‘ഏറ്റവും രുചിച്ചിട്ടുള്ള രുചി ഏതെന്നു ചോദിച്ചാൽ കണ്ണീരെന്ന് ഉത്തരം പറയാൻ സാധിക്കുന്ന ജീവിതം’: സുസ്‌മേഷ് ചന്ത്രോത്ത് എഴുതുന്നു Susmesh Chandroth Revisits His Early Literary World
Mail This Article
‘ഗാന്ധിമാർഗ്ഗം’, ‘ബാർകോഡ്’, ‘നീർന്നായ’ എന്നീ സമാഹാരങ്ങളിലെ തന്റെ കഥകളുടെ ആശയ പ്രപഞ്ചത്തിലേക്ക് പ്രശസ്ത സാഹിത്യകാരൻ സുസ്‌മേഷ് ചന്ത്രോത്ത് പിന്തിരിഞ്ഞു നടക്കുന്നു, ‘കല്ലിനുമീതെ വിരിച്ചിട്ട വസ്ത്രാഞ്ചലത്തിൽ കണ്ടത് കഥയോ കൗമാരമോ ?’ എന്ന ലേഖനത്തിലൂടെ...‘വനിത’ ഓൺലൈനിൽ എഴുതിയ ലേഖനം വായിക്കാം –
ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് (Ego Psychology) എന്ന ആശയവുമായി വന്ന് മനഃശാസ്ത്രമേഖലയിൽ നവീന ചിന്താസരണി തീർത്ത ഫ്രഞ്ച് മനഃശാസ്ത്രജ്ഞനാണ് എറിക് എറിക്‌സൺ. പുലിറ്റ്‌സർ പുരസ്‌കാരജേതാവായ അദ്ദേഹം ‘Gandhi's Truth’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്. ഇന്ത്യൻ ബന്ധങ്ങളുള്ള എറിക് എറിക്‌സൺ മനുഷ്യജീവിതത്തെ എട്ട്് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഇരുപത് വയസ്സ് മുതൽ നാൽപ്പത് വയസ്സുവരെയുള്ള ഘട്ടത്തെ ആറാംഘട്ടം (Early Adulthood) എന്ന് വിളിക്കുന്നു. ഈ വേളയിലാണ് കൗമാരപ്രായത്തിലെ അബദ്ധം തികഞ്ഞ ധാരണകളും വീരാരാധനകളും ഉണ്ടാക്കിവച്ച സങ്കൽപ്പങ്ങളിൽ നിന്നും യാഥാർത്ഥ്യബോധത്തിലേക്കുള്ള സഞ്ചാരം മനുഷ്യൻ സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സമൂഹവുമായിട്ടുള്ള ഇടപഴകലുകളിൽക്കൂടിയാണ് അത് കരഗതമാകുന്നത്. സൗഹൃദവും പ്രണയവുമെല്ലാം ഇരുപത് വർഷത്തിനിടയിലെ ഈ യാത്രയുടെ തേടലുകളായി മാറും. ദൃഢവും സംതൃപ്തവുമായ ബന്ധം തേടിക്കിട്ടും വരെ അന്വേഷണം തുടരുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതായത് Emotional Stability നേടാനുള്ള പരിശ്രമങ്ങളായിരിക്കും അതെല്ലാം.
നാൽപ്പതു കഴിഞ്ഞ കാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ അക്കാലം ഞാനെന്തു ചെയ്തു എന്നതല്ല, സാഹിത്യത്തിൽ ഞാനെന്തു ചെയ്തു എന്നതാണ് എന്റെ അന്വേഷണമായി മാറിയത്. അബദ്ധങ്ങളും സുബദ്ധങ്ങളും നിറഞ്ഞ കാലമായിരുന്നു അത്. ഏറെ നിർണായകവും. മനുഷ്യരോടുള്ള വിശേഷിച്ചും എതിർലിംഗത്തോടുള്ള വീരാരാധന എന്നെ കുഴക്കിമറിച്ചിരുന്നു. ആഗ്രഹങ്ങളും സ്വപ്നങ്ങളും കേട്ടറിവുകളും തീർത്ത അനേകം സങ്കൽപ്പങ്ങൾ എനിക്കുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച്...ഭാവിയെക്കുറിച്ച്...പങ്കാളിയെക്കുറിച്ച്... എഴുത്തുലോകത്തെക്കുറിച്ച്...എന്നാൽ സമൂഹവുമായിട്ടുള്ള ഗാഢബന്ധത്തിൽനിന്നും യാഥാർത്ഥ്യത്തിലേക്ക് നീങ്ങിയപ്പോൾ സങ്കൽപ്പങ്ങൾ മേഘങ്ങളായിരുന്നുവെന്ന് മനസ്സിലായി. അവ തലയ്ക്കുമീതെ തൽക്കാലത്തേക്ക് നിഴൽ വിരിച്ചതേയുള്ളൂ. പിന്നീടവ കാർമേഘങ്ങളും കാറ്റുവീശിയപ്പോൾ പാറിപ്പോയ കുടകളുമായി മറഞ്ഞുപോയി. മഴയത്തും വെയിലത്തും ഞാൻ തനിയെ എന്ന അവസ്ഥയെ നേരിടേണ്ടിവന്നു. അക്കാലം ഞാനതേക്കുറിച്ച് പകർത്തിയത് എഴുതിയ കഥകളിലൂടെയാണ്. ആ കഥകൾ എന്റെ ജീവിതത്തിലെ Emotional Stability നേടും മുമ്പുള്ള Early Adulthood Stories ആയി നിലനിൽക്കുന്നു. അങ്ങനെ പറയാൻ കാരണം അവ വായനക്കാരുടെ മുന്നിലേക്ക് വീണ്ടും വന്നതുകൊണ്ടാണ്. ജീവിതത്തിന്റെ ആറാംഘട്ടത്തിൽ ഞാനെഴുതിയ മൂന്ന് കഥാസമാഹാരങ്ങളുടെ പുതിയ പതിപ്പുകൾ അടുത്തിടെ ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കി. അവയോരോന്നും എറിക് എറിക്‌സൺ പറയുന്നതുപോലെ യാഥാർത്ഥ്യബോധത്തിലേക്കുള്ള യാത്രയിലെ എന്റെ നീക്കിയിരിപ്പുകളാണ്. അതിനാൽ അവയെനിക്ക് പ്രിയപ്പെട്ട ഓർമ്മകളുടെയും അനുഭവങ്ങളുടെയും സഞ്ചയമാകുന്നു. ഇരുപതിനും നാൽപ്പതിനുമിടയിൽ ഞാനലഞ്ഞു കണ്ട ലോകത്തിന്റെ അനുഭവവിവരണങ്ങളാണ് കഥകളുടെ ഉള്ളടക്കങ്ങളായി മാറിയത്. എഴുതുന്നതിനു മുമ്പുള്ള ഗാഢമായ ആലോചന തീരെയില്ലാതിരുന്ന കാലം കൂടിയാണത്. മനസ്സിൽ വരുന്ന ആശയങ്ങളെ താമസം വിനാ എഴുതുക എന്നല്ലാതെ അവയെങ്ങനെ രൂപീകരിക്കണം എന്ന വിദൂരമായ ചിന്ത പോലും അക്കാലത്തുണ്ടായിരുന്നില്ല. ഒന്നിനും സാവകാശം കിട്ടാത്ത വിധമുള്ള പലതരം ഓട്ടങ്ങളിലായിരുന്നു ഞാനപ്പോൾ. അതിനിടയിൽ കഥകൾ മുടങ്ങാതെ എഴുതണം എന്ന വാശിയല്ലാതെ മറ്റൊന്നുമെന്നിൽ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ മറ്റെല്ലാമെനിക്ക് പലവിധ കാരണങ്ങളാൽ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ത്യൻ ബന്ധങ്ങളുള്ള ബ്രിട്ടീഷ് എഴുത്തുകാരൻ Lawrence Durrell, ‘The Alexandria Quartet’ എന്ന മൂന്നു ഭാഗങ്ങളുള്ള കൃതികളിലൊന്നിൽ പറഞ്ഞ ‘Gamblers and lovers really play to lose’ എന്ന വാചകം ഞാനപ്പോൾ വായിച്ചിട്ടില്ല.
ചൂതാട്ടക്കാരനായിരുന്നില്ലെങ്കിലും ഞാൻ കാമുകനായിരുന്നു. ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോളേക്കും എനിക്ക് പ്രണയിനിയെ നഷ്ടപ്പെട്ടുപോയി. അതിനുമുമ്പുള്ള പത്തുവർഷങ്ങളെ ഓർത്ത് നാണമില്ലാതെ വിലപിക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം ഭൂമിയിൽ പ്രിയപ്പെട്ടയാളാൽ തിരസ്‌കരിക്കപ്പെട്ടവനാണെന്ന തോന്നൽ എന്നിൽ ശക്തമായിരുന്നു. എന്നാൽ ആ വിലാപത്തിൽ ജീവിതത്തെ ഒതുക്കാൻ എനിക്കാവുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എഴുത്തുകാരനാവാൻ ജനിച്ചവനായിപ്പോയി. അതിന് അച്ചടക്കം ആവശ്യമാണ്. സമൂഹമാകട്ടെ ചുറ്റിനുമുണ്ടുതാനും. ഞാനതിനുള്ളിലുമാണ്. അപ്പോൾ മനസ്സിലെ വേദനകളും നാണക്കേടുകളും അപമാനങ്ങളും മാത്രമല്ല, അവയെ ചേർത്തുവച്ച് അന്യരുടെ ആഘോഷങ്ങളെയും ആഹ്ലാദങ്ങളെയും അമർഷങ്ങളെയും വിഷമങ്ങളെയും കരച്ചിലുകളെയും നേരിടാൻ കഴിഞ്ഞ ഘോരമായ മൂഹൂർത്തങ്ങളെയും എനിക്ക് രേഖപ്പെടുത്തേണ്ടതുണ്ട് എന്നുവന്നു. അതായത് അവനവന് കിട്ടാതെ പോയത് നേടിയ മനുഷ്യർ സന്തോഷിക്കുന്നതു കാണുമ്പോൾ നാണമില്ലാതെ കരയാൻ ഞാൻ ശീലിച്ചു. അത് എഴുത്തിലൂടെയായിപ്പോയെന്നുമാത്രം. ആ ഉൾവിലാപങ്ങൾ മറ്റൊരുവിധത്തിൽ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തത്വചിന്തകൾ സ്വന്തമായി രൂപപ്പെടുത്താനും എന്നെ സഹായിച്ചു. അതാണ് അന്നത്തെ കഥകൾക്ക് നിലനിൽപ്പുണ്ടാക്കിയത്. അല്ലെങ്കിൽ അവ കേവലം പ്രേമനൈരാശ്യം വാറ്റിയ വെറും കഥകളായി മാറിപ്പോകുമായിരുന്നു.
സംതൃപ്തവും ദൃഢവുമായ ബന്ധം സാഹിത്യമല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രായത്തിന്റെ നാൽപ്പതുകളിലേക്കെത്തിയപ്പോളേക്കും മനസ്സിലാക്കാനായി. മറ്റെല്ലാം നഷ്ടമായാലും സാഹിത്യവാസന എന്നും കൂടെയുണ്ടാകുമെന്നും അതിനായി ഞാൻ കൂടുതൽ ആത്മാർത്ഥതയോടെ സാഹിത്യസപര്യ തുടരേണ്ടതുണ്ടെന്നും സ്വന്തം തത്വചിന്ത അല്ലെങ്കിൽ തിരിച്ചറിവ് എന്നെ പഠിപ്പിച്ചു. അങ്ങനെ അക്കാലത്ത് എഴുതിപ്പോയ കഥകളാണ് ‘ഗാന്ധിമാർഗ്ഗം’, ‘ബാർകോഡ്’, ‘നീർന്നായ’ എന്നീ സമാഹാരങ്ങളിലായി കിടക്കുന്നത്. അതിലെ കഥകളെല്ലാം അനായാസം എഴുതിപ്പോയിട്ടുള്ളതാണ്. നിർബന്ധങ്ങളോ നിയന്ത്രണങ്ങളോ എനിക്കുമേൽ ഉണ്ടായിരുന്നില്ല. സ്വന്തം ബോധ്യവും ഇഷ്ടവും സ്വാതന്ത്ര്യവും മാത്രമായിരുന്നു കൈമുതൽ. എഴുത്തുരീതികളെക്കുറിച്ചൊക്കെ ഞാൻ വായിച്ചു മനസ്സിലാക്കാനും പ്രയോഗിച്ചു പഠിക്കാനും തുനിയുന്നത് സമീപകാലത്താണ്. അതുകൊണ്ട് ഇരുപത് വയസ്സിനു മുമ്പെഴുതിയതും ശേഷമെഴുതിയതുമായ കഥകൾ മോശമായെന്നോ ദുർബലമായെന്നോ ഉള്ള അഭിപ്രായമെനിക്കില്ല. എല്ലായ്‌പ്പോഴും അതതുകാലത്തെ അറിവുകൾക്കും തോന്നലുകൾക്കും ധാരണകൾക്കുമനുസരിച്ചാണ് പ്രമേയങ്ങളെ സ്വീകരിച്ചിട്ടുള്ളത്. ആഖ്യാനം നിർവ്വഹിച്ചിട്ടുള്ളതും. ദി ക്യൂൻ ഓഫ് ദി പ്രിസൺസ് ഓഫ് ഗ്രീസിന്റെയും മറ്റ് പുസ്തകങ്ങളുടേയും ഒരു ആരാധകൻ, ഭാര്യ പ്രതിയാക്കപ്പെടാവുന്ന അനാശാസ്യ സാഹചര്യങ്ങൾ, പുറത്ത് പെയ്യുന്ന രക്തം, ചമ്രവട്ടം കുന്നിലെ അതിഥികളും അവരുടെ വിശേഷങ്ങളും, വിമാനപ്പുര, കടലേ, മടക്കായ്ക ജീവിതപ്പുസ്തകം, രാമാശ്രമം, ഗാന്ധിമാർഗ്ഗം, വൈവാഹികം എിങ്ങനെ പത്ത് കഥകളാണ് ‘ഗാന്ധിമാർഗ്ഗ’ത്തിലുള്ളത്.
പതിനാറാം വയസ്സുമുതൽ ജീവിക്കുന്ന എറണാകുളമാണ് വാസ്തവത്തിലെന്റെ ശരിയായ ദേശം. മറ്റു പലയിടങ്ങളിലും ജീവിച്ചെങ്കിലും മറ്റ് പലയിടത്തുകാരനായും എന്നെ അറിയപ്പെടുന്നുണ്ടെങ്കിലും അക്കാലം മുതൽ ഞാൻ മടങ്ങിയെത്തുന്നത് എറണാകുളത്തേക്കാണ്. അച്ഛനും അമ്മയും ഇരിക്കുന്നിടമാണ് വീടും നാടും എന്ന സങ്കൽപ്പത്തിൽ ചിന്തിച്ചാൽ അതല്ലാതെ വേറൊരു ദേശം എനിക്ക് പറയാനില്ല. മറ്റെല്ലായിടത്തും ഞാൻ അഭയാർത്ഥിയോ വാടകക്കാരനോ അതിഥിയോ മാത്രമായിരുന്നു. ധാരാളം കഥകൾ എറണാകുളം നഗരജീവിതം തന്നിട്ടുണ്ട്. പുറത്ത് പെയ്യുന്ന രക്തം, വിമാനപ്പുര, ബാർകോഡ്, മാംസഭുക്കുകൾ, ചക്ക, നീർന്നായ, ശിശുവായി മരണം മാത്രം, കോക്‌ടെയിൽ സിറ്റി, കോഫി @ കഫേയിൽ ഒരു പകൽ, ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, അഭിമുഖം, എ എന്ന കഥയിലെ എ എന്ന നായകനും അനുചരന്മാരും, ഡിസംബർ 6... എന്നിങ്ങനെ എറണാകുളത്തെ കാഴ്ചകളും അനുഭവങ്ങളും പ്രത്യക്ഷമായും പരോക്ഷമായും നിറയുന്ന കഥകളാണ് ഈ മൂന്നു കഥാസമാഹാരങ്ങളിലെ മിക്കവയും. അതല്ലാത്ത മറ്റു പല കഥകളും എറണാകുളത്തിരുന്ന് എഴുതിയവയുമാണ്. എവിടെയിരുന്ന് എഴുതി എന്നതല്ലല്ലോ, എന്തുകൊണ്ട്, ഏത് പ്രേരണയാൽ എഴുതി എന്നതാണല്ലോ പ്രധാനം. വൈറ്റില നിന്നുള്ള ബസുയാത്രയ്ക്കിടയിൽ പോക്കറ്റടിക്കാരൻ എന്റെ ബാഗ് കീറിയ അനുഭവത്തിൽ നിന്നാണ് ‘ദി ക്യൂൻ ഓഫ് ദി പ്രിസൺസ് ഓഫ് ഗ്രീസിന്റെയും മറ്റ് പുസ്തകങ്ങളുടേയും ഒരു ആരാധകൻ’ എന്ന കഥയെഴുതുന്നത്. ബാഗിൽ ഏതാനും പുസ്തകങ്ങൾ മാത്രമേയുണ്ടായിരുുള്ളൂ. പോക്കറ്റടിക്കാരന്റെ വൈദഗ്ധ്യവും പിന്നീടുണ്ടായ നിരാശയും പ്രാക്കും ഞാൻ ആസ്വദിച്ചു. കഥയുമുണ്ടായി. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ മുഴുവനായും വായിച്ച കാലത്താണ് ‘ഗാന്ധിമാർഗ്ഗം’ എഴുതാൻ തോന്നിയത്. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടുലക്ഷത്തിലധികം പ്രതികൾ വിൽക്കപ്പെടുന്ന ഈ പുസ്തകത്തിന്റെ പാതിയും വിൽക്കുന്നത് കേരളത്തിലാണെന്ന കാര്യം കൂടി ഇടയിൽ ഓർമ്മിക്കുക. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിച്ച അിറവുകൾ മാത്രം ഉപയോഗിച്ചല്ല, ഗാന്ധിജിയെക്കുറിച്ചുള്ള പലതരം പുസ്തകങ്ങളും ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ പോലുള്ള ഗ്രന്ഥങ്ങളും വായിച്ചതിന്റെയും ഗാന്ധിജിയെ മനസ്സിലാക്കാൻ ശ്രമിച്ചതിന്റെയും അടയാളമായിട്ടാണ് ആ കഥ പിറവി കൊണ്ടത്. ജീവിതത്തിന്റെ ആറാംഘട്ടത്തിലായിരുന്നില്ല ഞാൻ ഗാന്ധിമാർഗ്ഗം എഴുതുന്നതെങ്കിൽ ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നുള്ള മറ്റേതെങ്കിലും സന്ദർഭമായിരിക്കും എന്റെ കഥാവസ്തുവാകുക എന്നത് തീർച്ചയാണ്.
അമൃത ടെലിവിഷനുവേണ്ടി ഹരിതഭാരതം കാർഷിക പരമ്പരയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുന്ന കാലത്ത് ആഴ്ചയിൽ മൂന്നുദിവസം അന്ന് താമസിച്ചിരുന്ന കളമശേരിയിൽനിന്നും എനിക്ക് തോപ്പുംപടിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എറണാകുളത്തെ പഴയ വിമാനത്താവളത്തിനു മുന്നിലൂടെ രണ്ടുനേരം ബസിൽ പോകുമ്പോൾ രൂപം മാറിയ വിമാനത്താവളം എറെ ആകർഷിച്ചിരുന്നു. അതിൽ നിന്നുമാണ് ‘വിമാനപ്പുര’ എന്ന കഥയുണ്ടായത്. പ്രചോദിപ്പിക്കുന്ന കാഴ്ചയും എഴുതുന്ന പ്രമേയവും അതിലെ കഥാപാത്രങ്ങളും തമ്മിൽ ബന്ധമുണ്ടാകണമെന്നില്ല. പലപ്പോഴും മൂന്നും മൂന്നിടത്തുനിന്നും വന്നുചേരുന്നതുമായിരിക്കും. അത് രചനാവഴികളിലെ രഹസ്യങ്ങളും ആകസ്മികതകളും അനിവാര്യതകളുമാണ്. കവി ഒളപ്പമണ്ണ അന്തരിക്കുമ്പോൾ ഞാൻ പാലക്കാടുണ്ട്. ജൈനിമേട്ടിൽ പോയ പത്രപ്രവർത്തകർ പെറുക്കിക്കൊണ്ടുവന്ന നോട്ടുബുക്കുകളിലും കടലാസുകളിലും നിന്ന് അദ്ദേഹം അവസാന നാളുകളിൽ എഴുതിയ വരികൾ കണ്ടുകിട്ടിയപ്പോഴാണ് ‘കടലേ, മടക്കായ്ക ജീവിതപ്പുസ്തകം’ എന്ന കഥയുണ്ടായത്. അതിലും ഭഗ്നപ്രണയത്തിന്റെ നെടുവീർപ്പുകളും ആശാഭംഗങ്ങളും നിറയ്ക്കാനാണ് അപക്വബുദ്ധിയിൽ ശ്രമിച്ചതെന്ന് കുമ്പസാരിക്കുന്നു. രാമാശ്രമം, വൈവാഹികം എന്നീ കഥകളും കാമിനിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും എഴുതിപ്പിച്ചതാണെന്ന് പറയാം. കൗമാരക്കാരന്റെ എല്ലാത്തരം വിചാരണകളും വിചാരങ്ങളും തീർപ്പുകളും അതിലുണ്ട്. അതൊന്നുമല്ല, ജീവിതം എന്ന് തിരിച്ചറിയുമ്പോളേക്കും പ്രായം നാൽപ്പതുകൾ കഴിഞ്ഞിട്ടുണ്ടാകുമല്ലോ. എന്നാലും കൗമാരത്തെ മറക്കാനും വിധിക്കാനും ആർക്ക് ഏതു പ്രായത്തിലാണ് സാധിക്കുക. അല്ലെങ്കിൽ അതിന്റെ ആവശ്യമെന്താണ്.
മലയാളത്തിന്റെ ശക്തിസ്തംഭങ്ങളായ ചെറുകാടിന്റെയും സി. വി. ശ്രീരാമന്റെയും മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെയും പിന്നെ അബുദാബി ശക്തിയുടെയും പേരിലുള്ള പുരസ്‌കാരങ്ങൾ കിട്ടിയ കഥാസമാഹാരമാണ് ‘ബാർകോഡ്’. സമകാലിക മലയാളം വാരികയിൽ ചിത്രകാരൻ നമ്പൂതിരിയുടെ വരകളോടെ വന്ന കഥയാണത്. തീവ്രമായ വിധത്തിൽ ജാതി, മത വിഷയങ്ങളും സ്ത്രീ - ദളിത് ജീവിതാവസ്ഥകളും തീവ്രരാഷ്ട്രീയവും വളരെ കുറച്ചേ കഥകളിൽ ഞാനുപയോഗിച്ചിട്ടുള്ളൂ. മിക്കപ്പോഴും പ്ലോട്ടിനെക്കാൾ ആവിഷ്‌കാരത്തിനും അവതരണത്തിനും പ്രാധാന്യം കൊടുക്കുന്ന രചനാശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. അവയിൽ വൈയക്തികവും വൈകാരികവുമായ വ്യക്തിഗത സംഘർങ്ങൾക്കായിരിക്കും പ്രാധാന്യം. തീർച്ചയായും പറയേണ്ടതായ സാമൂഹ്യവിഷയം അവതരിപ്പിച്ച കഥയെന്ന നിലയിൽ ഈ വിലയിരുത്തലിൽ ‘ബാർകോഡ്’ എനിക്ക് പ്രധാനപ്പെട്ടതായി മാറുന്നുണ്ട്. അതേ പേരിലുള്ള സമാഹാരത്തിൽ, മെറൂൺ, ബാർകോഡ്, മാംസഭുക്കുകൾ, ഒരു സാധാരണ മനുഷ്യന്റെ ജീവിതചിത്രം, ചക്ക, ഒരു മരണത്തിന്റെ ഓർമ്മപ്പെടുത്തൽ, പൂച്ചി മാ, ദാരുണം, സാമൂഹിക പ്രതിബദ്ധത, ബുബു എന്നീ കഥകളാണുള്ളത്.
ഏഷ്യാനെറ്റിനായി തയ്യാറാക്കുന്ന യാത്രാപരമ്പരയ്ക്കായി എറണാകുളത്തുനിന്നും കാറിൽ കശ്മീരിലെ ലേ വരെ പതിനാറുവർഷം മുമ്പ് സഞ്ചരിച്ചിരുന്നു. ആ യാത്രയിൽ കണ്ടറിഞ്ഞ അനുഭവങ്ങളിൽനിന്നും പ്രേരണകളിൽനിന്നും ഉത്തരേന്ത്യൻ പശ്ചാത്തലവും കശ്മീർ പശ്ചാത്തലവുമുള്ള നാലോ അതോ അഞ്ചോ കഥകളും എഴുതി. ‘മെറൂൺ’ ആണ് അതിലേറെ പ്രിയപ്പെട്ടത്. ജമ്മുവിലും കശ്മീരിലും ലേയിലും കണ്ട സൈനികസാന്നിദ്ധ്യവും ജനജീവിതവും മനസ്സിനെ വിഷമിപ്പിച്ചപ്പോൾ പതിവുപോലെ വൈകാരികമായി എഴുതിപ്പോയ കഥയാണത്. ഏതു കഥയെഴുതുമ്പോഴും നഷ്ടപ്പെട്ടുപോയ ഒരാളുടെ മുഖം മനസ്സിൽ കയറിവരുന്ന ഒഴിവാക്കാനാവാത്ത ദുര്യോഗം എനിക്കുണ്ട്. എെന്നങ്കിലും അതെനിക്ക് കുടഞ്ഞുകളയാനാവുമോ എന്നറിയില്ല. അതിനാൽ മെറൂൺ എഴുതിയപ്പോഴും ഞാൻ കണ്ടത് മനസ്സിലെ കൗമാരക്കാരിയെയാണ്. അല്ലാതെ സൈന്യവും രാജ്യവും ജനങ്ങളും തമ്മിലുള്ള ദാർശനികവും തത്വചിന്താപരവുമായ സംഘർഷങ്ങളും സൈദ്ധാന്തികരാഷ്ട്രീയവും കക്ഷിരാഷ്ട്രീയമത്സരങ്ങളും സമ്മേളിക്കുന്ന അവയുടെ ഉപായങ്ങളുമല്ല. ഇത്രകാലവും എഴുതിയ കഥകളെ ‘ഗൗരവപ്പെട്ട’ കൺകോണിലൂടെ ആദ്യം മുതലേ ഞാൻ സമീപിച്ചിരുെന്നങ്കിൽ എെന്നക്കുറിച്ചുള്ള വായനക്കാരുടെയും സാഹിത്യനിരൂപകരുടെയും അഭിപ്രായം മറ്റൊന്നാകുമായിരുന്നു എന്നു തോാറുണ്ട്. പക്ഷേ എല്ലായ്‌പ്പോഴും ഞാൻ സാമാന്യജനത്തിന്റെ കൂടെ നിൽക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത്. ഏറ്റവും രുചിച്ചിട്ടുള്ള രുചി ഏതെന്നു ചോദിച്ചാൽ കണ്ണീരെന്ന് ഉത്തരം പറയാൻ സാധിക്കുന്ന ജീവിതം കിട്ടിയിട്ടുള്ളതിനാൽ പ്രത്യേകിച്ചും. സാധാരണമനുഷ്യരുടെ കവിളിലെ ഉണങ്ങാത്ത കണ്ണീരിന് സാഹോദര്യം പകരുന്ന സാഹിത്യരചനകൾ നടത്താനാണ് അന്നുമിന്നും എനിക്കിഷ്ടം. മറ്റുള്ള കാര്യങ്ങൾ പറയേണ്ടിവരുമ്പോൾ ലേഖനങ്ങളെഴുതുന്നു. അങ്ങനെ ലേഖനമാക്കാമായിരുന്ന അനുഭവമാണ് ‘ഡിസംബർ 6’ ആയത്. ഡിസംബർ അഞ്ചിന്റെ പാതിരാത്രിയിൽ എറണാകുളം നഗരത്തിലെ പൊലീസ് വിന്യാസവും നടപടികളും ഞാനൊരിക്കൽ നേരിട്ടനുഭവിച്ചിരുന്നു. ഹിന്ദു വർഗ്ഗീയവാദികൾ ബാബ്‌റി മസ്ജിദ് പൊളിച്ചതിന്റെ വാർഷികത്തിനായി രാഷ്ട്രം നടത്തുന്ന മുൻകരുതലുകളുടെ ഭാഗമായിരുന്നു തണുത്തു നിശ്ശബ്ദമായ ആ രാത്രി. ലേ നഗരത്തിലെ ചുറ്റിക്കറങ്ങലുകൾക്കിടയിൽ സന്ദർശിച്ച ബുദ്ധ മൊണാസ്ട്രിയുടെ മുകളിൽ നിന്നപ്പോൾ പഞ്ചാബിൽനിന്നും വന്ന രണ്ടു സുന്ദരികളെ കണ്ടത് മനസ്സിൽ കിടന്നിരുന്നു. അതിൽ നിന്നാണ് പിന്നീട് ‘ബുബു’ എന്ന കഥയുണ്ടായത്.
ഇതിനെല്ലാം പുറകിൽ മറ്റൊരു വാശി കൂടിയുണ്ടായിരുന്നു. ചെെന്നത്തുന്ന ദിക്കുകളിൽനിന്നും ആ പശ്ചാത്തലത്തിൽ കഥകളുണ്ടാക്കുക എന്ന നിർബന്ധമാണത്. അങ്ങനെ ഒരുപാട് കഥകളെഴുതിയിട്ടുണ്ട്. അക്കാലത്തതിന് അനായാസം കഴിഞ്ഞിരുന്നു. പിന്നീട് ഞാനാ രീതി ഒഴിവാക്കുകയും എഴുത്തിൽ കുറേക്കൂടി ജാഗ്രത പുലർത്തുകയും ചെയ്തു. ഒന്നുകൂടി ആവർത്തിക്കാം. കാണുന്ന കാഴ്ചയും കേൾക്കുന്ന വാക്കും അിറയുന്ന സ്പർശവും എല്ലാം എഴുതുന്ന കഥയിൽ വരും. അതിനായി ഉപയോഗിക്കുന്ന കഥാപാത്രങ്ങൾ, പശ്ചാത്തലം, വിഷയം, ഭാഷ എല്ലാം വേറെയായിരിക്കും. ഇവയുടെ വേർതിരിപ്പിനായി എഴുത്തുകാരനെ ഒരിക്കലും നിർബന്ധിക്കരുത്. അത് അസാദ്ധ്യമാണെന്നതിനാൽ മാത്രം. ‘ബാർകോഡി’ലെ ഒരു സാധാരണ മനുഷ്യന്റെ ജീവിതചിത്രം, ചക്ക, ഒരു മരണത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നീ കഥകൾ ഞാൻ ജീവിക്കാനാഗ്രഹിച്ച ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. കളമശ്ശേരിയിലെ ജീവിതം തന്ന നേരനുഭവങ്ങളുടെ ചുവട് പിടിച്ച് ‘ചക്ക’യും കൊൽക്കത്തയ്ക്ക് പോകും മുേന്നയുള്ള പാലക്കാട്ടെ ഏകാന്തജീവിതത്തിൽ, വഴിയോരത്ത് വിൽക്കാൻ വച്ച പച്ചക്കറി നിറച്ച സഞ്ചിയുടെ കാഴ്ചയിൽനിന്നും ‘ഒരു സാധാരണ മനുഷ്യന്റെ ജീവിതചിത്രവും’ ശങ്കരനാരായണൻ ഭട്ടതിരിപ്പാടെന്ന ജ്യേഷ്ഠതുല്യനുമായുള്ള സഹവാസത്തിൽനിന്നും ‘ഒരു മരണത്തിന്റെ ഓർമ്മപ്പെടുത്തലും’ എഴുതി. അതിലെ കഥാപാത്രമായ കുട്ടൻ നായർ ശങ്കരേട്ടന്റെ അയൽക്കാരനായിരുന്നു. എന്റെ അടുപ്പക്കാരനും. ‘ചക്ക’ പോലെയൊരു ഗൃഹാതുരകഥാനിർമ്മിതി ‘കപ്പ’യെന്ന പേരിലും പിന്നീട് നടത്തിയിട്ടുണ്ട്. അമ്പേറ്റ മാനായിരുന്ന കൗമാരത്തിൽ എഴുതിയിട്ടും എഴുതിയിട്ടും മതിയാകാതെയും ജീവിച്ചിട്ടും ജീവിച്ചിട്ടും സാക്ഷാത്കരിക്കാനാകാതെയും എഴുതിപ്പോയ കഥകളായിട്ടാണ് ഞാനവയെയെല്ലാം സ്‌നേഹത്തോടെ ഓമനിക്കുന്നത്. ചില വായനക്കാർക്കെങ്കിലും ഓരോ കഥയിലെയും സങ്കടവും ഉണങ്ങാത്ത കണ്ണീരും മന്ദഹാസങ്ങളും പിടിച്ചെടുക്കാനായിട്ടുണ്ട്. എഴുതി അച്ചടിച്ചു വന്ന കാലത്തും പിന്നീടുള്ള വർഷങ്ങളിലും വായനക്കാർ അത് പറഞ്ഞിട്ടുണ്ട്. വായനക്കാരുടെ ഉള്ളുതൊടാൻ അവയ്ക്ക് കഴിഞ്ഞിട്ടുണ്ടാകാം. അക്കാലത്തെഴുതിയ ഒട്ടുമിക്ക കഥകളിലും ‘ഒരാൾ’ ആവർത്തിക്കുന്നുണ്ടെന്ന് ഒട്ടും ലജ്ജയില്ലാതെ സമ്മതിക്കട്ടൈ. ‘അവൾ’ ഇല്ലാതിരുെന്നങ്കിൽ ഇത്രയൊന്നും ഒരുകാരണവശാലും ഞാനെഴുതുമായിരുന്നില്ല. എഴുത്തുകാരനുമാകില്ലായിരുന്നു. തീർച്ചയായും ‘വഴിച്ചെണ്ട’ എന്ന വലിയ നോവലും ഉണ്ടാവുമായിരുന്നില്ല.
ചിന്ത പബ്ലിഷേഴ്‌സിൽ വി. കെ. ജോസഫ് ജനറൽ മാനേജരായിരിക്കുന്ന സമയത്താണ് എഴുതിയവയിൽ നിന്നും പതിനഞ്ചുകഥകൾ തെരഞ്ഞെടുത്തു കൊടുക്കാനാവശ്യപ്പെടുന്നത്. നീർന്നായ, ശിശുവായി മരണം മാത്രം, കോക്‌ടെയിൽ സിറ്റി, കോഫി @ കഫേയിൽ ഒരു പകൽ, കമനി, ചെമ്മണ്ണാർ - നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രിയാത്ര, ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, അഭിമുഖം, എ എന്ന കഥയിലെ എ എന്ന നായകനും അനുചരന്മാരും, മറ്റൊരാൾ വരുന്നത് ഒളിച്ചുനിന്നു നോക്കുമ്പോൾ, പകൽപ്പൂരം, ഗോപാലനാശാന്റെ നാടും ജീവിതവും : കെട്ടുകഥകളും പുനരാഖ്യാനവും സഹിതം, ഞാൻ മീര, ഡിസംബർ 6, വിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ച നിലയിൽ എന്നീ തെരഞ്ഞെടുത്ത പതിനഞ്ച് കഥകളാണ് ‘നീർന്നായ’ സമാഹാരത്തിലുള്ളത്. ജോർജ്ജ്കുട്ടി കെയർ ഓഫ് ജോർജ്ജുകുട്ടിയും ഇന്ദ്രപ്രസ്ഥവും പോലുള്ള സിനിമകളെടുത്ത ഹരിദാസിന്റെ സംവിധാനത്തിൽ പതിനഞ്ച് വർഷം മുമ്പ് ശ്രീനിവാസൻ നായകനായി പുറത്തുവരേണ്ടിയിരുന്ന സിനിമയായിരുന്നു ‘നീർന്നായ’. മാധ്യമം ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന നീർന്നായ വായിച്ച് ശ്രീനിവാസൻ ഇഷ്ടപ്പെടുന്നതോടെയാണ് ആ പ്രോജക്ട് തുടങ്ങുന്നത്. ഞാൻ ശ്രീനിയേട്ടനെ നേരിൽ കാണുന്നതും പരിചയപ്പെടുന്നതും അതിന്റെ ഭാഗമായിട്ടാണ്. തിരക്കഥയും സംഭാഷണവും എഴുതിത്തീർന്ന് ശ്രീനിയേട്ടനുമായുള്ള സ്‌ക്രിപ്റ്റ് വായനകളും കഴിഞ്ഞ് പൂജ നിശ്ചയിച്ചശേഷം പലവിധ കാരണങ്ങളാൽ ആ സിനിമ നടക്കാതെ പോയി. അനുജനും ഞാനും സുഹൃത്തുക്കളും കൂടി ഫോർട്ട് കൊച്ചി കടപ്പുറത്ത് നേരം ചെലവിട്ട ഒരു സായാഹ്നത്തിൽ തിരയിൽ തുള്ളിക്കളിക്കുന്ന വിദേശിയായ കൊച്ചുപെൺകുട്ടിയെ കണ്ടതിന്റെ പ്രേരണയിലാണ് നീർന്നായ പിറന്നത്. ഒരു കഥയുണ്ടാവാൻ അത്രപോരാ. അതുവരെ ജീവിച്ച ജീവിതം കൂടി അദൃശ്യമായി അതിൽ കലരണം. നീർന്നായയിലും അതുണ്ട്.
കളമശേരിയിലെ ഗ്ലാസ് ഫാക്ടറി റോഡിൽ താമസിക്കുന്ന കാലത്ത് സമീപത്തെ ഫാക്ടറികളിൽനിന്നും അവിടെയൊരു വാതകച്ചോർച്ചയുണ്ടായി. പരിസരം മാഞ്ഞുപോയ വെളുത്ത കട്ടിപ്പുകയും അതുണ്ടാക്കിയ ശ്വാസം മുട്ടലും പരിഭ്രമങ്ങളും ആശയക്കുഴപ്പങ്ങളും ഉത്കണ്ഠകളുമാണ് ‘ശിശുവായി മരണം മാത്രം’ എന്ന കഥയെഴുതാൻ പ്രേരണയായത്. ഒരുപാട് സങ്കടപ്പെട്ട് എഴുതിയ കഥയാണത്. മറ്റൊരിക്കൽ എറണാകുളത്തുനിന്നും ഇടുക്കിയിലെ ചെമ്മണ്ണാറിൽ പോയി മടങ്ങിവരാനാവാതെ കട്ടപ്പനയിൽ തങ്ങേണ്ടിവന്ന രാത്രിയിൽ അഭയം കിട്ടിയത് മലയാള മനോരമയുടെ ബ്യൂറോയിലാണ്. അക്കാലത്ത് ലേഖകർക്ക് എഴുതാൻ കമ്പനി കൊടുക്കുന്ന ന്യൂസ് പ്രിന്‍റ് കെട്ടുകൾ മേശപ്പുറത്തുണ്ടായിരുന്നു. അടച്ചിട്ട ഷട്ടറിനുള്ളിൽ ഉറക്കമിളച്ചിരുന്ന് അന്നുതന്നെ എഴുതിയ കഥയാണ് ‘ചെമ്മണ്ണാർ - നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രിയാത്ര’. മാധ്യമം വാർഷികപ്പതിപ്പിലാണ് ആ കഥ വന്നത്. കഥയോടൊപ്പം ഫോൺ നമ്പറുണ്ടായിരുതിനാൽ ഒട്ടേറെപ്പേരുടെ വിളികൾ കിട്ടിയ കഥയാണത്. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽനിന്നും. ഇന്നും ആ കഥ വായിച്ച വിശേഷം പങ്കുവയ്ക്കുന്ന വായനക്കാരുണ്ട്. ചെമ്മണ്ണാറിൽനിന്നും അസമയത്ത് ഓട്ടോയിലും പിന്നെ ലോറിയിലുമായിട്ടാണ് ഞാൻ കട്ടപ്പനയിലെത്തിയത്. മുരടന്മാരായ ഒരുപറ്റം മനുഷ്യരുടെ കൂടെ രാത്രിയിൽ ഓട്ടോയിൽ കയറുമ്പോൾ കൂടെ അവരിലാരുടെയോ ഭാര്യയുമുണ്ടായിരുന്നു. പിൻസീറ്റിൽ ഒതുങ്ങിയിരുന്ന നിർഭയയായ ആ സ്ത്രീയുടെ മുഖം മനസ്സിലിട്ടാണ് കഥയെഴുതിയത്. കഥ ഭാവനയാണെങ്കിലും അതിന്റെ കഥാബീജം കിട്ടിയത് ആ യാത്രയുടെ അനുഭവത്തിൽ നിന്നായിരുന്നു. ഒരുപറ്റം സ്ത്രീകൾ സമ്മാനിച്ച കഥകളെന്നും ഇവയെ പരിചയപ്പെടാവുന്നതാണ്. അന്നുമിന്നും എനിക്കിഷ്ടപ്പെട്ട കഥാവസ്തുവാണ് സ്ത്രീ മനസ്സും അവരുടെ ജീവിതവും. മനസ്സിൽ തട്ടിയ പ്രമേയം ഒരിരുപ്പിനിരുന്ന് എഴുതാൻ കഴിഞ്ഞാലേ എനിക്ക് കഥയുണ്ടാക്കാനാവൂ. നോവൽ വളരെ കാലമെടുത്ത് ചർച്ച ചെയ്ത് എഴുതാം. പക്ഷേ, ഇടവേളയുണ്ടാക്കാതെയും ആരോടും പറയാതെയും മനസ്സിലെ തീ ചോരാതെ കഥ മുഴുവനാക്കിയില്ലെങ്കിൽ പിന്നീടാ പ്രമേയത്തിൽ കൈവയ്ക്കാൻ എനിക്കാവുകയില്ല. എഴുതിക്കഴിഞ്ഞ കഥയുടെ വെട്ടിത്തിരുത്തിന് ആവശ്യമായ സമയം, പലപ്പോഴും മാസങ്ങളോളം, എടുക്കാറുണ്ടെങ്കിലും ആദ്യത്തെ എഴുത്തിന് പരിസരം അനുകൂലമാണെങ്കിൽ മാത്രമേ മുതിരുകയുള്ളൂ. അന്ന് ബ്യൂറോ നിയന്ത്രിച്ചിരുന്ന മനോരമ ലേഖകൻ ടി.സി. രാജേഷ് സ്വന്തം വീട്ടിലേക്ക് വിളിച്ചിട്ടും പോകാതെ ബ്യൂറോയിൽ തനിച്ചു തങ്ങാൻ കാരണം കഥയെഴുതാനാണ്.
അതുപോലെ വേഗത്തിലെഴുതിയ കഥയാണ് ‘മറ്റൊരാൾ വരുന്നത് ഒളിച്ചുനിന്നു നോക്കുമ്പോൾ’. അക്കാലം ഞാൻ കോഴിക്കോടാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് മനോരമയിലുണ്ടായിരുന്ന അജയ് പി. മങ്ങാട്ടും ഭാര്യയും കുട്ടികളും എറണാകുളത്തേക്ക് പോയപ്പോൾ മടങ്ങിവരും വരെ അവരുടെ വീട്ടിൽ കിടക്കാൻ അനുവാദം തന്നു. എഴുതാൻ മാത്രമായി താമസിച്ച ആ വീട്ടിലെ നിശ്ശബ്ദമായ രാത്രിയിലിരുന്നാണ് ‘മറ്റൊരാൾ വരുന്നത് ഒളിച്ചുനിന്നു നോക്കുമ്പോൾ’ എഴുതുന്നത്. അതിന്റെ പ്രമേയം തികച്ചും ഭാവനയാണെങ്കിലും കൗമാരക്കാരന്റെ ഉദ്വേഗങ്ങളും ആകാംക്ഷകളും രതിദാരിദ്ര്യവും കഥയുടെ പ്രമേയത്തിന് കൂട്ടായി കൂടെനിന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് തിരിച്ചയച്ച ആ കഥ പ്രസിദ്ധീകരിച്ചത് മാധ്യമം ആഴ്ചപ്പതിപ്പാണ്. പി. ടി നാസറാണ് അപ്പോൾ മാധ്യമം പത്രാധിപർ. അതുപോലെ മാധ്യമം ആഴ്ചപ്പതിപ്പ് തിരിച്ചയച്ച കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ‘ഞാൻ മീര’. മാതൃഭൂമിയിൽ വരുന്ന എന്റെ ആദ്യകഥ. കമൽറാം സജീവിനുമുമ്പ് ടി. ബാലകൃഷ്ണൻ പത്രാധിപരായിക്കുമ്പോഴാണത്. ജീവിതത്തിൽനിന്നും ചീന്തിയ സുപ്രധാനമായ ഒരേടായിരുന്നു ഞാൻ മീര. പകൽപ്പൂരം, ഗോപാലനാശാന്റെ നാടും ജീവിതവും : കെട്ടുകഥകളും പുനരാഖ്യാനവും സഹിതം, ഞാൻ മീര ഒക്കെ തൃശൂരിലെ ജോലിക്കാലത്ത് എഴുതിയ കഥകളാണ്. സാഹിത്യ അക്കാദമിയിൽ ആരുടെയോ പ്രഭാഷണം കേൾക്കാൻ ചെന്ന സായാഹ്നത്തിൽ ഭിന്നശേഷിക്കാരനായ യുവാവിനെയും പരിപാലിച്ച് പ്രഭാഷണം കേൾക്കുന്ന മദ്ധ്യവയസ്സുള്ള സ്ത്രീയെ അവിടെ കാണാനിടയായി. വിഹ്വലതകളും മോഹഭംഗങ്ങളും സ്വപ്നഭംഗങ്ങളും തീവ്രമായി ഉള്ളിലുള്ള കാലമായതിനാൽ ആ കാഴ്ച വല്ലാത്ത നീറ്റലുണ്ടാക്കി. അതങ്ങനെ വിട്ടുപോകാതെ മനസ്സിൽ കിടന്നു. തൊട്ടുപിന്നാലെ വന്നുചേർന്ന പൂരനാളുകളിലൊന്നിൽ ഏതോ സിനിമ കാണാൻ ഞാൻ രാഗം തീയേറ്ററിൽ കയറി. മദ്ധ്യാഹ്ന പ്രദർശനത്തിനിടയിൽ അല്പം ശക്തിയുള്ള ഭൂകമ്പമുണ്ടായെങ്കിലും അന്നേരമത് ആരുമറിഞ്ഞില്ല. ഷോ കഴിഞ്ഞ് വിവരമറിഞ്ഞപ്പോൾ വലിയ ഉത്കണ്ഠയുണ്ടായി. രണ്ടനുഭവങ്ങളും ചേർത്തുവച്ചപ്പോൾ ‘പകൽപ്പൂരം’ പിറന്നു.
മടക്കിവിളിക്കാൻ കഴിയാതെ നഷ്ടപ്പെട്ടുപോയ പ്രണയത്തെക്കുറിച്ചും കാമുകിയെക്കുറിച്ചും മറക്കാൻ പറ്റാനാവാതെ എഴുതിക്കൂട്ടിയ കഥകളാണ് ഞാൻ മീരയും ഭാര്യ പ്രതിയാക്കപ്പെടാവുന്ന അനാശാസ്യ സാഹചര്യങ്ങളും ചമ്രവട്ടം കുന്നിലെ അതിഥികളും അവരുടെ വിശേഷങ്ങളും വിമാനപ്പുരയും കടലേ, മടക്കായ്ക ജീവിതപ്പുസ്തകവും രാമാശ്രമവും വൈവാഹികവും ശിശുവായി മരണം മാത്രവും കമനിയും ചെമ്മണ്ണാർ - നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രിയാത്രയും പകൽപ്പൂരവുമൊക്കെ. മേലൂരുള്ള പടുതോൾ മനയിൽ നിന്നും കിട്ടിയ ‘കമനി’ പോലൊരു കഥ ഇനിയെഴുതാതിരിക്കാനുള്ള നിയന്ത്രണം ഇപ്പോളെനിക്കുണ്ട്. നാൽപ്പതുകൾ പിന്നിട്ട ശേഷം ഞാനെഴുതിയ കഥാവിഷയങ്ങൾ പരിശോധിച്ചാൽ അത് വായനക്കാർക്കു മനസ്സിലാകും. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകാതെ ഒരുകാലത്ത് എഴുതിപ്പോയ കഥകളെന്ന് ഈ മൂന്നു സമാഹാരങ്ങളിലെയും കഥകളെ ക്ഷമാപണത്തോടെ താലോലിക്കാം. എന്നാലും അതിലെല്ലാം കഥകളുണ്ടായിരുന്നു. കാമുകിയും ഒപ്പം എന്റെ തുച്ഛമായ ജീവിതവും. ഇത്രയേറെ പറഞ്ഞാലും വായനക്കാർക്ക് എല്ലാ കഥകളിലും അവയെല്ലാം കലർന്നുകിടക്കുന്നത് മനസ്സിലാകണമെന്നില്ല. അതെല്ലാക്കാലത്തും എഴുത്തിന്റെയും എഴുത്തുകാരന്റെയും രഹസ്യമാണ്. എങ്കിലും ഒരു പഴമൊഴി എന്നും മനസ്സിലുണ്ട്. ലളിതമായ കലയാണ് മഹത്തായ കല എന്ന പുരാതനഗ്രീക്കുകാരുടെ പഴമൊഴി. എറിക് എറിക്‌സൺ നിരീക്ഷിക്കുന്ന Ego Psychology പ്രകാരം അബദ്ധങ്ങളുടെയും വികാരങ്ങളുടെയും വീരാരാധനകളുടെയും പുറകെ നടന്ന ആറാംഘട്ടത്തിലാണ് ഈ കഥകളുടെയെല്ലാം പിറവി. സങ്കൽപ്പങ്ങളിൽനിന്നും യാഥാർത്ഥ്യങ്ങളിലേക്കു നടത്തിയ യാത്രകളിൽ സൗഹൃദവും സമൂഹവും പ്രണയവും കാമുകിയും ഒട്ടുമിക്ക കഥകളോടുമൊപ്പം വന്നിട്ടുണ്ട്. വളരെക്കാലത്തിനുശേഷം പുതിയ പതിപ്പുകളിലൂടെ വായനക്കാരിലേക്ക് മടങ്ങിയെത്തുന്ന കഥകളെ പുതുകാലവായനക്കാർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയെനിക്കുണ്ട്. ദൃഢമായ ബന്ധം തേടിക്കിട്ടും വരെ Early Adulthood ൽ നടത്തിയ ഇരുപത് വർഷം താണ്ടിയ യാത്രയിൽ കഥകളിലൂടെ ഞാനനുഭവിച്ച ജീവിതത്തെ കാണുന്നു. അവയെനിക്ക് മനോനിലയുടെ ശാശ്വതമായ സമതുലിതാവസ്ഥ സംജാതമാക്കിയോ എന്നുചോദിച്ചാൽ കഥാകാരനെന്ന നിലയിൽ സാധ്യമാക്കി എന്നാണുത്തരം. വ്യക്തിയെന്ന നിലയിൽ അല്പം മെച്ചപ്പെടുത്തിയെന്നേ പറയാനൊക്കൂ. അനുഭവങ്ങൾ ശീലിപ്പിക്കുന്ന വാശികളെ ബന്ധിക്കാനും നിയന്ത്രിക്കാനും വ്യക്തിക്ക് പൂർണമായും കഴിയുമായിരുെന്നങ്കിൽ മനുഷ്യന്റെ കഥയെന്താകുമായിരുന്നു. മനുഷ്യന് പറയാൻ കഥകളുണ്ടാകുമായിരുന്നില്ല.