ADVERTISEMENT

സമീപകാലത്ത് മലയാളത്തിൽ എഴുതപ്പെട്ട ബൃഹദ് നോവലാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘വഴിച്ചെണ്ട’. ആയിരത്തിലധികം പേജുകളുള്ള ഈ പുസ്തകത്തിന്റെ രചനാവഴികളെക്കുറിച്ച് സുസ്‌മേഷ് ‘വനിത ഓൺലൈനിൽ’ എഴുതിയ ലഖനം വായിക്കാം –

കുറച്ചു ദിവസങ്ങൾക്കുമുമ്പ്, എറണാകുളത്തെ ‘മാതൃഭൂമി വായനക്കൂട്ട്’ അംഗമായ ദിവ്യ കലേഷ് എനിക്കൊരു മെസേജയച്ചു.

ADVERTISEMENT

‘വഴിച്ചെണ്ട’യുടെ മൂന്നാം ഭാഗം വായിച്ചു പൂർത്തിയാക്കി നാലാം ഭാഗത്തിലേക്ക് കടക്കാൻ പോകുകയാണ്. പക്ഷേ ഉള്ളിൽ തിക്കുമുട്ടുന്ന ചില ചോദ്യങ്ങൾ എഴുത്തുകാരനോട് ചോദിക്കാതെ വയ്യ. ഇത്രയും മണ്ടനായ നായകകഥാപാത്രത്തിനെ മലയാളി വായനക്കാരിലേക്ക് എറിഞ്ഞുതന്നതെന്തിനാണ്. കല്യാണം കഴിക്കുക എന്നത് ജീവിതലക്ഷ്യമായിക്കണ്ട് ജീവിച്ച്, രണ്ട് പെണ്ണുങ്ങളാൽ പറ്റിക്കപ്പെടാൻ വേണ്ടി മാത്രം അയാളെ നിയോഗിച്ചതെന്തിനാണ്. ജീവിതത്തിൽ ഏറ്റവും നേർമയുള്ള മനസ്സോടെ, അയാളുടെ നന്മയെ മാത്രം മുന്നിൽ കണ്ട് അയാളിലേക്ക് വന്നവരെയെല്ലാം ഒഴിവാക്കാൻ കാണിച്ച മിടുക്ക് ഈ പെണ്ണുങ്ങളുടെ കാര്യത്തിൽ അയാൾ കാണിക്കാത്തതെന്താണ്. എന്തിനാണ് ഒരു പെണ്ണ് പോലുമല്ലാത്ത ഒരാളോടൊപ്പം അങ്ങേയറ്റം അസഹ്യത വായനക്കാരിൽ സൃഷ്ടിച്ച് ഒരു ജീവിതം ജീവിച്ചു തീർക്കാൻ അയാളെ പറഞ്ഞുവിട്ടത്.. സാലിമ എന്ന വ്യക്തി വരുന്നതിനുമുമ്പ് അയാൾ ജീവിച്ച ജീവിതത്തിൽ പിന്നെയും വെളിച്ചത്തിന്റെ ചില നുറുങ്ങുകളെങ്കിലും കണ്ടെത്താൻ കഴിയുമായിരുന്നു. അവരെ സ്വീകരിച്ചതോടെ ഈ നായകൻ സമ്പൂർണ പരാജയം എന്നു പറയാതെ വയ്യെന്നായിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ അധഃപതനം ഇത്രയ്ക്കും വിവരിച്ച ഒരു നോവൽ ഇതിനുമുമ്പ് ഞാൻ വായിച്ചിട്ടില്ല. കഴിവുകൾ ഏറെ ഉണ്ടായിട്ടും സ്‌നേഹിക്കാൻ ഒരുപാട് പേരുണ്ടായിട്ടും ഒക്കെയും നശിപ്പിച്ച എന്തൊരു പോഴനാണ് ഈ നായകൻ. ഉള്ളിൽ സഹതാപവും ദേഷ്യവും മാത്രം സൃഷ്ടിച്ച നായകൻ..’.

‘ഇത്ര ക്രൂരനാവണോ എഴുത്തുകാരൻ’ എന്നായിരുന്നു ആ സന്ദേശത്തിന്റെ പൊരുൾ. ‘വഴിച്ചെണ്ട’ (പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്‌സ്) പുറത്തുവന്നതിനുശേഷം എന്നെ (എഴുത്തുകാരനെ) ശകാരിച്ച് കിട്ടുന്ന ആദ്യത്തെ മെസേജായിരുന്നില്ല അത്. അനിൽകുമാർ വള്ളിക്കുന്ന് എന്ന വായനക്കാരൻ കുറേക്കൂടി കടുത്ത ഭാഷയിലും കോപത്തിലുമാണ് എന്നോട് പ്രതികരിച്ചത്. തീർച്ചയായും ഇതുരണ്ടും വായനക്കാരുടെ എഴുത്തുകാരന് നേർക്കുള്ള വികാരപ്രകടനമാണ്. വായനക്കാരുടെ സ്‌നേഹത്തിന്റെ തീവ്രത അതിന്റെ മുഴുവൻ ശക്തിയോടെയും എഴുത്തുകാരന് നേരെ വരുന്നതാണ്. ഞാൻ ദിവ്യയ്ക്കയച്ച മറുപടിയിൽ ഇങ്ങനെ പറഞ്ഞു.

ADVERTISEMENT

‘ഇതൊരു പാവപ്പെട്ട, കഴിവില്ലാത്ത, വിഡ്ഡിയായ നായകന്റെ കഥയാണ്’.

പറഞ്ഞത് സത്യമാണ്. ‘വഴിച്ചെണ്ട’യിലെ നായകൻ സദ്ഗുണസമ്പന്നനോ വീരശൂരനോ സദാചാരവാദിയോ പാരമ്പര്യവാദിയോ ആദർശവാദിയോ ഒന്നുമല്ല. സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുന്ന മനുഷ്യൻ മാത്രമാണ്. ‘ഒരു പെണ്ണ് പോലുമല്ലാത്ത’ എന്ന് വായനക്കാരി പറയുന്നത് പെണ്ണിലേക്ക് മാറാൻ വെമ്പുന്ന ആണിന്റെ കൂടെ കഴിയുന്ന നായകനെ ഉദ്ദേശിച്ചാണ്. പുരുഷനോട് ഒടുങ്ങാത്ത സ്‌നേഹമുള്ള സ്ത്രീക്ക്, അവന് പുരുഷനിൽനിന്നും സ്ത്രീയാവുന്ന സ്ത്രീ പോരാ, ജന്മനാ സ്ത്രീയുടെ നിറവുകൾ ലഭിച്ച സ്ത്രീ തന്നെ വേണം എന്ന് നിർബന്ധമുണ്ട്. വായനയോടൊപ്പം അത് എഴുത്തുകാരനുനേരെയും വ്യക്തിപരതകളില്ലാതെ നീളുന്നു. വാസ്തവത്തിൽ എഴുത്തുകാരനോടുള്ള നേരിട്ടുള്ള സ്‌നേഹമല്ല അത്, കഥാപാത്രത്തിന്റെ അവസ്ഥകളോടുള്ള സഹതാപം കലർന്ന അനുതാപങ്ങളാണ്. സ്ത്രീ ഒരു വായനക്കാരിയാകുമ്പോൾ കഥാപാത്രം ജീവിച്ചിരിക്കുന്നയാളായും കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ ദയാദാക്ഷിണ്യമില്ലാതെ പെരുമാറുന്ന സ്രഷ്ടാവുമായി തീരുന്നു. അപ്പോഴാണ് ഇത്ര ക്രൂരനാവണോ എഴുത്തുകാരൻ എന്ന് വായനക്കാരി ചോദിച്ചുപോകുന്നത്. ഇത് പെൺവായനയും ആൺവായനയും തമ്മിലുള്ള അന്തരവും കൃതിയുടെ കർത്താവ് എതിർലിംഗമാകുമ്പോഴുള്ള പ്രതിപ്രവർത്തനവുമാണ്. എഴുത്തിനെയും എഴുത്തുകാരെയും ഒപ്പം ചേർത്ത് സർഗ്ഗാത്മകവും മനശ്ശാസ്ത്രപരവുമായ പങ്ക് വായനക്കാർ കൂടി വഹിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ. എന്നാൽ എഴുത്തുകാർ ആൺവായനകളെയും പെൺവായനകളെയും വേറിട്ട് തിരിച്ചറിയുന്നു. ഇവിടെ ലിംഗബോധത്തിന്റെ രാഷ്ട്രീയമല്ല, വൈകാരികതകളും സ്ത്രീലിംഗത്തെ സംബന്ധിച്ച അറിവുകളുമാണ് ആ ചോദ്യം ചോദിപ്പിക്കുന്നത്. വായനക്കാരുടെ പ്രതിനിധാനങ്ങളിൽ അതും ഉൾപ്പെടുന്നു, മനസ്സുടയ്ക്കുന്ന അവസാനമില്ലാത്ത ആലോചനകളും വിഷമങ്ങളും പ്രതിസന്ധികളും നീറ്റുന്ന, നിരന്തരം തോറ്റുപോകുന്ന ഒരാൾ നായകനാവുമ്പോൾ വായിക്കുന്നയാൾക്ക് ആ അവസ്ഥ സഹിക്കാനാവാതെ വരുന്നു. ആ കഥാപാത്രത്തിന്റെ ജീവിതം പറഞ്ഞുപറഞ്ഞ് ‘വഴിച്ചെണ്ട’യുടെ താളുകൾ ആയിരത്തിന് മുകളിൽപ്പോയത് വാസ്തവത്തിൽ ഞാനറിഞ്ഞില്ല. അത് പേജുകൾ കുറേയുള്ള നോവലായത് അങ്ങനെയാണ്.

ADVERTISEMENT

വായനക്കാരുടെ ഉള്ളിലുണ്ടാകുന്ന നോവുകൾ അതിരുകടന്നുപോയാൽ അത് എഴുത്തുകാർക്കുനേരെയുള്ള ശാപങ്ങളായി മാറുമോ. എന്റെയുള്ളിലെ വായനക്കാരനെ ഞാനാ സ്ഥാനത്തു സങ്കൽപ്പിച്ചുനോക്കി. ബാല്യത്തിലെന്നോ ആണ് ‘നോത്രദാമിലെ കൂനൻ’ വായിക്കുന്നത്. വിക്ടർ ഹ്യൂഗോയുടെ രചനാശക്തി എന്നെ കരയിപ്പിച്ചില്ലേ. തീർച്ചയായും. ആ പുസ്തകം വായിക്കുമ്പോൾ ഞാൻ വികാരവിക്ഷുബ്ധനായിരുന്നു. മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ വായിച്ചപ്പോഴും വയലാറിന്റെ ‘ആയിഷ’ വായിച്ചപ്പോഴും ഞാൻ ദുഃഖിതനായിട്ടുണ്ട്. അതെല്ലാം തിരിച്ചറിവ് വന്നിട്ടില്ലാത്ത ബാല്യത്തിലാണെങ്കിൽ മുതിർന്നതിനുശേഷവും അത്തരത്തിലുള്ള വൈകാരികാനുഭവങ്ങൾ സമ്മാനിച്ച പുസ്തകപാരായണങ്ങൾ ഉണ്ടായിട്ടില്ലേ. അരുന്ധതി റോയ് രചിച്ച ‘മദർ മേരി കംസ് ടു മി’ അത്തരമൊരു പുസ്തകമായിരുന്നു. ‘When it came to me, Mrs Roy taught me how to think, then raged against my thoughts. She taught me to be free and raged against my freedom. She taught me to write and resented the author I became’ (Mother Mary Comes to Me / Arundhati Roy) ബാല്യത്തിലും കൗമാരത്തിലും മദ്ധ്യവയസ്സിലും വായന ഉൽപ്പാദിപ്പിക്കുന്ന അനുഭൂതികൾക്ക് ഭാവം മാറി മാറി വരും. അറിവില്ലായ്മകൾ മാറിനിൽക്കുകയും വികാരക്ഷോഭങ്ങൾക്ക് പ്രാധാന്യം കുറയുകയും ബുദ്ധിയും ചരിത്രബോധവും ജീവിതബോധവും പുതിയ മസ്തിഷ്‌ക പ്രക്ഷോഭങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യും. അതാണ് പുസ്തകങ്ങളുടെ കഴിവ്.

ചില പുസ്തകങ്ങൾ വായന തീരും വരെ നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടും പലതരം ചോദ്യങ്ങൾ ചോദിപ്പിച്ചും കൂടെത്തന്നെ നിൽക്കും. എം. സുകുമാരന്റെ ‘പിതൃതർപ്പണം’, ഒ. വി വിജയന്റെ ‘കടൽത്തീരത്ത്’, മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ ‘മൂന്നാമതൊരാൾ’, സി.വി. ശ്രീരാമന്റെ ‘വാസ്തുഹാര’, രാജലക്ഷ്മിയുടെ ‘പരാജിത’, Jhumpa Lahiri യുടെ ‘A Temporary Matter’... ഇതൊക്കെ പെട്ടെന്നോർമ്മ വരുന്ന കഥകളാണ്. കൗമാരമധ്യത്തിലാണ് സുനിൽ ഗംഗോപാധ്യായയുടെ ‘സ്വർഗ്ഗം തേടുന്ന മനുഷ്യർ’ എന്ന നോവൽ വായിക്കുന്നത്. എം.പി. കുമാരന്റെ കിടയറ്റ വിവർത്തനം. മൂന്നേ മൂന്നു കഥാപാത്രങ്ങളുള്ള ആ നോവൽ ഖണ്ഡശ്ശ വായിക്കുമ്പോൾ വേദനയോടെയും ഉത്കണ്ഠയോടെയും ഓരോ ആഴ്ചയ്ക്കായും ഞാൻ കാത്തിരിക്കുമായിരുന്നു. പാമ്പുപിടിത്തക്കാരനായ പ്രസേൻജിത് നിഗൂഢതകളും നിഴലുകളുമുള്ള കഥാപാത്രമായി എന്റെ മനസ്സിൽ വളർന്നു. താൻ പിടിച്ച വലിയ വിഷപ്പാമ്പുകളെയും കൂട്ടിലിട്ട് തനിച്ചു കഴിയുന്ന മനുഷ്യനാണയാൾ. സ്ത്രീസംസർഗ്ഗം ലഭിച്ചിട്ടില്ലാത്തവൻ. വൈതരണി നദിക്കരയിലുള്ള പ്രസേൻ ജിതിന്റെ താമസസ്ഥലത്തേക്കെത്തിപ്പെട്ട രഞ്ജൻ സർക്കാരും ഭാര്യ ഭാസ്വതിയും എന്റെ ഉറക്കം കെടുത്തി. ഭാസ്വതിയെ വിടനായ പ്രസേൻജിത് ഉപദ്രവിക്കുമോ എന്നും പ്രസേൻ ജിത്തിനെ നിവൃത്തിയില്ലാതെ രഞ്ജൻ കൊല്ലുമോ എന്നും ആകാംക്ഷപ്പെട്ടു. വെള്ളം താഴ്ന്ന് വൈതരണി നദി അവരെ രക്ഷിക്കില്ലേയെന്നും. കൊച്ചുനോവലായിരുന്നു അത്. പക്ഷേ കനൽത്തരി പോലെ അത് കൈയിലിരുന്ന് പൊള്ളിച്ചു. ആ പൊള്ളൽ വർഷങ്ങളോളം ഉള്ളിലേറ്റിയാണ് ഞാൻ നടന്നത്.

vazhichenda-book-2

സത്യജിത് റേ സംവിധാനം ചെയ്ത ‘അരണ്യേർ ദിൻ രാത്രി’ യുടെ (Days and Nights in the Forest) ഡിജിറ്റൽ പതിപ്പ് അടുത്തകാലത്ത് കണ്ടിരുന്നു. സുനിൽ ഗംഗോപാധ്യായയുടെ നോവലിനെ ആസ്പദമാക്കി 1970 ൽ റേ സംവിധാനം ചെയ്ത പടമാണത്. എന്റെ മനസ്സിലേക്ക് സ്വർഗ്ഗം തേടുന്ന മനുഷ്യരുടെ ഛായകൾ ഉണർന്നെണീറ്റുവന്നു. ആ കഥാപാത്രങ്ങളെ വീണ്ടും സന്ദർശിക്കണമെന്നു തോന്നി. അതിനാൽ ആ നോവൽ ഒന്നുകൂടി വായിച്ചു. അന്നു തോന്നിയ അതേ വികാരങ്ങളെല്ലാം ആവർത്തിച്ചു. പുസ്തകം വായിച്ചുതീരാതെ അത് താഴെ വയ്ക്കാൻ എനിക്കായില്ല. ‘മദർ മേരി കംസ് ടു മി’ എന്നെ ആവേശിക്കുകയും പിടിച്ചു കുലുക്കുകയും ചെയ്തതുപോലെ ഞാൻ വിഷണ്ണനും ആകാംക്ഷാഭരിതനും ഒടുവിൽ ചിന്താകുലനുമായി മാറി. സാഹിത്യരചനകൾ നിർവ്വഹിക്കുന്നുണ്ടെങ്കിലും വായനക്കാരെ ബൗദ്ധികമായി സ്പർശിക്കുന്ന പുസ്തകമെഴുതാനുള്ള കഴിവ് എനിക്കുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. അതു ശരി വയ്ക്കുന്നതുപോലെയാണ് എന്റെ രചനാസാഹസങ്ങൾ മുന്നോട്ടുപോകുന്നതും. ‘വഴിച്ചെണ്ട’ വായിച്ച് പൂർത്തിയാക്കിയ പലരും വായനക്കിടയിൽ അവരനുഭവിച്ച വികാരക്ഷോഭങ്ങളെക്കുറിച്ച് മറയില്ലാതെ പറഞ്ഞപ്പോൾ ഞാനത് കേട്ടുനിന്നത് അതെങ്ങനെ സംഭവിച്ചു എന്ന അത്ഭുതത്തോടെയാണ്. ഇക്കാര്യത്തിൽ അല്പം വിശകലനം ആവശ്യമുണ്ട്.

കഴിഞ്ഞ വർഷം ‘പകരം’ എന്നൊരു കഥ ഞാനെഴുതിയിരുന്നു. ഭാര്യയിൽനിന്നും ലൈംഗികവിഷാദവും ഒറ്റപ്പെടലും അനുഭവിക്കുന്ന മകന്റെ രഹസ്യമായ വിങ്ങലുകൾ മനസ്സിലാക്കുന്ന അന്ധയായ ഒരമ്മയുടെ കഥയായിരുന്നു പകരം. എഴുതിത്തീർന്നപ്പോൾ കരഞ്ഞുപോയ കഥയാണത്. എന്റെ അനുഭവമോ ഞാനറിഞ്ഞ മറ്റാരുടെയെങ്കിലും ജീവിതമോ ആയിരുന്നില്ല അത്. എന്നിട്ടും എഴുതി അവസാനിപ്പിച്ചപ്പോൾ അറിയാതെ വിതുമ്പിപ്പോയി. കഥാനായകനിൽ ഞാനനുഭവിച്ച ഏതോ കാലഘട്ടത്തിന്റെ നിഴൽ കണ്ട് സ്വയം ഞെട്ടാതിരിക്കാൻ എനിക്കായില്ല. എഴുത്തിൽ അപൂർവ്വമായി സംഭവിക്കുന്ന ചില അവസ്ഥകളോ അനുഭവങ്ങളോ ആണത്. കരച്ചിലോളമെത്തുന്ന തിക്കുമുട്ടലുകളും രക്തസമ്മർദ്ദത്തിന്റെ ഉയർച്ച താഴ്ചകളും ‘വഴിച്ചെണ്ട’ എഴുതുന്നതിനിടയിലും അനുഭവിച്ചിരുന്നു. ഇങ്ങനെ സ്വന്തം കൃതികളെക്കുറിച്ച് പറയുന്നത് ശരിയല്ല. എങ്കിലും വായനക്കാരുടെ വികാരപ്രകടനം എഴുത്തുകാരിലുണ്ടാക്കുന്ന പ്രകമ്പനങ്ങളെക്കുറിച്ച് വിവരിക്കേണ്ടി വരുമ്പോൾ അത് വിശദമാക്കുന്നതിന് ചിലതെല്ലാം പറയാതെ വയ്യല്ലോ. എഴുത്തുകാർക്ക് വായനക്കാരനാവാനും തിരിച്ച് എഴുത്തുകാരനാവാവും കഴിയണം. സ്വന്തം രചനയും അന്യരുടെ രചനയും ആസ്വദിക്കാനും വിലയിരുത്താനും സാധിക്കണം. സ്വയം രൂപപ്പെടാനും പരുവപ്പെടാനും മെച്ചപ്പെടാനും അത് സഹായിക്കുമെന്നാണ് എന്റെ വിശ്വാസം. ‘അതിജീവിക്കുന്നതിനുള്ള കൂടുതൽ ശക്തി സംഭരിക്കാൻ വായന സഹായിക്കും’ എന്നു പറഞ്ഞത് സാഹിത്യത്തിനുള്ള കഴിഞ്ഞ വർഷത്തെ നൊബേൽ പുരസ്‌കാരം നേടിയ ഹംഗേറിയൻ നോവലിസ്റ്റ് Laszlo Krasznahorkai ആണ്.

‘വഴിച്ചെണ്ട’യിൽ അനൂപ് എന്ന നായകൻ അലഞ്ഞുപോയ വഴികളെക്കുറിച്ച് എഴുതുമ്പോൾ ആ സ്ഥാനത്ത് ഞാനെന്നെ പ്രതിഷ്ഠിച്ചിരുന്നു. സാവിത്രി ശരിക്കുമുണ്ടായിരുന്നെന്നും അനൂപ് ഞാനായിരുന്നെന്നും എന്നെ വിശ്വസിപ്പിച്ചായിരുന്നു എഴുത്ത്. ഹൃദയത്തിലേറ്റിയ പെണ്ണിനെ നഷ്ടമായാൽ ഒരാൾ ഏതുതരം ജീവിതം ജീവിക്കും എന്നും അതിലെത്രത്തോളം ഭ്രാന്ത് ഉണ്ടായിരിക്കുമെന്നും സങ്കൽപ്പിച്ചപ്പോൾ അനൂപിന്റെ ഒളിച്ചോട്ടവും അജ്ഞാതവാസവും എഴുതാൻ സാധിച്ചു. എം. മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികൾ’ ലെനിൻ രാജേന്ദ്രൻ സിനിമയാക്കിയപ്പോൾ പ്രതിഭാശാലിയായ നടൻ രഘുവരനായിരുന്നു കേന്ദ്രകഥാപാത്രമായ അൽഫോൻസച്ചന് ജീവൻ നൽകിയത്. അക്കാലത്ത് അഭിനയിച്ചുതീരും വരെ ഏതാണ്ട് അൽഫോൻസച്ചനെപ്പോലെയാണ് രഘുവരൻ ജീവിച്ചതെന്ന് കേട്ടിട്ടുണ്ട്. ഞാൻ തിരക്കഥയെഴുതിയ സിനിമകളിലെ നടീനടന്മാരും അങ്ങനെ ചെയ്യുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. ‘പകലി’ൽ ടി. ജി രവിയും ‘മരിച്ചവരുടെ കടലി’ൽ വിനീത് കുമാറും ‘പത്മിനി’യിൽ അനുമോളും ഇർഷാദുമൊക്കെ അങ്ങനെ കഥാപാത്രമായി ഉന്മാദികളെപ്പോലെ ജീവിക്കുന്നതിന് സാക്ഷിയായത് മറക്കാനാവില്ല. പലപ്പോഴും ഒരെഴുത്തുകാരനും നടനെപ്പോലെയാണ്. കഥാപാത്രം ആവേശിച്ചാൽ നടനോ നടിയോ കിറുക്ക് ബാധിച്ചവരോ അർദ്ധബോധക്കാരോ ആകുന്നതുപോലെ എഴുത്തുകാരും അതെഴുതിത്തീരുന്നതുവരെ പാതിബോധത്തിൽ ജീവിക്കും. സാമാന്യജനത്തിന് മനസ്സിലാകാത്തവിധം പലമട്ടിൽ അസ്വസ്ഥതകൾ പ്രകടിപ്പിക്കും. അത്തരം അവസ്ഥകളെ നേരിടാതെ ഒരെഴുത്തുകാരന് ഒന്നും എഴുതി തീർക്കാനാവില്ല.

അനൂപ് പിതൃസ്ഥാനീയനായി കാണുന്ന ഉമ്മർ മാഷ് എന്നൊരു കഥാപാത്രമുണ്ട് ‘വഴിച്ചെണ്ട’യിൽ. ഒരുദിവസം ഉമ്മർ മാഷിന്റെ മകൾ മെഹറും അനൂപും തമ്മിൽ സംശയാസ്പദമായ നിലയിൽ പെരുമാറുന്നത് ഉമ്മർ മാഷ് കാണാനിടയാകുന്നുണ്ട്. ആ നേരം അനൂപിന്റെ മനസ്സിൽ സാവിത്രിയുടെ അച്ഛനാണുള്ളത്. മെഹറിന്റെ സ്ഥാനത്ത് സാവിത്രിയും. എന്നാൽ ഉമ്മർ മാഷ് കഥയറിയാതെ കാഴ്ചയെ തെറ്റിദ്ധരിക്കുന്നുണ്ട്. സാവിത്രിയുടെ അച്ഛന്റെ മനോനിലയിലേക്ക് ഉമ്മർ മാഷും അധഃപതിക്കുമ്പോൾ പതറിപ്പോകുകയാണ് അനൂപ്. ആ തെറ്റിദ്ധാരണയും പിന്നീടുള്ള അനൂപിന്റെ പലായനവും എഴുതുമ്പോൾ എനിക്ക് ലോകത്തോടുതന്നെയും വല്ലാത്ത നീരസമുണ്ടായിരുന്നു. അനൂപിന്റെ സ്ഥാനത്ത് ഞാനാണെന്നും മെഹർ എന്നെ ശപിക്കുകയാണെന്നും ഉമ്മർ മാഷ് എന്നെ പതിയിരുന്ന് കൊല്ലുമെന്നുമെല്ലാം തോന്നുന്നുണ്ടായിരുന്നു. ആ നിമിഷങ്ങളെ വിവരിക്കാൻ മടിയുണ്ട്. എഴുത്തിന്റെ സംത്രാസങ്ങളും പിടച്ചിലുകളും അറിയാത്തവർക്ക് അത് കള്ളത്തരമായോ അല്പത്തമായോ ഒക്കെ തോന്നിയേക്കാം. കഥാപാത്രവും എഴുത്തുകാരനുമായി മാറി മാറി ആ നിമിഷങ്ങളിൽ പ്രമേയത്തോട് പൊരുതുമ്പോൾ നമ്മുടെ ഊർജ്ജം ശരീരത്തിൽനിന്നും ചോരുന്നത് വ്യക്തമായും അറിയാനാവും. അവനവനെ ക്ഷീണിപ്പിച്ചുകൊണ്ട്, ഇഞ്ചിഞ്ചായി നോവിച്ചുകൊണ്ട് കഥാപാത്രത്തിന്റെയും കഥാവിഷയത്തിന്റെയും സംഘർഷം പൂർണമായും പകർത്തിക്കഴിയുമ്പോൾ അല്പം ക്രൂരതയോടെ ആലോചിക്കാറുണ്ട്.

‘വായനക്കാരാ, ഇതിന്റെ പാതി നീ കൂടി പങ്കിടേണ്ടതാണ്. എങ്കിലേ എന്റെ അധ്വാനത്തിന്റെ ക്ഷീണം ലേശമെങ്കിലും കുറഞ്ഞുകിട്ടൂ’.

അതുകൊണ്ടാവണം, വഴിച്ചെണ്ട എഴുതുമ്പോൾ ഒരിടത്തും ഞാൻ അറച്ചുനിന്നിട്ടില്ല. എന്നെ പിടിച്ചുവലിച്ചുകൊണ്ട് കഥാപാത്രങ്ങൾ സഞ്ചരിക്കുകയാണുണ്ടായത്. അത് വായനക്കാർക്ക് വിഷമിക്കാനും സങ്കടപ്പെടാനും രോഷപ്പെടാനും വേണ്ടിയായിരുന്നു.

പ്രിയപ്പെട്ട ദിവ്യ, നിങ്ങളെന്നോട് ക്ഷമിച്ചേ മതിയാകൂ. വായനക്കാരനായ ഞാൻ വിമ്മിട്ടപ്പെടുകയും ഉറക്കെ ചിന്തിക്കുകയും പ്രതിഷേധിക്കുകയും പ്രാകുകയും കരയുകയും ചെയ്യുന്നുണ്ടെങ്കിൽ എഴുത്തുകാരനായ ഞാനും അതുതന്നെ എഴുതുമ്പോൾ ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ആ നിമിഷങ്ങൾ വായനക്കാരനും കിട്ടുമെന്നാണ് അനുഭവം. ഒരുപക്ഷേ വഴിച്ചെണ്ട വായിക്കുന്നവർ ഞാൻ കടന്നുപോന്ന അതേ വഴികളിലൂടെ സഞ്ചരിക്കുന്നത് അതിനാലാവാം.

മിസ് കെന്റന്റെ മാനസികാവസ്ഥകൾ എന്നെ വിഷമിപ്പിച്ചിരുന്നു. അവരോടുള്ള സ്റ്റീവൻസിന്റെ പരുക്കൻ പെരുമാറ്റങ്ങൾ എന്നെ നോവിച്ചു. നാസികളോട് അനുഭാവം പുലർത്തുന്ന ഡാർലിങ്ടൺ പ്രഭുവിന്റെ മനോഭാവത്തെക്കാൾ, യുദ്ധത്തോടും വർഗ്ഗീയതയോടുമുള്ള സമീപനത്തെക്കാൾ, നോവലിൽ അത് ശക്തമായ ധാരയായും സംഘട്ടനങ്ങളായും വായനക്കാരെ മഥിക്കുമ്പോഴും ഞാൻ സ്റ്റീവൻസിന്റെയും കെന്റന്റെയും പിന്നാലെയാണ് അലഞ്ഞത്. ഇംഗ്ലണ്ടിലെ സുഖകരമായ കാലാവസ്ഥയും നിരത്തുകളും സ്റ്റീവൻസ് ഓടിക്കുന്ന കാറും കാണുന്ന കാഴ്ചകളും പിന്തിരിഞ്ഞു നോക്കി കണ്ടെത്തുന്ന ഓർമ്മകളും എന്നെ സ്വാധീനിച്ചു. ഓർമ്മകളുടെ ഭാരം എനിക്ക് അനുഭവപ്പെട്ടു. മുഷിഞ്ഞുപോയ പൂർവ്വകാലം ഓർമ്മപ്പെടുത്തുന്ന മുഷിവുമണത്തെക്കുറിച്ച് ഞാൻ വിഷമത്തോടെ ചിന്തിച്ചു. നാസികളോട് എതിർപ്പില്ലാത്ത സഹകരണവും പിന്തുണയും കൊണ്ടുനടക്കുന്ന പ്രഭുവിന്റെ കീഴിൽ പണിയെടുക്കേണ്ടിവരുന്ന സ്റ്റീവൻസ് എന്ന ബട്‌ലർ അത്രയേറെ പരുക്കനും മുരടനുമായി കെന്റനോട് പെരുമാറിയത് ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ്. ഒരു പുസ്തകവും അതിലെ പ്രധാനപ്പെട്ട മൂന്നോ നാലോ കഥാപാത്രങ്ങളും നമ്മളെ മഥിക്കുന്നത് സ്വയംപീഡ പോലെയാകുമ്പോൾ അത് ആസ്വദനീയമാകുകയാണോ. ആണെന്ന് ഉറക്കെ പറയാനെ എനിക്കാവൂ. നൊബേൽ സമ്മാനം നേടിയ കസുവോ ഇഷിഗുറോയുടെ The Remains of the Day എന്ന നോവലിന്റെ ഓർമ്മയാണിത്.

എഴുതാൻ പ്രേരിപ്പിക്കുന്നത് തീർച്ചയായും ചില ഓർമ്മകളാണ്. ‘വഴിച്ചെണ്ട’ എഴുതും മുമ്പേ മനസ്സിൽ തെച്ചിക്കാടുകളുടെ മുൾമുനകളുണ്ടായിരുന്നു. വരണ്ട കുന്നുകളും കല്ല് വെട്ടിയെടുത്ത കുഴികളും തവിട്ടുനിറമുള്ള പാറപ്പുറങ്ങളും കുറ്റിച്ചുവളരുന്ന തെച്ചിച്ചെടികളും പിന്നെ ദരിദ്രരും രോഗികളുമായ കുറച്ച് മനുഷ്യരുടെ വേദനകളും. എന്റെ ബാല്യത്തിന്റെ ഓർമ്മയാണത്. അതിഥിയായി മലപ്പുറത്ത് കഴിഞ്ഞ പാതി കണ്ണൂരുകാരന്റെ, പാതി എറണാകുളത്തുകാരന്റെ സമ്പന്നമായ ഓർമ്മ. അതിലേക്ക് ശക്തമായ ഇടപെടലായി മലപ്പുറവും കലരുന്നു. നിക്കറും ഷർട്ടും റബ്ബർ ചെരിപ്പുമിട്ട സ്‌കൂൾ വിദ്യാർത്ഥിയുടെ വേഷത്തിൽ ഞാനവിടെ ചെല്ലുമ്പോൾ കണ്ണൂരിലെ അച്ഛൻ പെങ്ങളുടെ മകളുടെ പഠനമേശയും അതിലെ പുസ്തകങ്ങളും പ്രചോദനമായി കൂടെയുണ്ടായിരുന്നു. ചില്ലിട്ട മരത്തിന്റെ അലമാരയിൽ അടുങ്ങിയിരിക്കുന്ന മലയാളം ബിരുദക്കാരിയുടെ പാഠപുസ്തകങ്ങൾ. അത് സാഹിത്യകൃതികളായിരുന്നു. മലപ്പുറത്ത് ചെല്ലുമ്പോൾ കനപ്പെട്ട സാഹിത്യകൃതികളുണ്ടായിരുന്നില്ല. ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ കടലായിരുന്നു കിട്ടിയത്. അതിനപ്പുറം കോളനിവീടുകളിലെ ദരിദ്രരായ പാവങ്ങളുടെ വിഷമങ്ങളും. അടിസ്ഥാനവർഗ്ഗത്തിലുൾപ്പെടുന്ന കുറേ മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടമായിരുന്നു അത്. അർദ്ധനഗ്നകളായ കൗമാരക്കാരികൾ ദാരിദ്ര്യത്തിന്റെയും മറ്റ് ഇല്ലായ്മകളുടെയും കദനം മറയ്ക്കാൻ എനിക്കു മുന്നിൽ കഷ്ടപ്പെട്ടു. പുറത്തുനിന്നും കടന്നുചെല്ലുന്ന ഞാൻ എന്ന പയ്യൻ അവർക്ക് അതിഥിയായിരുന്നില്ല, അത്ഭുതമായിരുന്നു. ഞാൻ ലൈബ്രറിയിൽ പോകുന്നതും പുസ്തകങ്ങൾ കൊണ്ടുവന്ന് പഞ്ചായത്ത് കിണറിന്റെ ആൾമറയുടെ നിഴലിലിരുന്ന് വായിക്കുന്നതും അവർ അത്ഭുതത്തോടെ നോക്കിക്കണ്ടു. അവരിൽ നിന്നാണ് പൂവിയെയും നജുമുന്നീസയെയും താജുദ്ദീനെയും അലവിക്കുട്ടിക്കാക്കയെയും ഇത്താച്ചുട്ടിയുമ്മയെയും ഭൂതനാഥനെയും നിർമ്മിച്ചെടുത്തത്.

വരണ്ട കുന്നിൻ ചരിവിൽ പാതിയുണങ്ങിനിന്ന മൈലാഞ്ചിച്ചെടികളും അറ്റം കീറിയ തട്ടവും തുളഞ്ഞ പാവാടയുമായി ചെറുപെൺകുട്ടികളും വിവാഹപ്രായം കഴിഞ്ഞെന്ന കാരണത്താൽ പതിനാലാം വയസ്സിൽ കുടുംബത്തിന് ബാധ്യതയായി മാറിയ അന്നത്തെ കൗമാരക്കാരികളും എന്റെ മനസ്സിൽ കനത്തുവിങ്ങി. വർഷങ്ങൾക്കുശേഷം അവർ കഥാപാത്രങ്ങളായി വഴിച്ചെണ്ട എഴുതുമ്പോഴേക്കും പിന്നോക്കജില്ലാ പട്ടത്തിൽ നിന്നും മലപ്പുറം മുന്നോട്ടുവളർന്നിരുന്നു. ഞാൻ പരിചയപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ പൂർവ്വമാതൃകകൾ തിരിച്ചുവരാത്തവണ്ണം ഷോകേസ് പീസുകളായി ചരിത്രത്തിലേക്ക് പിൻമാറിക്കഴിഞ്ഞിരുന്നു. പക്ഷേ, സുറുമയെഴുതിയ കണ്ണുകളിലെ ഭീതിയേറിയ, നിസ്സംഗമായ, നിർവ്വികാരമായ, ശൂന്യമായ കണ്ണുകൾ എന്നെ ഇന്നും പിന്തുടരുന്നു. എന്നാൽ മലപ്പുറത്തുതന്നെയുള്ള സാവിത്രി അങ്ങനെയായിരുന്നില്ല. നമ്പൂതിരിസമുദായത്തിലെ ഒരംഗം. വിദ്യാഭ്യാസവും ജോലിയുമുള്ള മാതാപിതാക്കൾ. സമൂഹത്തെയും അതിലെ അംഗങ്ങളെയും സ്വസമുദായത്തെയും വിമർശനാത്മകമായി പിന്തുടരുന്ന ജ്യേഷ്ഠത്തിയുടെ തണൽ. പ്രിവലേജുകൾ ഒട്ടേറെയുള്ള സാവിത്രിക്ക് അനൂപിനോട് അടുപ്പം തോന്നാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. കൗമാരത്തിന്റെ ആകാംക്ഷകളും പ്രതീക്ഷകളും മാത്രം. എന്നാൽ അനൂപ് അങ്ങനെയായിരുന്നില്ല. വളരാൻ ഇടമില്ലാത്തവിധം വികസനമില്ലാത്ത ജീവിതസാഹചര്യങ്ങളിൽ ക്ലേശിച്ചു കഴിയുന്ന ഒരുവനായിരുന്നു അനൂപ്. ചില തെളിച്ചങ്ങൾ, ധാരണകൾ, അറിവുകൾ അവനുണ്ട്. അതിനുമീതെ ശൂന്യതയോ ഇരുളോ മാത്രം. അവിടേക്കാണ് സാവിത്രി വരുന്നത്. സാവിത്രിയുടെ സാന്നിദ്ധ്യം ജീവിതത്തിലുണ്ടായിരുന്നില്ലെങ്കിൽ അനൂപ് മിടുക്കനായി മാറുമായിരുന്നു. അനൂപിനെ ഒന്നിനും കൊള്ളാത്തവനായി അറിഞ്ഞോ അറിയാതെയോ മാറ്റുന്നത് സാവിത്രിയാണ്. അല്ലെങ്കിൽ അവർക്കിടയിൽ സംഭവിച്ച പ്രേമമാണ്.

മലയാള സാഹിത്യത്തിൽ പ്രേമത്തെക്കുറിച്ചും ഹൃദയവികാരങ്ങളെക്കുറിച്ചും എഴുതിയാൽ അതിന് ബുദ്ധിജീവികളുടെ പിന്തുണ കിട്ടുകയില്ല എന്ന കാര്യം പലയിടത്തും ഞാനെഴുതിയിട്ടുണ്ട്. അതുകാരണം, ജീവിതദൈന്യത്തിന്റെ നിസ്സഹായനിമിഷങ്ങളിലാണ് എന്റെ എഴുത്തിലെ രാഷ്ട്രീയമിരിക്കുന്നത് എന്നു പറയാൻ ഞാൻ ഇഷ്ടപ്പെടുന്നു.

‘വൃത്തഭംഗികൾ തികഞ്ഞാലും

വ്യർത്ഥജീവിത വ്യഥകൾ

കാക്കപ്പൂക്കളായെത്തും’ എന്ന് ഏഴാച്ചേരി പാടുന്നതുപോലെയാണ് എന്റെ എഴുത്ത് എന്ന് തിരിച്ചറിയുന്നുണ്ട്.

ആ സാഹചര്യത്തിലാണ് ദിവ്യയെപ്പോലെ, അഞ്ജിത എസ്. രാജിനെപ്പോലെ, ആർ. ഹരിതയെപ്പോലെ, അനിലിനെപ്പോലെ, വിനോദിനെപ്പോലെ.. ചില വായനക്കാർ സംഭവിക്കുന്നത്. വായനക്കാരിയുടെ രോഷത്തിനും പരിദേവനത്തിനും മുന്നിൽ മൂകനായി നിൽക്കാനേ എനിക്കാവൂ. കാരണം, എഴുതുമ്പോൾ എന്റെ മുന്നിൽ നിങ്ങളാരുമില്ല. ഞാനും എന്റെ പടുകൂറ്റൻ നെടുവീർപ്പുകളും മാത്രം. കാൽച്ചുവട്ടിൽ കാക്കപ്പൂക്കളായി വിരിഞ്ഞുനിൽക്കുന്ന വ്യർത്ഥജീവിതവ്യഥകളും. അവയുടെ ഭീഷണമായ നിശ്ശബ്ദതയിൽ സ്വന്തം ചിന്തകൾ അതിന്റെ വളർച്ചകളെ തടയുന്നു. അത് കുമ്പിട്ടുപോകുന്നു. സങ്കടത്താലേ ശിരസ്സുകുനിഞ്ഞ് പൊഴിയുന്ന കണ്ണീരാൽ അക്ഷരങ്ങൾ അടുക്കുന്നു. അത് വായിക്കുമ്പോൾ വേദനിക്കുന്ന നിങ്ങളുടെ മാനവഹൃദയത്തോട് മാപ്പ് ചോദിക്കാൻ ഞാനൊരുക്കമല്ല. ജീവിതത്തിന്റെ ശിക്ഷാവിധികൾ പങ്കിട്ടെടുക്കേണ്ടവരാണ് നമ്മൾ.

The Emotional Resonance of 'Vazhichenda':

Vazhichenda by Susmesh Chandroth is a monumental Malayalam novel that has sparked intense reader reactions regarding its protagonist. The author delves into the creative process, explaining how readers' emotional responses, particularly those from female readers, shape their perception of characters and authors.

ADVERTISEMENT