മലയാളത്തിന്റെ പ്രിയകവി എം.ആർ.രേണുകുമാറിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘വീണ്ടെടുക്കപ്പെടുന്ന തനിമകൾ’. പലകാലങ്ങളിലായി അദ്ദേഹമെഴുതിയ സാഹിത്യലേഖനങ്ങളുടെ സമാഹാരമാണിത്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘വീണ്ടെടുക്കപ്പെടുന്ന തനിമകളെ’ക്കുറിച്ച് ഗ്രന്ഥകാരന്‍ എഴുതിയ ആമുഖക്കുറിപ്പ് വായിക്കാം –
കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ ഞാനെഴുതിയ ദലിത് സാഹിത്യസംബന്ധിയായ ചില ലേഖനങ്ങളുടെയും പഠനങ്ങളുടെയും ആമുഖ കുറിപ്പുകളുടെയും സമാഹാരമാണ് ഈ പുസ്തകം. കവിത, കഥ, നോവല്‍ തുടങ്ങിയ സാഹിത്യ മേഖലകളില്‍ വിവിധകാലത്ത് ദലിതര്‍ നടത്തിയ സാഹിത്യ ഇടപെടലുകളാണ് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഈ പുസ്തകത്തിലെ എഴുത്തുകള്‍ പലകാലത്ത്, പലസന്ദര്‍ഭങ്ങളില്‍ എഴുതപ്പെട്ടവയാണ്.
മലയാള സാഹിത്യത്തില്‍ ദലിതെഴുത്തും ഭാവുകത്വവും തിടംവെച്ചതിന്റെ സാഹചര്യങ്ങളെ ദലിത് കവിതയെ മുന്‍നിര്‍ത്തി പരിശോധിക്കാന്‍ ശ്രമിക്കുന്ന ലേഖനമാണ് ആദ്യത്തേത്. ഉത്തരാധുനിക മലയാള കവിതയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ എസ്. ജോസഫ്, ബിനു എം. പള്ളിപ്പാട് എന്നിവരുടെ കവിതകളെ കുറിച്ചുള്ള പഠനങ്ങളാണ് തുടര്‍ന്നുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ ദലിതരുടെ സാമൂഹ്യാവസ്ഥയും അതിന്റെ തുടര്‍ച്ചയായി അയ്യന്‍കാളിയുടെ ജീവചരിത്രവും അവതരിപ്പിക്കുന്ന അശോകന്‍ കോമല്ലൂരിന്റെ ‘കനലാള്‍’ എന്ന ദീര്‍ഘകവിതക്ക് എഴുതിയ ആമുഖമാണ് അടുത്തത്. ‘കവിതയുടെ ഇല്ലിത്തഴപ്പും മൂര്‍ച്ചയും’ അജിത എം.കെ. യുടെ കവിതകളെ കുറിച്ചുള്ള പഠനമാണ്. ‘വരമ്പേലിരുന്ന് കരഞ്ഞവരുടെ പാട്ടുകള്‍’ എം.എന്‍. തങ്കപ്പന്റെ നാടന്‍പാട്ടുകളെ കുറിച്ചുള്ള ആസ്വാദനവും.
ഏഴാമത്തെയും എട്ടാമത്തെയും ലേഖനങ്ങള്‍ മലയാളത്തിലെ ദലിത് കഥകളെക്കുറിച്ചാണ്. ഇവയില്‍ ടി.കെ.സി. വടുതല മുതല്‍ കാവ്യ അയ്യപ്പന്‍ വരെയുള്ളവരുടെ (തെരഞ്ഞെടുത്ത) കഥകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പൊയ്കയില്‍ അപ്പച്ചന്റെ ജീവിതവും ഇടപെടലുകളുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കിടയില്‍ വാമൊഴിയായി നിലനിന്നിരുന്ന അനുഭവങ്ങളെ/സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കി എ.ആര്‍. ദിവാകരന്‍ എഴുതിയ കഥകള്‍ക്ക് എഴുതിയ ആമുഖപഠനമാണ് തുടര്‍ന്നുവരുന്നത്. ദലിത് ക്രൈസ്തവരുടെ സവിശേഷാനുഭവങ്ങള്‍ ദലിത് സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ആവിഷ്കരിക്കുന്ന ലിന്‍സി തങ്കപ്പന്റെ കഥകളെക്കുറിച്ചുള്ള പഠനമാണ് ‘ചിതറിക്കപ്പെട്ടവരുടെ സ്ത്രോത്രക്കാഴ്ചകള്‍’.
1962 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, മലയാളത്തിലെ രണ്ടാമത്തെ ദലിത് നോവലായ പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’ ക്കുറിച്ചുള്ള പഠനമാണ് ‘വീണ്ടെടുക്കപ്പെടുന്ന പുലയത്തറ’. പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’, ജി. രവിയുടെ ‘കണ്ടന്‍കുന്ന് മുത്തപ്പന്‍’, മുടക്കാരിന്റെ ‘പറച്ചിക്കല്ല്’ എന്നീ നോവലുകളെ കുറിച്ചുള്ള ലേഖനങ്ങളാണ് തുടര്‍ന്നുവരുന്നത്. അനുബന്ധമായി ചേര്‍ത്തിട്ടുള്ളത് പി.എസ്. റഫീഖിന്റെ കഥകളെ കുറിച്ചുള്ള പഠനവും, ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് പൊതുസമൂഹം കാണിച്ച അനാദരവുമായി ബന്ധപ്പെട്ട് എഴുതിയ പ്രതികരണക്കുറിപ്പുമാണ്.