ADVERTISEMENT

മലയാളത്തിലും തമിഴിലും ഒരേസമയം എഴുതി രണ്ടു ഭാഷകളിലും അമൂല്യമായ കൃതികൾ സൃഷ്ടിച്ചു നീല പത്മനാഭൻ. മലയാളത്തിൽ കഥകളും കവിതകളും ലേഖനങ്ങളുമാണ് നീല കൂടുതലെഴുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന നോവലുകളെല്ലാം തമിഴിലാണ് എഴുതപ്പെട്ടത്.

neela-padmanabhan-2

കഥകൾ ഇരുപത്, എറുമ്പുകൾ, അർക്കന്റെ കോണിൽ, വേരറ്റവർ, നീല പത്മനാഭന്റെ കഥകൾ, ആവണിപ്പിറപ്പ് എന്നിവയാണ് നീലയുടെ മലയാളം കഥാസമാഹാരങ്ങൾ. നീല പത്മനാഭന്റെ കവിതകൾ സമ്പൂർണം എന്ന പുസ്തകവും അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചു. ഒപ്പം അദ്ദേഹം തമിഴിൽ എഴുതിയ പ്രധാനകൃതികളെല്ലാം മലയാളത്തിലേക്കു മൊഴിമാറ്റി എത്തിയിട്ടുമുണ്ട്. തമിഴിൽ എഴുതിയ ‘പള്ളികൊണ്ടപുരം’, ‘തലമുറകൾ’ എന്നീ നോവലുകളാണ് നീലയുടെ ക്ലാസിക് രചനകൾ. റഷ്യന്‍ ഉൾപ്പടെ വിവിധഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയ ‘പള്ളിക്കൊണ്ടപുരം’ തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കി രചിച്ചതാണ്.

neela-padmanabhan-4
ADVERTISEMENT

ഇപ്പോഴിതാ, ‘തലമുറകൾ’ ഉൾപ്പടെയുള്ള നീലയുടെ മികച്ച കൃതികൾ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ഏറെക്കാലമായി വിപണിയിൽ ലഭ്യമല്ലാതിരുന്ന മിൻ ഉലകം, ബന്ധങ്ങൾ, കുരുക്ഷേത്രം, തലമുറകൾ എന്നീ മലയാളം പുസ്തകങ്ങളാണ് സൈൻ ബുക്സ് ഇപ്പോൾ പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരുപത്തിയെട്ടു വയസ്സിൽ എഴുതിയ ‘തലമുറകൾ’ കേരളത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന, തമിഴ് സംസാരിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ്. ഒരു ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളിലൂടെയാണ് നോവൽ വികസിക്കുന്നത്. ഭാര്യയുടെ സ്വർണം പണയം വച്ചു പണം സംഘടിപ്പിച്ചാണ് അദ്ദേഹം ഈ കൃതി ആദ്യം പുസ്തകമാക്കിയത്. തമിഴിലെ പ്രമുഖ നിരൂപകനും നോവലിസ്റ്റുമായ ക.നാ. സുബ്രഹ്മണ്യം തലൈമുറകള്‍ ‘ദി ജനറേഷന്‍സ്’ എന്ന പേരില്‍ ഇംഗ്ലീഷിലേക്കെത്തിച്ചതോടെയാണ് കൃതി ശ്രദ്ധിക്കപ്പെട്ടത്. മിറർ മാസിക ഇന്ത്യയിലെ മികച്ച പത്തു നോവലുകളിലൊന്നായി ‘തലമുറകൾ’ തിരഞ്ഞെടുത്തിട്ടുണ്ട്. 2010 – ൽ ‘മഗിഴ്ചി’ എന്ന പേരിൽ തലൈമുറകൾ സിനിമയായി.

neela-padmanabhan-3

‘ഉറവുകൾ’,‘തേരോടും വീഥി’, ‘ഇലയുതിർക്കാലം’ തുടങ്ങിയവയാണ് നീലയുടെ മറ്റു ശ്രദ്ധേയ നോവലുകള്‍. ‘ഇലയുതിർക്കാല’ത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജീവിതസായാഹ്നത്തിൽ പലവിധ കാരണങ്ങളാൽ വൃദ്ധ സദനത്തിലെത്തുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും കഥപറയുന്നതാണ് ‘ഇലയുതിർക്കാലം’. കെ.അയ്യപ്പപ്പണിക്കരുടെ കവിതകളുടെ തമിഴ് പരിഭാഷയിലൂടെ മികച്ച വിവർത്തനകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നീല പദ്മനാഭനെ തേടിയെത്തി.

ADVERTISEMENT

കന്യാകുമാരി ജില്ലയിലെ ഇരണിയലിൽ പൂർവികരുള്ള നീല പദ്മനാഭൻ ജനിച്ചതും (ജനനം 26 ഏപ്രിൽ 1938) പഠിച്ചതും തിരുവനന്തപുരത്താണ്. അദ്ദേഹത്തിന്റെ പെറ്റമ്മ തമിഴാണെങ്കിൽ പോറ്റമ്മയാണ് മലയാളം. മാതൃഭാഷയായ തമിഴിലും ഒപ്പം മലയാളത്തിലും സാഹിത്യരചനകൾ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, വിമർശകൻ, ഉപന്യാസകാരൻ, വിവർത്തകൻ എന്നിങ്ങനെ ബഹുമുഖപ്രതിഭയായ അദ്ദേഹം തമിഴ് എഴുത്തുകാരനായാണ് പരക്കേ അറിയപ്പെടുന്നതെങ്കിലും മലയാളത്തിലും ധാരാളം കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. 13 വയസ്സിൽ, സ്കൂൾ പഠനകാലത്താണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ഉദയതാരകം’ എന്ന നോവൽ. വീട്ടിൽ നിന്നു പണം വാങ്ങിയും പരസ്യം സംഘടിപ്പിച്ചുമുള്ള ഉദ്യമം. പ്രൊഫസർ വൈയാപുരപിള്ളയാണ് അവതാരിക എഴുതിയത്.

neela-padmanabhan-5

1963-ൽ തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ നിന്ന്‌ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി വൈദ്യുതിവകുപ്പിൽ ജോലിക്കു ചേർന്ന നീലപദ്മനാഭൻ, 1993-ൽ ഡെപ്യൂട്ടി ചീഫ് എൻജിനിയറായി വിരമിച്ചു. 1985-89 കാലഘട്ടത്തിൽ കേരള സർവകലാശാല അക്കാദമി ബോർഡ് അംഗം, 1998 മുതൽ 2002 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ തമിഴ് അഡ്വൈസറി ബോർഡ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. നോവല്‍, ചെറുകഥ, കവിത, ഉപന്യാസം, നാടകം, വിവർത്തനം എന്നിങ്ങനെ തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രചനകള്‍ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ്, ജര്‍മ്മന്‍, റഷ്യന്‍, ഫ്രഞ്ച് മുതലായ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൃഷ്ണമ്മാളാണ് ഭാര്യ. ജാനകി, ഉമ, നീലകണ്ഠൻ, കവിത എന്നിവരാണ് മക്കൾ.

ADVERTISEMENT
The Literary Legacy of Neela Padmanabhan: A Dual-Language Master:

Neela Padmanabhan is a multifaceted literary figure renowned for his significant contributions to both Malayalam and Tamil literature. He authored classic novels in Tamil and penned numerous short stories, poems, and essays in Malayalam, with his works translated into various languages.

ADVERTISEMENT