുടെ ധ്യാനാവസ്ഥയാണ്. ഈ ധ്യാനം സാമ്പ്രദായികമായ അര്‍ത്ഥത്തിലുള്ളതല്ല. സൗന്ദര്യാത്മകമായ ഉള്‍ത്തുടിപ്പ് എന്ന് പറയാം. യുക്തിക്കും അയുക്തിക്കും ഇടയിലാണ് അതിന്റെ സ്ഥാനം. ഒരു പക്ഷേ, ഒരു ജീവിതരീതി എന്ന നിലയില്‍ ഈ ലളിതസംവേദന സൂക്ഷ്മതകള്‍ ജെനി ഉള്‍ക്കൊളളുന്നു. വ്രതം എന്നത് ഒരു തരം നിര്‍ബ്ബന്ധത്തോടെ അടിച്ചേല്പിക്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ‘ആഢംബരങ്ങളുടെയും അലങ്കാരങ്ങളുടെയും കാഴ്ചകളുടെയും കേള്‍വികളുടെയും അമിതസാദ്ധ്യതകളുണ്ടായിരിക്കാം, ചുറ്റിനും. എന്നാല്‍ ധാരാളിത്തത്തിന് ഇടം നല്‍കാതെ വേണ്ടവ മാത്രം സ്വീകരിച്ച് അതിലേക്ക് തൃപ്തിയെ ചേര്‍ക്കുന്നുവെങ്കില്‍ അതാണ് വ്രതമെടുക്കല്‍’. ഈ കാഴ്ചപ്പാട് ഉള്ളിലുള്ളയാള്‍ക്ക് അതെല്ലാം ജീവിതരീതിയാകുന്നു. ഏതെങ്കിലും പ്രത്യേകമായ സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കുന്ന കാര്യമല്ല, അത്. Living simply എന്നത് ജീവിതരീതിയാക്കുമ്പോള്‍, ഇല്ലായ്മകള്‍ പോലും ആനന്ദത്തോടെ സ്വീകരിക്കാന്‍ കഴിയുന്നു. പ്രാര്‍ത്ഥനകള്‍, അമിതസംഗീതാത്മകമാകുന്നതിനെ കുറിച്ച് ജെനി എഴുതുന്നുണ്ട്. ‘ദേവാലയം കേവലം ഉല്ലാസനൗകയല്ല’ എന്നു പറയുന്നത്, അത് അഗാധവും സൂക്ഷ്മവും ലളിതവുമായ ദൈവസമയത്തിന്റെ ഇടമാണ്, അല്ലെങ്കില്‍ ആയിരിക്കണം എന്ന അര്‍ത്ഥത്തിലാണ്.

ജലാലുദ്ദീന്‍ റൂമിയിലേക്ക് ഉറ്റുനോക്കുന്ന ഒരു കുറിപ്പും ഇതിലുണ്ട്. ‘റൂമിയിലെ ഉറവ’. റൂമിയുടെ തേന്‍നാളികള്‍ നുകര്‍ന്നെടുത്ത മധുരസം കേവലം തേനല്ല എന്നും ദിവ്യതയിലേക്കാഴ്ന്ന് നുകര്‍ന്ന് റൂമി കാരുണ്യക്കടലാകുകയാണ് എന്നും ജെനി ഓര്‍ക്കുന്നു . ഈ ഉള്‍ക്കൊള്ളല്‍ ആണ് മസ്‌നവി പരിഭാഷപ്പെടുത്താന്‍ ജെനിയെ പ്രാപ്തയാക്കുന്നത്. ആ വൈഖരീധാരയുടെ ഓരത്തുകൂടി സഞ്ചരിക്കുക എന്നത് തന്നെ സുകൃതമായി പരിഗണിക്കുന്നു. ആരവഭരിതമായ ജീവിതത്തില്‍ നിന്ന്, തെല്ലു മാറി, പ്രശാന്തമായ ഉള്‍ദീപ്തിയോടെ ചുറ്റുവട്ടത്തെ ജീവിതത്തെ നോക്കിക്കാണുമ്പോഴുള്ള വിചാരങ്ങളാണ് ഈ പുസ്തകം.

വ്യത്യസ്തമായ രണ്ട് കുറിപ്പുകള്‍ കൂടി ഈ പുസ്തകത്തിലുണ്ട്. സ്‌കോട്ട്‌ലന്‍ഡിലേക്കുള്ള യാത്രയുടെ , വിവരണാത്മകമല്ലാത്ത ഒരു ഓര്‍മ്മക്കുറിപ്പാണ് അതിലൊന്ന്. ‘പാദച്ചുവട്ടില്‍ ആ പാന്‍സി’. യാത്രയെ വിവരിക്കുക എന്നത് ജെനിയുടെ ലക്ഷ്യമല്ല. യാത്ര നല്‍കിയ വ്യത്യസ്തമായ അനുഭവങ്ങളെ തന്റെ സ്മൃതിശേഖരത്തില്‍ ഉറപ്പിക്കുക എന്നതേ ചെയ്യുന്നുള്ളൂ. യാത്ര കഴിഞ്ഞ് അവശേഷിക്കുന്ന ചില ബിംബങ്ങള്‍, സന്ദര്‍ഭങ്ങള്‍ ഒന്നു കോറിയിടുക എന്നു മാത്രം. സാംസ്‌കാരികമായ, കാവ്യാത്മകമായ അഭിദര്‍ശനങ്ങള്‍ മാത്രം. അങ്ങനെയാണ് ഒരു കുഞ്ഞു പൂവ് ഇതില്‍ കടന്നു വരുന്നത്. പാന്‍സി. വേര്‍ഡ്‌സ് വര്‍ത്തിന്റെ ‘അനശ്വരതയിലേക്കുള്ള ഗീതക’ ത്തില്‍ പ്രകാശിക്കുന്ന പൂവ്. പാദച്ചുവട്ടില്‍ ആ പൂവിനെ അറിയുമ്പോള്‍, യാത്ര സമകാലീനതയില്‍ നിന്ന് പാറിപ്പോകുന്നു. കാലത്തിന്റെ ഓര്‍മ്മപ്പാടങ്ങളിലും കാവ്യദീപ്തിയിലും തെന്നിപ്പാറുന്നു. കവി താമസിച്ച വീട്ടിലൂടെ ഒഴുകി നീങ്ങുകയായിരുന്നു താനെന്നാണ് ജെനി ഓര്‍മ്മിക്കുന്നത്. മുറിയുടെ ജനലിനപ്പുറം, കവി തന്നെ രൂപകല്പന ചെയ്ത കല്‍പ്പാതയില്‍, കാലവും വാക്കും സ്പന്ദിക്കുന്നു. പ്രശസ്തമായ സ്‌കോട്ടിഷ് വിസ്‌ക്കികളുടെ അടുക്കളകളിലും കവിത തന്നെ ലഹരിയാകുന്നു. ‘ഗ്ലെന്‍കിന്‍ചി’ യുടെ ടേസ്റ്റിങ് റൂമില്‍, ചില്ലുചഷകം കൈയ്യിലെടുക്കവേ, പന്ത്രണ്ട് വര്‍ഷങ്ങള്‍ പാകപ്പെടുത്തിയ ലഹരിധാരയില്‍ ‘ഏതോ പുഷ്പഫല ഗന്ധങ്ങളും വ്യഞ്ജനരുചികളും മേളിക്കുന്നത്’ യാത്രിക ഓര്‍ക്കുന്നു . മാലാഖമാര്‍ക്കും ഓഹരി പകുത്തു നല്‍കുന്നതായി ഗൈഡ് പറയുന്നുണ്ട്. നമ്മുടെ നാട്ടില്‍, ഗ്ലാസ്സില്‍ നിന്ന് ഒരു വിരല്‍പ്പറ്റ് ആകാശത്തേയ്ക്ക് തളിക്കും പോലെ. ഏഞ്ചല്‍സ് ഷെയര്‍ എന്നതിലും ഒരു ഗൂഢതയും കാവ്യാത്മകതയും ഉണ്ട്.

‍എ.ഐ.യുമായി ഭാവനാത്മകമായ ഒരു മുഖാമുഖവും ഇതിലുണ്ട്. ‘ഡിജിറ്റല്‍ സത്തയുമായി മുഖാമുഖം’. എ.ഐ. സത്തയുടെ യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും മായികതയും പരിമിതിയും എല്ലാം ശാസ്ത്രീയത്തിന് ഉപരി, ചിന്താപരമായ നൈസര്‍ഗ്ഗികതയിലൂടെ കാണാനൊരു ശ്രമം. ചുറ്റുമുള്ള ജീവിതത്തോട് കലഹിക്കുന്ന കുറിപ്പുകളല്ല ഇവ. പ്രകൃതിയും പഞ്ചഭൂതങ്ങളും ഒരുക്കുന്ന ശാന്തജീവിതസാധ്യതകളിലേക്ക് കണ്‍തുറക്കുന്ന കുറിപ്പുകളാണിവ. ചുറ്റിനും നിന്ന് തേന്‍ശേഖരിക്കല്‍. ജീവിതം അന്യഥാ, പരുഷവും കലുഷവുമാണ് എന്ന് വിലയിരുത്തപ്പെടുന്ന കാലത്തോട്, ലളിത സൗന്ദര്യാത്മകതയുടെയും ആഗ്രഹപരിമിതികളുടെയും ശാന്തസ്ഥായിയില്‍ വര്‍ത്തിച്ചുകൊണ്ട് ജീവിതത്തിന്റ ആര്‍ദ്രതയും തെളിച്ചവും കണ്ടെടുക്കാനുള്ള ശ്രമം. ഒരു പക്ഷേ, ശ്രമം പോലുമല്ല. നൈസര്‍ഗ്ഗികമായ ഇച്ഛ . പുല്‍നാമ്പില്‍ ധ്വനിക്കുന്ന ജലത്തുള്ളിയില്‍ , ഭൂമിയുടെ കാന്തി കാണുമ്പോലെ. രൂപപ്പെട്ടു വന്നിട്ടുള്ള ഏതെങ്കിലും യോഗാത്മകദര്‍ശനങ്ങളുടെ ഭാഗമല്ല, അത് . ഒരു ഉള്‍വിടരല്‍ മാത്രം.

കാലമേ, നിന്നിലൂടെ ഞാനിങ്ങനെ. അല്പം വഴിമാറി, അവിടെയും ഇവിടെയും ഇത്തിരിനിന്ന്, ഒരു ഉഷസ്സിലേക്ക് കണ്‍തുറന്ന്, ഒരന്തിയില്‍ മൂകമായി. ഒരു പൂവിന്റെ ജലനേര്‍മ്മയില്‍ കുളിര്‍ന്ന്... കാറ്റിലും നിലാവിലും, നിശ്ചയമായും ഉച്ചവെയിലിലും...

A Literary Journey Towards Nectar: Review of 'Thenileththuvollam':

This article reviews 'Thenileththuvollam,' a collection of essays by renowned Malayalam poet and translator Jenny Andrews. The review highlights how the book explores the journey towards nectar, symbolizing the pursuit of life's sweetness and musicality through nuanced observations and profound reflections.

ADVERTISEMENT