മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്താണ് എം. ബി. മിനി. ‘ഞാൻ ഹിഡിംബി’, ‘ഭൂമിമാനസം’, ‘മഹാമാഗധം’ എന്നീ നോവലുകളും ‘വവ്വാൽവർഷം’, ‘വാടാമഞ്ഞ’, ‘പുറം’, ‘സ്കോർപിയൻ കോളനി’, ‘എം.ബി. മിനിയുടെ കഥകൾ’, ‘മിനിക്കഥകൾ’ എന്നീ കഥാസമാഹാരങ്ങളും ‘ഉൾയാത്രകൾ’ എന്ന ലേഖന സമാഹാരവും ‘നിധിവേട്ട’, ‘അപരാജിത’ എന്നീ ബാലസാഹിത്യകൃതികളുമുൾപ്പടെ ശ്രദ്ധേയമായ നിരവധി രചനകൾ മിനിയുടേതായുണ്ട്. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, ചെറുകാട് പുരസ്കാരം, തകഴി സാഹിത്യപുരസ്കാരം, ഡോ. കെ.എൻ. ഗോപാലപിള്ള നോവൽപുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം, താളിയോല ഗദ്യസാഹിത്യ പുരസ്കാരം, വിദ്യാരംഗം സാഹിത്യവേദി പുരസ്കാരം, വാത്മീകി ഗുരുദക്ഷിണ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
എം. ബി. മിനിയുടെ പുതിയ പുസ്തകമാണ് ‘ഉൾയാത്രകൾ’. ഓർമ്മക്കുറിപ്പുകളാണ് ഈ സമാഹാരത്തിലുള്ളത്. ‘ഉൾയാത്രകളുടെ’ പശ്ചാത്തലത്തിൽ എം. ബി. മിനി ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
എന്താണ് അന്വേഷിക്കേണ്ടത് എന്ന തീരാത്ത അന്വേഷണത്തിലാണ് അറിഞ്ഞോ അറിയാതെയോ നാമൊക്കെയും എന്നു തോന്നിയിട്ടുണ്ട്. അങ്ങനെ പുറത്തെല്ലാം അലഞ്ഞു തളർന്ന് നാം എത്തിച്ചേരുന്നത് അവളവളിലേക്കാണ്. അത്രയും നാളത്തെ ജീവിതം തന്ന അനുഭവവും അളവുകോലും മതിയാവില്ല അവളവളെ അളക്കാൻ എന്ന് മനസ്സിലാക്കുന്നിടത്ത് വച്ചാണ് നമ്മുടെ യഥാർത്ഥ യാത്ര തുടങ്ങുന്നത്. ജീവിതത്തിന്റെ ചില ഉൾപ്പിരിവുകളിൽ എങ്കിലും കഴിഞ്ഞു പോയ കാലത്തെ നാം നീർത്തി വയ്ക്കുന്നു. അന്ന് നാം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെ പേർത്തും പേർത്തും അവലോകനം ചെയ്യുന്നു. അന്ന് അങ്ങനെ ആയിരുന്നുവെങ്കിൽ ഇന്നിങ്ങനെ ആവില്ലായിരുന്നു എന്ന് ആകുലപ്പെടുന്നു. വരാൻ പോകുന്ന കാലത്തെ നേരിടാനുള്ള മുന്നൊരുക്കം മാത്രമാണ് നമുക്ക് ഇന്നത്തെ ജീവിതം. കഴിഞ്ഞകാലത്തെ കുറിച്ച് ആവലാതിപ്പെട്ടും വരാൻ പോകുന്ന കാലത്തെക്കുറിച്ച് ആശങ്കപ്പെട്ടും തീർന്നു പോകുന്ന ഒന്നാണ് ഈ നിമിഷമെന്നറിയാതെ നിരന്തരമായ ഓട്ടമത്സരമായി മാറിയ അല്ലെങ്കിൽ മാറുമായിരുന്ന ജീവിതത്തെ ഒരു നൊടി നിന്നുകൊണ്ട് നോക്കാനുള്ള ഒരു ശ്രമമാണ് ‘ഉൾയാത്രകൾ’.
ജീവിതം അനുഭവിക്കുന്നത് പോലെ ഓർമ്മിക്കാൻ കഴിയുകയില്ല എന്ന് തോന്നിയിട്ടുണ്ട്. അന്നാ നിമിഷത്തെ നാമെങ്ങനെ അനുഭവിച്ചു എന്ന് ഓർത്തെടുക്കാനുള്ള ശ്രമം മാത്രമേ പിന്നീട് നടക്കുകയുള്ളു. എല്ലാ ഓർമകളിലും മുൻവിധികളുടെ മായം കലരും. കാലത്തിന്റെ ചായക്കൂട്ടുകളുടെ അൽഗൊരിതം മാറിമാറിയും. പിന്നീട് ആ നിമിഷങ്ങൾ ഓർക്കുമ്പോൾ അതിസാധാരണമായി തോന്നാം. സങ്കൽപ്പവും ഓർമ്മയും ഭാവനയും വിലയിരുത്തലും ചേറ്റിക്കൊഴിച്ചു കളഞ്ഞാലും ആ അനുഭവങ്ങളെ അതുപോലെ ആവിഷ്കരിക്കാനാവുമോ... ഒരു കാലത്തിന്റെ ശരി മറ്റൊരു കാലത്ത് വിഡ്ഢിത്തമായി മാറാം. ഒരേ മനുഷ്യരെ ഒരു ജീവിതകാലയളവിൽ എത്ര ആയിരം തരത്തിൽ കാണാറുണ്ട്? ഒരേ സംഭവത്തെ നമ്മുടെ മനസ് നൂറായിരം തരത്തിൽ വ്യാഖ്യാനിച്ചേക്കാം. ജീവിതം അങ്ങനെയാണ്. മനസ് അങ്ങനെയാണ്. നമ്മളും അങ്ങനെയാണ്. എന്നിട്ടും നാമത് ഓർക്കാൻ തുനിയുന്നു. എഴുതാൻ ശ്രമിക്കുന്നു. എന്തിനെന്നറിയാതെ...
മാൻകൈന്‍ഡ് ലിറ്ററേച്ചർ പുറത്തിറക്കിയ ഓർമ്മക്കുറിപ്പുകളാണ് ഉൾയാത്രകൾ (ഓർമ,വിചാരം,യാത്ര). ചെയ്ത യാത്രകളും അനുഭവിച്ച അനുഭവങ്ങളും നിരന്തരമായി നവീകരിക്കപ്പെടാനുള്ള ഇന്ധനമായി മാറിയതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് ഈ പുസ്തകത്തിൽ. സ്വയം കണ്ടെത്താൻ നടത്തിയ വിചിത്രയാത്രകൾ! യാത്ര മാത്രമാണ് സത്യമെന്നും ലക്ഷ്യം വെറും സങ്കല്പമാണെന്നുമുള്ള തിരിച്ചറിവിലേക്ക് എത്തപ്പെടാൻ സഹായിച്ച അനുഭവങ്ങൾ, മനുഷ്യർ, വിചാരങ്ങൾ! എങ്ങും എത്തിച്ചേരാൻ ഇല്ലെന്ന തിരിച്ചറിവ് നിരാശയിൽ ആഴ്ത്തുകയല്ല, മറിച്ച് ജീവിക്കുന്ന ഓരോ നിമിഷവും അതിന്റെ അങ്ങേയറ്റത്തെ മനോഹാരിതയോടെ ജീവിക്കാനുള്ള പ്രേരണ നൽകുകയാണ് ചെയ്തത്. ഇതാണ് ഈ നിമിഷമാണ് ജീവിതമെന്നും ജീവിതത്തെയോ മനുഷ്യരെയോ ഒരു അളവ്കോലും കൊണ്ടും വിധിക്കേണ്ടതില്ലെന്നും മനസ്സിലാക്കി കഴിയുമ്പോൾ ഏറ്റവും സംതൃപ്തിയോടെ ഈ യാത്ര ആസ്വദിക്കാനാവും. ഈ ഓട്ടത്തിന് ഒരു ‘pause’ ആവശ്യമുണ്ടെന്ന് കരുതുന്നവർക്ക് വേണ്ടിയാണ് ഈ പുസ്തകം.