‘വിവർത്തനം അവസാനിച്ചപ്പോൾ നഷ്ടബോധമുണ്ടായി’: അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മീ’ മലയാളത്തിലേക്ക് Arundhati Roy's 'Mother Mary Comes to Me' Now in Malayalam
Mail This Article
ലോകത്തോളം വളർന്ന മലയാളിയാണ് അരുന്ധതി റോയ്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ആക്ടിവിസ്റ്റ്... എത്രയെത്ര വിലാസങ്ങളാണ്, അംഗീകരങ്ങളാണ് ഒരു വിശ്വപൗരയെന്ന നിലയിലുള്ള അവരുടെ ജീവിതത്തെ നിർണയിക്കുന്നത്...ബുക്കർ പ്രൈസിന്റെ പെരുമയോളം വളർന്ന ‘The God of Small Things’നും (1997) വർഷങ്ങള്‍ക്കു ശേഷം എത്തിയ ‘The Ministry of Utmost Happiness’ (2017) നും മറ്റനേകം നോൺഫിക്ഷൻ പുസ്തകങ്ങൾക്കും ശേഷം അരുന്ധതി എഴുതിയ കൃതിയാണ് ‘മദർ മേരി കംസ് ടു മീ’. ആത്മകഥാംശം തുളുമ്പുന്ന രചന. ലോകമെമ്പാടുമുള്ള വായനാസമൂഹം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞ ‘മദർ മേരി കംസ് ടു മീ’ ഇപ്പോഴിതാ മലയാളത്തിലേക്കെത്തുന്നു. കഴിഞ്ഞ വർഷം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകം പ്രശസ്ത വിവർത്തകയും മാധ്യമ പ്രവർത്തകയുമായ എന്‍.ജി. നയനതാരയാണ് മലയാളത്തിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്.
അമ്മയുമായുള്ള തന്റെ സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ചാണ് ‘മദർ മേരി കംസ് ടു മീ’യിൽ അരുന്ധതി റോയി തുറന്നെഴുതിയിരിക്കുന്നത്.
ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന തന്റെ ഓര്‍മ്മകളെ പുസ്തകത്തില്‍ അരുന്ധതി രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
സിറിയൻ ക്രിസ്ത്യൻ സ്ത്രീകളുടെ സ്വത്തവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികസമരത്തിലൂടെയും ‘പള്ളിക്കൂടം’ എന്ന സ്കൂളിന്റെ സ്ഥാപകയെന്ന നിലയിലും പ്രശസ്തയായ മേരി റോയ് ആണ് അരുന്ധതിയുടെ അമ്മ. മദ്യപാനിയായ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ഊട്ടിയിലും പിന്നീട് സ്വന്തം നാടായ അയ്മനത്തിലും ജീവിതം കഴിച്ചുകൂട്ടുകയും കടുത്ത നീതിനിഷേധങ്ങൾക്ക് ഇരയാവുകയും ചെയ്ത, മുൻകോപക്കാരിയും ആസ്ത്‌മാരോഗിയുമായ മേരി. അമ്മയുടെ കോപവും ബന്ധുക്കളുടെ അവജ്ഞയും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട, സ്നേഹമെന്നതു കിട്ടാക്കനിയായ കുഞ്ഞ് അരുന്ധതിയും സഹോദരനും. കുട്ടിക്കാലത്തിന്റെ സ്മരണകളെയും ശൈഥില്യങ്ങളെയും അതിജീവിക്കാനുള്ള അവരുടെ ശ്രമങ്ങൾ, അതിലെ, വിജയപരാജയങ്ങൾ... അതിസാന്ദ്രമാണ് ‘മദർ മേരി കംസ് ടു മീ’യുടെ ആഖ്യാനം. അരുന്ധതിയുടെ രചനാമാന്ത്രികത ഒട്ടും ചോർന്നു പോകാതെയാണ് ഈ കൃതി നയനതാര മലയാളത്തിലാക്കിയിരിക്കുന്നത്.
‘‘അതിഗംഭീരമാണ് ‘മദർ മേരി’യുടെ ക്രാഫ്റ്റ്. അർത്ഥമറിയാൻ നിഘണ്ടു തപ്പേണ്ട വാക്കുകൾ വളരെക്കുറവ്. പലതും ചെറുചെറു വാചകങ്ങൾ. സാധാരണമെന്നു തോന്നിക്കുന്നവ. വലിയ വിവരണങ്ങളില്ല. ഒരു ചെറുകഥ പോലെ ഉള്ളുറപ്പുള്ള വാചകങ്ങൾ. പരമാവധി ആ ഘടനയോടു നീതിപുലർത്താനാണ് ഈ വിവർത്തനത്തിൽ ശ്രമിച്ചത്. ആറുമാസത്തിലധികം നീണ്ട ഈ വിവർത്തനം അവസാനിച്ചപ്പോൾ ഒരു നഷ്ടബോധമുണ്ടായി. ഒരിക്കലും തിരിച്ചു ചെല്ലാനാകാത്ത ഒരു ലോകത്തിൽനിന്ന് ഇറങ്ങിപ്പോരേണ്ടി വന്നതുപോലെ’’. – നയൻതാര പറയുന്നു.
പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘മദർ മേരി കംസ് ടു മീ’ 2025 – ലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ്. മേരി റോയിയുടെ മരണത്തെ തുടര്‍ന്നാണ് അരുന്ധതി ഈ പുസ്തകം എഴുതിത്തുടങ്ങിയത്. 2022 സെപ്റ്റംബർ ഒന്നിനാണ് മേരി റോയ് അന്തരിച്ചത്.
പ്രസിദ്ധീകരിക്കപ്പെട്ട് ഏറെ വൈകാതെ ‘മദർ മേരി കംസ് ടു മി’ ഒരു വിവാദത്തിലും ചെന്നു പെട്ടിരുന്നു. പുസ്തകത്തിന്റെ കവർ പേജ് ആയിരുന്നു പ്രശ്നം. അരുന്ധതി പുകവലിക്കുന്ന, ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മുഖച്ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഇത് നിയമവിധേയമല്ലെന്നും പുസ്തകത്തിന്റെ വിൽപന തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജാഗ്രത നിർദ്ദേശം എല്ലായിടത്തും നൽകണമെന്നാണ് നിയമം. എന്നാൽ ഈ നിയമം പുസ്തകക്കവറിൽ പാലിച്ചിട്ടില്ലെന്നായിരുന്നു ഹർജി. കവർ ചിത്രം ജാഗ്രതാ നിർദ്ദേശമില്ലാതെ നൽകിയതിനെതിരായ ഹർജിയിൽ പ്രസാധകരും കേന്ദ്രസർക്കാരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീടീ ഹർജി കോടതി തള്ളി. മലയാളത്തിലേക്കെത്തുമ്പോഴും കവർ ചിത്രത്തിനു മാറ്റമില്ല.
കൊച്ചി സെൻറ് തെരേസാസ് കോളജില്‍ നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങും ശ്രദ്ധേയമായിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. പ്രധാന വേദി നിറഞ്ഞതോടെ താഴത്തെ നിലയിലുള്ള ഒരു ഹാള്‍ കൂടി കാണികൾക്കായി സംഘാടകര്‍ ഒരുക്കി. മുകളിലത്തെ നിലയില്‍ പരിപാടി നടക്കുമ്പോള്‍ താഴത്തെ നിലയിലെ ആസ്വാദകര്‍ക്കായി ഡിജിറ്റല്‍ സ്ക്രീനില്‍ അതു തല്‍സമയം കാണിച്ചു. സ്‌നേഹം അത്രമാത്രം പ്രകടിപ്പിക്കാൻ അറിയാത്ത, ആസ്‌ത്‌മയുടെ ബുദ്ധിമുട്ടുകളിൽ ദേഷ്യപ്പെട്ടിരുന്ന, തന്റെ തീരുമാനങ്ങളെ എതിർത്തിരുന്ന അമ്മയെക്കുറിച്ച് അരുന്ധതി ചടങ്ങിൽ സംസാരിച്ചു. പുസ്തകത്തിന്റെ ആദ്യ അധ്യായം എഴുത്തുകാരി വേദിയിൽ വായിച്ചു. വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
അരുന്ധതി റോയിയുടെ ആദ്യനോവലായ ‘ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ 1997 - ല്‍ ബുക്കര്‍ സമ്മാനം നേടിയി. 2017 - ല്‍ രണ്ടാമത്തെ നോവലായ ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്’ ബുക്കര്‍ സമ്മാനത്തിനുള്ള ലോങ്ങ്‌ലിസ്റ്റിലും ഇടം നേടി. ഈ രണ്ടു നോവലുകളും മലയാളത്തിലേക്കെത്തിയിട്ടുണ്ട്.